Sunday, October 28, 2012

റിലയന്‍സ് പിണങ്ങി; ജയ്പാല്‍ റെഡ്ഡിക്കു വകുപ്പു പോയി


കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിയില്‍ ജയ്പാല്‍ റെഡ്ഡിക്കു പെട്രോളിയം മന്ത്രാലയം നഷ്ടപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശൃംഖലകളിലൊന്നായ റിലയന്‍സുമായി രണ്ടു വര്‍ഷമായി ജയ്പാല്‍ റെഡ്ഡി പോരാടുകയായിരുന്നു. എന്നാല്‍, ഒടുവില്‍ റിലയന്‍സ് തന്നെ വിജയിച്ചിരിക്കുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ മണിശങ്കര്‍ അയ്യര്‍ക്കും ഇതുപോലെ ഒഴിയേണ്ടിവന്നിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ മുരളി ദേവ്റയായിരുന്നു പെട്രോളിയം മന്ത്രി. അദ്ദേഹം റിലയന്‍സിന്റെ മുകേഷ് അംബാനിയുമായി കൂടുതല്‍ സൌഹൃദത്തിലായതിനെത്തുടര്‍ന്നായിരുന്നു മാറ്റിയത്.

ജയ്പാല്‍ റെഡ്ഡി പെട്രോളിയം മന്ത്രിയായി സ്ഥാനമേറ്റത് 2011 ജനുവരിയിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അന്നുമുതല്‍ പ്രകൃതിവാതകത്തിന്റെ വില ഉയര്‍ത്താനായി മന്ത്രാലയത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ആന്ധ്രാതീരത്തു കെ. ജി ഡി 6 ഗ്യാസ് ബ്ളോക്കില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കണം എന്നായിരുന്നു റിലയന്‍സിന്റെ വാദം. എന്നാല്‍, ജയ്പാല്‍ റെഡ്ഡി ഇതിനു വഴങ്ങിയില്ല. 2010ല്‍ കേന്ദ്രമന്ത്രിസഭയുടെ ഉപസമിതി കൈക്കൊണ്ട തീരുമാനപ്രകാരം 2014 ഏപ്രില്‍വരെ വില പുതുക്കേണ്ടെന്ന നിലപാടില്‍ത്തന്നെ ജയ്പാല്‍ റെഡ്ഡി ഉറച്ചുനിന്നു.

റിലയന്‍സ് പക്ഷേ ഇതിനു പകരം ചെയ്തത് കെ. ജി ബേസില്‍നിന്നുള്ള ഉല്‍പാദനം കുറയ്ക്കുകയായിരുന്നു. പ്രതിദിനം 54 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക്ക് മീറ്ററിനു പകരം 27.5ലേക്ക് ഉല്‍പാദനം കുറഞ്ഞപ്പോള്‍ പെട്രോളിയം മന്ത്രാലയം അന്വേഷണം ആരംഭിച്ചു. വാതക ഉല്‍പാദനത്തില്‍ വരുന്ന കുറവ് രാജ്യത്തെ ഊര്‍ജ ഉല്‍പാദനത്തിലും കുറവു വരുത്തും. ഇതനുസരിച്ചു 45,000 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാരിനു നഷ്ടം വരുന്നത്.

നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുകേഷ് അംബാനി പ്രധാനമന്ത്രിയെ സമീപിച്ചിരുന്നു. കേന്ദ്രമന്ത്രിസഭാ ഉപസമിതിക്കു മുന്‍പാകെ ഈ വിഷയം വീണ്ടും വന്നു. ഇക്കാര്യം അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിനു വിടാന്‍ സമിതി തീരുമാനിച്ചു. അറ്റോര്‍ണി ജനറല്‍ പക്ഷേ ഉപദേശിച്ചത് ഇതു നിയമവിഷയമല്ലെന്നും നയപരമായ തീരുമാനമെടുക്കണം എന്നുമായിരുന്നു.

ഈ തര്‍ക്കം നിലനില്‍ക്കെത്തന്നെ കെ. ജി ഡി 6 ബ്ളോക്കിന്റെ ഒാഡിറ്റ് കണ്‍ട്രോളര്‍ ആന്‍ഡ് ഒാഡിറ്റര്‍ ജനറലിനെ ഏല്‍പ്പിക്കാന്‍ ജയ്പാല്‍ റെഡ്ഡി തീരുമാനിച്ചത് റിലയന്‍സിന്റെ കടുത്ത എതിര്‍പ്പിനു കാരണമായി. സ്വകാര്യ സ്ഥാപനത്തിന്റെ കണക്കുകള്‍ സിഎജി ഒാഡിറ്റിങ് നടത്തേണ്ടതില്ലെന്നായി റിലയന്‍സ്. എന്നാല്‍, ഉല്‍പാദന പങ്കാളിത്ത കരാര്‍പ്രകാരം സിഎജി ഒാഡിറ്റ് ആകാമെന്നായിരുന്നു ജയ്പാല്‍ റെഡ്ഡിയുടെ നിലപാട്.

പാചകവാതക സിലിണ്ടറുകളുടെ ഉപയോഗം സംബന്ധിച്ചു നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജയ്പാല്‍ റെഡ്ഡി തീരുമാനിച്ചത് ഈ സമയത്താണ്. കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ഉയരാന്‍ ഇടയാക്കിയ പല കാരണങ്ങളിലൊന്ന് ഈ തീരുമാനമായിരുന്നു. ഒരു കുടുംബത്തിന് ഒരു വര്‍ഷം സബ്സിഡി നിരക്കില്‍ ആറ് സിലിണ്ടര്‍ എന്ന പരിധി മാറ്റാന്‍ അടുത്തകാലത്തു സോണിയ ഗാന്ധിതന്നെ നിര്‍ദേശം നല്‍കിയതായി കേട്ടിരുന്നു. ഇത് ഒന്‍പതായി നിജപ്പെടുത്താന്‍ ഉടന്‍ പ്രഖ്യാപനം വന്നേക്കും.

ഏതായാലും, അഴിച്ചുപണിയില്‍ ജയ്പാല്‍ റെഡ്ഡിയെ മാറ്റി. പുതിയ മന്ത്രി വീരപ്പ മൊയ്ലിയുടേതാണ് അടുത്ത ഊഴം. കേന്ദ്ര ഊര്‍ജ, പെട്രോളിയം മന്ത്രാലയങ്ങള്‍ റിലയന്‍സിന്റെ സ്വാധീനത്തിലാണെന്നതു പരസ്യമായ രഹസ്യമാണ്