Wednesday, June 5, 2013

ഇത്രയുമാണ് ഷാനവാസിന്റെ വര്‍ത്തമാനങ്ങള്‍

സാമിര്‍ സലാം

Thursday, October 16, 2008


1982 എറണാകുളം നോര്‍ത്ത് തീവണ്ടിയാപ്പീസ്. പഴമയുടെ മുഴുവന്‍ മണങ്ങളും പേറി അന്നും അതങ്ങനെ നില്‍പാണ്. കേരളമെന്ന രാജ്യത്ത് കണ്ണോത്ത് കരുണാകരന്‍ ഉഗ്രപ്രതാപിയായി വാഴുകയാണ്. ദല്‍ഹിയില്‍ ഇന്ദിരാജിയുടെ സുവര്‍ണകാലം. അലക്കിത്തേച്ച ഖദറൊക്കെയിട്ട് അന്ന് അവര്‍ രണ്ടു പേര്‍ ആ തീവണ്ടിയാപ്പീസിന്റെ മുറ്റത്ത് കാത്തുനില്‍പാണ്. കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഥവാ കെ.പി.സി.സിയുടെ ചരിത്രത്തിലെ ആദ്യ ജോയന്റ് സെക്രട്ടറിമാര്‍. എം.ഐ. ഷാനവാസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. അവര്‍ പ്രസിഡന്റിനെ കാത്തുനില്‍പാണ്. സി.വി. പത്മരാജനാണ് ആ വേഷത്തില്‍.
രണ്ടു പേരും വല്ലാത്ത സങ്കടത്തിലായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തിക്കിത്തിരക്കുകള്‍ക്കിടയില്‍ ഏതായാലും അവര്‍ക്ക് രണ്ട് ജോയന്റ് സെക്രട്ടറിമാരാകാനായി എന്നത് ശരിതന്നെ. പക്ഷേ, ഒരുത്തനും മൈന്റ് ചെയ്യുന്നില്ല. യാതൊരു ചുമതലകളുമില്ല. ക്ലാര്‍ക്കിന്റെ വിലപോലുമില്ല. ഇങ്ങനെ നീണ്ടുപോകുന്ന സങ്കടങ്ങള്‍ അടുത്ത വണ്ടിയില്‍ വന്നിറങ്ങുന്ന പ്രസിഡന്റ് പത്മരാജന്‍ സാറിനോട് പറയണം. അതിനാണീ കാത്തിരിപ്പ്.
ആ നില്‍പിനിടയില്‍ ചെറിയൊരു ചിരിയോടെ ഷാനവാസ് തിരുവഞ്ചൂരിനോട് പറഞ്ഞു: തിരുവഞ്ചൂരേ, സാറിന്റെ പെട്ടി ഞാനെടുത്തോളാം കെട്ടോ...! തിരുവഞ്ചൂരുണ്ടോ വിടുന്നു. ഏതൊക്കെയായാലും ഇന്ന് നീയെടുത്തോയെന്ന് പഞ്ചായത്താക്കി രാധാകൃഷ്ണന്‍. അപ്പോഴേക്കും തീവണ്ടി കൂകിവിളിച്ചെത്തി. പുരുഷാരങ്ങളുടെ നടുവില്‍ ആദരണീയനായ പ്രസിഡന്റിന്റെ വെള്ളപ്പൊട്ട് ആ രണ്ട് ജോയന്റ് സെക്രട്ടറിമാര്‍ കണ്ടു. പെട്ടിയിലേക്കാണ് കണ്ണ് ആദ്യം പാഞ്ഞത്. എവിടെ? കണ്ടില്ല. കൈയും വീശി നടന്നുവരുന്നു പ്രസിഡന്റ്. അപ്പോഴല്ലേ രസം! തൊട്ടുപിറകിലതാ തങ്ങളെക്കാള്‍ വലിയ ഒരു നേതാവ് ഇരുകൈയിലും പെട്ടികളുമായി ചിരിതൂവി നടന്നുവരുന്നു! സൈക്കിളില്‍നിന്ന് വീണ ചിരിയെന്ന് അന്നോളം നീണ്ട ജീവിതത്തില്‍ ഷാനവാസ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അന്ന്, പതിറ്റാണ്ടുകള്‍ മുമ്പത്തെ ആ സുന്ദരപ്രഭാതത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ ആ നില്‍പില്‍ സ്വന്തം മുഖത്ത് ആ ചിരി വിരിയുന്നത് ഷാനവാസ് അറിഞ്ഞു. കാത്തുകാത്തിരുന്ന് കയ്പുനീരൊരുപാട് കുടിച്ചു കിട്ടിയ പാര്‍ട്ടി ഭാരവാഹിത്വത്തിന്റെ ഭാരവും അപ്പോള്‍ അയാള്‍ ഓര്‍ത്തു. പാര്‍ട്ടിയില്‍ ആരും മൈന്റ് ചെയ്യുന്നില്ലെന്ന സങ്കടം പറയാന്‍ വന്നവര്‍ക്ക് കിട്ടിയത് പുതിയൊരു തിരിച്ചറിവ്: പെട്ടിയെടുക്കാന്‍പോലും അവസരമില്ലാത്ത ജോയന്റ് സെക്രട്ടറിമാര്‍!
==========

എം.ഐ. ഷാനവാസ് എന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തിലെ സംഭവഭരിതമായ മറ്റൊരേട് അവിടെത്തുടങ്ങുകയായിരുന്നു. ഇന്നിപ്പോള്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും കെ.പി.സി.സിയുടെ ഭാരവാഹിപ്പട്ടികയില്‍ രണ്ടാമനോ മൂന്നാമനോ ഒക്കെയായി ആ പേരുണ്ട്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയായി ഇരുപത്തഞ്ചാണ്ടും പിന്നിടുന്ന ഇന്ത്യയില്‍ത്തന്നെ ഒരേയൊരാളാകും ഒരുപക്ഷേ ഈ മനുഷ്യന്‍; അപ്പോഴും അയാള്‍ അധികാരസ്ഥാനങ്ങളില്‍നിന്ന് ഏറെയേറെ അകലെയാണ്. നിര്‍ഭാഗ്യങ്ങളുടെ കൂടെയാണോ ഷാനവാസ് എന്നയാള്‍ ഇത്രനാളും സഞ്ചരിച്ചത്?
ആ കഥ പറഞ്ഞുതുടങ്ങുമ്പോള്‍ ഷാജിക്കയെന്ന് അടുപ്പക്കാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷാനവാസ് ആദ്യം ചെന്നുനില്‍ക്കുന്നത് പെട്ടിയെടുക്കാനായി ചെന്ന ആ പഴയ തീവണ്ടിയാപ്പീസില്‍. കോഴിക്കോട്ടങ്ങാടിയിലെ ഹോട്ടല്‍ മുറിയുടെ മട്ടുപ്പാവില്‍ മാവൂര്‍ റോഡിലൂടെ തിരക്കിട്ടോടിയ വണ്ടികളുടെ മിന്നല്‍വെട്ടങ്ങള്‍ കാമറാ ഫ്ളാഷ്പോലെ മിന്നിമറഞ്ഞ സന്ധ്യാനേരത്ത് അയാള്‍ ആ കഥ പറഞ്ഞു: 'ഞാന്‍ പിറക്കാതെ പോയ എന്റെ പ്രിയപ്പെട്ട നഗരമാണ് കോഴിക്കോട്. ഇവിടന്ന് അന്ന് ആ കോളജ്കാലം കഴിഞ്ഞ് കൊച്ചിയിലേക്കുതന്നെ മടങ്ങിയതാണ് എന്റെ ജീവിതത്തില്‍ പില്‍ക്കാലത്തെ പല നിര്‍ഭാഗ്യങ്ങള്‍ക്കും കാരണം. ഞാനേറ്റവും സങ്കടപ്പെടുന്നതും അതോര്‍ത്താണിപ്പോള്‍...'
==========

തെരഞ്ഞെടുപ്പുകളില്‍ ഈ മനുഷ്യന് കാലിടറുമ്പോള്‍ ഇപ്പോള്‍ മലയാളികള്‍ മൂക്കത്ത് വിരല്‍വെക്കാറില്ല! തെരഞ്ഞെടുപ്പുചൂടില്‍ സീറ്റുകള്‍ വീതംവെക്കുന്നതില്‍ മുമ്പനായി നിന്നൊടുവില്‍ ഷാജിക്കേത് സീറ്റെന്ന് ചോദിക്കുമ്പോഴാകും മൂപ്പരും ആ വഴിക്ക് ആലോചിക്കുന്നത്. പല അണിയറയാലോചനകളും കഴിഞ്ഞ് ഒരു ഫൈറ്റിംഗ് സീറ്റ്! 'ഷാനവാസല്ലേ... അവന് അതുമതി. കയറിപ്പോന്നോളും...' എന്ന് ഗുരുമൊഴി വരും അപ്പോള്‍. പക്ഷേ, ആ പോരാട്ടത്തില്‍ പലപ്പോഴും ജയിക്കുമെന്ന് തോന്നിച്ചൊടുവില്‍ ഷാനവാസ് തോല്‍ക്കും. എതിരാളികള്‍വരെ ആ വീര്യത്തിനു മുമ്പില്‍ പകച്ചുപോയി തോല്‍വി സമ്മതിച്ച അനുഭവങ്ങളും ഏറെ. പക്ഷേ, പെട്ടിതുറന്ന് വോട്ടെണ്ണിത്തീരുമ്പോള്‍ പൊട്ടിയത് ഷാനവാസ് തന്നെയാകും. എന്തുപേരിട്ടാണ് ഈ വിധിയെ നമ്മള്‍ വിളിക്കുക. ഒപ്പമുള്ളവര്‍ തന്നെ പലപല മട്ടില്‍ കാലുവാരിയെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞാലും പത്രങ്ങള്‍ എഴുതിപ്പൊലിപ്പിച്ചാലും മൂപ്പരത് സമ്മതിച്ചുതരില്ല. കണ്ണു ചെറുതാക്കി മുഖംനിറയെ വിരിയുന്ന ആ ചിരിയാകും മറുപടി.
==========

രാത്രി മെല്ലെ കനക്കുകയാണ്. ഉച്ചതിരിഞ്ഞപ്പോള്‍ കോഴിക്കോട്ടെത്തിയ ഷാനവാസിന്റെ ഹോട്ടല്‍ മുറിയില്‍ സ്നേഹത്തിന്റെ സൊറവട്ടങ്ങള്‍ ഒഴിഞ്ഞുതുടങ്ങി. കോഴിക്കോടെന്നാല്‍ ഈ മനുഷ്യന് വീടുപോലെത്തന്നെ സ്നേഹമുണ്ണാന്‍ കിട്ടുന്ന മറ്റൊരിടം. ഇന്നാട്ടില്‍ പ്രസംഗിക്കാന്‍ ചെല്ലുന്നിടത്തൊക്കെയും തോളില്‍ ഏതു നിമിഷവും ഏതെങ്കിലുമൊരു പഴയ ചങ്ങാതിയുടെ കൈകള്‍ വന്നുവീഴാം. രാഷ്ട്രീയവും സമരവും അല്ലറചില്ലറ പൊട്ടിത്തെറിപ്പുകളുമൊക്കെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ആ കോളജ്കാലത്തിന്റെ ബാക്കിവെപ്പായി കിട്ടിയ ഇമ്പമുള്ള കൂട്ടുകെട്ടുകള്‍. ജീവിതത്തില്‍ കുറെയേറെ മുന്നോട്ടുപോയപ്പോഴും ഷാനവാസ് ഇന്നും നിധിപോലെ കൂടെക്കൂട്ടുന്ന ഇഴയടുപ്പങ്ങള്‍.
അന്ന് കെ.എസ്.യു കളി വല്ലാതെ അതിരുകടന്നപ്പോഴാണ് ബാപ്പ ഷാനവാസിനെ നല്ല കുട്ടിയാക്കാനായി മലബാറിന്റെ അലീഗഡെന്ന് കേളികേട്ട ഫാറൂഖ് കോളജിലേക്ക് അയക്കുന്നത്. എസ്.ഡി കോളജിലെ പ്രീഡിഗ്രിക്കാലത്തേ കെ.എസ്.യുവിന്റെ തലപ്പത്ത്. അമ്പലപ്പുഴ താലൂക്ക് കെ.എസ്.യുവിന്റെ പ്രസിഡന്റ്. പിന്നെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്... ഭാരങ്ങള്‍ അങ്ങനെ നീണ്ടപ്പോഴേ ബാപ്പക്ക് കലിയിളകിത്തുടങ്ങി. മകനെ ഡോക്ടറാക്കണമെന്ന് മോഹിച്ച വക്കീലായ ബാപ്പ പിന്നെ കാണുന്നത് കോടതിക്കു മുമ്പില്‍ മഴനനഞ്ഞ് സത്യഗ്രഹമിരിക്കുന്ന പുത്രനെ! അങ്ങനെ ആലപ്പുഴയില്‍ ഇംഗ്ലീഷ് സാഹിത്യ ബിരുദപഠനം പാതിയില്‍ നിര്‍ത്തി മകനെ കോഴിക്കോട്ടെ ഫാറൂഖാബാദിലേക്ക് പായിച്ചു, സ്നേഹനിധിയായ ആ ബാപ്പ.
ഫാറൂഖ് കോളജിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഓളപ്പരപ്പുകളില്‍ ഒരു രാഷ്ട്രീയക്കാരന്‍ പിറവിയെടുക്കുകയായിരുന്നു പിന്നെ; പല ചരിത്രങ്ങളുടെയും തുടക്കവുമായിരുന്നു അത്. കെ.എസ്.യുവിന്റെ ചരിത്രത്തിലെ ആദ്യ റിബല്‍ സ്ഥാനാര്‍ഥി, ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ ആദ്യ തോല്‍വി. കോഴിക്കോടിനെ ഇളക്കിമറിച്ച് ആദ്യ റിബല്‍ ജാഥ, കാമ്പസിന്റെ പുറത്തേക്കു നീണ്ട് വിശാലാര്‍ഥത്തിലുള്ള ആദ്യ മുഴുനീള കാമ്പസ് സംഘട്ടനം... എല്ലാത്തിലും നായകസ്ഥാനത്ത് മുഖ്യമായി ആ പേരായിരുന്നു. ഷാനവാസ്.
ഫാറൂഖ് കോളജില്‍ നാലു കൊല്ലത്തിനിടക്ക് അവിടെ ചെയര്‍മാനായ ഷാനവാസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്റെ പ്രസിഡന്റുമായി. പി. ശങ്കരനായിരുന്നു സിന്‍ഡിക്കേറ്റ് മെമ്പറായി റിബലായിനിന്ന് വിജയശ്രീലാളിതനായ ആ സ്ഥാനാര്‍ഥി. ആ വിജയം ചരിത്രത്തില്‍ ഇന്നും ഒളിമങ്ങാതെ കിടപ്പുണ്ടാകും. അന്ന് വിജയഘോഷയാത്രയില്‍ അമ്പതിലേറെ കാറുകള്‍ അണിനിരന്നതും ബാപ്പയെ സോപ്പിട്ട് കാറുമായി മുന്‍നിരയില്‍ വാണതുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും ഷാനവാസിന് ആവേശത്തിന്റെ രോമാഞ്ചമുണരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് നേതാക്കളുടെ ചാരെ ചാരിനിന്ന് മറ്റു പലരും സമയാസമയങ്ങളില്‍ തരപ്പെടുത്തുന്നത് അറിഞ്ഞിട്ടും ഷാനവാസ് അതിനൊന്നും പോയില്ല. ഉറങ്ങാതെ പുലര്‍ന്ന എത്രയെത്ര രാത്രികള്‍. ഫാറൂഖ് കോളജിലെ ഹോസ്റ്റല്‍ മുറിക്കു പുറമെ നഗരത്തിലെ ഇംപീരിയല്‍ ലോഡ്ജിലെ പതിനാലാം നമ്പര്‍ മുറി. പുലരുവോളം നീണ്ട ചര്‍ച്ചകള്‍. യൂനിയന്‍ പ്രസിഡന്റായ കാലത്തെ വലിയ കലോല്‍സവത്തില്‍ നാലുനാളും നിര്‍ത്താതെ അടിപൊട്ടിയത്. ഒടുവില്‍ കെ.പി. കേശവമേനോന്‍ വിളിപ്പിച്ച് കലോല്‍സവം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് മാതൃഭൂമി പത്രം മുഖപ്രസംഗമെഴുതിയത്. അതൊരുകാലം. പ്രായത്തിനുമൊക്കെ എത്രയോ മുമ്പേ പാഞ്ഞ സ്വപ്നങ്ങളുടെയും പാഠങ്ങളുടെയും കാലം. ഹോട്ടല്‍മുറിയില്‍ ഷാനവാസ് ഓര്‍മകളിലേക്ക് ഒന്നുകൂടി ചാഞ്ഞുകിടന്നു.
ഫാറൂഖ് കോളജിന്റെ ഓരോ പുല്‍ത്തകിടികളുമായും തീര്‍ത്ത ആത്മബന്ധം. പഠിത്തം കഴിഞ്ഞിട്ടും വിട്ടുപോരാതെ നിന്ന സ്നേഹത്തിന്റെ പിടിത്തം. കോഴിക്കോടിന്റെ വിരിമാറില്‍ വിരിഞ്ഞ സൌഹൃദത്തിന്റെ കൌമാരങ്ങള്‍. '68ല്‍ തുടങ്ങി '79ല്‍ അവസാനിച്ചുപോയ രമണീയമായ കാലം. ആ കാലത്തിന് രുചിയൂറുന്ന ഭക്ഷണത്തിന്റെ ചേലും ചമയവുമുണ്ടായിരുന്നു. 'വീട്ടിലേക്ക് അപൂര്‍വമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ. നോമ്പ് അഞ്ചായാല്‍ എല്ലാവരും വീട്ടിലേക്ക് മടങ്ങും. ക്ലാസ് അടക്കും. പക്ഷേ, ആ കുന്നിന്‍പുറത്തുതന്നെയാവും ഞാന്‍. കൂട്ടിന് ഹംസക്കയുണ്ടാകും'.
കാലം '79ല്‍ എത്തിയപ്പോള്‍ എന്തൊക്കെയോ നിര്‍ബന്ധങ്ങളില്‍ കുടുങ്ങി എറണാകുളത്തേക്ക് മടക്കം. ഇതിനിടക്ക് തിരുവനന്തപുരത്ത് ലോ അക്കാദമിയില്‍ എല്‍.എല്‍.ബിക്ക് ചേര്‍ന്നെങ്കിലും കോഴിക്കോട്ടായിരുന്നു വാസം. പിന്നെ എറണാകുളം ലോ കോളജിലേക്ക് മാറ്റം. ക്ലാസുകളിലൊന്നും ദൈവം തുണച്ചിട്ട് ഇരിക്കാനായില്ല. ഒടുക്കം മൂന്നു വര്‍ഷത്തെ പരീക്ഷകള്‍ ഒരുമിച്ചെഴുതി ജയിക്കുകയായിരുന്നു. ചെറുകാലം നീണ്ട പ്രാക്ടീസ്. പിറകെ വിവാഹം. പാര്‍ട്ടിയിലെ ഭിന്നിപ്പ്. കരുണാകരന്റെ ക്യാമ്പിലെ സന്തോഷവും കയ്പും അനുഭവിച്ച ജീവിതം. കെ.പി.സി.സിയിലെ ജീവിതാരംഭം. അങ്ങനെ പലതും...
==========

പറഞ്ഞുപോവാന്‍ അങ്ങനെ എത്രയെത്ര ഓര്‍മകള്‍. മണിക്കൂര്‍ സൂചി ഒമ്പതും കഴിഞ്ഞ് മുന്നോട്ടുനടക്കവെ ഷാനവാസ് മുണ്ടൊന്നു മുറുക്കിയിടുത്തു. ഏതോ ചാനലില്‍നിന്ന് പതിവുപോലെ ഷാജിക്കായെന്ന നീട്ടിവിളി വന്നു. ചാനല്‍ ഫ്ലോറിലെ ചര്‍ച്ചക്കായി അന്നും ഷാനവാസിനെ കൂട്ടാന്‍ വണ്ടി വന്നു. 'മോനേ, വയ്യ. ഇന്ന് ഫോണ്‍^ഇന്‍ പോരേ'യെന്ന് ഷാനവാസ്. ഒടുക്കം അവര്‍ക്ക് സമ്മതം. ഓര്‍മപ്പറച്ചിലിന് ചെറിയൊരിടവേള. സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് പത്താണ്ട് തികക്കുന്നതാണ് ചര്‍ച്ചാവിഷയം ഇന്ന്. ഫോണിന്റെ അങ്ങേത്തലക്കലെ ചോദ്യങ്ങള്‍ക്ക് ഹോട്ടല്‍മുറിയിലെ ടെലിവിഷന്റെ ശബ്ദം താഴ്ത്തിവെച്ച് മൂപ്പര്‍ വീറുള്ള മറുപടി കൊടുത്തു. ഇടക്ക് ക്ഷോഭം. കയര്‍ക്കല്‍. പിന്നെയൊടുവില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് പൊട്ടിച്ചിരികള്‍. ചര്‍ച്ച തീര്‍ന്നപ്പോള്‍ ഷാനവാസിന്റെ മുഴങ്ങുന്ന ഒച്ച മുന്തിനിന്നു. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാവായി നില്‍ക്കുന്നു ഈ മനുഷ്യന്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കലങ്ങിമറിയലുകള്‍ക്കിടയില്‍ പരന്ന വായനയും ലോകവിവരവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നു ഇയാള്‍.
==========

നമുക്ക് ആ കാലത്തേക്ക് മടങ്ങിവരാം. ജോയന്റ് സെക്രട്ടറിയായുള്ള തുടക്കക്കാലം. കെ.പി.സി.സി പ്രസിഡന്റിനോട് കരഞ്ഞുപറഞ്ഞ് ഒടുവില്‍ ഷാനവാസ് ഒടുക്കം ആര്‍ക്കും വേണ്ടാതെ കിടന്ന സേവാദളിന്റെ ചുമതലയേറ്റു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭൂവിലേക്ക് ഷാനവാസിന്റെ സുപ്രധാനമായൊരു വഴിത്താരയായി അത് മാറി. ഒരുപാട് പാഠങ്ങളും കണ്ണീരനുഭവങ്ങളും സമ്മാനിച്ച ഒരു യാത്ര അപ്പോള്‍ ആ ഓര്‍മയേടുകളില്‍ നിവരുകയായി.

കെ.പി.സി.സി സെക്രട്ടറി ഇന്‍ചാര്‍ജ് ഓഫ് സേവാദള്‍ ആയതു മുതല്‍ ഷാനവാസ് ഒരിടത്തിരുന്നില്ല. കേരളം മുഴുക്കെ ക്യാമ്പുകള്‍, പ്രസംഗങ്ങള്‍ ... അങ്ങനെ ആ ചുറുചുറുക്ക് കണ്ട് പാറ്റ്ന റൂട്ട് മാര്‍ച്ചിനുള്ള സംഘത്തെ നയിക്കാന്‍ ഷാനവാസ് നിയോഗിക്കപ്പെടുകയാണ്. വര്‍ഷം 1984.

അങ്ങനെ 3500 ഡെലിഗേറ്റുകളെയും വഹിച്ചുള്ള സ്പെഷല്‍ ട്രെയിന്‍ കേരളത്തിന്റെ ഞരമ്പുകളിലൂടെ പാറ്റ്ന ലക്ഷ്യമാക്കി കുതിച്ചു. പഞ്ചദിന ക്യാമ്പ്. ഇന്ദിരാജി വരും. സംഘത്തില്‍ 500 പെണ്‍കുട്ടികള്‍. നാലുദിവസത്തെ യാത്ര. എ.സിയില്ല, റിസര്‍വേഷനുമില്ല. ആവശ്യത്തിന് പണമില്ല. ഇങ്ങനെ പലവിധ ടെന്‍ഷനുകളില്‍ തലപുകച്ച് കൂകിപ്പായുന്ന തീവണ്ടിയില്‍ ആടിയുലഞ്ഞ് നിന്നും നടന്നും ഇരുന്നും ഓടവേ ആ ദുരന്തവര്‍ത്തമാനം യാത്രാക്യാപ്റ്റന്റെ ചെവിയിലുമെത്തി. പാറ്റ്നക്കിപ്പുറം റാഞ്ചി സ്റ്റേഷനിലെത്തിയപ്പോള്‍ സംഘത്തിലെ കണ്ണൂര്‍ക്കാരായ രണ്ടുപേരെ കാണാനില്ല. ചിരി മാഞ്ഞു. വണ്ടിനിന്നു. ഷാനവാസ് കരഞ്ഞുകൊണ്ട് കമ്പാര്‍ട്ടുമെന്റുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പകച്ച നിമിഷങ്ങള്‍. ഒടുവില്‍ പാറ്റ്നയെത്തുന്നതിന് മുമ്പ് ഏതോ സ്റ്റേഷനില്‍നിന്ന് അനൌണ്‍സ്മെന്റ് മുഴങ്ങി. കേരള ടീം ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന്. 'There is a tragic news to you: Two dead bodies were found near Ranchi station'.

റാഞ്ചിക്കടുത്ത് പുറത്തേക്ക് തെറിച്ചുവീണ നിലയില്‍ രണ്ട് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. കമ്പാര്‍ട്ടുമെന്റുകളിലെ സഹപ്രവര്‍ത്തകരുടെ നിലവിളിക്കിടയില്‍ ആശ്വാസവാക്കുകള്‍ കിട്ടാതെ ഷാനവാസെന്ന യുവനേതാവ് നിന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങണമെന്ന മുറവിളിയുമായി ഷാനവാസിനെ പൊതിഞ്ഞു. ഒരു കുടുംബംപോലെ നീണ്ട യാത്രക്കൊടുവില്‍ വന്ന ദുരന്തം. ആരും ഉറങ്ങിയില്ല. വഴിനീളെ തടസ്സങ്ങള്‍. ഫോണില്ല. അഞ്ചുലക്ഷം പേരുടെ ക്യാമ്പാണ്. മറ്റു സംസ്ഥാനക്കാരൊക്കെ ക്യാമ്പ് ആഘോഷിക്കുകയാണ്. കേരള ടെന്റുകള്‍ മാത്രം മൂകമായി കരഞ്ഞു. മൃതദേഹങ്ങള്‍ റാഞ്ചി ആശുപത്രിയില്‍. റാഞ്ചിയിലെ നേതാക്കളും സര്‍ക്കാറുമൊക്കെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കണമെന്ന് പറഞ്ഞപ്പോള്‍ ഷാനവാസ് പിന്നെയും ഞെട്ടിത്തരിച്ചു. 'അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഞങ്ങള്‍ 3498 പേരൂം ഇവിടെ ഉപവാസം കിടന്ന് മരിക്കും. നാട്ടിലേക്ക് കൊണ്ടുപോയേ പറ്റൂ...' ക്യാപ്റ്റന്‍ ഉറപ്പോടെ നിന്നു. തൃശൂര്‍ രാമനിലയത്തിലേക്ക് വിളിച്ചു. കരുണാകരനെ ലൈനില്‍ കിട്ടിയില്ല.

ഒടുവില്‍ ആരുടെയോക്കെയോ ശ്രമത്തില്‍ ബോഡി കൊണ്ടുപോവാന്‍ സമ്മതമായി. ആ രണ്ട് മൃതദേഹങ്ങള്‍ കയറ്റി ദല്‍ഹി വിമാനം പാറ്റ്നയില്‍ ലക്ഷങ്ങള്‍ തമ്പടിച്ച ക്യാമ്പിന് മുകളിലൂടെ പറന്നകന്നു. കേരളത്തിന്റെ കൂടാരം കണ്ണീരിന്റെ അലകളിലൂടെ ആ കാഴ്ച കണ്ടുനിന്നു. കണ്‍വെട്ടത്തുനിന്നും വിമാനം മായുമ്പോള്‍ താഴെ അത് വലിയൊരു കൂട്ടക്കരച്ചിലായി മാറിയിരുന്നു. മൃതദേഹം ദല്‍ഹിയിലെത്തിയപ്പോള്‍ പിന്നെയും പ്രശ്നം. നന്നായി പാക്ക് ചെയ്തില്ലെന്ന് പറഞ്ഞ് പൈലറ്റുമാര്‍ ഉടക്കി. അപ്പോഴേക്കും കരുണാകരനെ ഫോണില്‍കിട്ടി. 'നീ ധൈര്യമായിരി, ഞാന്‍ നോക്കിക്കൊള്ളാം' എന്ന് മൂപ്പര്‍. അദ്ദേഹം ഇന്ദിരാജിയെ വിളിച്ചു. അങ്ങനെ ആ കുടുക്കും നീങ്ങി.

പിന്നെ പാറ്റ്നയില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാനവാസ് ആ 3498 സേവാദളുകാരുമായി അതേ യൂനിഫോമില്‍ കണ്ണൂരിലെ മരിച്ചവരുടെ വീടുകളില്‍പോയി. അന്ത്യാഞ്ജലി നേരാന്‍; വിട്ടുപോയ ആ സഹപ്രവര്‍ത്തകരുടെ ഉറ്റവരെ കാണാന്‍. ഓര്‍മയുടെ ഈ മുനമ്പിലെത്തിയപ്പോള്‍ ഷാനവാസ് കരഞ്ഞുപോവുന്നു. കണ്ണീരിന്റെ ആ ഏട് ജീവിതത്തിലും രാഷ്ട്രീയത്തിലും പകര്‍ന്ന പാഠങ്ങളില്‍ ഈ മനുഷ്യന്‍ നനവോടെ നില്‍ക്കുന്നു. ഇന്നും!
==========

ഉറക്കച്ചടവ് കാണിക്കാതെ കോഴിക്കോട്ടങ്ങാടി അപ്പോഴും വെളിച്ചത്തില്‍ മുങ്ങിക്കിടന്നു. ഹോട്ടല്‍മുറിയുടെ ചെറു കോലായയില്‍ വികാരഭാരത്തോടെ ഷാനവാസ്. കൊണ്ടും കൊടുത്തും നീങ്ങിയ ഓര്‍മകള്‍ക്ക് കണ്ണീരിന്റെ ചുവ വന്നപ്പോള്‍ ഷാനവാസ് പൊടുന്നനെ വീട്ടിലേക്ക് വിളിച്ചു. ബാപ്പ വിട്ടുപിരിഞ്ഞിട്ട് നാളേറെയായിട്ടില്ല. വീട്ടുകാരിയോട് വിശേഷങ്ങള്‍ പറഞ്ഞ് വിവരങ്ങള്‍ തിരക്കി സ്നേഹനിധിയായ ഭര്‍ത്താവിന്റെ കുപ്പായമിട്ടു അപ്പോള്‍ ആ മനുഷ്യന്‍.

ബോംബെ ഹോട്ടലിന്റെ രുചിവട്ടങ്ങളില്‍ ഇപ്പോള്‍ ആളൊഴിഞ്ഞിട്ടുണ്ടാകും. ഭക്ഷണം കഴിക്കാനായി തൊട്ടകലെയുള്ള ബോംബെ ഹോട്ടലിലേക്ക്. കോളജുകാലത്തേ ഷാനവാസിന്റെ വീക്ക്നെസ്സാണ് ബോംബെ ഹോട്ടലിലെ നെയ്ച്ചോറും ഇഷ്ടും. ആ നെയ്ച്ചോറിന്റെ ഇളംചൂടിന് ചുറ്റുമിരുന്ന് പിന്നെയുമേറെ കഥകള്‍ പറഞ്ഞു അയാള്‍. എല്ലാമായിട്ടും ഒന്നുമാകാതെ നില്‍ക്കുന്ന ഒരു കോണ്‍ഗ്രസുകാരന്റെ അനുഭവ കഥകള്‍. ആ കഥകള്‍ ചിരിയില്‍ ചേര്‍ത്തേ മൂപ്പര്‍ നമ്മുടെ മുമ്പിലും വിളമ്പൂ. ആ കഥയിലൊന്നും എരിവായി ഒരു വില്ലന്റെ മുഖം അയാള്‍ തിരഞ്ഞുപിടിക്കുന്നുമില്ല.
==========

ആരൊക്കെയോ അതൊരുക്കിവെച്ച് കാത്തിരിക്കുന്ന പോലെ എപ്പോഴും ഷാനവാസിനെ കാത്ത് അതവിടെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി. കൂടെവന്ന പലരും വിജയങ്ങള്‍ കയറിപ്പോയപ്പോഴും ഷാനവാസിന് തോല്‍ക്കാന്‍വേണ്ടിയെന്നപോലെ (നേര്‍ച്ചക്കോഴിയെന്ന് പത്രക്കാര്‍പോലും പറഞ്ഞ) പാര്‍ട്ടി പലതും കരുതിവെച്ചു. സ്വാതന്ത്യ്രത്തിനുശേഷം ഇന്നേവരെ പാര്‍ട്ടി ജയിക്കാത്ത വടക്കേക്കരയില്‍ 1987ല്‍ തുടക്കം. അത് ഡി.വൈ.എഫ്.ഐ കത്തിനില്‍ക്കുന്ന സമയം. അതിന്റെ സെക്രട്ടറി എസ്. ശര്‍മ എതിര്‍സ്ഥാനാര്‍ഥി. എന്നിട്ടും പൊരുതി ഷാനവാസ്. അവസാനം ശര്‍മ 180 വോട്ടിന് മുന്നില്‍. ഒരു പെട്ടികൂടി എണ്ണാന്‍. പെട്ടിയുടെ രണ്ടുവശത്തുമിരുന്ന് ശര്‍മ ബീഡിയും ഷാനവാസ് വില്‍സും പുകച്ചൂതി. ഒടുവില്‍ ഫലം വന്നപ്പോള്‍ ഷാനവാസ് തോറ്റു. വെറും 400 വോട്ടിന്.
പിന്നെ '91ല്‍ അന്ന് എ ഗ്രൂപ്പിന് കൊടുത്ത 25^24 സീറ്റുകള്‍ ഒഴിച്ച് കരുണാകര ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് ബാക്കി 94 സീറ്റിന്റെയും പട്ടിക ഷാനവാസിന്റെ കൈയില്‍. ആ അനുഭവം ഷാനവാസ് പറയുന്നത് നോക്കുക: കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ അന്ന് കരുണാകരന്റെ സ്വന്തക്കാരടക്കം എല്ലാവരും ആന്റണിയോട് സീറ്റ് ചോദിച്ചു. ഞാന്‍ മാത്രം ചോദിച്ചില്ല. ഒരു ദിവസം രാവിലെ എ.കെ. വിളിക്കുന്നു. 'എന്റെ എല്ലാ സെക്രട്ടറിമാരും എന്നോട് സീറ്റ് ചോദിച്ചു. നീയൊഴിച്ച്. എന്തായിത്?' 'പ്രസിഡന്റേ, ഞാന്‍ കരുണാകരന്റെ കൂടെയല്ലേ? എനിക്ക് തരേണ്ടത് അയാളല്ലേ...? മൂപ്പര് തരാത്ത സീറ്റ് എനിക്കുവേണ്ട' ഷാനവാസിന്റെ പേരില്‍ കരുണാകരന്‍ ഏത് സീറ്റ് പറയുന്നുവോ, അത് ഞാന്‍ അപ്രൂവ് ചെയ്യുമെന്ന് എ.കെയുടെ മറുപടി.

ആലപ്പുഴയോ മട്ടാഞ്ചേരിയോ തിരുവമ്പാടിയോ ഏതെങ്കിലുമൊന്ന് ഷാജിക്കെന്ന ഉറപ്പും ആഗ്രഹവും പക്ഷേ, എങ്ങുമെത്തിയില്ല. വേണമെങ്കില്‍ വടക്കേക്കര തന്നെ നില്‍ക്കാം എന്നായി ഒടുക്കം. എന്നിട്ടും ഷാനവാസ് ഒപ്പം നിന്നു. പക്ഷേ, കരുണാകരനുമായി മാനസികമായി ഒരകലം അന്നു തുടങ്ങിയെന്ന് ഷാനവാസ്. വടക്കേക്കര ആവര്‍ത്തിച്ചു. തോല്‍വി. അതും ചെറിയ വോട്ടിന്. തോല്‍ക്കാന്‍ പിന്നെയും മൂപ്പരുടെ ജീവിതം ബാക്കിയുണ്ടായിരുന്നു. തോല്‍വി പലവട്ടം പിന്നെയും വന്നു. എപ്പോഴും ഷാനവാസിനെ ഇടത്തോട്ട് ചാഞ്ഞ ഒരു സീറ്റ് കാത്തുനിന്നു. അവിടെയൊക്കെയും ഇളക്കങ്ങളുണ്ടാക്കി അയാള്‍. കാലുവാരല്‍ ആഗോളപ്രതിഭാസമായപ്പോഴും കാലുവാരലിന്റെ മുഖ്യ ഉന്നം ഷാനവാസായപ്പോഴുമൊക്കെ അടിയോടെ ഒലിച്ചുപോകാതെ പിടിച്ചുനില്‍ക്കാനായി ഷാനവാസിന്. നാട്ടുകാരനായ ഹസനും, തലേക്കുന്നില്‍ ബഷീര്‍ രണ്ടുവട്ടവും തോറ്റ ചിറയില്‍കീഴില്‍ പരിചയസമ്പന്നനായ വര്‍ക്കല രാധാകൃഷ്ണനോട് എതിരിട്ടപ്പോഴും ഷാനവാസ് ഉശിരുകാട്ടി. 'ഈ പയ്യനോ... മല്‍സരിക്കാനുള്ള രസംപോയെ'ന്ന് ചിരി നീട്ടിയ വര്‍ക്കല അവസാന നാളായപ്പോഴേക്ക് തോളില്‍തട്ടി പറഞ്ഞു; എടാ, നീ ജയിച്ചെന്ന്. പക്ഷേ, അവിടെയും തലനാരിഴ അകലത്തിന് ഷാനവാസ് വീണു; മുവായിരം വോട്ടിന്.

ഇങ്ങനെ നീണ്ട തോല്‍വികളില്‍ അല്ല ഷാനവാസ് എന്ന മനുഷ്യന്‍ കരഞ്ഞുപോയത്. തിരുത്തല്‍വാദിയുടെ വേഷംകെട്ടി കേരളരാഷ്ട്രീയത്തിന്റെ ഗതിവേഗങ്ങള്‍ തിരുത്തിയെഴുതിയ മൂവര്‍ സംഘത്തിലെ ഈ പ്രധാനിക്ക് കരയാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ആ വാദത്തിന്റെ ഏകാന്തഭരിതമായ പര്യവസാന നാളുകളില്‍ ഒറ്റക്കിരുന്ന് കരഞ്ഞുപോയിട്ടുണ്ട് ഈ രാഷ്ട്രീയക്കാരന്‍. വല്ലാതെ ഒറ്റപ്പെട്ട നിമിഷങ്ങളില്‍ ആരുമറിയാത്ത പിടച്ചില്‍. അവിടുന്നൊക്കെയും കയറിപ്പോരാന്‍ ദൈവവിധിയെന്നോണം നീണ്ടെത്തുന്ന സ്നേഹങ്ങള്‍...

ഒടുവില്‍ ചില പേരുകള്‍ പത്രങ്ങള്‍ ഷാനവാസിനായി കരുതിവെച്ചിരുന്നു: കോണ്‍ഗ്രസിലെ തന്ത്രജ്ഞന്‍, രാഷ്ട്രീയ അട്ടിമറിയുടെ സൂത്രധാരന്‍, പിന്‍സീറ്റ് ഡ്രൈവര്‍, കിംഗ്മേക്കര്‍, അങ്ങനെയങ്ങനെ... അതിലൊന്നും പരാതിയില്ല മൂപ്പര്‍ക്ക്. എന്തൊക്കെയായാലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കയറ്റിറക്കങ്ങളില്‍ കഴിഞ്ഞ ഇരുപഞ്ചാണ്ടിലധികമായി ഈ മനുഷ്യന്റെ നിരന്തരമായ സാന്നിധ്യമുണ്ട്. കലങ്ങിയും മറിഞ്ഞും മുന്നോട്ടുപോയ ഈ പതിറ്റാണ്ടുകള്‍ക്കൊടുവില്‍ അനുഭവിച്ചും വായിച്ചും കണ്ടും കേട്ടും കൊണ്ടും കൊടുത്തും ആര്‍ജിച്ച അനുഭവസമ്പത്തുകള്‍ പാര്‍ട്ടിക്കായി സമര്‍പ്പിക്കുന്ന സമ്പൂര്‍ണാര്‍ഥത്തിലെ ഭാരവാഹിയായി മാറിയിരിക്കുന്നു മുക്കാട്ടുപറമ്പില്‍ ഇബ്രാഹിം ഷാനവാസ് എന്ന എം.ഐ. ഷാനവാസ്. കോണ്‍ഗ്രസിന്റെ നാവ്. പ്രതിസന്ധികളില്‍ കോണ്‍ഗ്രസിന് പ്രതിരോധമൊരുക്കുന്ന മുന്നണിപ്പടയാളി. മാറാട് സമാധാന ഉടമ്പടിയിലും നരേന്ദ്രന്‍ കമീഷന്‍ പാക്കേജിലും തുടങ്ങി ഇപ്പോള്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിയൊഴുക്കുകളില്‍ വരെ തികഞ്ഞ നീതിബോധത്തോടെ വാക്കുകള്‍ പുറപ്പെടുവിക്കുന്ന വാഗ്മി. ചാനലുകളില്‍നിന്ന് ചാനലുകളിലേക്കും വേദികളില്‍നിന്ന് വേദികളിലേക്കുമുള്ള ഓട്ടപ്പാച്ചിലിലാണിപ്പോള്‍ ഈ ജീവിതം. പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിയുമായി ചേര്‍ത്തുനിര്‍ത്താന്‍ പോന്ന സാന്നിധ്യം. നിങ്ങള്‍ക്കറിയാമോ, ഈ വര്‍ഷം സച്ചാര്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഷാനവാസ് പങ്കെടുത്ത സെമിനാറുകളുടെ എണ്ണം നൂറോടടുക്കുകയാണ് ഈയാഴ്ച. പരസ്പരം കലഹിച്ചുനില്‍ക്കുന്ന സംഘടനകളുടെ വേദികളിലും കോണ്‍ഗ്രസിന്റെ പ്രതിനിധിയായി ഈ ഖദര്‍ധാരിയെ നിങ്ങള്‍ക്ക് കാണാം.

വിശ്രമമില്ലാത്ത ഈ യാത്രകളിലൊന്നിന്റെ രാത്രിയിലാണ് ചൂടുള്ള നെയ്ച്ചോറിനു മുന്നിലെന്നപോലെ ഈ ഓര്‍മകള്‍ക്കു മുമ്പില്‍ കൊതിയോടെ ഷാനവാസ് വന്നിരുന്നത്. കണ്ണീരിന്റെയും വിയര്‍പ്പിന്റെയും ഇടയിലൂടെ ഒരുപാടലഞ്ഞ ആ ഓര്‍മകള്‍ എവിടെയും ചെന്ന് നങ്കൂരമിടുന്നില്ല. രാത്രിയേറെ വൈകി. പറയാനൊരുപാടുണ്ട്. ഹോട്ടല്‍മുറിയുടെ മട്ടുപ്പാവില്‍ കോഴിക്കോടിന്റെ സ്നേഹത്തണുപ്പുള്ള കാറ്റ്. ആ കാറ്റിന്റെ സുഖത്തില്‍ ഷാനവാസ് മുറിഞ്ഞുപോയ ആ ആത്മബന്ധത്തിന്റെ സങ്കടങ്ങള്‍ പിന്നെയും പറയുന്നു. കോഴിക്കോട് വിട്ടുപോവേണ്ടിവന്ന ജീവിതമുഹൂര്‍ത്തങ്ങളെ വിഷാദത്തോടെ ഓര്‍ക്കുന്നു. ജീവിതം ഇനിയും ബാക്കികിടക്കുകയാണ്. എഴുത്തിന്റെയും വായനയുടെയും പ്രസംഗത്തിന്റെയും വഴിയില്‍ നില്‍ക്കുന്ന ഈ കോണ്‍ഗ്രസുകാരന്റെ മുമ്പില്‍ ഇനിയും വഴികള്‍ ഏറെയുണ്ട്. വിജയങ്ങള്‍ എവിടെയോ മറഞ്ഞിരിപ്പുണ്ട്.