Thursday, March 22, 2012

സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം: ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുമായി ധാരണ

തിരുവനന്തപുരം. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിനു കീഴിലുള്ള നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും കൌണ്‍സിലുമായിധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. കൌണ്‍സിലിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ 50% സീറ്റ് സര്‍ക്കാരിനു നല്‍കും.

ഇതില്‍ 15% സീറ്റിലേക്കു കോളജ് നടത്തുന്ന സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ അലോട്ട് ചെയ്യും. മുഴുവന്‍ സീറ്റിലും 3.75 ലക്ഷം രൂപ ആയിരിക്കും ഫീസ്. കഴിഞ്ഞ വര്‍ഷം ഇതു 3.5 ലക്ഷം രൂപയായിരുന്നു. സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ടവ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ് നല്‍കാന്‍ വര്‍ഷം 40 ലക്ഷം രൂപ ഓരോ കോളജിലും മാനേജ്മെന്റുകള്‍ നല്‍കും. ഇതു പാവപ്പെട്ടവര്‍ക്കു സര്‍ക്കാരിനു വീതിച്ചുനല്‍കാം.

പാവപ്പെട്ടവരുടെ നിര്‍വചനത്തില്‍ ആരൊക്കെ വരുമെന്നു സര്‍ക്കാര്‍ ആയിരിക്കും തീരുമാനിക്കുക. എന്‍ആര്‍ഐ സീറ്റില്‍ ലഭിക്കുന്ന അധിക ഫീസ് ആണു തങ്ങള്‍ 40 ലക്ഷം രൂപ സ്കോളര്‍ഷിപ്പായി നല്‍കുന്നതെന്നും സര്‍ക്കാരുമായി കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും കേരള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് ഫെഡറേഷന്‍ കോ-ഒാര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ അറിയിച്ചു. ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രവേശന പരീക്ഷാ കമ്മിഷണര്‍ ബി.എസ്. മാവോജി തുടങ്ങിയവരും പങ്കെടുത്തു.