Saturday, February 25, 2012

താരതമ്യം ചെയ്ത് ജനങ്ങള്‍ യു.ഡി.എഫിനെ വിജയിപ്പിക്കും -ഉമ്മന്‍ചാണ്ടി

കൊച്ചി: കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിനേയും പത്തുമാസത്തെ ഐക്യമുന്നണി സര്‍ക്കാരിനേയും ജനങ്ങള്‍ താരതമ്യം ചെയ്യുമെന്നും പിറവത്ത് യു.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിറവത്ത് പാറപ്പാലില്‍ ഗ്രൗണ്ടില്‍ യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. യു.ഡി.എഫിനെ കടത്തി വെട്ടാമെന്ന് കരുതി ഉപ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പിണറായി വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ് ആദ്യം ഏറ്റെടുത്തത് ആ വെല്ലുവിളിയാണ്. പിറവത്തെ ജനവിധി സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും. 

അഞ്ചുവര്‍ഷത്തെ ഇടതു ഭരണത്തിന്റെ അനുഭവം ജനമനസ്സിലുണ്ട്. 10 മാസത്തെ യു.ഡി.എഫ്. സര്‍ക്കാരിന്റെ അനുഭവവും അവര്‍ക്കറിയാം. ഇത് വിലയിരുത്തി അവര്‍ അനൂപ് ജേക്കബിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കും. സര്‍ക്കാരിന് നേരിയ ഭൂരിപക്ഷമേയുള്ളുവെന്നതിനാല്‍ പ്രവര്‍ത്തിക്കാനാവില്ല എന്നാണ് ഇടതുമുന്നണി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ഒമ്പതുമാസക്കാലത്തെ ഭരണത്തില്‍ ജനത്തെ ബാധിക്കുന്ന എന്തെങ്കിലും ഒരു പ്രശ്‌നം, ഭൂരിപക്ഷം കുറഞ്ഞതുകൊണ്ടോ, മുന്നണിയിലെ അഭിപ്രായ വ്യത്യാസം കൊണ്ടോ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ടോ? ഉമ്മന്‍ചാണ്ടി ചോദിച്ചു.

കേരള വികസനത്തില്‍ അഞ്ചുവര്‍ഷം ഇല്ലാതാക്കിയവര്‍ യു.ഡി.എഫ് വികസന രംഗത്ത് കുതിക്കുമ്പോള്‍ അസൂയ കാട്ടിയിട്ട് കാര്യമില്ല. 
വികസനരംഗത്ത് ഇടതുമുന്നണി അഞ്ചു വര്‍ഷം നഷ്ടമാക്കിയപ്പോള്‍ കേരളം 15 വര്‍ഷം പിന്നോട്ടുപോയെന്ന് കെ.പി.സി.സി. പ്രസിഡന്‍ന്്ര രമേശ് ചെന്നിത്തല പറഞ്ഞു. ഏത് വഴിയിലൂടെയും രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍, യേശുക്രിസ്തുവിന്റെ ചിത്രം പോലും അതിന് ഉപയോഗിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അപമാനിച്ചവര്‍ ഇപ്പോള്‍ ദൈവപുത്രന്റെ ചിത്രം പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് -രമേശ് ചെന്നിത്തല പറഞ്ഞു

ഒരു ഭരണത്തിന്റെ ഒടുക്കംവരെ കണ്ടിട്ട് ഒരു ഗുണവുമില്ലെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ മറ്റൊരു സര്‍ക്കാരിന്റെ തുടക്കം കണ്ടിട്ട് അത് കേമമാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ്. ഭരണം തുടര്‍ന്നാല്‍ പാവങ്ങളും ചെറുപ്പക്കാരും രക്ഷപ്പെടും. പോകാന്‍ നേരം രണ്ട് രൂപയ്ക്ക് അരി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇടതുമുന്നണിക്ക് അതു നടപ്പാക്കാനായോ. ഒരു രൂപയ്ക്ക് അരി നടപ്പാക്കിയത് ടി.എം. ജേക്കബിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാരാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇന്ത്യയുടെ ചരിത്രത്തിലില്ലാത്ത വികസന വിപ്ലവത്തിനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. 

സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓഛാനിച്ച് നില്‍ക്കാന്‍ കേരളത്തിലെ ജനങ്ങളെ കിട്ടില്ലെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ദുഃഖവെള്ളിയാഴ്ച ലീവെടുത്ത് പള്ളിയില്‍ പോകുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സി.പി.എമ്മുകാര്‍. ക്രിസ്തുവിനെ തറച്ച കുരിശ് കൈയിലെടുത്തതല്ലാതെ ക്രിസ്തുപറഞ്ഞ എന്തെങ്കിലും നടപ്പാക്കാന്‍ അവര്‍ തയ്യാറകുമോ. അയല്‍ക്കാരനെ സ്‌നേഹിക്കണമെന്ന് ക്രിസ്തു പറഞ്ഞപ്പോള്‍, സി.പി.എമ്മുകാര്‍ അയല്‍ക്കാരനെ കൊല്ലുകയും ബോംബ് എറിയുകയുമാണ്. സഭ്യമായ ഒരു വാക്ക് പറയാത്തവര്‍, യേശുക്രിസ്തുവിന്റെ സന്ദേശം നടപ്പാക്കുന്ന ബിഷപ്പുമാരെ നികൃഷ്ടജീവിയെന്ന് വിളിക്കുന്നു. രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുമ്പോള്‍ സഭ്യത വേണം. 

തിരുകേശത്തെക്കുറിച്ച് പ്രവാചകന്റെ ബോഡിവെയ്‌സ്റ്റ് എന്നാണ് പിണറായി പറഞ്ഞത്. റഷ്യയില്‍ ലെനിന്റെ ശവത്തെ ആരാധിക്കുന്നവര്‍ക്ക് ഇതു പറയാന്‍ എന്താണ് അവകാശമുള്ളത്. സി.പി.എം സമ്മേളനത്തില്‍ ജനങ്ങളെ ബാധിക്കുന്ന ഒന്നും ചര്‍ച്ചചെയ്തില്ല. പകരം വി.എസ്. അച്യുതാനന്ദനെ തൂക്കിക്കൊല്ലാണ് ആലോചിച്ചത്. സ്റ്റാലിന്റെ കാലത്ത് പോളിറ്റ് ബ്യൂറോയില്‍ ഉണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ബാക്കിയെല്ലാവരേയും വെടിവെച്ചു കൊന്നു. സ്വന്തം പാര്‍ട്ടിക്കാരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതിയെന്തായിരിക്കും -എം.പി. വീരേന്ദ്രകുമാര്‍ ചോദിച്ചു.
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ തുടരണമെന്നാണ് പിണറായിയും കൂട്ടരും ആഗ്രഹിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. 

ഡി.സി.സി. പ്രസിഡന്റ് വി.ജെ പൗലോസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ ഷിബു ബേബി ജോണ്‍, പി.ജെ. ജോസഫ്, ജെ.എസ്.എസ്. വര്‍ക്കിങ് ചെയര്‍മാന്‍ രാജന്‍ ബാബു, ജോസ്.കെ.മാണി എം.പി തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.പി. പൗലോസ് സ്വാഗതവും കണ്‍വീനര്‍ ഏലിയാസ് മങ്കിടി നന്ദിയും പറഞ്ഞു.
മന്ത്രിമാരായ കെ. ബാബു, തിരുവഞ്ചൂര്‍ രാധാക്ൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിം കുഞ്ഞ്, തുടങ്ങിയവരും മുന്നണി നേതാക്കളായ സി.പി. ജോണ്‍, ആലുങ്കല്‍ ദേവസി, ജോണി നെല്ലൂര്‍ തുടങ്ങിയവരും എം.പി.മാരും എം.എല്‍.എമാരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.