Sunday, July 31, 2011

വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?

'സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

Saturday, July 30, 2011

കമ്യൂണിസ്റ്റ്‌ മക്കളുടെ വിദേശ പഠനത്തെപ്പറ്റി

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കളെ വളരെയധികം പണം ചെലവാക്കി അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ സദാചാരത്തിന്‌ ഭൂഷണമാണോ? സിപിഐ(എം) സമ്മേളനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യമാണിത്‌.

ഇ എം എസ്‌, ബി ടി രണദിവെ, ജ്യോതിബസു, സി എച്ച്‌ കണാരന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ നേതാക്കന്മാര്‍ ചെയ്യാത്തത്‌ പുത്തന്‍ തലമുറ നേതാക്കള്‍ ചെയ്യുന്നതിലുള്ള ധാര്‍മ്മിക വൈപരിത്യത്തിന്റെ പ്രശ്‌നവും ഈ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഐ ടി, ബിസിനസ്സ്‌ മാനേജ്‌മെന്റ്‌, മെഡിക്കല്‍ സയന്‍സ്‌, എഞ്ചിനീയറിംഗ്‌, ബയോ ടെക്‌നോളജി തുടങ്ങി ന്യൂക്ലിയര്‍ ഫിസിക്‌സും ബഹിരാകാശ യാത്രയും വരെയുള്ള ഉന്നത ഫാക്കല്‍റ്റികള്‍ക്ക്‌ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പ്രശസ്‌തി നേടിയ പഠന സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ എന്തിനാണ്‌ ഇത്രയധികം പണം ചെലവാക്കി തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ മക്കളെ വിദേശത്തേക്കയയ്‌ക്കുന്നത്‌?

തൊഴിലാളികളും കൃഷിക്കാരുമായ സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍, അതും ചെറുപ്പകാലത്ത്‌ അതീവ ദാരിദ്ര്യത്തില്‍ ജീവിച്ചവര്‍ - ഇങ്ങനെ മക്കളെ വിദേശത്തേക്കയക്കുമ്പോള്‍ കോടികള്‍ എവിടെ നിന്ന്‌ കിട്ടി എന്ന്‌ ജനങ്ങള്‍ ആശ്ചര്യപ്പെടുന്നത്‌ സ്വാഭാവികമാണ്‌. ``പണ്ടു ബെഞ്ചില്‍ കിടന്നുറങ്ങി എന്നുള്ളതുകൊണ്ട്‌ എന്നും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ചു നടക്കണോ'' എന്ന മറുചോദ്യം അതിന്‌ ഉത്തരമാവുകയില്ല.

കൊളോണിയല്‍ ഭരണത്തിന്റെ വാളും പരിചയുമായ പോലീസ്‌ പട്ടാള മേധാവികളെയും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെയും, നാടുവാഴി ഭൂപ്രഭുവര്‍ഗ്ഗ സംരക്ഷണ താത്‌പര്യത്തിനുള്ള ജഡ്‌ജിമാരെയും, അവര്‍ക്ക്‌ വേണ്ടി വാദിക്കാനുള്ള ബാരിസ്റ്റര്‍മാരെയും പടച്ചുവിടാനുള്ള വിദ്യാഭ്യാസമാണ്‌ സ്വാതന്ത്ര്യത്തിന്‌ മുന്‍പ്‌ ഇന്ത്യന്‍ വരേണ്യ വര്‍ഗ്ഗത്തിന്‌ ഇംഗ്ലണ്ട്‌ നല്‍കിക്കൊണ്ടിരുന്നത്‌.

നാട്ടുരാജാക്കന്മാരുടെയും, ഭൂപ്രഭുക്കന്മാരുടെയും, ദേശീയ നേതാക്കളില്‍ വന്‍ പണക്കാരുടെയും, കോമ്പ്രഡോര്‍ മുതലാളിമാരുടെയും സന്തതികള്‍ക്കു മാത്രമേ 1947 നു മുമ്പ്‌ ഇംഗ്ലണ്ടില്‍ പോയി ഉപരിപഠനം നടത്താന്‍ വേണ്ട സാമ്പത്തിക ശേഷി ഉണ്ടായിരുന്നുള്ളൂ. ഈ വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്‌ മാത്രമെ റോയല്‍ ഇന്ത്യന്‍ നേവി (ആര്‍ഐഎന്‍) റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌, ബ്രിട്ടീഷ്‌ ഇന്ത്യന്‍ പോലീസ്‌ തുടങ്ങിയ സൈന്യവിഭാഗങ്ങളുടെ തലവന്‍മാരാവാന്‍ കഴിയുകയുള്ളൂ. സാന്‍ഡേഴ്‌സില്‍ പോലീസ്‌ പരിശീലനം കിട്ടിയവരെ മാത്രമെ ഡി എസ്‌ പി മുതല്‍ മേലോട്ട്‌ നിയമിച്ചിരുന്നുള്ളു.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ്‌ ദേശീയ നേതാക്കന്‍മാരുടെ, വലിയ ധനവാന്മാരുടെ സന്തതികള്‍ക്ക്‌ മാത്രമെ ഉപരിപഠനം നടത്താന്‍ കഴിയുമെന്ന്‌ സൂചിപ്പിച്ചുവല്ലോ? മോത്തിലാല്‍ നെഹ്‌റുവിന്റെ പുത്രന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മദ്രാസില്‍ മന്ത്രിയായിരുന്ന സുബ്ബരായന്റെ മക്കള്‍ കുമാരമംഗലവും, പാര്‍വ്വതിയും ഇതിന്നുദാഹരണങ്ങളാണ്‌. 30 കളില്‍ ബംഗാളില്‍ നിന്ന്‌ ഇംഗ്ലണ്ടില്‍ പോയി പഠിച്ച ജ്യോതിബസു, നിഖില്‍ ചക്രവര്‍ത്തി, ഭൂപേഷ്‌ ഗുപ്‌ത, ഇന്ദ്രജിത്ത്‌ ഗുപ്‌ത തുടങ്ങിയ മധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ള ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റുകാരായിട്ടാണ്‌ നാട്ടിലേക്ക്‌ തിരിച്ചുവന്നത്‌.

അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഗംഗാധര്‍ അധികാരി 1926ല്‍ തന്നെ ജര്‍മ്മനിയില്‍ നിന്ന്‌ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റ്‌ എടുത്തുവന്ന ശാസ്‌ത്രജ്ഞനായിരുന്നു. ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ ക്വാനിമാന്‍, സൗത്ത്‌ ആഫ്രിക്കന്‍ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന യൂസഫ്‌ദാമു തുടങ്ങിയവരും കമ്മ്യൂണിസ്റ്റായത്‌ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോഴായിരുന്നു. നെഹ്‌റു കുടുംബത്തിലെ ഇന്ദിരാ ഗാന്ധി കേംബ്രിഡ്‌ജിലും മകന്‍ രാജീവ്‌ ഗാന്ധി ലണ്ടനിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലും രാഹുല്‍ ഗാന്ധി അമേരിക്കയിലും ആണ്‌ ഉപരിവിദ്യാഭ്യാസം നടത്തിയത്‌.

ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായിരുന്ന രജനി പാല്‍മിദത്ത്‌ ഇംഗ്ലണ്ടില്‍ പഠിക്കുന്ന ബ്രിട്ടീഷ്‌ കോളണി രാജ്യങ്ങളിലെ ഉത്‌പതിഷ്‌ണുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നടത്തുന്ന മാര്‍ക്‌സിസ്റ്റ്‌ സ്റ്റഡിക്ലാസ്സില്‍ പങ്കെടുത്തവരായിരുന്നു മുകളില്‍ പേരെടുത്ത്‌ പറഞ്ഞവരില്‍ മിക്കവരും. ഇന്ദിരാഗാന്ധിയും പാല്‍മി ദത്തിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നു. കോളനികളിലെ വിപ്ലവപ്രസ്ഥാനത്തിന്‌ മാര്‍ക്‌സിസം ലെനിനിസത്തില്‍ പാണ്‌ഡിത്യമുളള കേഡര്‍മാരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്‌ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍ നാഷണലിന്റെ നിര്‍ദ്ദേശപ്രകാരം ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇത്തരം പഠന കേന്ദ്രങ്ങള്‍ നടത്തിയത്‌.

ഇന്ദിരാഗാന്ധി ഭൂപേഷ്‌ ഗുപ്‌തയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ഈ ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോഴാണ്‌. പിന്നീട്‌ ഫിറോസ്‌ ഗാന്ധിയെന്ന ധനികനായ പാഴ്‌സി സുമുഖന്‍ ഇംഗ്ലണ്ടില്‍ പഠിക്കാനെത്തിയപ്പോഴാണ്‌ ഇന്ദിരയുമായി അടുക്കുന്നതും നെഹ്‌റുവിന്റെ മകള്‍ പാല്‍മി ദത്തിന്റെ ക്ലാസ്സുകള്‍ കട്ടുചെയ്യുന്നതും. ഭൂപേഷ്‌ ഗുപ്‌ത ഇന്ത്യയില്‍ തിരിച്ചുവന്ന്‌ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രാജ്യസഭാഗ്രൂപ്പിന്റെ തലവനും പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗവുമായി ഉയര്‍ന്നു. പ്രേമനൈരാശ്യത്തിലാണത്രെ ഭൂപേഷ്‌ ഗുപ്‌ത കല്യാണം കഴിക്കാതിരുന്നത്‌.

ഭൂപേഷ്‌ ഗുപ്‌ത മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി സിപിഐയുടെ കേന്ദ്ര ആസ്ഥാനമായ അജയ്‌ ഭവനില്‍ ചെന്ന്‌ പഴയ സഹപാഠിക്ക്‌ അന്തിമോപചാരങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആപ്പീസില്‍ ആദ്യമായും അവസാനമായും ഇന്ദിരാഗാന്ധി പ്രവേശിച്ചത്‌ അന്നാണ്‌.
മുതലാളിത്തത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്കുള്ള ആഗോള പരിവര്‍ത്തനം, ഒക്‌ടോബര്‍ വിപ്ലവം എന്നിവയിലൂടെ ത്വരിതപ്പെട്ടപ്പോള്‍, പ്രത്യേകിച്ച്‌ കൊളോണിയല്‍ വ്യവസ്ഥയുടെ തകര്‍ച്ചയുടെ ദരിദ്രരായ കുട്ടികള്‍ക്ക്‌ സോഷ്യലിസ്റ്റ്‌ മേഖലയില്‍ ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ നിലവില്‍ വന്നതോട്‌ കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലും മുതലാളിത്തത്തിന്‌ ബദലുണ്ടായി.

1961 ല്‍ മോസ്‌കോയിലെ ലെനിന്‍ ഹില്ലില്‍ ലൂമുംബാ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടതോടുകൂടി ഓക്‌സ്‌ഫോര്‍ഡിനും, കേംബ്രിഡ്‌ജിനും ബദലായ വിദ്യാപീഠങ്ങള്‍ സോഷ്യലിസ്റ്റ്‌ മേഖലയില്‍ സ്ഥാപിക്കപ്പെട്ടു. ബര്‍ലിനിലെ ഹംബോള്‍ സര്‍വ്വകലാശാലയിലും ലൈറ്റിഡിബ്‌ക്കിലെ കാള്‍മാര്‍ക്‌സ്‌ സര്‍വ്വകലാശാലയിലും മോസ്‌കോവിലെ ലെനിന്‍ സര്‍വ്വകലാശാലയിലും ആയിരക്കണക്കിന്‌ പാവപ്പെട്ടവരുടെ മക്കള്‍ ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും സൗജന്യപഠനത്തിന്‌ വന്നു ചേര്‍ന്നു. ഇവരുടെ ഉപരിപഠനത്തിന്‌ സോഷ്യലിസ്റ്റു സര്‍ക്കാരുകളാണ്‌ പണം ചെലവാക്കിയത്‌.

ഈ സോഷ്യലിസ്റ്റ്‌ സൗജന്യ ഉപരിപഠന സംവിധാനത്തെ ഇന്ത്യയില്‍ നിന്ന്‌ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്‌ സിപിഐ ഉം കോണ്‍ഗ്രസ്സുമായിരുന്നു. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന്‌ യോഗ്യമാകുന്ന മിനിമം മാര്‍ക്ക്‌ തികയാത്ത കുട്ടികളെയാണ്‌ പലപ്പോഴും മോസ്‌കോവിലേക്ക്‌ ഇവര്‍ അയച്ചിരുന്നതെന്നത്‌ പരസ്യമായ ഒരു രഹസ്യം മാത്രമാണ്‌. മന്ദബുദ്ധികളെ ശാസ്‌ത്രപഠനത്തിന്‌ ഒരുക്കുന്നതിനു വേണ്ടി ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്കുകള്‍ ലൈറ്റ്‌സ്‌ ബിക്ക്‌ ഹെര്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന ഒരു ട്യൂട്ടോറിയല്‍ സര്‍വകലാശാല സ്ഥാപിച്ചു.

ഒരു വര്‍ഷത്തെ ഇന്റന്‍സീവ്‌ ട്യൂഷന്റെ ഫലമായി ഈ മന്ദബുദ്ധികള്‍ ജര്‍മ്മന്‍ ഭാഷയും, ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ തുടങ്ങിയ ശാസ്‌ത്ര വിഷയങ്ങളും ഹൃദിസ്ഥമാക്കിയാണ്‌ സര്‍വകലാശാലകളുടെ പടി കയറിയത്‌. സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ ജിഎന്‍പി യുടെ ഒരു ശതമാനത്തോളം മാത്രമാണ്‌ വിദേശത്ത്‌ നിന്ന്‌ വരുന്നവര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസത്തിന്‌ വേണ്ടി ചെലവിട്ടിരുന്നുവെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌.

ക്രൂഷ്‌ചേവ്‌ സ്ഥാപിച്ച ലുമുംബാ സര്‍വകലാശാലയിലും വാള്‍ട്ടല്‍ ഉള്‍ബ്രിട്ട്‌ സ്ഥാപിച്ച കിഴക്കന്‍ ജര്‍മ്മനിയിലെ ഹെര്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പണം കൊടുത്ത്‌ പഠിക്കണമെങ്കില്‍ കോടീശ്വരന്‍മാര്‍ക്ക്‌ മാത്രമെ കഴിയുമായിരുന്നുള്ളൂ എന്ന്‌ ഇപ്പോള്‍ ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. ഒരു വിദ്യാര്‍ത്ഥിക്ക്‌ ഒരു മാസത്തെ ചെലവ്‌ 2000 ഡോളര്‍ കഴിയുമെന്ന്‌ ലുമുംബാ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ 1964 ലെ ബ്ലിറ്റ്‌സ്‌ അഭിമുഖത്തില്‍ എന്നോട്‌ പറഞ്ഞിരുന്നു. ഇത്രയധികം പണം സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ ചെലവാക്കിയത്‌ തൊഴിലാളിവര്‍ഗ്ഗ സാര്‍വദേശീയതയുടെയും വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണയുടെയും കൊടിക്കൂറ ഉയര്‍ത്തി പിടിക്കുവാന്‍ വേണ്ടിയായിരുന്നു.

ഇവിടെ നാം പ്രത്യേകം ഓര്‍ക്കേണ്ടത്‌ സോവിയറ്റ്‌ യൂണിയന്‍ ഒരാഗോള ശക്തിയായി വളരുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ സര്‍ക്കാരുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്‌തശേഷമാണ്‌ ഇന്ത്യാക്കാരായ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സന്തതികള്‍ക്ക്‌ യൂറോപ്പില്‍ ഉപരിപഠനത്തിന്‌ അവസരം ലഭിച്ചത്‌.

ഒക്‌ടോബര്‍ വിപ്ലവത്തിന്‌ ശേഷം സാര്‍വദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തന്റെ മൂന്നാം ഇന്റര്‍നാഷണല്‍ 1919 ല്‍ ലെനില്‍ സ്ഥാപിക്കുകയുണ്ടായി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലോകവിപ്ലവത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലുകള്‍ സ്ഥാപിക്കപ്പെട്ടത്‌. ഈ ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുന്നതിനും മാര്‍ക്‌സിസം പഠിപ്പിക്കുന്നതിനും ലെനിന്‍ സ്ഥാപിച്ച സര്‍വകലാശാലയാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ദ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ദ ഈസ്‌ററ്‌ എന്ന മഹത്തായ വിദ്യാപീഠം.

മോസ്‌കോവിലും, താഷ്‌കന്റിലും, ബാള്‍ക്കുവിലും, ലെനിന്‍ ഗ്രാഡിലും ഈ സര്‍വകലാശാലയ്‌ക്ക്‌ കോളേജുകള്‍ ഉണ്ടായിരുന്നു. സ്റ്റാലിന്‍, ലെനിന്‍, ദിമിത്രോവ്‌ തുടങ്ങിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ഈ കോളേജില്‍ ക്ലാസെടുത്തിരുന്നു. ഞാന്‍ മോസ്‌കോ പാര്‍ട്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഒരു പഴയ ക്ലാസ്സ്‌ മുറിയിലെ ബ്ലാക്ക്‌ ബോര്‍ഡില്‍ സ്റ്റാലിന്റെ കൈയ്യക്ഷരത്തില്‍ റഷ്യന്‍ ഭാഷയിലെഴുതിയ ഒരു സമവാക്യം മ്യൂസിയം പോലെ സൂക്ഷിച്ച്‌ വെച്ചത്‌ ഓര്‍ക്കുന്നു. 1927 ല്‍ ഒരു മണിക്കൂര്‍ നേരത്തെ ക്ലാസ്സില്‍ എഴുതിയ സമവാക്യം ``സോഷ്യലിസം + മുതലാളിത്ത രീതി = പ്രതിവിപ്ലവം എന്നായിരുന്നു.

ഇന്നത്തെ നവറിവിഷനിസത്തിനുള്ള ഒരു കടുത്ത താക്കീതായി സ്റ്റാലിന്റെ ഈ സമവാക്യം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ഗോര്‍ബച്ചേവ്‌ മുതലാളിത്ത രീതിയില്‍ സോഷ്യലിസം നടത്തികൊണ്ടുപോവാന്‍ പരിശ്രമിച്ചത്‌ കൊണ്ടാണ്‌ സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നത്‌. എഡിബി വായ്‌പ വഴിയും, ലോക ബാങ്കിന്റെ സഹായത്തോടു കൂടിയും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മിനിമം പരിപാടി നടപ്പാക്കാമെന്നുള്ള കേരള സിപിഐഎമ്മിലെ ഇന്നത്തെ ധാരണയും `ആഗോളവത്‌കരണം അനിവാര്യമാണ്‌ ആഗോളവത്‌കരണത്തിന്‌ ബദലില്ലെന്ന' ബുദ്ധദേവ്‌ ഭട്ടാചാര്യയുടെയും തോമസ്‌ ഐസക്കിന്റെയും സിദ്ധാന്തങ്ങള്‍ക്കെതിരായ താക്കീതായിരുന്നു സ്റ്റാലിന്റെ മേല്‍പ്പറഞ്ഞ സമവാക്യം.

ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ്‌, ബ്രഷ്‌നേവ്‌ ഭരണകാലത്ത്‌ (1917 മുതല്‍ 1980 വരെ) സോവിയറ്റ്‌ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ അമേരിക്കയിലേക്ക്‌ അയച്ചില്ല. അമേരിക്കന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ ഒട്ടും താഴെയായിരുന്നില്ല സോവിയറ്റ്‌ സര്‍വ്വകലാശാലകളിലെ പഠനരീതിയും നിലവാരവും. കിഴക്കന്‍ യൂറോപ്പിലും ഇതേ നയം തന്നെയാണ്‌ തുടര്‍ന്നു പോന്നത്‌. ഗോര്‍ബച്ചേവിന്റെ കാലത്ത്‌ 1986 മുതലാണ്‌ റഷ്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക്‌ പകരക്കരാര്‍ അടിസ്ഥാനത്തില്‍ ഉപരിപഠനത്തിന്‌ അയച്ചത്‌. സോവിയറ്റ്‌ വിദേശകാര്യമന്ത്രി എഡ്വേര്‍ഡ്‌ ഷെവര്‍ നാത്സെയും, അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ജെയിംസ്‌ ബെക്കറും തമ്മിലുള്ള ഒരു ധാരണ പ്രകാരമാണ്‌ ആദ്യ സോവിയറ്റ്‌ വിദ്യാര്‍ത്ഥി സംഘം അമേരിക്കയിലേക്ക്‌ തിരിച്ചത്‌.

സോവിയറ്റ്‌ റിവിഷനിസത്തിന്റെ ഒരു ദുരന്ത ഫലമായിരുന്നു മസ്‌തിഷ്‌ക പ്രക്ഷാളനത്തിനുള്ള ഈ ഏര്‍പ്പാട്‌. അമേരിക്കന്‍ ഉപരിപഠനത്തിന്‌ ശേഷം മടങ്ങിയ സോവിയറ്റ്‌ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിനും ബോറിസ്‌ യെത്സിന്റെ പ്രതിവിപ്ലവത്തിനും ശക്തിയായ പിന്തുണ നല്‍കിയിട്ടുള്ളതായി കെജിബിയുടെ രേഖകളില്‍ പറയുന്നുമുണ്ട്‌. ഇവരില്‍ ചിലരെയെങ്കിലും അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിക്രൂട്ട്‌ ചെയ്‌ത്‌ സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിന്‌ ഉപയോഗപ്പെടുത്തിയെന്നും കെജിബി യുടെ ഇപ്പോള്‍ പുറത്ത്‌ വിട്ട രേഖകളില്‍ പറയുന്നുമുണ്ട്‌. ഇത്തരം കാരണങ്ങളാലും ഭാരിച്ച പണച്ചെലവു കൊണ്ടും ആണ്‌ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സന്തതികളെ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ അയക്കരുതെന്ന `അലിഖിത ധാര്‍മ്മിക ധാരണ' സാര്‍വ്വദേശീയ കമമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ഇതുവരെ നിലനിന്നു പോന്നത്‌.

മൗസി ട്യൂങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നടന്ന സാംസ്‌കാരിക വിപ്ലവം (1965-75) ആരംഭിച്ചത്‌ പാര്‍ട്ടിനേതൃത്വത്തിലെ മുതലാളിത്ത പാതക്കാരെ ഒറ്റപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു. മാവോ സേതൂങ്ങിന്റെ മരണശേഷം ഡങ്‌സായിപിങ്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും `നാല്‌ നവീകരണങ്ങള്‍' എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിന്‌ വേണ്ടി മുദ്രാവാക്യം പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യമായി മാറി.

വ്യവസായം, കൃഷി, ഭരണം എന്നിവയില്‍ നവീകരണത്തിന്‌ കേഡര്‍മാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടി പതിനായിരക്കണക്കിന്‌ ചൈനീസ്‌ യുവാക്കളെ അമേരിക്കയിലേക്കും, പശ്ചിമ യൂറോപ്പിലേക്കും ഉപരിപഠനത്തിനയച്ചത്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ റിവിഷനിസ്റ്റ്‌ പ്രമുഖനായ ജനറല്‍ സെക്രട്ടറി സാവോത്‌ സിയാങ്ങിന്റെ കാലത്തായിരുന്നു. പിബി മെമ്പര്‍മാരുടെയും കേന്ദ്രകമ്മറ്റി മെമ്പര്‍മാരുടെയും മക്കള്‍ പോലും നിയോഗിക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ ഡങ്‌സായിപിങ്ങിന്റെ 2 പേരക്കുട്ടികളും ഉണ്ടായിരുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ ഉപരിപഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളാണ്‌ 1989 ലെ ട്വിയാനിന്‍ സ്‌ക്വയറില്‍ ക്യാമ്പടിച്ച പ്രതിവിപ്ലവകാരികളില്‍ ഭൂരിപക്ഷവുമെന്ന്‌ 14-ാം കോണ്‍ഗ്രസ്സിന്റെ സ്വയം വിമര്‍ശന റിപ്പോര്‍ട്ടില്‍ ഈ കാര്യം തുറന്ന്‌ സമ്മതിച്ചിട്ടുമുണ്ട്‌.

ട്വിയാനിന്‍ സ്‌ക്വയറിലെ മൗസി തൂങ്ങിന്റെ കൂറ്റന്‍ ഛായാചിത്രം നീക്കം ചെയ്‌ത്‌ തത്‌ സ്ഥാനത്ത്‌ അമേരിക്കയുടെ ചിഹ്നമായ സ്വാതന്ത്ര്യപ്രതിമ സ്ഥാപിച്ചതും ഈ വിദ്യാര്‍ത്ഥി നേതാക്കന്മാരായിരുന്നു. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുദ്രാവാക്യം ആദ്യം മുഴക്കിയെങ്കിലും പിന്നീട്‌ അത്‌ അമേരിക്കന്‍ മോഡല്‍ ഭരണം സ്ഥാപിക്കാനുള്ള സമരമാണെന്ന്‌ മാറ്റിയെഴുതുകയും ചെയ്‌തു. ചൈനീസ്‌ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയാണ്‌ പ്രകടനക്കാരുടെ ലക്ഷ്യമെന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാവോത്‌ സിയാങ്‌ ട്വിയാനിന്‍ സ്‌ക്വയറില്‍ ചെന്ന്‌ പ്രതിവിപ്ലവകാരികളെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു.

ആ ഘട്ടത്തില്‍ ചൈന സന്ദര്‍ശിക്കുകയായിരുന്ന ഗോര്‍ബച്ചേവ്‌ പ്രതി വിപ്ലവകാരികള്‍ക്ക്‌ അഭിവാദ്യങ്ങളയച്ചു. പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ ചൈനയിലെ പ്രധാനപട്ടണങ്ങളില്‍ വ്യാപിക്കുകയും ചൈനയിലെ ജനാധിപത്യ ഭരണകൂടം തകര്‍ക്കപ്പെടുകയും ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവും ചൈനീസ്‌ ജനകീയ സേനയുടെ കമാന്റ്‌ ഇന്‍ ചീഫുമായ ഡങ്‌ സ്വായ്‌ ന്യായി പിങ്‌ പട്ടാളത്തെ വിളിക്കുകയും പ്രതി വിപ്ലവവിദ്യാര്‍ത്ഥികളെ ട്വിയാമിന്‍ സ്‌ക്വയറില്‍ നിന്ന്‌ തുരത്തി റിപ്പബ്‌ളിക്കിനെ രക്ഷിക്കുകയും ചെയ്‌തത്‌. ചൈനീസ്‌ പ്രതിവിപ്ലവത്തില്‍ അമേരിക്കയില്‍ പഠിച്ച്‌ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ പങ്ക്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്‍റി കിസിങ്ങറും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്മാരും ചൈനീസ്‌ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയും ഒരേപോലെ സ്ഥിരീകരിച്ചതാണ്‌.

ജനകീയ ജനാധിപത്യ റിപ്പബ്‌ളിക്ക്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കായിരുന്നെന്നു ടങ്‌സ്വായിപിങ്ങിന്റെ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഈ ചരിത്ര പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ 15-ാം കോണ്‍ഗ്രസ്സ്‌ അതിപ്രധാനമായ ചില തിരുത്തലുകള്‍ വരുത്തിയത്‌. അമേരിക്ക തുടങ്ങിയ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറച്ചു. നിഷ്‌കര്‍ഷമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ മാത്രമെ ഉപരിപഠനത്തിനായി വിദേശത്തേക്ക്‌ അയയ്‌ക്കുകയുള്ളൂവെന്ന്‌ തീരുമാനിച്ചു.

പാര്‍ട്ടിയുടെ ജില്ലാ നേതാക്കന്മാര്‍, സംസ്ഥാന നേതാക്കന്മാര്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, തിരഞ്ഞെടുക്കപ്പെട്ട സാമാജികന്മാരും, പാര്‍ലിമെന്റംഗങ്ങളും അവരുടെ സന്തതികളെ പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കരുതെന്ന്‌ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ അംഗങ്ങളാണ്‌ തീരുമാനിച്ചത്‌. കണ്ടമാനം വിദ്യാര്‍ത്ഥികളെ മുതലാളിത്ത രാജ്യങ്ങളിലേക്കയക്കുന്നതും സാവോ സിയാങ്ങിനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന്‌ നീക്കം ചെയ്‌തതും പ്രതിവിപ്ലവത്തിന്‌ എതിരായ നടപടികളാണ്‌. ഉന്നതപാര്‍ട്ടി നേതാക്കന്മാരുടെ സന്തതികളെ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ ഉപരിപഠനത്തിനയക്കുന്നത്‌ നിഷേധിക്കുക മാത്രമല്ല കേന്ദ്രകമ്മറ്റി ചെയ്‌തത്‌.

പ്രമുഖ പാര്‍ട്ടി നേതാക്കന്മാര്‍ ലിമിറ്റിഡ്‌ കമ്പനികളുടെ ഷെയര്‍ ഹോള്‍ഡര്‍മാരോ, ഡയറക്‌ടര്‍മാരോ, മാനേജിങ്‌ ഡയറക്‌ടര്‍മാരോ, ചെയര്‍മാനോ ആവാന്‍ പാടില്ലെന്ന്‌ തീരുമാനിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഈ തീരുമാനങ്ങള്‍ ലംഘിക്കുകയും അഴിമതി നടത്തുകയും അവിഹിതധനം വാരിക്കൂട്ടുകയും ചെയ്‌ത പാര്‍ട്ടി നേതാക്കന്മാര്‍ക്ക്‌ വധശിക്ഷ പോലും വിചാരണക്ക്‌ ശേഷം നല്‍കിയിട്ടുണ്ട്‌. ഈ കൂട്ടത്തില്‍ 12 കേന്ദ്രകമ്മറ്റി അംഗങ്ങളും, ഒരു മേയറും, ഒരു മുന്‍ പിബി അംഗവും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

ടെങ്‌സ്വായ്‌ പിങ്ങിന്റെ മരണശേഷം പ്രത്യേകിച്ചും ടിയാങ്‌ സെമീന്‍ ജനറല്‍ സെക്രട്ടറി ആയപ്പോള്‍ ചൈനയില്‍ കുമിളുകള്‍ പോലെ പൊന്തിവന്ന സ്‌പെഷ്യല്‍ എക്കണോമിക്‌ സോണു (പ്രത്യേക സാമ്പത്തിക മേഖല) മായി ബന്ധപ്പെട്ട്‌ വീണ്ടും ആയിരക്കണക്കിന്‌ ചൈനീസ്‌ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക്‌ ഉപരിപഠനത്തിന്‌ അയച്ചു തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ അനന്തരഫലം ഒരു ദശാബ്‌ദത്തിനുള്ളില്‍ അനുഭവപ്പെടും.

ഇപ്പോള്‍ 84,000 ഇന്ത്യാക്കാരും 68,000 ചൈനീസ്‌ വിദ്യാര്‍ത്ഥികളും അമേരിക്കന്‍ ക്യാമ്പസുകളില്‍ പഠിക്കുന്നുണ്ട്‌. ഇക്കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കള്‍ കാല്‍ശതമാനം പോലുമില്ല എന്നത്‌ 15-ാം കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന്റെ ഫലമാണ്‌.

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 15-ാം കോണ്‍ഗ്രസില്‍ 1997 ല്‍ പങ്കെടുത്ത്‌ തിരിച്ചെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സുര്‍ജിത്‌ ചൈനയിലെ ചരിത്ര പ്രസിദ്ധമായ തീരുമാനങ്ങളെക്കുറിച്ച്‌ ഇംഗ്ലീഷിലെഴുതിയ ഒരു ലഘുലേഖയില്‍ വിവരിച്ചിട്ടുണ്ട്‌. ഈ ലഘുലേഖ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മാര്‍ഗദര്‍ശകമാകേണ്ടതാണ്‌.

നേതാക്കന്മാരുടെ സന്തതികള്‍ വിദേശത്ത്‌ പോയി പഠിക്കുന്നതിനെ പറ്റി സിപിഐ(എം) ന്റെ നിലപാട്‌ സിപിഐ ല്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. 1964 ല്‍ പി.സുന്ദരയ്യ സിപിഐഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലാണ്‌ സോവിയറ്റ്‌ യൂണിയനിലേക്കും, കിഴക്കന്‍ യൂറോപ്പിലേക്കും കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ ക്ഷണിച്ചുകൊണ്ടുള്ള സിപിഎസ്‌യുവിന്റെ തീരുമാനം ഉണ്ടായത്‌.

70കളില്‍ 500 ഓളം സിപിഐ നേതാക്കന്മാരുടെ കുട്ടികള്‍ സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ഉപരിപഠനം നടത്തിയിരുന്നു. സിപിഐഎമ്മിന്‌ സോവിയറ്റ്‌ പാര്‍ട്ടിയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഉയര്‍ന്ന നേതാക്കന്മാരുടെ കുട്ടികളെ ഉപരിപഠനത്തിന്‌ കൊണ്ടു പോവാമെന്ന്‌ സോവിയറ്റ്‌ നയതന്ത്ര പ്രതിനിധികള്‍ സുന്ദരയ്യയെയും, ഇ എം എസ്സിനെയും അറിയിച്ചതായി എനിക്കറിയാം.

പക്ഷെ സിപിഐഎം ഈ ഓഫര്‍ സ്വീകരിച്ചിരുന്നില്ല. ഇ എം എസ്‌. ബി ടി ആര്‍, ജ്യോതിബസു, സി എം കണാരന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ സിപിഐഎം നേതാക്കന്മാര്‍ക്ക്‌ അവരുടെ മക്കളെ സോവിയറ്റ്‌ യൂണിയനിലോ, മോസ്‌കോയിലോ, ബര്‍ലിനിലോ, ക്യൂബയിലോ ഉപരിപഠനത്തിന്‌ അയക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും അവര്‍ അത്‌ നിരസിക്കുകയാണ്‌ ചെയ്‌തത്‌. ഇ എം എസ്സിന്റെ മകന്‍ ശ്രീധരന്‍ (അനിയന്‍) ചാര്‍ട്ടേഡ്‌ എക്കൗണ്ടന്‍സി പാസായി ചെന്നൈയില്‍ ജോലി അന്വേഷിച്ച്‌ നടക്കുമ്പോള്‍ ബര്‍ലിനില്‍ ഉപരിപഠനത്തിന്‌ സൗകര്യപ്പെടുത്താമെന്ന്‌ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും ക്ഷണക്കത്തുണ്ടായിരുന്നു.

ബര്‍ലിന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കോണോമിക്‌സ്‌, ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ പോലെ പ്രശസ്‌തമായ ശാസ്‌ത്രഗവേഷണ കേന്ദ്രമായിരുന്നു. ബര്‍ലിന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സിന്റെ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. ഡോ. ഫൗള്‍ ബെറ്റര്‍ തന്നെയാണ്‌ ക്ഷണിച്ചത്‌. ഈ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞാന്‍ തന്നെ ഇ.എം.എസ്സിനോട്‌ സംസാരിച്ചപ്പോള്‍ ഇന്ത്യയില്‍ ജനിച്ച്‌, ഇന്ത്യയില്‍ വളര്‍ന്ന്‌, ഇന്ത്യയില്‍ ജീവിക്കേണ്ട കുട്ടികള്‍ക്ക്‌ ഇവിടെ തന്നെയുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യം എന്നായിരുന്നു ഇ എം എസ്സിന്റെ മറുപടി.

സിപിഐഎമ്മിന്റെ ഉന്നതനേതാക്കന്മാര്‍ ആരും തന്നെ മക്കളെ സോവിയറ്റ്‌ യൂണിയനിലോ മുതലാളിത്ത വിദേശത്തോ ഉപരിപഠനത്തിന്‌ അയച്ചിരുന്നില്ല. ഇതിന്നൊരു എക്‌സപ്‌ഷന്‍ ഒ ജെ ജോസഫിന്റെ കാര്യത്തില്‍ പിബിയെടുത്തത്‌ അദ്ദേഹത്തിന്റെ രണ്ട്‌ പെണ്‍മക്കളെ മോസ്‌കോയിലേക്ക്‌ ഉപരിപഠനത്തിനയച്ചത്‌ ആ സഖാവ്‌ കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളായതു കൊണ്ട്‌ മാത്രമാണ്‌.

സിപിഐഎം സംസ്ഥാന സെക്രട്ടറിമാരില്‍ കേരളത്തിലെ പിണറായി വിജയനൊഴിച്ച്‌ മറ്റാരും മക്കളെ ഇംഗ്ലണ്ടിലോ, അമേരിക്കയിലോ ഉപരിപഠനത്തിന്‌ അയച്ചിട്ടില്ല എന്ന വസ്‌തുത ശ്രദ്ധേയമാണ്‌. പുത്തന്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ സന്തതികള്‍, എസ്‌ എഫ്‌ ഐയിലോ, ഡി വൈ എഫ്‌ ഐ യിലോ പാര്‍ട്ടിയിലോ, ബഹുജന സംഘടനകളിലോ സജീവമാകുന്നില്ല എന്നുള്ളതും ഒരു അപവാദമാണ്‌.

പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തിലെ നിയോ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും സ്വാധീനവലയത്തിലകപ്പെട്ട്‌ സ്വന്തം സന്തതികളെ അരാഷ്‌ട്രീയവത്‌കരിച്ചും ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുകയുമാണ്‌ ചെയ്യുന്നത്‌. കേരളത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റിയിലെത്തിയ ഒരേ ഒരു നേതൃപുത്രന്‍ ഇം എം എസ്സിന്റെ മകന്‍ ശ്രീധരനാണ്‌.

സിപി.ഐയില്‍ വിശ്വനാഥന്റെയും ഓമനയുടെയും മകന്‍ ബിനോയ്‌ വിശ്വവും, പ്രഭാകരന്റെ പുത്രന്‍ കെ പി രാജേന്ദ്രനും പാരമ്പര്യം കാത്തിട്ടുണ്ട്‌. ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പിനും, ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ ധനസഹായത്തിനും കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കള്‍ ശുപാര്‍ശയും സ്വാധീനവും ചെലുത്തുന്നത്‌ വിരോധാഭാസം തന്നെ. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ പടര്‍ന്ന്‌ പിടിക്കുന്ന പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ റിവിഷനിസ്റ്റ്‌, നാലാം ലോക ആശയങ്ങളുടെ അനന്തരഫലം കൂടിയാണിതെന്ന്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ മനസ്സിലാക്കിയാല്‍ നന്ന്‌.