Saturday, September 15, 2012

സിബിഎസ്ഇ പ്രൈമറി അധ്യാപകര്‍ക്ക് 10000 രൂപ ശമ്പളം നല്‍കണം: ഹൈക്കോടതി

manorama Story Dated: Saturday, September 15, 2012 2:5 hrs IST 

കൊച്ചി . സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും മാന്യവും നീതിയുക്തവുമായ ശമ്പളം ഉടന്‍ നല്‍കിത്തുടങ്ങണമെന്നു ഹൈക്കോടതി. ശമ്പളക്കാര്യത്തില്‍ അധ്യാപകരെ വഞ്ചിക്കുന്ന മാനേജ്മെന്റുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുത്ത് സ്കൂളുകളുടെ എന്‍ഒസി പിന്‍വലിക്കണം. ശമ്പളവര്‍ധന 'കില്ലര്‍ ഡോസ് ആകാതിരിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ക്കു ഫണ്ട് നല്‍കുന്നതും പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവു വഹിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി വ്യവസ്ഥ സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെയാണ് കോടതി ശമ്പളവിഷയം പരിഗണിച്ചത്. അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മിനിമം 20,000 രൂപയും ഹൈസ്കൂളില്‍ 15,000 രൂപയും പ്രൈമറി-മിഡില്‍സ്കൂള്‍ തലത്തില്‍ 10,000 രൂപയും തല്‍ക്കാലം നല്‍കണം. ക്ളാര്‍ക്കുമാര്‍ക്ക് 6000 രൂപയും ലാസ്റ്റ് ഗ്രേഡില്‍ 4500 രൂപയും നല്‍കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുതുക്കിയ ശമ്പളം നിശ്ചയിക്കുന്നതു വരെയാണ് ഈ ഇടക്കാല വേതനം.

അധ്യാപകര്‍ക്കു കുറഞ്ഞ ശമ്പളം നല്‍കിയിട്ടു കൂടിയ തുക നല്‍കുന്നതായി രേഖയുണ്ടാക്കുന്ന മാനേജ്മെന്റുകളുടെ തന്ത്രത്തെക്കുറിച്ച് ഒട്ടേറെ കത്തുകള്‍ കോടതിക്കു കിട്ടിയതായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പല സ്കൂളിലും ശമ്പളം തുച്ഛമാണ്. ചിലേടങ്ങളില്‍ മാനേജ്മെന്റ് സമീപ ബാങ്കുകളില്‍ അധ്യാപകരുടെ പേരില്‍ അക്കൌണ്ട് തുടങ്ങുകയും പ്രിന്‍സിപ്പല്‍മാര്‍ അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന രീതിയുണ്ട്. അക്കൌണ്ടില്‍ വന്‍തുക നിക്ഷേപിച്ച ശേഷം അധ്യാപകര്‍ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് തുക മുഴുവന്‍ പ്രിന്‍സിപ്പല്‍മാര്‍ പിന്‍വലിക്കുകയും കുറഞ്ഞ തുക അധ്യാപകര്‍ക്കു നല്‍കുകയുമാണു ചെയ്യുന്നത്.

അധ്യാപകരുടെ ബാങ്ക് അക്കൌണ്ട് പ്രിന്‍സിപ്പല്‍മാരോ എജന്റുമാരോ പ്രവര്‍ത്തിപ്പിക്കാനോ, അധ്യാപകരുടെ ചെക്ക്ബുക്ക് സ്കൂളുകളില്‍ സൂക്ഷിക്കാനോ പാടില്ലെന്നു കോടതി നിര്‍ദേശിച്ചു. സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ 20(3) ചട്ടപ്രകാരവും സിബിഎസ്ഇ അഫിലിയേഷന്‍ വ്യവസ്ഥയനുസരിച്ചും അധ്യാപകര്‍ക്കു ശമ്പളവും അലവന്‍സും നല്‍കാന്‍ മാനേജ്മെന്റിനു ബാധ്യതയുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ അധ്യാപകര്‍ക്കു മിനിമം 15,000 രൂപയും ലാസ്റ്റ് ഗ്രേഡുകാര്‍ക്ക് പതിനായിരത്തിലേറെയും കിട്ടുന്നുണ്ട്.

കേരള സിലബസിലുള്ള അണ്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു ഹെഡ്മാസ്റ്റര്‍, എച്ച്എസ്എ, പ്രൈമറി ടീച്ചര്‍ തസ്തികയില്‍ യഥാക്രമം 7000, 6000, 5000 എന്നിങ്ങനെ മിനിമം വേതനം നിശ്ചയിച്ചതു പുതുക്കുന്ന കാര്യം പരിഗണനയിലാണെന്ന് അഡീ. അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍ അറിയിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു വിദ്യാഭ്യാസാവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ശമ്പള വ്യവസ്ഥയും ബാധകമാവില്ലെന്നു ചില മാനേജ്മെന്റുകള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

സിബിഎസ്ഇ അഫിലിയേഷന്‍ വ്യവസ്ഥ വിദ്യാഭ്യാസാവകാശ നിയമം വരുംമുന്‍പേ നിലവിലുള്ളതാണെന്നു കോടതി പറഞ്ഞു. ശമ്പളവര്‍ധനയുടെ കനത്ത ബാധ്യത നേരിടാന്‍ കനത്ത ഫീസ് ഏര്‍പ്പെടുത്തുന്നതു കുട്ടികള്‍ വിട്ടുപോകാന്‍ ഇടയാക്കുമെന്നു മാനേജ്മെന്റുകള്‍ വാദിച്ചു. എന്നാല്‍, നിലവിലുള്ള സ്കൂളുകള്‍ക്കു സഹായം നല്‍കുക വഴി, വിദ്യാഭ്യാസാവകാശ നിയമപ്രകാരം നിശ്ചിതദൂരത്തിനിടെ സിബിഎസ്ഇ സ്കൂള്‍ തുടങ്ങുന്നതിന്റെ വന്‍ബാധ്യത സര്‍ക്കാരിന് ഒഴിവാക്കാമെന്നു കോടതി പറഞ്ഞു. അണ്‍ എയ്ഡഡ് ഉള്‍പ്പെടെ എല്ലാ മേഖലയിലും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൊച്ചി . സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കിട്ടാന്‍ മലയാളപഠനം
കൊച്ചി . സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി കിട്ടാന്‍ മലയാളപഠനം നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. മിനിമം മൂന്നേക്കര്‍ ഭൂമിയും 300 കുട്ടികളും കുട്ടികള്‍ക്ക് ആധാര്‍ നമ്പറും വേണമെന്ന വ്യവസ്ഥകളും ഒഴിവാക്കി. ഐസിഎസ്ഇ/സിബിഎസ്ഇ വ്യവസ്ഥകള്‍ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കണം. ഗ്രാമങ്ങളില്‍ സിബിഎസ്ഇ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദാരസമീപനം പുലര്‍ത്തണമെന്നു ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട നിബന്ധനകള്‍ അപ്രായോഗികമാണെന്നു വിലയിരുത്തിയാണു ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുല്‍ റഹിം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിലെ പാഠ്യപദ്ധതി നിശ്ചയിക്കുന്നത് എന്‍സിഇആര്‍ടിയാണ്. സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാവില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നു സ്ഥലം മാറിവരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലും മറ്റും മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കാനാവില്ല.

മൂന്ന് ഏക്കര്‍ സ്ഥലം വേണമെന്ന വ്യവസ്ഥ നഗരങ്ങളില്‍ പ്രായോഗികമല്ല. സിബിഎസ്ഇ/ഐസിഎസ്ഇ വ്യവസ്ഥയില്‍ പറയുന്നപ്രകാരം ഒന്നോ രണ്ടോ ഏക്കറില്‍ ബഹുനില മന്ദിരം നിര്‍മിച്ച് കളിസ്ഥലത്തിനും മറ്റും തുറസായ സ്ഥലം ലഭ്യമാക്കുകയെന്നതാണു പ്രയോഗികം. നഗരങ്ങളില്‍ സെന്റിന് അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം വരെയാണു വില. ആദ്യഘട്ട അഫിലിയേഷന്‍ ആവശ്യമായി വരുന്ന മിഡില്‍സ്കൂള്‍ തലത്തില്‍ 300 കുട്ടികള്‍ വേണമെന്ന വ്യവസ്ഥയും അപ്രായോഗികമാണ്. അതുപോലെ, കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിക്കാനാവില്ല.

കാര്‍ഡുള്ളവരോടു ഹാജരാക്കാന്‍ പറയുന്നതിനൊപ്പം, കാര്‍ഡില്ലാത്ത കുട്ടികളെയും കുടുംബത്തെയും ആധാര്‍ റജിസ്ട്രേഷന്‍ എടുപ്പിക്കുന്ന കാര്യം പിന്നീടു പരിഗണിക്കേണ്ടതാണെന്നു കോടതി പറഞ്ഞു. 2011 ഒക്ടോബര്‍ ഏഴിലെ സര്‍ക്കാര്‍ ഉത്തരവിലെ ചില വ്യവസ്ഥകള്‍ക്കെതിരെ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ്സ് അസോസിയേഷന്‍ നല്‍കിയതുള്‍പ്പെടെ 47 ഹര്‍ജികള്‍ അനുവദിച്ചാണു കോടതി നടപടി. വ്യവസ്ഥകള്‍ തടഞ്ഞ  സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി.

ഐസിഎസ്ഇ/സിബിഎസ്ഇ ബോര്‍ഡ് നിര്‍ദേശിക്കുന്ന പ്രകാരം വിദ്യാഭ്യാസാവശ്യം, അധ്യാപകര്‍, അടിസ്ഥാന സൌകര്യം ഇവ വിലയിരുത്തി എന്‍ഒസി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കേരള സിലബസിലുള്ള സ്കൂളുകള്‍ സമീപത്തുണ്ടോ എന്നു നോക്കാതെ, പരിസരങ്ങളില്‍ മറ്റു സിബിഎസ്ഇ സ്കൂളുകള്‍  ഉണ്ടോ എന്നു നോക്കി വേണം വിദ്യാഭ്യാസാവശ്യം വിലയിരുത്തേണ്ടത്. നഗരങ്ങളില്‍ ആവശ്യത്തിനു സിബിഎസ്ഇ സ്കൂളുകള്‍ ഇല്ലെങ്കില്‍ തലവരിപ്പണം കൂടുമെന്നു കോടതി ചൂണ്ടിക്കാട്ടി.

കേരള സിലബസിലുള്ള സ്കൂളുകളില്‍ കുട്ടികള്‍ കുറയുന്നത് ഒഴിവാക്കാന്‍ സിബിഎസ്ഇ സ്കൂളുകള്‍ക്കു തടയിടുന്ന പ്രവണത അപലപനീയമാണെന്നു കോടതി പറഞ്ഞു. കേരള സിലബസിന്റെ നിലവാരം കൂട്ടുകയോ സര്‍ക്കാര്‍ സ്കൂളില്‍ സിബിഎസ്ഇ വിഭാഗം തുടങ്ങുകയോ ആണു സര്‍ക്കാര്‍ ചെയ്യേണ്ടത്. സിബിഎസ്ഇ/ഐസിഎസ്ഇ പഠനത്തിന്റെ നിലവാരം മെച്ചമായതിനാല്‍ ഡിമാന്‍ഡ് കൂടുന്നതുമൂലം 900 ലേറെ സിബിഎസ്ഇ സ്കൂളുകളാണു സ്വകാര്യ മേഖലയിലുള്ളത്. സംസ്ഥാനത്തിന്റെ അധികാരം പരിമിതമായാലും, കേരളത്തിലെ സിബിഎസ്ഇ/ഐസിഎസ്ഇ  സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി നിര്‍ബന്ധമാണെന്നും എന്നാല്‍ വ്യവസ്ഥകള്‍ ന്യായവും പ്രായോഗികവുമാകണമെന്നും കോടതി പറഞ്ഞു.

സിബിഎസ്ഇ സ്കൂള്‍ എന്‍ഒസിക്ക് നിര്‍ബന്ധ മലയാള പഠനം ഉള്‍പ്പെടെ വ്യവസ്ഥകള്‍ റദ്ദാക്കി

Story Dated: Saturday, September 15, 2012 2:5 hrs IST 

manorama