Wednesday, August 17, 2011

ആദ്യം മുന്‍വിധികള്‍ മാറ്റണം


ടെക്കികളുടെ ജീവിതത്തെപ്പറ്റി ആശാദേവിയും മുരളിയും എഴുതിയ ലേഖനങ്ങള്‍ വായിച്ചു . 11 വര്‍ഷമായി ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന എന്നേപ്പോലെ ഉള്ളവരെ ഞെട്ടിക്കുന്നതായിരുന്നു ഈ രണ്ട് ലേഖനങ്ങളും. ആശാദേവിയുടെ ലേഖനം അര്‍ദ്ധ സത്യങ്ങളിലും മുന്‍വിധിയിലും ഊതിവീര്‍പ്പിക്കലിലും അധിഷ്ടിതമാണെങ്കില്‍ മുരളിയുടെത് പരസ്പര വിരുദ്ധമായ വാദങ്ങളില്‍ ഊന്നി ഉള്ളതാണ്‌.

ആശാദേവിയുടെ ലേഖനത്തിന്റെ ഒരു ഭാഗത്ത് അവര്‍ 95% ഐ.ടിക്കാര്‍ താമസിക്കുന്ന ഒരു ലേഡീസ് ഹോസ്റ്റലിലെ അനുഭവം വിവരിക്കുന്നുണ്ട്. 50000 രൂപയാണ്‌ ആഡംബര ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന ഈ ഹോസ്റ്റലിലെ വാടക എന്ന് പറയുന്നു. 50000 രൂപ പ്രതിമാസ വാടകയാണോ അതോ വാര്‍ഷിക വാടകയാണോ എന്ന് ലേഖിക പറയുന്നില്ല. വാര്‍ഷിക വാടകയാണ്‌ എങ്കില്‍ പ്രതിമാസം വെറും 4600 രൂപക്ക് താമസവും ഭക്ഷണവും ബ്യൂട്ടീഷനും ഒപ്പം ആഡംബര ഹോട്ടലിനെ  അനുസ്മരിപ്പിക്കുന്ന സൌകര്യങ്ങളും ലഭിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ വിവിധ സ്വാശ്രയ കോളേജുകളിലെ ഹോസ്റ്റല്‍ വാടകയുമായി താരതമ്യം ചെയ്താല്‍ ഇത് ഒന്നുമല്ല.ഇനി പ്രതിമാസ വാടകയാണ്‌ എങ്കില്‍ ആ ഹോസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് മിനിമം ഒരു 70000 രൂപ എങ്കിലും പ്രതിമാസ ശമ്പളം ഉണ്ടാകണം എത്ര പേര്‍ക്ക് കൊച്ചിയില്‍ ഈ ശമ്പളം ലഭിക്കുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്‌.

ആശാ ദേവിയുടെ മറ്റ് വാദഗതികള്‍ വായിച്ചാലും ഈ ഊതിപ്പെരിപ്പിക്കല്‍ കാണാന്‍ കഴിയും . നയനസുഖം എന്ന രഹസ്യമായ രീതി കൂടി കണക്കിലെടുത്താണോ ഐ.ടിയിലെ നിയമനങ്ങള്‍ എന്ന് വരെ അവര്‍ ശങ്കിക്കുന്നു. സഹപ്രവര്‍ത്തകരെല്ലാം സ്ത്രീപുരുഷ ഭേദമന്യേ പുറത്ത് പോയി ഭക്ഷണം കഴിക്കുകയും സിനിമക്ക് പോകുന്നതുമൊക്കെ  ഇന്ന് നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥക്ക് ഒരു അടിയാണ്‌ എന്നൊക്ക് ആശാദേവി പറഞ്ഞ് വയ്ക്കുമ്പോള്‍ കാലത്തിന്റെ മാറ്റം അവര്‍ക്ക് ഇനിയും അനുഭവിച്ച് തുടങ്ങിയിട്ടില്ലെ എന്ന് സംശയം തോന്നുന്നു. ഇതൊക്കെ ഐ.ടി മേഖലക്ക് പുറത്തും സജീവമായിട്ട് വര്‍ഷങ്ങളായി എന്ന് ആര്‍ക്കാണ്‌ അറിയാത്തത്


ആശാ ദേവിയേക്കാള്‍ അപക്വവും പരസ്പരവിരുദ്ധവുമാണ്‌  മുരളിയുടെ ലേഖനം .മുരളിയുടെ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്  കരോള്‍ ഉപാദ്യയുടെയും സംഘത്തിന്റെയും സര്‍വ്വെ പ്രകാരം സൂപ്പര്‍ മാളിലെ ടെക്കി ജീവിതം കണ്ട് വിരളേണ്ട എന്നാണ്‌. വരുമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഏതൊരു സാധരണ ഇന്ത്യന്‍ ചെറുപ്പക്കാരനേയും പോലെ  പഴഞ്ചനാണ്‌ നമ്മുടെ ടെക്കി എന്ന് പറയുന്നു.

എന്നാല്‍ അവസാന ഭാഗത്ത് ഒരു സര്‍വ്വേയുടേയും ബലമില്ലാതെ  പറയുന്നു " കൊച്ചിയിലെ സൈബര്‍ പാര്‍ക്കിന്‌ ചുറ്റുവട്ടത്തും  തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്‌ പുറത്തും പച്ചയായ സാധാരണക്കാരന്റെ ജീവിതങ്ങള്‍ റേഷനരി ചോറിന്റെ  ബലത്തില്‍ ജീവിക്കുന്നുണ്ട് എന്നും അവരുടെചെറിയ  ജീവിതങ്ങളുടെ മുന്നിലാണ്‌ തങ്ങളുടെ ധാരാളിത്തവും അമേരിക്കന്‍ ജീവിതവും ഒഴുകിപ്പോകുന്നതെന്നും  ധരിക്കേണ്ട മിതവും  മര്യാദയമുള്ള പെരുമാറ്റം ടെക്കികളില്‍ നിന്ന് നമ്മുടെ സമൂഹം പ്രതീക്ഷിക്കുന്നത് എങ്ങനെ തെറ്റാകും "

അതായത് സാധരണ ഇന്ത്യന്‍ ചെറുപ്പക്കാരനെപ്പോലെ പഴഞ്ചനായ ടെക്കി ഒറ്റയടിക്ക് അമേരിക്കന്‍ ജീവിതം നയിച്ച്റേ ഷനരി കഴിച്ച് ജീവിക്കുന്ന പാവങ്ങളുടെ മുന്നില്‍ ഷോ നടത്തുന്നവനായി പരിണമിക്കപ്പെടുന്നു

മറ്റൊരിടത്ത് മുരളി പറയുന്നു " കേരളത്തിലെ ഐ.ടി ഹബ്ബുകളായ കൊച്ചിയിലും തിരുവനന്തപുരത്തും  തകരുന്ന ദാമ്പത്യങ്ങള്‍ വാര്‍ത്തയോ സംഭവമോ അല്ലാതായി എന്നാണ്‌.  ഇത് കേട്ടാല്‍ തോന്നും പണ്ട് ഐ.ടിക്കാര്‍ക്ക് ഇടയില്‍ വിവാഹമോചനം വാര്‍ത്തയായിരുന്നു എന്ന്. തുടര്‍ന്നദ്ദേഹം പറയുന്നു അമേരിക്കന്‍ ജീവിതം അറപ്പുളവാക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുകയാണ്‌ എന്ന്. പക്ഷെ ഇതെങ്ങനെ എന്നൊന്നും അദ്ദേഹം വിശദീകരിക്കുന്നില്ല പക്ഷെ ഡിക്ലറേറ്റിവ് സ്റ്റേറ്റ്‌മെന്റുകള്‍ നിര്‍ത്തുന്നില്ല. കേരളത്തിലാണ്‌ ഏറ്റവും അധികം ഐ.ടി ദാമ്പത്യം തകരുന്നത് എന്നും മുരളി തട്ടിവിടുന്നു. തുടര്‍ന്ന് പറയുന്നു ഐ.റ്റി ഭര്‍ത്താവിന്‌ ഒന്നിനും സമയമില്ല ഐ.റ്റി ഭാര്യക്ക് കുടുംബമെ വേണ്ട. ഈ പ്രസ്താവന ഒക്കെ എന്ത് കണക്കിനെ ആധാരമാക്കിയാണ്‌ എന്നൊന്നും മുരളി വ്യക്തമാക്കുന്നില്ല എന്ന് മാത്രമല്ല  ഐ.ടി മേഖലയില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പെണ്‍കുട്ടികളേ ജനറലൈസ് ചെയ്യുന്നത് ഇങ്ങനെയാണ്‌   30 വയസിലെ ചെറിയ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍  കുറേ ഡിഗ്രിക്കൊപ്പം  ഒരു വിവാഹ മോചനവും ഉണ്ടാകും എങ്കിലും അവളത് ഓര്‍ക്കാറില്ല കോഡിങ്ങിനിടെ  ഇതൊക്കെ ഓര്‍ക്കാന്‍ സമയമെവിടെ

അമേരിക്കന്‍ ജീവത്തിലെ അറപ്പുളവാക്കുന്ന എന്താണ്‌ ടെക്കികള്‍ ചെയ്യുന്നതെന്ന് ഇത് വായിച്ചിട്ടും മനസിലായില്ല എന്നതാണ്‌ സത്യം. ഇടക്കിടെ അമേരിക്ക അമേരിക്ക എന്നൊക്കെ ഉരുവിടണം എന്നത് ഈ ലേഖനത്തിന്റെ ടെംപ്ലൈറ്റിന്റെ ഭാഗമാണ്‌ എന്ന് കരുതാം

വലിയ വലിയ നിരീക്ഷണങ്ങളും കാര്യങ്ങളുമൊക്കെ ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ അതിന്‌ ആധാരമായ തെളിവുകള്‍ ഹാജരാക്കാനുള്ള ഉത്തരവാദിത്വം എഴുതുന്നവര്‍ക്ക് ഉണ്ട്. ഒപ്പം ഐ.ടി മേഖലയില്‍ മാത്രം എന്ന് പറഞ്ഞ് എഴുതിപ്പിടുപ്പിക്കുന്നതൊക്കെ ഇവിടെ മാത്രമെ ഉള്ളോ എന്ന് കൂടി പരിശോധിക്കേണ്ടതുമുണ്ട്. പുത്തന്‍ തലമുറ ബാങ്കുകളിലും മാധ്യമ സ്ഥാപങ്ങളിലുമൊക്കെ ഉള്ള ജീവിത രീതിയും തൊഴില്‍ അന്തരീക്ഷവുമൊക്കെ  ഐ.ടി മേഖലയില്‍ നിന്ന് വ്യത്യസ്ഥമല്ല. ഇതൊക്കെ നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ലേഖകരെ ഇന്‍ഫോപാര്‍ക്കിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു