Monday, August 15, 2011

സ്വാതന്ത്ര്യത്തിനും അപ്പുറത്ത്വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു വരുന്നു സ്വാതന്ത്ര്യ സമര നായകരെപ്പറ്റിയും ധീര ദേശാഭിമാനികളെപ്പറ്റിയുമുള്ള ഓര്‍മ്മകളിലൂടെ നാം ഒരിക്കല്‍ക്കൂടി കടന്നു പോകുന്ന സുദിനം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ രക്ത രഹിത വിപ്ലവത്തിലൂടെ മുട്ടുകുത്തിച്ച കഥകള്‍ കേട്ട് ആവേശം കൊള്ളനുള്ള ഒരു ദിവസമായിക്കൂടിയാണ്‌  നാം സ്വാതന്ത്ര്യ ദിനത്തെ സമീക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ആഘോഷത്തിനിടയില്‍ നാം ഉയര്‍ന്ന് കേള്‍ക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരത്തെപ്പറ്റിയുള്ള അണ്ണാ ഹസാരെയുടെ മുറവിളിയാണ്‌.അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഉന്നിയാകട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിന ചിന്ത എന്ന് ഞാന്‍ കരുതുന്നു

ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം അഴിമതിയില്‍ മുങ്ങിക്കുളിച്ചു എന്ന പൊതുബോധത്തില്‍ നിന്നാണ്‌ അണ്ണാ ഹസാരെയുടെ സമരത്തിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന പരിശോധന അനിവാര്യമല്ലെ. അതിന്‌ കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണോ. ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്താല്‍ ഈ ജനതക്ക് അര്‍ഹിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം തന്നെ അല്ലെ നമുക്കുള്ളത്? നമ്മുടെ സമൂഹത്തിന്റെ ഗുണങ്ങളും ദോഷങ്ങളും നമ്മുടെ നേതൃത്വത്തിലും പ്രതിഫലിക്കില്ലേ?


ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം  മകന്റെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി  കുറഞ്ഞ വരുമാന സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ ശ്രമിക്കുന്ന ആള്‍ തന്നെ ബാങ്ക് ലോണിന്റെ കാര്യം വരുമ്പോള്‍ അത് പരമാവധി കൂട്ടിക്കാണിക്കും. സ്ഥലം വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വില കാണിക്കാതെ രജിസ്റ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

 ഇതൊക്കെ സാധാരണക്കാരന്‍ നിലനില്‍പ്പിന്‌ വേണ്ടിയുള്ള സമരത്തില്‍ കാണിക്കുന്ന ചെറിയ തെറ്റുകള്‍ എന്ന് കരുതി അവഗണിക്കാമെന്ന് കരുതിയാല്‍ തെറ്റി . സത്യം അതല്ല ജീവിത നിലവാരത്തിന്റെ ഓരോ പടി ചവിട്ടിക്കയറുമ്പോഴും ഇത് തുടരുന്നു എന്നതാണ്‌ സത്യം. സാമാന്യം നല്ല ശമ്പളം ലഭിക്കുന്ന ഐ.ടി ജീവനക്കാര്‍ സമര്‍പ്പിക്കുന്ന കള്ള ബില്ലുകള്‍ ഇതിനെ സാധൂകരിക്കുന്നു. അവരിലും ഉയരത്തിലുള്ളവര്‍ അതിലും വലിയ അഴിമതികള്‍ ചെയ്യുന്നു. കൈകാര്യം ചെയ്യുന്ന സമ്പത്തിന്റെ വലിപ്പം അനുസരിച്ച് അഴിമതി കൂടിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം. അതുകൊണ്ട് തന്നെ അഴിമതി എന്നത് സമൂഹത്തിന്റെ രോഗമാണ്‌ അത് സമൂഹത്തിന്റെ തേതൃത്വത്തിലും  പ്രതിഫലിക്കുമെന്ന് മാത്രം

ഇനി നമ്മള്‍ അഴിമതി ചെയ്യല്‍ അവസാനിപ്പിച്ചാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നൊരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം .  ഒരിക്കലുമില്ല നമ്മുടെ ജനാധിപത്യ അവകാശം ഉപയോഗിച്ചു കൊണ്ട് നമുക്ക് ഒരുപാട് പ്രവര്‍ത്തിക്കാനുണ്ട് എന്നതാണ്‌ സത്യം.  അഴിമതി തടയാന്‍ നമുക്ക് ഒരുപാട് ഇടപെടലുകള്‍ നടത്താന്‍ കഴിയും . വോട്ട് ചെയ്യുന്നതിലപ്പുറം ഒരു പൌരന്‌ ജനാധപത്യത്തില്‍ ഇടപെടാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ പഞ്ചായത്തി രാജ് നിയമം യഥാര്‍ത്ഥ്യമായതിന്‌ ശേഷമുള്ള സാഹചര്യങ്ങള്‍

.ഈ നിയമപ്രകാരം  നമ്മുടെ നാട്ടിലെ ഓരോ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നമ്മുടെ പങ്കാളിത്തം ആവശ്യപ്പെടുന്നു .ഒരു വാര്‍ഡിലെ ജനങ്ങളുടെ കൂട്ടായിമയാണ്‌ അവിടുത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാണ്‌ ഈ  നിയമം അനുശാസിക്കുന്നത്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഈ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നു.  അധികാര വികേന്ദ്രീകരണം ഏറ്റവും നന്നായി നടപ്പിലാക്കി എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കേരളത്തിലെ വാര്‍ഡ് കൂട്ടായ്മകളിലെ ജന പങ്കാളിത്തം കേവലം 10% മാത്രമാണ്‌. അവിടെ പിന്നെ സംഭവിക്കുന്നത് വാര്‍ഡ് മെമ്പര്‍ ബാക്കിയുള്ളവരുടെ കള്ള ഒപ്പ് ഇട്ട് പദ്ധതി ഉണ്ടാക്കുന്നു. കേവലം 1700 രൂപ മാത്രം മാസ അലവന്‍സുള്ള വാര്‍ഡ്‌ മെമ്പര്‍ തന്റെ ബിനാമി കോണ്‍ട്രാക്ടറെ  ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുന്നു. അതിന്റെ ഒരു ഭാഗം മെമ്പര്‍ കൈപറ്റുന്നു.

എന്നാല്‍ 80% ജനപങ്കാളിത്തം വാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു എങ്കില്‍ ഈ അഴിമതി തടയപ്പെടുമായിരുന്നു. ഈ രീതിയില്‍ ഉള്ള ജാഗ്രത ആ പഞ്ചായത്തിലെയോ നഗരസഭയിലേയോ എല്ലാ വാര്‍ഡിലും ഉണ്ടായാല്‍ ഉള്ള മാറ്റം ആലോചിച്ച് നോക്കൂ. ഏറ്റവും ചുരിങ്ങിയത് ഒരു 3 കോടി രൂപവരെ ഒരു വര്‍ഷം ചിലവാക്കാന്‍ കഴിയുന്ന ഈ സ്ഥാപങ്ങളില്‍ നമ്മുടെ പങ്കാളിത്തം ഒന്നുകൊണ്ട് മാത്രം അഴിമതി രഹിതമാക്കാന്‍ പറ്റും. പക്ഷെ വോട്ട് ചെയ്യുന്നതിനപ്പുറം ജനാധിപത്യ ഉത്തരവാദിത്വം നിറവേറ്റാന്‍ മടിക്കുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും മനോഭാവമാണ്‌ നമ്മുടെ ഈ തര്‍ച്ചക്ക് കാരണം. ജനത്തിന്റെ കണ്ണു തെറ്റുന്നിടത്താണ്‌ അഴിമതി ഉണ്ടാകുന്നത്. താഴേത്തട്ടിലെ ജന ജാഗ്രതയില്‍ ഉയര്‍ന്നു വരുന്ന നേതാക്കള്‍ക്ക് അവരുടെ മുന്നോട്ടുള്ള വളര്‍ച്ചയിലും ആ നിലവാരം നിലനിര്‍ത്താന്‍ കഴിയും .

സാമൂഹിക ഇടപെടല്‍ അല്പം ബുദ്ധിമുട്ടുള്ള സംഗതിയാണ്‌. ഒരു മെയില്‍ ഫോര്‍വേഡ് പോലെയോ ഫേസ്‌ബുക്ക് ഷെയറിങ്ങ് പോലെയോ എളുപ്പമല്ല എന്നത് സത്യമാണ്‌.പക്ഷെ അപ്പോഴും നാം ഒരുകാര്യം മറക്കരുത്. സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തവരില്‍ പലര്‍ക്കും അന്ന് ബ്രിട്ടീഷ് രാജില്‍ നല്ല ജോലികള്‍ സ്വീകരിച്ച് തന്‍കാര്യം നോക്കി നടക്കാമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ സ്വാര്‍ത്ഥതകളെ  ബലികഴിച്ച് സമൂഹത്തിന്റെ താല്‍പ്പര്യത്തിന്‌ പ്രഥമ പരിഗണന നല്‍കിയപ്പോഴാണ്‌ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അവര്‍ തെളിച്ച പാതയിലൂടെ നമുക്ക് മുന്നേറണമെങ്കില്‍ നമ്മുടെ ജനാധിപത്യ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ. അത് നിര്‍വ്വഹിക്കുമ്പോള്‍ മാത്രമെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നമ്മുടെ ഉത്തരവാദിത്വം പൂര്‍ണ്ണമാകുകയുള്ളൂ. അതിനായി നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം അങ്ങനെ പുതിയ ഭാരതം കെട്ടിപ്പെടുക്കാം