Thursday, May 24, 2012

സാമ്രാജിത്വ കെണിയും ഡോ. ഐസക്കും : ആസാദ്‌


ഷാവേസിന്റെ നാട്ടിലേക്കും ഡോ. തോമസ്‌ ഐസക്ക്‌ ക്ഷണിക്കപ്പെട്ടി രിക്കുന്നു. ജനകീയാസൂത്രണത്തെക്കുറിച്ച്‌ ഐസക്കില്‍ നിന്ന്‌ പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ നിസ്സാരക്കാരാരുമല്ല.
ഷാവേസിന്റെ ഉപദേശകയായ മാര്‍ത്ത ഹാര്‍നേക്കറാണ്‌. അല്‍ത്തൂസറിന്റെ പ്രിയ പ്പെട്ട ശിഷ്യകളിലൊരാള്‍. എണ്‍പതില്‍പരം ഗ്രന്‌ഥങ്ങളുടെ കര്‍ത്താവ്‌.

ക്യൂബയില്‍ ഗവേഷകയായിരുന്നു. പരിചയപ്പെടുത്തു ന്നത്‌ ഐസക്ക്‌ ആയതുകൊണ്ട്‌ (ദേശാഭി മാനി വാരിക 4 നവം. 2007) തെറ്റാനിടയില്ല. ഏതളവിലും അദ്ദേഹം അഭിമാനിക്കട്ടെ. ജനകീയാസൂത്രണം സംബന്ധിച്ച തന്റെ ഇംഗ്ലീഷ്‌ പുസ്‌തകമാണ്‌ അവരെ പ്രചോദി പ്പിച്ചതെന്ന്‌ ഐസക്ക്‌ തന്നെ വെളിപ്പെടു ത്തുന്നു. പുസ്‌തകം അവര്‍ക്ക്‌ നല്‍കിയത്‌ പ്രകാശ്‌ കാരാട്ടാണ്‌ എന്നുകൂടി എഴുതി ക്കൊണ്ട്‌ അതിന്റെ ആധികാരികതയ്‌ക്ക്‌ ഐസക്ക്‌ അടിവരയിടുകയും ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ശക്‌ത മായ അടിത്തറയുളള, ലോകത്തില്‍ രണ്ടാമതായി ബാലറ്റ്‌ പേപ്പറിലൂടെ ഒരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറിനെ അധികാരത്തി ലേറ്റിയ കേരളത്തെ കീഴടക്കാന്‍ കഴിഞ്ഞ ഡോ. ഐസക്കിന്‌ വെനുസ്വല നിസ്സാരം തന്നെ!

കേരളത്തില്‍ ലഭിച്ച അംഗീകാരം മാത്രം മതി പങ്കാളിത്തവികസനപദ്ധതി കള്‍ക്ക്‌ ലോകത്തെമ്പാടും ഇരച്ചു കയറാന്‍. അതു ഫലം കണ്ടുതുടങ്ങിയിരിക്കുന്നു വെന്ന്‌ ഇപ്പോള്‍ പുറത്തറിയിക്കുന്നതും അദ്ദേഹമാണ്‌. ലോകത്തിലെ വലിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ ഒന്നിന്റെ ജനറല്‍ സെക്രട്ടറിയായ പ്രകാശ്‌ കാരാട്ടി ന്റെ മേലൊപ്പുകൂടി പതിഞ്ഞു കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റായിട്ടില്ലാത്ത പാവം ഷാവേ സിന്‌ എന്താലോചിക്കാനുണ്ട്‌.

ഒന്നും രണ്ടും മൂന്നും ലോകങ്ങള്‍ക്കു മേല്‍ പാദങ്ങളമര്‍ത്തി അളന്നെടുത്തു കൊണ്ട്‌ ഡോ. ഐസക്ക്‌ എന്ന വിരാട്‌ പുരുഷന്‍ നിവരുകയാണ്‌. ഇപ്പോള്‍ അതൊരു വാമനനേയല്ല. അളന്നുകൊളളു എന്നു തലകുനിച്ച പാവം മഹാബലിക്ക്‌ ഇനി ഒരോണത്തിനും തലപൊക്കാനാവില്ല. എന്നാല്‍ കേരളത്തില്‍വെച്ച്‌ എഴുതു മ്പോഴും പറയുമ്പോഴുമെല്ലാം ഒരു മഹാ ബലി, ഒരു ഇ.എം.എസ്‌ ഐസക്കിന്റെ ഭാഷയില്‍ വിക്കുണ്ടാകുന്നുണ്ട്‌.

കേരള ത്തിന്‌ പുറത്ത്‌ കടന്നുകഴിഞ്ഞാല്‍ അങ്ങനെയൊരു വിക്ക്‌ കാണുകയേയില്ല. സംശയമുളളവര്‍ അമേരിക്കയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്‌തകമോ വിസ്‌ക്കോ സിന്‍ പ്രബന്ധമോ നെതര്‍ലാന്റ്‌ പ്രഭാഷണ ങ്ങളോ ?റിയല്‍ ഉട്ടോപ്പിയ? പ്രൊജക്‌ടോ പരിശോധിച്ച്‌ നോക്കുക. പങ്കാളിത്ത ജനാധിപത്യ പരീക്ഷണത്തിന്റെ ഇന്ത്യന്‍ നടത്തിപ്പുകാരനായി ഒരു പേര്‌ മാത്രമേ കാണൂ. അത്‌ ഡോ. തോമസ്‌ ഐസക്കാണ്‌.

കാസ്‌ട്രോയ്‌ക്കും ഷാവേസിനും സാമ്രാ ജ്യത്വ മാധ്യമങ്ങളിലും അന്താരാഷ്‌ട്ര വേദികളിലും കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമ്പോള്‍ ഐസക്ക്‌ ആകട്ടെ വളരെ പ്രിയപ്പെട്ടവനായിത്തീരുന്നു. ഇതിന്റെ രസതന്ത്രമെന്താണ്‌.?

അധികാരവികേന്ദ്രീകരണം ഇ എം എസിന്റെ സ്വപ്‌നമായിരുന്നുവെന്നും 1957 മുതല്‍ അദ്ദേഹം അത്‌ നടപ്പാക്കാന്‍ പരിശ്രമിക്കുകയായിരുന്നുവെന്നും മലയാളികളെ ഉദ്‌ബോധിപ്പിക്കുന്ന ഐസക്ക്‌ ഇക്കാര്യം ലോക വേദികളില്‍ മറച്ചുവെക്കുന്നതിന്റെ യുക്‌തിയെന്താണ്‌? അഥവാ അധികാരവികേന്ദ്രീകരണത്തിന്റെ സൈദ്‌ധാന്തികവും പ്രായോഗികവുമായ പദ്ധതികള്‍ക്കു നേതൃത്വം നല്‍കിയതിന്റെ പേരില്‍ മാര്‍ക്‌സിസ്റ്റ്‌ ആചാര്യനായ ഇ എം എസ്‌ ലോക വേദികളില്‍ ഐസക്കിനോളം പോലും പ്രശസ്‌തനാകാതെ പോയത്‌ എന്തുകൊണ്ടാണ്‌ എന്നെങ്കിലും അദ്ദേഹം വിശദീകരിക്കേണ്ടതില്ലേ?

 ഐസക്കിന്റെ പുസ്‌തകങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും കാത്തിരിക്കുന്ന സ്‌പോണ്‍സര്‍മാരാരും ഇ എം എസിന്റെ കൃതികള്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ചതായി കേട്ടറിവില്ലല്ലോ. അപ്പോള്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്‌. ഇ എം എസിന്റെ അധികാര വികേന്ദ്രീകരണം ഇന്ത്യ എന്ന ദേശരാഷ്‌ട്രത്തിന്റെ പരമാധികാരം നിലനിര്‍ത്തിക്കൊണ്ടുളള ജനാധിപത്യവല്‍ക്കരണ പ്രക്രിയയാണ്‌. എന്നാല്‍ ഐസക്കിന്റേതാകട്ടെ ദേശ രാഷ്‌ട്രങ്ങളെ അപ്രസക്‌തമാക്കുന്ന ഫിനാന്‍സ്‌ മൂലധന താല്‌പര്യത്തെയും അവ ഉയര്‍ത്തിപ്പിടിക്കുന്ന ലോകബാങ്ക്‌ പദ്ധതികളെയും പ്രതിനിധീകരിക്കുന്നു.

ഒറ്റ നോട്ടത്തില്‍ രണ്ടും ഒരുപോലെ തോന്നി പ്പിക്കാം. എന്നാല്‍ രണ്ടും രണ്ടാണ്‌. അതുകൊണ്ടാണ്‌, ആയിരക്കണക്കിന്‌ പേജുകള്‍ ജനകീയാസൂത്രണത്തെപ്പറ്റിയും പങ്കാളിത്ത ജനാധിപത്യത്തെപ്പറ്റിയും എഴുതിയ ഐസക്ക്‌ അധികാര വികേന്ദ്രീ കരണവും ലോകബാങ്ക്‌ പദ്ധതിയും തമ്മിലുളള വേര്‍തിരിവിനെപ്പറ്റി ഒരു വരിയും എഴുതാത്തത്‌.
നമ്മുടെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ്‌ സങ്കല്‍പ്പത്തിന്റെ തുടര്‍ച്ച യാണത്രേ പങ്കാളിത്ത ജനാധിപത്യം.

അത്‌ ലോകബാങ്കിന്‌ അടിയറവെക്കാന്‍ ശ്രമി ക്കുകയാണ്‌ ഇടതുപക്ഷ വരട്ടുതത്വ വാദികള്‍ എന്നാണ്‌ ഐസക്കിന്റെ ഭാഷ്യം. ഗ്രാമ സ്വരാജിന്‌ പരിമിതികള്‍ എത്ര ഉണ്ടായിരുന്നു (ഗാന്ധിയും ഗാന്ധിസവും - ഇ എം എസ്‌) വെങ്കിലും ഇന്ത്യ എന്ന ദേശരാഷ്‌ട്രത്തിന്‌ കീഴ്‌പ്പെട്ടാണ്‌ അത്തര മൊരു സ്വപ്‌നം കരുപ്പിടിപ്പിച്ചതെന്നു മറന്നുകൂടാ. ഐസക്കിന്റെ പങ്കാളിത്ത ജനാധിപത്യമാകട്ടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെയെല്ലാം നിഷ്‌ക്രിയമോ അപ്രസക്‌തമോ ആക്കിമാറ്റിക്കൊണ്ട്‌ കീഴ്‌ത്തട്ടുകളില്‍ അധിനിവേശ ഇടപെടലുകള്‍ക്ക്‌ കളമൊരുക്കുകയാണ്‌.

 പ്രാതിനിധ്യ ജനാധിപത്യത്തെക്കാള്‍ എത്ര കേമമാണ്‌ പങ്കാളിത്ത ജനാധിപത്യമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ഒരു പുസ്‌തകം തന്നെ മലയാളത്തിന്‌ സംഭാവന ചെയ്‌തിട്ടുണ്ട്‌. ദേശരാഷ്‌ട്ര ഘടനയേയും അതിന്റെ രാഷ്‌ട്രീയ യുക്‌തികളേയും ഫിനാന്‍സ്‌ മൂലധന യുക്‌തികള്‍കൊണ്ടു മറികടക്കുന്നു വെന്നതിനാലാണ്‌ പാര്‍ട്ടിരഹിത പങ്കാളിത്ത ജനാധിപത്യം പാര്‍ട്ടി വിരുദ്ധമാണെന്ന്‌ സി പി ഐ -എം പ്രഖ്യാപിച്ചിട്ടുളളത്‌. അതേ സി പി ഐ എമ്മിന്റെ നേതൃ പദവിയിലും ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിപദ ത്തിലും വിരാജിക്കുന്ന ഐസക്ക്‌, ഇടുങ്ങിയ രാഷ്‌ട്രീയത്തിന്‌ പുറത്തു കടക്കാനുളള പുതിയ പൗരസമൂഹ രൂപീകരണമാണ്‌ ജനകീയാസൂത്രണംകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ വിദേശത്ത്‌ നടത്തിയ ഒരു പ്രഭാഷണത്തില്‍ തുറന്നു പറയുന്നുണ്ട്‌.

പാട്രിക്ക്‌ ഹെല്ലറു മൊത്തുളള ലേഖനത്തില്‍ കേരളത്തിലെ വര്‍ഗ രാഷ്‌ട്രീയ ധ്രുവീകരണത്തിനെതി രെയും ട്രേഡ്‌ യൂണിയന്‍ രാഷ്‌ട്രീയത്തി നെതിരെയും എഴുതിയത്‌ തന്റെ തെറ്റല്ല പാട്രിക്ക്‌ ഹെല്ലറുടെ കടന്നു കയറ്റമാണ്‌ എന്നാണ്‌ 2003-ല്‍ ഐസക്ക്‌ പാര്‍ട്ടി നേതൃത്വത്തിന്‌ നല്‍കിയ മൊഴി. മാപ്പ പേക്ഷ സ്വീകരിച്ച്‌ പാര്‍ട്ടി ഐസക്കിനെ കുറ്റവിമുക്‌തനാക്കി. എന്നാല്‍ ഐസ ക്കിന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാരന്‍ ഏതു രാഷ്‌ട്രീയത്തിന്റെ പ്രയോക്‌താവാണെന്ന്‌ പാര്‍ട്ടി നേതൃത്വം മനസ്സിലാക്കിയോ എന്നറിയില്ല. കേരളീയര്‍ക്കു പക്ഷേ അത്‌ മനസിലായി.

ഐസക്കിന്റെ കൂട്ടുകെട്ട്‌ മറ്റേ തോ താല്‍പര്യക്കാരോടാണ്‌. രാഷ്‌ട്രീയ വേര്‍തിരിവുകള്‍ അവഗണിച്ചുകൊണ്ടുവേണം പങ്കാളിത്ത ജനാധിപത്യ പ്രക്രിയ നടപ്പാക്കേണ്ടതെന്നും താന്‍ താഴെ തട്ടില്‍ പാര്‍ട്ടി രാഷ്‌ട്രീയം സംസാരിക്കാറില്ല എന്നും 2002 ജനുവരി 15 നെതര്‍ലാന്റില്‍ നടത്തിയ പ്രഭാഷണത്തിലും ഐസക്ക്‌ പറയുന്നുണ്ട്‌. 1990 ല്‍ സോഷ്യലിസം പരാജയപ്പെട്ടു കഴിഞ്ഞു ഇനി വേറെ വഴി അന്വേഷിക്കണം എന്ന പരമേശ്വരന്‍ സിദ്ധാന്തത്തിനു കൂട്ടുനിന്ന്‌ ഐസക്ക്‌ ദില്ലിയില്‍ ചേര്‍ന്ന നാലാം ലോക ചര്‍ച്ച കളില്‍ മുഖ്യ പങ്കാളിയായി.

ഇതിന്റെ തുടര്‍ച്ചയില്‍ 1991ല്‍ എറിക്ക്‌ ഓലിന്‍ റൈറ്റും മറ്റും ഏറ്റെടുത്ത റിയല്‍ ഉട്ടോപ്പിയ പ്രോജക്‌ടിന്റെ ഭാഗമായി തീരുന്നുമുണ്ട്‌ അദ്ദേഹം. ജനാധിപത്യത്തെ അഗാധമാ ക്കാനുളള ഇന്ത്യന്‍ ചുമതല ഐസക്ക്‌ എങ്ങനെ നിര്‍വ്വഹിച്ചുവെന്ന്‌ എറിക്ക്‌ ഓലിന്‍ റൈറ്റ്‌ അഭിമാനത്തോടെ വെളി പ്പെടുത്തുന്നുണ്ട്‌. ഇന്ത്യന്‍ അവസ്ഥയെ (ബംഗാള്‍, കേരളം) കുറിച്ചുളള തന്റെ പ്രബന്ധത്തില്‍, ബംഗാളില്‍ പങ്കാളിത്ത ജനാധിപത്യം നടപ്പാക്കുമ്പോഴുണ്ടായ വൈകല്യങ്ങളൊന്നും കേരളത്തില്‍ ഉണ്ടായില്ല എന്ന്‌ ഐസക്ക്‌ തന്നെത്തന്നെ ശരി വെയ്‌ക്കുന്നു (Deepening Democracy- Verso - London).

വികസന രംഗത്തെ സഹകരണം മെച്ചപ്പെടുത്താനുളള വികസിത - വികസ്വര രാഷ്‌ട്രങ്ങളുടെ ഗവേഷണ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്‌ 90 കളിലാണ്‌. നെതര്‍ലാന്റ്‌ കേന്ദ്രമാക്കി യായിരുന്നു ഇതിലേറെയും നടന്നത്‌. 1989ല്‍ ചേര്‍ന്ന സമ്മേളനം ഇതു സംബന്ധിച്ച ഡച്ചു ഗവര്‍മെന്റിന്റെ നയരേഖ (Policy Document) രൂപപ്പെടുത്തി.

1992 ല്‍ ഇതു പ്രസിദ്ധീകരിച്ചു. വികസ്വര രാജ്യങ്ങളില്‍ സാമ്രാജ്യത്വ ധന - ആശയ സഹായങ്ങളോടെയുള്ള ഗവേഷണ ശേഷി മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്കു ഇതോടെ തുടക്കം കുറിച്ചു. കേരളത്തില്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന്‌ ഡച്ച്‌ കേന്ദ്രങ്ങള്‍ കണ്ടെത്തിയത്‌ 1993 ലാണ്‌. ഡി ജി ഐ എസ്‌. (Directorate General International Co - operation) ഈ പദ്ധതി നടപ്പാക്കാന്‍ സി ഡി എസി (CDS) നെയാണ്‌ ചുമതലപ്പെടുത്തിയത്‌.

 മള്‍ട്ടി ഏന്വല്‍ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച്‌ പ്രോഗ്രാ (MMRPs) മിന്റെ ഭാഗമായി ജനകീയാസൂത്രണ പരിപാടി രൂപം കൊണ്ടു. Kerala Research Programme On Local Level Development എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഐസക്ക്‌ എഴുതുന്നു: At the Centre for Development Studies, which I am a professor, the Dutch Government has funded a research programme: the Kerala Research Programme on Local Development. This is an example of how a far reaching impact can be accomplished with very limited funds (The Campaign for Democratic Decentralizing in Kerala, India. 15 January 2002).
വിദേശ ഫണ്ടു ലഭിച്ചിട്ടേയില്ല എന്നായിരുന്നു ഐസക്കും കൂട്ടരും പറഞ്ഞു പോന്നത്‌.

കിലയില്‍ 'കാപ്‌ഡക്‌' മുഖേന ലഭിച്ച സ്വിസ്‌ ഫണ്ട്‌ പുറത്തുവന്നപ്പോള്‍ ജോയ്‌ ഇളമണെ പുറത്താക്കി തടിരക്ഷിച്ചു. സി.ഡി.എസ്‌ മുഖേന ലഭിക്കുന്ന ഫണ്ടിനെപ്പറ്റി പാര്‍ട്ടിക്ക്‌ ഒന്നും പറയാനാവില്ല എന്നായിരുന്നു വാദം. ഐസക്ക്‌ ഇവിടെ ഒരു അധ്യാപകന്‍ മാത്രമായിരുന്നു എന്നാണ്‌ പാര്‍ട്ടിനേതൃത്വം കണ്ടിരുന്നത്‌. എന്നാല്‍ കേന്ദ്ര ഗവര്‍മെന്റ്‌ അനുവാദമില്ലാതെ ദേശ താല്‍പര്യങ്ങള്‍ക്കെതിരായി സി ഡി എസ്‌ മുഖേന ഫണ്ടു വന്നിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ ഏതു ജനാധിപത്യ വാദിക്കും അവകാശമുണ്ട്‌ എന്നിരിക്കെ ശാസ്‌ത്ര സാഹിത്യ പരിഷത്തു മുഖേന പങ്കാളിത്ത ജനാധിപത്യ പരീക്ഷണത്തിനായിരുന്നു ഫണ്ടു നല്‍കിയതെന്ന്‌ വെളിപ്പെടുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു.

എം.പി. പരമേശ്വരന്‍ ഡയറക്‌ടറും, ഡോ. തോമസ്‌ ഐസക്ക്‌ ജോയിന്റ്‌ ഡയറക്‌ടറുമായ ഒരു പദ്ധതിക്ക്‌ വിദേശ സഹായം ലഭിച്ചുവെന്ന്‌ കേരളത്തില്‍ ഐസക്ക്‌ സമ്മതിച്ചിട്ടില്ലെങ്കിലും വിദേശത്തെ ഈ പ്രസംഗത്തില്‍ മറച്ചുവെക്കാനായില്ല. 2003 ല്‍ ഇക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ ദൂരദര്‍ശന്റെ ഒരു സംവാദത്തില്‍ താന്‍ ജോയിന്റ്‌ ഡയറക്‌ടറായിരുന്നില്ല എന്ന്‌ വസ്‌തുതാവിരുദ്ധമായ ഒരു നിഷേധം ഐസക്കില്‍ നിന്നുണ്ടായി. പിന്നീട്‌ സി ഡി എസ്‌ രേഖകളിലെല്ലാം ഒരു തമസ്‌ക്കരണത്തിനു ശ്രമിച്ചുവെങ്കിലും അതിനു മുമ്പുതന്നെ രേഖകള്‍ പുറത്തുവന്നുകഴിഞ്ഞിരുന്നു.

സി ഡി എസിനെയും ശാസ്‌ത്രസാഹിത്യപരിഷത്തിനെയും കരുവാക്കിക്കൊണ്ട്‌ എം. പി പരമേശ്വരനും, തോമസ്‌ ഐസക്കും രൂപം നല്‍കിയ പങ്കാളിത്ത ജനാധിപത്യ പ്രയോഗ പദ്ധതിയെന്ന സാമ്രാജ്യത്വ അധിനിവേശ അജണ്ടയാണ്‌ യാഥാര്‍ത്ഥത്തില്‍ ജനകീയാസൂത്രണ പരിപാടി (KRPLLD).

ഈ അധിനിവേശത്തിന്റെ സിദ്ധാന്തം തുറന്നെഴുതിയ എം. പി. പരമേശ്വരന്‍ കയ്യോടെ പിടിക്കപ്പെട്ടു. ആദ്യം വാ തുറന്നപ്പോള്‍ ഇ എം എസും പിന്നീട്‌ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷ വരട്ടു തത്വ വാദികള്‍ എന്ന്‌ നാലാം ലോക വാദികള്‍ വിളിക്കുന്ന മാര്‍ക്‌സിസ്റ്റുകാരും തക്ക മറുപടിയാണ്‌ നല്‍കിയത്‌. ഇതിന്റ ശക്തിയില്‍ പരമേശ്വരനെ പാര്‍ട്ടിക്കു പുറത്താക്കേണ്ടി വന്നു. എന്നാല്‍ നേരെ ചൊവ്വേ കാര്യങ്ങള്‍ പറയാതെ, ഇ എം എസിന്റെ പേരു മുന്നില്‍ നിര്‍ത്തി പിറകിലാടിയ ഐസക്കിനെ കളവുമുതലോടെ പിടികൂടുക എളുപ്പമായിരുന്നില്ല. വിജയന്‍ മാസ്റ്ററും `പാഠ'വുമെല്ലാം അക്കാര്യം നിര്‍വ്വഹിക്കുകയായിരുന്നു.

വികസ്വരരാജ്യങ്ങളില്‍ പങ്കാളിത്ത ഗവേഷണവും പങ്കാളിത്ത ജനാധിപത്യവും ശക്തിപ്പെടുത്താന്‍ ഡച്ചുസര്‍ക്കാര്‍ തയ്യാറാക്കിയ നയരേഖയുടെ അടിസ്ഥാനത്തില്‍ ഒരു സ്ഥാപനവും രൂപം കൊണ്ടു. റാവു (RAWOO-Netherlands Development Assistance Research Council) എന്നായിരുന്നു അതിന്റെ പേര്‌. ലോകമെങ്ങുമായി പങ്കാളിത്ത മുന്നേറ്റങ്ങളുടെ വസ്‌തുതാ ശേഖരണത്തിനും ദിശാനിര്‍ണ്ണയത്തിനും റാവു മുന്‍കയ്യെടുത്തു.

വികസിതവും വികസ്വരവുമായ രാജ്യങ്ങളുടെ പരസ്‌പര പങ്കാളിത്തം പങ്കാളിത്ത ഗവേഷണത്തിനും വികസനത്തിനും എത്രത്തോളം സഹായകമാകുന്നു, തടസ്സങ്ങളുണ്ടോ തുടങ്ങിയ അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തില്‍ ഒരു സമ്മേളനം ചേര്‍ന്നു. 1999 സെപ്‌തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 2 വരെ തിരുവനന്തപുരത്ത്‌ CDS ആണ്‌ റാവു?വിന്റെ നിര്‍ദ്ദേശ പ്രകാരം ആതിഥേയരായത്‌. കേരളത്തിലെ പ്രായോഗികാനുഭവങ്ങള്‍ സംബന്ധിച്ച്‌ കെ. നാരായണന്‍ നായരാണ്‌ പ്രബന്ധം (On the Question of Qualify in Development related Research) അവതരിപ്പിച്ചത്‌.

സന്നദ്ധ സംഘടനകളെ വിന്യസിച്ചതിന്റെയും താഴെ തട്ടില്‍ വരെ പങ്കാളിത്ത ഗവേഷണം വ്യാപിപ്പിച്ചതിന്റെയും നേട്ടങ്ങള്‍ അദ്ദേഹം ഡച്ചു യജമാനന്‍മാര്‍ക്കു മുന്നില്‍ എണ്ണിപ്പറഞ്ഞു. ഇതത്രയും Publication No 22 എന്ന പേരില്‍ റാവു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. തദ്ദേശ സ്വയം ഭരണത്തെ സന്നദ്ധ സംഘടനകള്‍ (VOs - NGOs) എങ്ങനെ പുഷ്‌ടിപ്പെടുത്തുന്നുവെന്നും നിലവിലുളള രാഷ്‌ട്രീയ വേര്‍തിരിവുകളെ എങ്ങനെ അതിജീവിക്കുന്നുവെന്നും ഗ്രാമസഭകളെ പൗരസമൂഹ രാഷ്‌ട്രീയത്തിലേക്ക്‌ ഉത്തേജിപ്പിക്കുന്നുവെന്നും 2002 ജനുവരി 15ന്റെ പ്രഭാഷണത്തില്‍ ഐസക്കും ഇതേ കാര്യം തന്നെയാണ്‌ ഊന്നി പറഞ്ഞിട്ടുളളത്‌.

1996 മെയ്‌ മാസത്തില്‍ കേരളത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റതോടെ, അതുവരെ ജനകീയാസൂത്രണ പരിപാടി (KRPLLD) നടപ്പാക്കി കൊണ്ടിരുന്ന ഐസക്കും ഇതര പരിഷത്ത്‌ നേതാക്കളും സംസ്ഥാനത്തിന്റെ പ്ലാനിംഗ്‌ ബോഡിലേക്ക്‌ കടന്നു കയറുന്നത്‌ നാം കണ്ടു. ഇതിനു പിറകിലെ ഗുഢാലോചന യഥാര്‍ത്ഥത്തില്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്‌. അമ്പതുകളുടെ ആദ്യത്തില്‍ ഇന്ത്യന്‍ ആസൂത്രണപ്രക്രിയയില്‍ നുഴഞ്ഞുകയറാന്‍ സി ഐ എ നടത്തിയ ശ്രമത്തെ അന്നത്തെ സി പിഐ മാത്രമല്ല പ്രധാനമന്ത്രി നെഹ്‌റുവും എതിര്‍ത്തതായി രേഖകളില്‍ കാണാം.

എന്നാല്‍ 1996 ആയപ്പോള്‍ കേരളത്തിലെ എല്‍ ഡി എഫ്‌ മന്ത്രിസഭയില്‍ അതാണു സംഭവിച്ചത്‌. അതോടെ ഡച്ചു ധനസഹായത്തിന്‌ പകരം സംസ്ഥാനത്തെ പദ്ധതി ചെലവിന്റെ നാല്‌പത്‌ ശതമാനത്തോളം തുകയാണ്‌ സാമ്രാജ്യത്വ പങ്കാളിത്ത ജനാധിപത്യ പ്രയോഗ പരീക്ഷണത്തിന്‌ ലഭിച്ചത്‌. "ഇ എം എസിനെ ഞങ്ങള്‍ വശത്താക്കി" എന്ന്‌ എം പി പരമേശരന്‍ വിസ്‌കോന്‍സിന്‍ സര്‍വ്വകലാശാലയില്‍ പോയി പ്രസംഗിച്ചിട്ടുണ്ട്‌.

സംസ്ഥാന ഫണ്ട്‌ പ്രയോജനപ്പെടുത്താം എന്ന്‌ വന്നതോടെ ഡച്ചുപണം പരിഷത്ത്‌ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും വീതിച്ചെടുത്തു. കീഴ്‌ത്തല ഗവേഷണം എന്ന പേരിലായിരുന്നു അത്‌. ഒരോ പ്രബന്ധങ്ങള്‍ (?) എഴുതിക്കൊടുത്ത്‌ ലക്ഷങ്ങളാണ്‌ പലരും കൈക്കലാക്കിയത്‌. ഇത്‌ പങ്കാളിത്ത ഗവേഷണത്തിന്റെ ലോകോത്തര മാതൃകയായാണ്‌ പിന്‍ക്കാലത്ത്‌ ഐസക്കും സി ഡി എസും അവകാശപ്പെടുന്നത്‌.

ഗവേഷണ പ്രബന്ധങ്ങളും അവര്‍ കൈപ്പറ്റിയ തുകയും കേരളത്തിന്‌ മുന്നില്‍ വെളിപ്പെടുത്താന്‍ പരിഷത്തും സി ഡി എസും തയ്യാറാകേണ്ടതുണ്ട്‌. ഈയിടെ യുണ്ടായ കോടതിവിധിയെ തുടര്‍ന്ന്‌ പരിഷത്ത്‌ നടത്തിയ പത്ര സമ്മളനത്തില്‍ ഡച്ചുഫണ്ട്‌ തങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ മുന്നൂറിലേറെ ബുദ്ധി ജീവികളും കൈപ്പറ്റിയി ട്ടുണ്ടെന്ന്‌ ഈ ദാന കര്‍മ്മത്തെയാണ്‌ വിളിച്ചറിയിച്ചത്‌. ഇതിന്റെ പാപ ഭാരം ആരു ചുമക്കണമെന്നത്‌ ഉപ്പു തിന്നവര്‍ തന്നെ തീരുമാനിക്കട്ടെ.

എന്നാല്‍ ഇങ്ങനെ ഒരു സാഹചര്യം നിഷ്‌കളങ്കമോ സ്വാഭാവികമോ ആയി രൂപപ്പെട്ടതെല്ലന്നു നാം അറിയണം. പങ്കാളിത്ത പഠനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്‌തതയുണ്ടാവും. കേരളത്തിലെ ജനകീയാസൂത്രണ പരിപാടിയോട്‌ അത്‌ഭുതാവഹമായ സാമ്യമുളള പങ്കാളിത്ത ബജറ്റിംഗ്‌ പരീക്ഷണം ബ്രസീലില്‍ അരങ്ങേറിയെന്ന ഐസക്കിന്റെ ദേശാഭിമാനി പ്രബന്ധം നമ്മെ വിസ്‌മയിപ്പിക്കുന്നില്ല. രണ്ടിന്റെയും പിതാവ്‌ ഒന്നു തന്നെയെന്ന്‌ നാം കണ്ടു കഴിഞ്ഞിരിക്കുന്നു. ഐസക്കിന്റെ വിസ്‌മയ പ്രകടനം പൗരാണികമായ പതിവ്രതാനാട്യമേ ആകുന്നുളളൂ.

പങ്കാളിത്ത പഠനം (Participatory Research ) എന്ന ആശയം രൂപപ്പെടുത്തിയത്‌ വിഖ്യാത വിദ്യാഭ്യാസചിന്തകനായ പൗലോ ഫ്രയറാണ്‌. ബ്രസീലിനെപ്പോലെയുളള വികസ്വര രാജ്യങ്ങളിലെ പ്രാന്തീയ ജനവിഭാഗങ്ങളുടെ അതിജീവനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖലകള്‍ സമുദായാസ്‌പദ സംഘടന (CBO) കളും ഗവണ്‍മെന്റേതര സംഘടന (NGO) കളുമായിരുന്നു.

അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഹൈലാന്റര്‍ (Highlander Research & Education Centre). ആറു പതിറ്റാണ്ടിലേറെ സേവന രംഗത്ത്‌ സജീവമായിരുന്ന ഈ സംഘടനയുടെ മുഖ്യ ശക്‌തി അമേരിക്കന്‍ സാമ്പത്തിക പിന്‍ന്തുണയായിരുന്നു. മക്കാര്‍തര്‍ ഫൗണ്ടേഷന്‍ (Mac Arthar Foundation ) പോലെയുളള സാമ്രാജ്യത്വ ഫണ്ടിംഗ്‌ ഏജന്‍സികള്‍ ഹൈലാന്ററിന്റെ അജണ്ടയെ കാര്യമായി സ്വാധീനിച്ചു. 1970 കളുടെ മധ്യത്തില്‍ താന്‍സാനിയായിലെ ഒരു സമ്മേളനത്തില്‍ പ്രബന്ധം അവതരി പ്പിച്ചുകൊണ്ടാണ്‌ പങ്കാളിത്തഗവേഷണം എന്ന പുതിയ ആശയം പൗലോ ഫ്രയര്‍ മുന്നോട്ടുവെച്ചത്‌.

എപ്പോഴും പഠനങ്ങള്‍ ക്കെല്ലാം വിഷയമായി മാത്രം സ്വീകരിക്ക പ്പെട്ട താഴെ തട്ടിലെ ജനതയെ പഠനത്തിനും അതുവഴിയുളള വളര്‍ച്ച യ്‌ക്കും എങ്ങനെ സജ്ജമാക്കാം എന്ന തായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം. എന്നാല്‍ ഈ ആശയം അവതരിപ്പിക്ക പ്പെട്ടതോടെ പുതിയ അര്‍ത്ഥത്തിലും ദ്രുതഗതിയിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്‌ അമേരിക്കന്‍ രാഷ്‌ട്രതന്ത്ര ജ്ഞരാണ്‌. 1977ല്‍ തന്നെ ലാറ്റിനമേരിക്ക യില്‍ പങ്കാളിത്തഗവേഷണം മുന്‍ നിര്‍ത്തിയുളള ഒരു പ്രാദേശിക സമ്മേളനം വിളിച്ചുചേര്‍ത്തു. ലോകമെങ്ങും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആലോചനകളും അന്വേഷണങ്ങളുമുണ്ടായി.

1984ല്‍ മുംബൈയില്‍ ആദ്യത്തെ പങ്കാളിത്ത ഗവേഷണ സംബന്ധിയായ സമ്മേളനം ചേര്‍ന്നു. ഹൈലാന്ററിന്റെ പ്രതിനിധി കളായി ജൂലിയറ്റ്‌ മാരി ഫീല്‍ഡും ജോണ്‍ ഗാവന്റെയും ഈ കൂട്ടായ്‌മയില്‍ പങ്കു ചേര്‍ന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം ഭോപാലില്‍ യൂനിയന്‍ കാര്‍ബെയ്‌ഡ്‌ ഫാക്‌ടറി ദുരന്തത്തില്‍ പതിനായിര ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ വിഷയം മുഖ്യ പഠന വിഷയമായി ഹൈലാന്ററും എസ്‌ പി ആര്‍ ഐ എ (Society of Participatory Research in Asia) യും സംയുക്‌ത പദ്ധതികള്‍ക്ക്‌ രൂപം നല്‍കി. No Place to Run എന്ന പേരിലുളള ഒരു സംയുക്‌ത പഠന പദ്ധതിയായിരുന്നു അത്‌.

നിരവധി ഗവണ്‍മെന്റേതര സന്നദ്ധ സംഘടനകള്‍ ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും വന്‍ തോതിലുളള സഹായവും പ്രചോദനവും ഈ സന്ദര്‍ഭത്തില്‍ ലഭ്യമായി. അമേരിക്ക യിലേക്കും ഇതര ലോക രാജ്യങ്ങളി ലേക്കും യൂണിയന്‍ കാര്‍ബെയ്‌ഡ്‌ അനുഭവം പങ്കുവെയ്‌ക്കാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ അയച്ചു. ഇതിനു സാമ്പത്തിക സഹായം നല്‍കാന്‍ ഹൈലാന്റര്‍ വഴി അമേരിക്കന്‍ ഏജന്‍സി കള്‍ സന്നദ്ധമായി.

പങ്കാളിത്ത ഗവേഷണ പദ്ധതി ആരംഭിച്ചപ്പോള്‍ തന്നെ പരീക്ഷണ മേഖലായി ഇന്ത്യയാണ്‌ തെരഞ്ഞെടു ക്കപ്പെട്ടത്‌. ഭോപ്പാല്‍ സംഭവം അതിന്‌ സഹായമാവുകയും ചെയ്‌തു. തുടര്‍ന്നു നൂറോളം രാജ്യങ്ങളിലേക്ക്‌ ഈ രീതി ശാസ്‌ത്രം വ്യാപിപ്പിച്ചു. ഹൈലാന്ററിന്റെ സ്ഥാപക പ്രമാണിയായ മൈല്‍സ്‌ ഹോര്‍ട്ടണും പൗലോ ഫ്രയറും ചേര്‍ന്ന്‌ രചിച്ച പുസ്‌തകം (We Make the Road by Walking) പുതിയ മുന്നേറ്റത്തിന്റെ മാനിഫെസ്റ്റോ ആയിത്തീര്‍ന്നു.

തൊണ്ണൂറു കളുടെ തുടക്കത്തില്‍ ഹൈലാന്ററും ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഡെവലപ്പ്‌മെന്റ്‌ റിസേര്‍ച്ചും പങ്കാളിത്ത ഗവേഷണത്തെ പങ്കാളിത്ത വികസനത്തിന്റെ മുന്നൊരുക്ക മാക്കി പരുവപ്പെടുത്തുന്നതിന്‌ നേതൃത്വം നല്‍കി. ഈ ഘട്ടത്തില്‍ മക്കാര്‍തര്‍ ഫൗണ്ടേഷന്‍ നല്‍കിയ ധനസഹായം ജോണ്‍ ഗാവന്റെ തുറന്നെഴുതിയിട്ടുണ്ട്‌ (Crossing the great Devide). ഇക്കാലത്താണ്‌ വികസ്വര രാജ്യങ്ങളിലെ ഗവണ്‍മെന്റേതര സംഘടനകള്‍ പല ഗ്രാമീണ സമൂഹങ്ങളിലേക്കും ആദിവാസി മേഖലകളിലേക്കും പഠനം വ്യാപിപ്പിച്ചത്‌.

പൗരസമൂഹത്തെ പങ്കാളിത്ത ജനാധി പത്യ പ്രക്രിയയ്‌ക്ക്‌ പ്രാപ്‌തരാക്കാന്‍ അറിവു നല്‍കി ശക്‌തിപ്പെടുത്തേണ്ടതു ണ്ടെന്ന്‌ പങ്കാളിത്ത ഗവേഷണ സംഘങ്ങള്‍ നിശ്‌ചയിച്ചു. അറിവാണ്‌ അധികാരം എന്ന കേന്ദ്ര മുദ്രാവാക്യത്തിന്‌ കീഴില്‍ തുല്ല്യത, നീതി, സ്വാതന്ത്ര്യം, സമാധാനം, ഐക്യദാര്‍ഢ്യം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുളള മുന്നേറ്റമായിരുന്നു ലക്ഷ്യം. 1982ല്‍ സ്ഥാപിതമായ ഏഷ്യന്‍ സംഘം (PRIA) സ്‌ത്രീകളുടെ വിദ്യാഭ്യാസം തൊഴിലാളികളുടെ ആരോഗ്യവും പഠനവും, സാക്ഷരതയും തുടര്‍ പഠനവും എന്നിങ്ങനെ മേഖലകള്‍ കണ്ടെത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പങ്കാളിത്ത പരിശീലനം, പങ്കാളിത്ത വിശകലനം - വിലയിരുത്തല്‍ എന്നിങ്ങനെ പുതിയ രീതി ശാസ്‌ത്രം അടിത്തട്ടുവരെ എത്തിക്കാനാ വശ്യമായ സന്നദ്ധസംഘടനാ പ്രവര്‍ത്തന മാണ്‌ നിര്‍വ്വഹിക്കപ്പെട്ടത്‌. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുഘടിതമായ ശ്രേണി ബന്ധമുളള സന്നദ്ധ സംഘടനാ പ്രവര്‍ത്തനം രൂപം കൊളളുകയായിരുന്നു. ജനാധിപത്യ സമൂഹങ്ങളെ ശക്‌തിപ്പെടു ത്താന്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതു ണ്ടെന്ന വാദഗതിയില്‍ അസ്വാഭാവികമായി ആരും ഒന്നും കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ തോതിലുളള സ്വീകരണമാണ്‌ ഈ പദ്ധതികള്‍ക്ക്‌ നമ്മുടെ ഗ്രാമീണ മേഖലകളില്‍ ലഭിച്ചത്‌.

ഇന്ത്യയിലെ പ്രവര്‍ത്തനം പ്രധാന മായും ആറു മുഖങ്ങളിലായിരുന്നു വെന്ന്‌ SPRIA അടയാളപ്പെടുത്തിയിട്ടുണ്ട്‌. ആദ്യത്തേത്‌ 1981 മുതല്‍ 1985 വരെയുളള ഘട്ടമാണ്‌. സുക്ഷ്‌മ തലത്തില്‍ സന്നദ്ധ സംഘടനകളെ കണ്ടെത്തലും പരിശീ ലനം നല്‍കലുമായിരുന്നു ഈ ഘട്ടത്തിലെ പ്രധാന പരിപാടി. രണ്ടാം ഘട്ടമായ 1986 മുതല്‍ 1988 വരെയുളള കാലത്ത്‌ പങ്കാളിത്ത പഠന രീതികള്‍ പരശീലിപ്പിച്ചു. സ്‌ത്രീ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെയും സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും പങ്കാളിത്ത ഇടങ്ങള്‍ തുറന്നു.

മൂന്നാം ഘട്ടത്തില്‍ (1989 - 1993) വിവിധ സംസ്ഥാനങ്ങ ളിലേക്ക്‌ വിപുലവും ശ്രേണീബദ്ധവുമായി എന്‍ ജി ഒ കളെ വിന്യസിച്ചു. നാലാം ഘട്ടമായ 1994-1998 കാലം പഞ്ചായത്തീരാജ്‌ സംവിധാന ങ്ങളില്‍ നേരിട്ട്‌ ഇടപെടുന്ന സന്ദര്‍ഭമാ യിരുന്നു. ഇതിന്‌ പുറമെ ആരോഗ്യ സംബന്ധമായ ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കി. 1999 -2000 കാലത്ത്‌ അന്താരാഷ്‌ട്ര തലത്തി ലേക്ക്‌ ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെ ടുകയും കണ്ണി ചേര്‍ക്കപ്പെടുകയും ചെയ്‌തു.

തുടര്‍ന്നുളള ആറാം ഘട്ടം 2000 മുതല്‍ 2007 വരെയാണ്‌. 1999 നവമ്പറില്‍ ഭോപാലില്‍ ചേര്‍ന്ന പൗരത്വം, പങ്കാളിത്തം, ജനാധിപത്യം എന്നീ വിഷയങ്ങളെ മുന്‍ നിര്‍ത്തിയുളള സെമിനാറോടെയായിരുന്നു തുടക്കം. തന്ത്രപരമായി ഇടപ്പെട്ട്‌ പൗരസമൂഹ മണ്ഡലങ്ങള്‍ ഒരുക്കിയെടു ക്കുക, പൊതുമണ്ഡലങ്ങള്‍ പുനഃസംവി ധാനം ചെയ്യുക, ജനാധിപത്യം ശക്‌തിപെടു ത്തുക എന്നിവയാണ്‌ ഈ ഘട്ടത്തിലെ മുഖ്യ ലക്ഷ്യങ്ങള്‍.

ആഗോളവല്‍ക്കരണ കാലത്തെ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഒരു മുഖമാണ്‌ നാം പരിശോധിച്ചത്‌. വികസ്വര രാജ്യങ്ങളില്‍ ഘടനാപരമായ പരിഷ്‌കാര ങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പങ്കാളിത്ത വികസനത്തിലൂടെ അടിത്തട്ടു വരെ കടന്നു കയറാനും കഴിയുംവിധം അത്ര ഹിംസാത്‌മകമല്ലാത്ത(!) ഒരു രീതിശാസ്‌ത്രം സാമ്രാജ്യത്വം രൂപപ്പെടുത്തു കയായിരുന്നു. ഇതു തിരിച്ചറിയാനും ചെറുത്തു നില്‍ക്കാനും വേണ്ടത്ര ശ്രമങ്ങളുണ്ടായിട്ടുണ്ടോ എന്ന്‌ നാം പരിശോധിക്കണം.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ശക്‌തിപ്പെടുന്ന കാലത്ത്‌ വര്‍ഗ്ഗസമരം തീക്ഷ്‌ണമാകുമെന്ന്‌ ഏതൊരാള്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ സമര സംഘടനകള്‍ സമവായ സംഘടനകളായി കുനിഞ്ഞു നില്‍ക്കുന്നതെന്താണ്‌ എന്ന്‌ മാത്രം നമുക്ക്‌ മനസിലാകുന്നില്ല. വെനുസ്വലയിലും ക്യൂബയിലും ഐസക്കുമാര്‍ പോകുന്നത്‌ ആരുടെ താല്‍പര്യം നിര്‍വ്വഹിക്കാനായിരിക്കുമെന്ന്‌ വിശദീകരിക്കേണ്ടതില്ലല്ലോ. ആഗോളവല്‍ ക്കരണത്തെയും പങ്കാളിത്ത ജനാധിപത്യ ത്തെയും പഠിച്ച്‌ പഠിച്ച്‌ നാം ഐസക്കിനെ തിരിച്ചറിയുകയാണ്‌.