Tuesday, June 21, 2011

കൊച്ചിയില്‍ ഐടി ജീവനക്കാരിയെ രാത്രിയില്‍ ആക്രമിച്ചു

മാതൃഭൂമി

കൊച്ചി: സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സംഭവങ്ങളുടെ തനിയാവര്‍ത്തനമായി ഒരു യുവതി കൂടി ആക്രമിക്കപ്പെട്ടു. രാത്രിജോലിക്കായി കാക്കനാടുള്ള ജോലിസ്ഥലത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഐടി ജീവനക്കാരി തെസ്‌നി ബാനു (32) വിനെയാണ് ഞായറാഴ്ച രാത്രി ഒരു സംഘമാളുകള്‍ ക്രൂരമായി ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. കാക്കനാട് സെസിലുള്ള ഒരു ബിപിഒ സ്ഥാപനത്തില്‍ ഡോക്യുമെന്റ് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി തെസ്‌നി ബാനു. ദിവസവും കമ്പനി വണ്ടിക്കാണ് തെസ്‌നി ഓഫീസില്‍ പോയി വരുന്നത്. വ്യക്തിപരമായ തിരക്കുകളാല്‍, കമ്പനിവാഹനത്തിന് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞായറാഴ്ച ഓഫീസിലെത്താന്‍ സുഹൃത്തിന്റെ സഹായം തേടിയത്.
പിന്നീട് പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള താമസസ്ഥലത്തുനിന്ന് തെസ്‌നി ബാനുവിനെ സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ കാക്കനാട് എന്‍ജിഒ ക്വാര്‍ടേഴ്‌സിനടുത്തുള്ള ഒരു കടയില്‍ കയറാന്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി. അവിടെ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കനായ ഒരു ഓട്ടോ ഡ്രൈവറും നാലഞ്ച് പേരും ചേര്‍ന്ന്, ബൈക്കില്‍ ചാരിനില്‍ക്കുകയായിരുന്ന തെസ്‌നി ബാനുവിനു ചുറ്റും കൂടി. ഇതുകണ്ട് വന്ന സുഹൃത്തിനോട് ''നീ ഇവളെയും കൊണ്ട് എവിടെ പോവുകയാടാ...'' എന്ന് ചോദിച്ചു. കൂടെയുള്ളത് സഹപ്രവര്‍ത്തകയാണെന്നും ഓഫീസില്‍ കൊണ്ടുചെന്നാക്കാന്‍ പോവുകയാണെന്നും സുഹൃത്ത് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ''ഇത് ബാംഗ്ലൂരല്ല, കേരളമാണ്; ഇതൊന്നും നടക്കില്ല'' എന്നു പറഞ്ഞായി തുടര്‍ന്ന് സംസാരം.
ഇതിനിടെ തെസ്‌നിയുടെ സുഹൃത്തിനോട് വീട് എവിടെയാണെന്നും മറ്റും സംഘത്തിലൊരാള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍, തെസ്‌നിയോട് പേരും മറ്റു വിവരങ്ങളും അന്വേഷിച്ചപ്പോള്‍ 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെ'ന്ന് മറുപടി നല്‍കിയത് അവരെ ചൊടിപ്പിച്ചു. പോകാന്‍ തുടങ്ങുകയായിരുന്ന തെസ്‌നിയുടെ അടുത്തുവന്ന് അക്രമികളിലൊരാള്‍ ചീത്ത വിളിച്ചു. ഇതിനെതിരെ പ്രതികരിച്ച തെസ്‌നിയെ അയാള്‍ ബൈക്കില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ഇടത് കരണത്തടിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
ജോലിക്കു കയറാന്‍ സമയമായതിനാല്‍ രാവിലെ പരാതി എഴുതിക്കൊടുക്കാമെന്ന് പോലീസിനോടു പറഞ്ഞ് തെസ്‌നി ഓഫീസിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, രാവിലെയായപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ വന്ന തെസ്‌നിയെ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ഐജി ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി തെസ്‌നി പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രി ഇടപെട്ട് സംഭവത്തില്‍ കേസെടുക്കാനായി നിര്‍ദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്‍. പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സംഭവം നടന്ന് ഒന്നര ദിവസം കഴിഞ്ഞിട്ടാണ് പോലീസ് തെസ്‌നിയുടെ മൊഴിയെടുത്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൂട്ടായ്മയുടെയും പെണ്ണരങ്ങ് നാടകവേദിയിലെയും അംഗവും കൂടിയാണ് തെസ്‌നി ബാനു.
തെസ്‌നി ബാനുവിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ(എംഎല്‍)യുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകള്‍