Wednesday, May 25, 2011

ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം ( പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ്) പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ്

പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ്


17.05.2011

അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്.

ഭരണത്തിന്റെ ആദ്യ 100 ദിവസം എങ്ങനെയുണ്ടെന്നത് ബിസിനസ് സമൂഹം ഉറ്റുനോക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തീരുമാനങ്ങള്‍ ഉണ്ടാവുന്നുണ്ടോ, മാറ്റങ്ങള്‍ വരുന്നുണ്ടോ, നിക്ഷേപാവസരങ്ങളോടുള്ള സമീപനം എങ്ങനെ എന്നതനുസരിച്ചാവും സാമ്പത്തിക വളര്‍ച്ച. നിലവില്‍ കേരളം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയില്‍ ഒന്‍പതാം സ്ഥാനത്താണ്. സ്വകാര്യ നിക്ഷേപം പൂജ്യം എന്നു പറയേണ്ടി വരും. ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും താഴെ തട്ടിലാണു കേരളം.

അതു മാറണമെങ്കില്‍ പിടിവാശി പോയി പ്രായോഗികത വരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര ഫണ്ട് കാര്യമായി കിട്ടുന്ന അനേകം പദ്ധതികള്‍ കാത്തു നില്‍ക്കുന്നുണ്ട്.ഇവയെല്ലാം പിപിപി പദ്ധതികളാണ്. കൊച്ചി മെട്രോ ഉദാഹരണം. സര്‍ക്കാര്‍ തന്നെ ചെയ്യണമെന്ന പിടിവാശി ഉപേക്ഷിച്ച് പൊതു-സ്വകാര്യ പങ്കാളിത്തം സമ്മതിച്ചാല്‍ പതിനായിരം കോടിയാണു മെട്രോയിലൂടെ കൊച്ചിയിലെത്തുക.

ഹൈവേ വികസനം നടക്കാതായതോടെ ദേശീയ ഹൈവേ അതോറിറ്റി ഓഫിസുകള്‍ പൂട്ടി ജീവനക്കാരെ മറ്റു സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ മാസം കണ്ടത്. സ്ഥലം ഏറ്റെടുത്തു കൊടുത്ത് ബിഒടി പദ്ധതിയിലെ തടസങ്ങള്‍ നീക്കിയാല്‍ വീതികൂട്ടാന്‍ മറ്റൊരു പതിനായിരം കോടി റോഡില്‍ വീഴും. ചീമേനി വൈദ്യുത പദ്ധതിയും അതിവേഗ റയില്‍ കോറിഡോറും മറ്റ് പിപിപി പദ്ധതികളാണ്.

പരമാവധി സ്വകാര്യനിക്ഷേപം കൊണ്ടു വരുമെന്നാണ് യുഡിഎഫ് പ്രകടന പത്രിക. സ്വകാര്യമേഖലയില്‍ ഒറ്റ സെസ് പോലും പ്രവര്‍ത്തിക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഐടിയില്‍ മൂന്നു സ്വകാര്യ സെസുകള്‍ക്ക് അനുമതി ആയിട്ടുണ്ടെന്നു മാത്രം.

മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയിലാണു ഡസന്‍കണക്കിനു സെസുകള്‍ വന്നത്. കേരളത്തിലാകട്ടെ, സ്വകാര്യമേഖലയിലെ സെസുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ 2009 വരെ എന്‍ഒസി കൊടുക്കാതിരിക്കുകയായിരുന്നു. പിന്നീടു കേന്ദ്ര സെസ് നിയമത്തില്‍ നിന്നു വ്യത്യസ്തമായി അനേകം നിയന്ത്രണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സെസ് നയം ഉണ്ടാക്കി. സെസിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് അതതു പഞ്ചായത്തുകളുടെ അനുമതി പോലും നിര്‍ബന്ധമാക്കി. ഇതിലൊക്കെയാണു മാറ്റം വരേണ്ടത്. ശോഭ ഹൈടെക് സിറ്റിയും (3000 കോടി) സലാര്‍പുരിയ പദ്ധതിയും (1500 കോടി) അതുപോലെ കാത്തുകിടക്കുകയാണ്.

റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന ചീത്തപ്പേരിട്ടു വിളിക്കുന്ന കെട്ടിട നിര്‍മ്മാണ മേഖലയിലാണ് ഉണര്‍വ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴിലും സര്‍ക്കാരിനു നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റും  നല്‍കുന്ന മേഖലയാണിത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ 2009 ഡിസംബറില്‍ കൊണ്ടുവന്ന ഭേദഗതി ഈ മേഖലയില്‍ മരവിപ്പിനിടയാക്കിയതായി നിര്‍മ്മാതാക്കള്‍ പറയുന്നു. ചട്ടങ്ങള്‍ വീണ്ടും ഉദാരമാക്കുമെന്ന പ്രതീക്ഷ ഈ വ്യവസായ രംഗത്തുണ്ട്.

സ്വാശ്രയ കോളജുകള്‍ ഇനിയും പുതിയ മേഖലകളില്‍ വരാനുണ്ട്. നിയമപഠന രംഗത്ത് സ്വാശ്രയ നിക്ഷേപം ഇനിയും അനുവദിച്ചിട്ടില്ല. സ്വാശ്രയത്തോടുള്ള ഒതുക്കല്‍ സമീപനം മാറുകയും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ ബില്ലുകള്‍ പാസാവുകയും ചെയ്യുന്നതോടെ ഈ രംഗത്ത് കുതിപ്പിനു സാധ്യതയുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദേശ സര്‍വകലാശാലകളുടെ ക്യാംപസുകള്‍ക്കും അവസരം ഒരുങ്ങും.

യൂണിയനിസവും കുപ്രസിദ്ധിയും മാത്രം കൈമുതലായുള്ള കുറേ സര്‍വകലാശാലകളും അവയ്ക്ക് നിലവാരമില്ലാത്ത നൂറുകണക്കിന് അഫിലിയേറ്റഡ് കോളജുകളും എന്ന നിലവിലെ സ്ഥിതിയില്‍ മാറ്റം വരാതെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു രക്ഷയില്ല. നിലവാരമുള്ള വിദ്യാഭ്യാസം ഇനി സ്വകാര്യമേഖലയിലാണ്. എജ്യുപ്രണര്‍ എന്ന വാക്കു തന്നെ പുതുതായി ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ നിക്ഷേപകരാണ് എജ്യൂപ്രണര്‍മാര്‍.

എല്ലാറ്റിലും ഉപരി കേന്ദ്രവുമായി ഉടക്കിനു പകരം സഹകരണം ആവുന്നതോടെ അനേകം പദ്ധതികള്‍ താനേ വരും. ജനറം പദ്ധതിയില്‍ കേന്ദ്ര ഫണ്ട് കൂടുതല്‍ കിട്ടും. തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ശരാശരി 33 ദിവസമാണു കേരളത്തില്‍ തൊഴില്‍ കൊടുക്കുന്നത്. ഇത് ഇരട്ടിയാക്കുന്നതോടെ ഗ്രാമങ്ങളില്‍ കൂടുതല്‍ പണം ഒഴുകും. റൂറല്‍ ഇക്കോണമിക്കതു നേട്ടമാണ്. ആദ്യ നൂറു ദിനങ്ങളിലാണ് ഇതൊക്കെ യാഥാര്‍ഥ്യമാവുമോ എന്നതിന്റെ സൂചനയുണ്ടാവേണ്ടത്.