Tuesday, April 5, 2011

ലോട്ടറി: കേന്ദ്രം ആവശ്യപ്പെട്ട വിവരം നല്‍കാമെന്ന് കേരളസര്‍ക്കാര്‍

വിവരം കിട്ടിയാലുടന്‍ സി.ബി.ഐ. അന്വേഷണമെന്ന് കേന്ദ്രം

കൊച്ചി: അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകളെപ്പറ്റി കേന്ദ്രം ആവശ്യപ്പെടുന്നവിധം നിര്‍ദിഷ്ട മാതൃകയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എല്ലാ വിവരവും രണ്ടാഴ്ചയ്ക്കകം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചട്ടപ്രകാരം നിര്‍ദിഷ്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ചാലുടന്‍ അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും വ്യക്തമാക്കി. ലോട്ടറി ക്രമക്കേടിനെപ്പറ്റി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ എം.എല്‍.എ.യും തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്റായ കെ.എം. ശിവന്‍കുട്ടിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനമില്ലെങ്കിലും നടപടിക്രമം പാലിച്ച് നിര്‍ദിഷ്ട ഫോറത്തില്‍, രജിസ്റ്റര്‍ചെയ്ത കേസിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം അറിയിച്ചിരിക്കെ ആ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കിക്കൂടേ എന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരായുകയായിരുന്നു. അതേ തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കകം കേന്ദ്രം ആവശ്യപ്പെടുന്നവിധം വിവരം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

ലോട്ടറിക്കേസില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പേഴ്‌സണല്‍ മന്ത്രാലയവും മറുപടി നല്‍കിയിരുന്നുവെന്നാണ് കേന്ദ്രം അറിയിച്ചത്. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് എഫ്.ഐ.ആര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ നിര്‍ദിഷ്ട രീതിയിലുള്ള അപേക്ഷയും സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനവും ആണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതില്‍ വിജ്ഞാപനം നിര്‍ബന്ധമില്ല. എന്നാല്‍, വിവരങ്ങള്‍ ഔദ്യോഗിക രീതിയില്‍തന്നെ ലഭിക്കണം. അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നതിന്റെ പേരില്‍ പിന്നീട് തര്‍ക്കമുണ്ടാകുന്നപക്ഷം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ബലിയാടാക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഈ കേസന്വേഷണം ഏറ്റെടുക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ.യോട് സംസാരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ചട്ടപ്രകാരം കേസിന്റെ വിവരം കിട്ടിയാലുടന്‍ അന്വേഷണം ഏറ്റെടുക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരമൊരാവശ്യം ഉന്നയിക്കുമ്പോള്‍ അതിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ മുഖ്യമന്ത്രി കാട്ടുന്ന ശുഷ്‌കാന്തിയെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിയാണെങ്കിലും നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ആവശ്യമുന്നയിക്കുന്നത് മുഖ്യമന്ത്രിയോ, സാധാരണക്കാരനോ ആകട്ടെ വകുപ്പുതല നടപടിക്രമങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

2006-ലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ക്രമക്കേടുകള്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു വരുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ നിധീഷ് ഗുപ്ത അറിയിച്ചത്. എന്നാല്‍ കേന്ദ്രം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിക്ക് മടിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലമായിട്ടും നടപടിയെടുക്കാത്ത കേന്ദ്രം ഇപ്പോള്‍ അന്വേഷണത്തിന് സന്നദ്ധത അറിയിച്ചെങ്കില്‍ അത്രയും നല്ലത് എന്നാണ് സംസ്ഥാനം ബോധിപ്പിച്ചത്. 2011 മാര്‍ച്ച് 29ന് ഉള്‍പ്പെടെ ഇക്കാലയളവില്‍ അയച്ച കത്തുകളുടെ വിവരവും 500 - ലേറെ കേസുകള്‍ ലോട്ടറി സംബന്ധമായി രജിസ്റ്റര്‍ ചെയ്ത കാര്യവും അറിയിച്ചു.
നിശ്ചിത വിവരം നല്കിയാല്‍ അന്വേഷണത്തിന് സന്നദ്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കിയ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ വാദം നടത്തിയത്. എന്നാല്‍ അപ്പോഴും മുഖ്യമന്ത്രി മുന്‍പ് അയച്ച കത്തുകളുടെ ചരിത്രം പറഞ്ഞതല്ലാതെ കേന്ദ്രം ആവശ്യപ്പെട്ട വിവരം നല്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയാതിരുന്നത് നിരാശപ്പെടുത്തിയെന്നു പറഞ്ഞാണ് വി.ഡി. സതീശനു വേണ്ടി അഡ്വ. ജോര്‍ജ് പൂന്തോട്ടം വാദം തുടങ്ങിയത്. 2006 മുതല്‍ 2010 ഡിസംബര്‍ 23 വരെ മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തുകളിലൊന്നും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

അന്യസംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ആവശ്യം മാത്രമാണ് അത്രയും നാള്‍ ഉന്നയിച്ചത്. അതിനു ശേഷം മാത്രമാണ് സിബിഐയുടെയോ എന്‍ഐഎയുടെയോ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനും കേന്ദ്രം നിര്‍ദേശിച്ച പ്രകാരം നിര്‍ദിഷ്ട രീതിയില്‍ അപേക്ഷ നല്കിയില്ല. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് കാര്യക്ഷമമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് കോടതി പിരിഞ്ഞ ശേഷം വാദം തുടര്‍ന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദിഷ്ട രീതിയില്‍ വിവരം നല്കിക്കൂടേയെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞത്.

ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തെ എതിര്‍ കക്ഷിയാക്കി ആരോപണമുന്നയിക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ലോട്ടറിക്കാര്‍ക്കു വേണ്ടി കേസുകളില്‍ ഹാജരായിട്ടുള്ളതിനാല്‍ ആഭ്യന്തരമന്ത്രിയും ഉദ്യോഗസ്ഥരും നടപടിക്ക് മടിക്കുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ സീനിയര്‍ അഭിഭാഷകയായ നളിനി ചിദംബരത്തിന് കക്ഷികളുമായി നേരിട്ട് ബന്ധമില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്