Tuesday, June 21, 2011

ഐ.ടി ജീവനക്കാരിയെ 'സദാചാര പൊലീസ്' ചമഞ്ഞ സംഘം നടുറോഡില്‍ മര്‍ദിച്ചു

മാധ്യമം
കൊച്ചി: രാത്രി ജോലിക്ക് പോകും വഴി ഐ.ടി ജീവനക്കാരിയെ 'സദാചാര പൊലീസ്' ചമഞ്ഞ ഓട്ടോൈഡ്രവറുടെ നേതൃത്വത്തില്‍ ഒരുസംഘം നടുറോഡില്‍ മര്‍ദിച്ചു. പരാതി 'എഴുതി' കൊടുക്കാത്തതിന്റെ പേരില്‍ പൊലീസുകാര്‍ സംഭവം ആദ്യം അവഗണിച്ചു. ഇത് ബംഗളൂരു അല്ല കൊച്ചിയാണെന്ന് പറഞ്ഞായിരുന്നു യുവതിയെ മര്‍ദിച്ചത്. ഞായറാഴ്ച രാത്രി പത്തിന് കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം.

കാക്കനാട് പ്രത്യേക സാമ്പത്തിക സോണിലെ ബി.പി.ഓയില്‍ ഡോക്യുമെന്റ് സ്‌പെഷലിസ്റ്റ് ജീവനക്കാരിയായ മഞ്ചേരി നെല്ലിപ്പറമ്പ് വീട്ടില്‍ തസ്‌നി ബാനുവിനാണ് ദുരനുഭവം ഉണ്ടായത്. നേരം വൈകിയതിനാല്‍ സ്ഥാപനത്തിലേക്ക് സ്ഥിരമായി പോകാറുള്ള വാഹനം കിട്ടാതെ വന്ന യുവതി സുഹൃത്തിന്റെ ബൈക്കിലാണ് തിരിച്ചത്. പാലാരിവട്ടത്തെ ഹോസ്റ്റലില്‍ നിന്നുള്ള യാത്രക്കിടെ ചായ കുടിക്കാന്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് നിര്‍ത്തി.

സുഹൃത്ത് തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്ന സമയത്ത് ബൈക്കിന് സമീപം നിന്ന യുവതിയോട് മദ്യപിച്ച് ലക്കുകെട്ട ഒരു ഓട്ടോഡ്രൈവര്‍ അസഭ്യം പറഞ്ഞു. ഇത് അവഗണിച്ചപ്പോര്‍ ഇയാള്‍ തട്ടിക്കയറി. ബഹളംകേട്ടെത്തിയ ഇയാളുടെ ചങ്ങാതിമാരും യുവതിയെ അസഭ്യം പറഞ്ഞു. സംഭവം കണ്ട് ഓടിവന്ന സുഹൃത്തിനെ ഇരുവരും അനാശാസ്യത്തിനാണ് എത്തിയെതന്നും പൊലീസിനെ വിളിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. 'നിങ്ങളുടെ മോശം പെരുമാറ്റത്തിന് ഞാനാണ് പൊലീസിനെ വിളിക്കാന്‍ പോകുന്ന'െതന്ന് യുവതി പറഞ്ഞതോടെ ഓട്ടോഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നു.

അടി കൊണ്ട് ഇവരുടെ ഇടതു കഴുത്തില്‍ ചതവുണ്ട്. നിലത്തു വീണ ഇവരുടെ വലതുകൈ തിരിച്ചൊടിക്കാനും ശ്രമിച്ചു. ഇതിനിടെ നാട്ടുകാര്‍ വട്ടം കൂടി. പരിസ്ഥിതി പ്രവര്‍ത്തകയും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ ജ്യോതി നാരായണനെ ഫോണില്‍ വിളിച്ചുവരുത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

പൊലീസെത്തി ഓട്ടോ ഡ്രൈവറെ സ്‌റ്റേഷനില്‍ കൊണ്ടു പോയെങ്കിലും യുവതി പരാതി എഴുതി നല്‍കാത്തതിനാല്‍ വിട്ടയച്ചു. അവശതകള്‍ വക വെക്കാതെ യുവതി ജോലിക്ക് പോയെങ്കിലും പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി സംഭവം പുറത്തെത്തും വരെ പൊലീസ് തിരിഞ്ഞുനോക്കിയില്ല. വാര്‍ത്തകള്‍ കണ്ട് തൃക്കാക്കര എം.എല്‍.എ ബെന്നി ബഹനാന്‍ ആശുപത്രിയിലെത്തി. അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് തൃക്കാക്കര പൊലീസ് സംഭവം ഗൗരവമായെടുത്തത്. ഉടനെ അസി.കമീഷണര്‍ പി.ആര്‍.പ്രകാശ് , എസ്.ഐ. രാജു മാധവന്‍ എന്നിവര്‍ എത്തി ഇവരുടെ മൊഴിയെടുത്തു. വൈകുന്നേരത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അസി. കമീഷണര്‍ ഉറപ്പുനല്‍കി.

സ്ത്രീകളടക്കം നിരവധി പേര്‍ രാത്രി ഷിഫ്ടില്‍ ജോലി ചെയ്യുന്ന കൊച്ചിയില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് സ്ത്രീ കൂട്ടായ്മ അംഗങ്ങളായ അഡ്വ.ടി.ബി. മിനി, അഡ്വ. നന്ദിനി എന്നിവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിവിധ പൊലീസ് സംഘങ്ങള്‍ രാത്രികാല റോന്തു ചുറ്റല്‍ നടത്തുന്നുണ്ടെന്ന് അസി.

ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയെ വളഞ്ഞുവച്ചു മര്‍ദിച്ചു

കൊച്ചി: രാത്രി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ ജോലിസ്‌ഥലത്തേക്കു പോയ ഐടി ജീവനക്കാരിയെ 'സദാചാര പോലീസ്‌' ചമഞ്ഞ സംഘം കൈയേറ്റം ചെയ്‌തു. സംഭവത്തില്‍ പോലീസ്‌ കേസെടുക്കാന്‍ വൈകിയതിനേത്തുടര്‍ന്നു മുഖ്യമന്ത്രി ഇടപെട്ടു.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയുണ്ടായ സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണത്തിന്‌ ഐ.ജി. ശ്രീലേഖയെ നിയോഗിച്ചു. എന്നാല്‍ യുവതി രേഖാമൂലം പരാതി നല്‍കാത്തതിനാലാണു കേസെടുക്കാന്‍ വൈകിയതെന്നു തൃക്കാക്കര അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ടി.ആര്‍. പ്രകാശ്‌ പറഞ്ഞു.

കാക്കനാട്‌ പ്രത്യേക സാമ്പത്തികമേഖലയില്‍ ഐടി ജീവനക്കാരിയായ മലപ്പുറം മഞ്ചേരി പുളിക്കാമത്ത്‌ വീട്ടില്‍ തെസ്‌നി ബാനു(34)വിനെയാണ്‌ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനു വളഞ്ഞുവച്ചു കൈയേറ്റം ചെയ്‌തത്‌. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കേരളത്തെ ബംഗളുരുവാക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ആക്രമണം.

രാത്രി ഷിഫ്‌റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ താമസസ്‌ഥലമായ പാലാരിവട്ടത്തുനിന്നു കാക്കനാട്ടേക്കു പോകുംവഴി രാത്രി പത്തേകാലോടെ കാക്കനാട്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപമായിരുന്നു അക്രമം. മാര്‍ഗമധ്യേ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ യുവതിയെ ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളംപേര്‍ വളഞ്ഞു. ചോദ്യംചെയ്‌ത സംഘത്തോട്‌ യുവതി പേരും വിലാസവും വെളിപ്പെടുത്താന്‍ വിസമ്മതിച്ചതോടെയായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞ സംഘത്തിലൊരാള്‍ യുവതിയുടെ മുഖത്തടിച്ചു. പിന്നീടു കൈ പിറകോട്ടു തിരിച്ചു പരുക്കേല്‍പ്പിച്ചു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ പേരും വിലാസവും വെളിപ്പെടുത്തിയതോടെ അയാളെ വെറുതേവിട്ടു. ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ചു സുഹൃത്തുക്കളും തൃക്കാക്കര പോലീസും സ്‌ഥലത്തെത്തിയതോടെയാണ്‌ അക്രമികള്‍ പിന്‍വാങ്ങിയതെന്നു തെസ്‌നി ബാനു പറഞ്ഞു. പോലീസ്‌ എത്തിയതോടെ ഒരാളൊഴികെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

ഇയാളെ കസ്‌റ്റഡിയിലെടുത്ത പോലീസിനൊപ്പം തൃക്കാക്കര സ്‌റ്റേഷനിലെത്തിയെങ്കിലും ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതോടെ പരാതി നല്‍കാതെ മടങ്ങി. പിറ്റേന്നു യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരാതിപ്പെടാത്തതിനാല്‍ പിടികൂടിയയാളെ വിട്ടയച്ചെന്നാണു പോലീസ്‌ ഭാഷ്യം.

മതാചാരപ്രകാരമല്ലാതെ വിവാഹം ചെയ്‌ത തെസ്‌നി ബാനുവിനു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മതതീവ്രവാദികളുടെ ഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ട്‌. വിവാഹമോചനം നേടിയശേഷം 10 വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു തെസ്‌നി. വിവിധ സംഘടനാനേതാക്കള്‍ യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 'സ്‌ത്രീ കൂട്ടായ്‌മ'യുടെ നേതൃത്വത്തില്‍ കാക്കനാട്‌ പ്രതിഷേധയോഗം ചേര്‍ന്നു.

കൊച്ചിയില്‍ ഐടി ജീവനക്കാരിയെ രാത്രിയില്‍ ആക്രമിച്ചു

മാതൃഭൂമി

കൊച്ചി: സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സംഭവങ്ങളുടെ തനിയാവര്‍ത്തനമായി ഒരു യുവതി കൂടി ആക്രമിക്കപ്പെട്ടു. രാത്രിജോലിക്കായി കാക്കനാടുള്ള ജോലിസ്ഥലത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഐടി ജീവനക്കാരി തെസ്‌നി ബാനു (32) വിനെയാണ് ഞായറാഴ്ച രാത്രി ഒരു സംഘമാളുകള്‍ ക്രൂരമായി ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. കാക്കനാട് സെസിലുള്ള ഒരു ബിപിഒ സ്ഥാപനത്തില്‍ ഡോക്യുമെന്റ് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി തെസ്‌നി ബാനു. ദിവസവും കമ്പനി വണ്ടിക്കാണ് തെസ്‌നി ഓഫീസില്‍ പോയി വരുന്നത്. വ്യക്തിപരമായ തിരക്കുകളാല്‍, കമ്പനിവാഹനത്തിന് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞായറാഴ്ച ഓഫീസിലെത്താന്‍ സുഹൃത്തിന്റെ സഹായം തേടിയത്.
പിന്നീട് പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള താമസസ്ഥലത്തുനിന്ന് തെസ്‌നി ബാനുവിനെ സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ കാക്കനാട് എന്‍ജിഒ ക്വാര്‍ടേഴ്‌സിനടുത്തുള്ള ഒരു കടയില്‍ കയറാന്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി. അവിടെ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കനായ ഒരു ഓട്ടോ ഡ്രൈവറും നാലഞ്ച് പേരും ചേര്‍ന്ന്, ബൈക്കില്‍ ചാരിനില്‍ക്കുകയായിരുന്ന തെസ്‌നി ബാനുവിനു ചുറ്റും കൂടി. ഇതുകണ്ട് വന്ന സുഹൃത്തിനോട് ''നീ ഇവളെയും കൊണ്ട് എവിടെ പോവുകയാടാ...'' എന്ന് ചോദിച്ചു. കൂടെയുള്ളത് സഹപ്രവര്‍ത്തകയാണെന്നും ഓഫീസില്‍ കൊണ്ടുചെന്നാക്കാന്‍ പോവുകയാണെന്നും സുഹൃത്ത് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ''ഇത് ബാംഗ്ലൂരല്ല, കേരളമാണ്; ഇതൊന്നും നടക്കില്ല'' എന്നു പറഞ്ഞായി തുടര്‍ന്ന് സംസാരം.
ഇതിനിടെ തെസ്‌നിയുടെ സുഹൃത്തിനോട് വീട് എവിടെയാണെന്നും മറ്റും സംഘത്തിലൊരാള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍, തെസ്‌നിയോട് പേരും മറ്റു വിവരങ്ങളും അന്വേഷിച്ചപ്പോള്‍ 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെ'ന്ന് മറുപടി നല്‍കിയത് അവരെ ചൊടിപ്പിച്ചു. പോകാന്‍ തുടങ്ങുകയായിരുന്ന തെസ്‌നിയുടെ അടുത്തുവന്ന് അക്രമികളിലൊരാള്‍ ചീത്ത വിളിച്ചു. ഇതിനെതിരെ പ്രതികരിച്ച തെസ്‌നിയെ അയാള്‍ ബൈക്കില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ഇടത് കരണത്തടിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
ജോലിക്കു കയറാന്‍ സമയമായതിനാല്‍ രാവിലെ പരാതി എഴുതിക്കൊടുക്കാമെന്ന് പോലീസിനോടു പറഞ്ഞ് തെസ്‌നി ഓഫീസിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, രാവിലെയായപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ വന്ന തെസ്‌നിയെ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ഐജി ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി തെസ്‌നി പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രി ഇടപെട്ട് സംഭവത്തില്‍ കേസെടുക്കാനായി നിര്‍ദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്‍. പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സംഭവം നടന്ന് ഒന്നര ദിവസം കഴിഞ്ഞിട്ടാണ് പോലീസ് തെസ്‌നിയുടെ മൊഴിയെടുത്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൂട്ടായ്മയുടെയും പെണ്ണരങ്ങ് നാടകവേദിയിലെയും അംഗവും കൂടിയാണ് തെസ്‌നി ബാനു.
തെസ്‌നി ബാനുവിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ(എംഎല്‍)യുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകള്‍

രാത്രി ഡ്യൂട്ടിക്ക് സുഹൃത്തിനൊപ്പം പോയ യുവതിയെ ആക്രമിച്ചു

മനോരമ

കൊച്ചി കാക്കനാട്ടുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ തസ്നിബാനു ആശുപത്രിയില്‍
കൊച്ചി: രാത്രി ഡ്യൂട്ടിക്ക് ഐടി അനുബന്ധ സ്ഥാപനത്തിലേക്കു പോകാന്‍ സുഹൃത്തായ യുവാവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതിക്കു നേരെ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംക്ഷനില്‍ ആക്രമണം. മലപ്പുറം സ്വദേശി തസ്നി ബാനുവിനാണ് ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള അക്രമികളുടെ മര്‍ദനമേറ്റത്.

'കൊച്ചിയെ ബാംഗൂര്‍ ആക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു കയ്യേറ്റം. ഞായറാഴ്ച രാത്രി 11 നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറാന്‍ തൊഴില്‍ സ്ഥാപനത്തിലേക്കു പോവുകയായിരുന്നു തസ്നി ബാനു. വഴിയില്‍ സിഗരറ്റ് വാങ്ങാനായി വണ്ടി നിര്‍ത്തി സുഹൃത്ത് കടയിലേക്കു പോയ സമയത്താണു കുറേപ്പേര്‍ എത്തി തസ്നിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കാര്യങ്ങള്‍ വിശദീകരിച്ചിട്ടും തൃപ്തിയാകാതെ വീണ്ടും ശല്യം ചെയ്യാന്‍ ശ്രമിച്ചവരോട് തസ്നിയും ധൈര്യമായി പ്രതികരിച്ചപ്പോള്‍ ഒാട്ടോഡ്രൈവര്‍ കവിളില്‍ ആഞ്ഞടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തുവെന്ന് തസ്നി പറഞ്ഞു.

വിവരമറിഞ്ഞു തസ്നിയുടെ സുഹൃത്തുക്കളടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും മറ്റും സ്ഥലത്ത് എത്തിയതോടെയാണ് അക്രമികള്‍ മുങ്ങാന്‍ തുടങ്ങിയത്. പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും പരാതി എഴുതി കൊടുക്കാതെ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നാണു തസ്നിയെ അറിയിച്ചത്. ഓര്‍ക്കാപ്പുറത്തു നടുറോഡില്‍ അടിയേറ്റ തസ്നി അപ്പോള്‍ പരാതി എഴുതി നല്‍കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. അക്രമികളിലൊരാളെ തസ്നി ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.

പക്ഷേ, സംഭവമറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികളെ പിടികൂടി ഉടന്‍ നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഉന്നതപൊലീസ് അധികാരികളും ഇടപെട്ടതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര അസി.കമ്മിഷണര്‍ ടി.ആര്‍.പ്രകാശാണ് അന്വേഷണം നടത്തുന്നത്.