Sunday, March 20, 2011

പാര്‍ട്ടിയും ഞാനും കൂടി തീരുമാനിക്കും

ജോണി ലൂക്കോസ്

ഇടപെടലുകളിലൂടെ ശ്രദ്ധേയനായ തനിക്കുവേണ്ടി കേന്ദ്രനേതൃത്വം തക്കസമയത്ത് വീണ്ടും ഇടപെട്ടതു കണ്ടോ എന്ന ഭാവമൊന്നും വി.എസിന് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി അദ്ദേഹം അനുവദിച്ച അഭിമുഖത്തിനായി ക്ളിഫ് ഹൌസില്‍ മനോരമ ന്യൂസ് സംഘത്തിനു മുന്നിലെത്തുമ്പോള്‍ വി.എസ് സന്തോഷത്തിലായിരുന്നു. പക്ഷേ, ചിരി വരുതി വിടാതിരിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവും സംപ്രേഷണം ചെയ്യപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതുമായ ചില ചിരികള്‍ മുമ്പ് ചില തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനു മുമ്പുള്ള സമയം ചിരിയും നിയന്ത്രിക്കണമല്ലോ.

വി.എസിന്റെ അടുത്ത നീക്കം എന്താവും? ആരോഗ്യം എങ്ങനെ? പ്രചാരണം വിഭാഗീയമോ ഭാഗികമോ ആവുമോ? സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ അടക്കം പലര്‍ക്കുമുണ്ടാവാം ഇത്തരം സംശയങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ തീരെ സംശയമില്ലാത്ത വി.എസിനെയാണ് ക്ളിഫ് ഹൌസില്‍ കണ്ടത്.

വി.എസിന്റെ ആരോഗ്യത്തെക്കുറിച്ചു പാര്‍ട്ടിക്ക് തീരെ ഉറപ്പ് പോരെങ്കിലും അദ്ദേഹത്തിന് നല്ല മതിപ്പാണ്. ഒരുപാടു മത്സരിക്കുന്നയാളായതുകൊണ്ട് മാറി നിന്നാല്‍ കൊള്ളാമെന്നു പാര്‍ട്ടിക്കുണ്ടെങ്കിലും ഭരണത്തിനായാലും പോരാട്ടത്തിനായാലും തുടര്‍ച്ച ഉണ്ടാവാന്‍ താന്‍ തന്നെ വേണമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. അദ്ദേഹം മത്സരിക്കില്ലെന്ന് മറ്റു പലരും തീരുമാനിച്ചുറപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിനു മത്സരിക്കുന്ന കാര്യത്തില്‍ സംശയമേ ഉണ്ടായിട്ടില്ല.
ഇക്കാര്യത്തിലൊക്കെ ആര്‍ക്കെങ്കിലും അര്‍ഥശങ്കയുണ്ടായിരുന്നെങ്കില്‍ അതൊക്കെ നീക്കുന്നതായിരുന്നു അഭിമുഖത്തിലെ വി.എസിന്റെ വാക്കുകള്‍.

അദ്ദേഹം ഇടതുമുന്നണിയുടെ പ്രചാരണം നയിക്കും, ഇ.പി. ജയരാജനും തോമസ് ഐസക്കും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടു ചോദിക്കും. ഭൂമാഫിയ, പെണ്‍വാണിഭം, അഴിമതി, വ്യവഹാരം തുടങ്ങിയ ഇഷ്ടവിഷയങ്ങളെക്കുറിച്ചു പ്രസംഗിക്കും.
കേള്‍ക്കുന്നവര്‍ക്കു മടുപ്പു തോന്നാം. പക്ഷേ, അദ്ദേഹത്തിന് ഈ വിഷയങ്ങളൊന്നും മടുത്തിട്ടില്ല.

പാര്‍ട്ടി പറഞ്ഞാല്‍ 'കണിശമായും മത്സരിക്കും എന്ന് മുന്‍പേ പറഞ്ഞ വി.എസ്. അനാരോഗ്യംകൊണ്ട് മത്സരത്തില്‍ നിന്നൊഴിവായി എന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കീഴ്ഘടകങ്ങളിലേയ്ക്ക് പോയ റിപ്പോര്‍ട്ടും അതുതന്നെ. എന്നാല്‍ തന്റെ അനാരോഗ്യം താന്‍ അറിഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയില്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് വി.എസ് വെളിപ്പെടുത്തിയത്.

പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എതിരെ പ്രകടനം നടത്തല്‍ അനാരോഗ്യപ്രവണതയായാണ് പാര്‍ട്ടി സെക്രട്ടറിയും കോടിയേരിയുമൊക്കെ കാണുന്നതെങ്കിലും അതുകൊണ്ട് പാര്‍ട്ടിക്കു തന്നെയുണ്ടാകുന്ന പ്രയോജനങ്ങള്‍ വി.എസ് ചൂണ്ടിക്കാട്ടിയത് ഇനി ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പിക്കാം. ഇത്തരം കാര്യങ്ങളൊന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് സാങ്കേതികമായി വിലയിരുത്തേണ്ട എന്ന ശക്തമായ സന്ദേശമാണ് വി.എസ് പുറത്തു വിട്ടത്.

പാര്‍ട്ടി ജനവിരുദ്ധതീരുമാനമെടുത്താല്‍ അത് ബോധ്യപ്പെടുത്താനും തിരുത്തിക്കാനും ആരെങ്കിലും വേണമല്ലോ. പ്രകടനങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുന്ന പ്രകടനങ്ങളെ തള്ളിപ്പറയാന്‍ വി.എസ് ഇല്ല. അഞ്ചു വര്‍ഷം മുമ്പ് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമ്പോള്‍ ഉണ്ടായ അനുകൂല പ്രകടനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടി പറഞ്ഞിട്ടും അദ്ദേഹം വൈകി എന്നത് എത്രയോ വലിയ ആക്ഷേപമായി പിന്നീട് ഉയര്‍ന്നു. ഇക്കാര്യത്തില്‍ നിലപാടു മാറ്റാന്‍ ഒരുക്കമല്ലെന്ന വി.എസിന്റെ സന്ദേശം പാര്‍ട്ടിക്ക് അകത്തും പുറത്തും നില്‍ക്കുന്നവരെ ഉദ്ദേശിച്ചാണ്.

ബംഗാളില്‍ ഇടതുമുന്നണി മന്ത്രിസഭയെ തുടര്‍ച്ചയായി നയിച്ച ജ്യോതിബസുവിന് പാര്‍ട്ടി കൊടുത്ത പിന്തുണ കിട്ടാന്‍ തനിക്കും യോഗ്യതയുണ്ട്.

മറിച്ച് ജ്യോതിബസുവിനെപ്പോലെ പ്രായത്തിന്റെ പേരില്‍ ചുമതലകള്‍ ഒഴിയണം എന്നു പറയാത്തത് എന്തെന്ന ചോദ്യത്തിന് വി.എസ് ഉത്തരം പറഞ്ഞത് പാര്‍ട്ടിയെ കൂട്ടുപിടിച്ചല്ല, ജനത്തെ കൂട്ടുപിടിച്ചാണ്. ജനങ്ങള്‍ക്കു വേണ്ടിടത്തോളം കാലം താന്‍ രംഗത്തുണ്ടാകും.

തിരഞ്ഞെടുപ്പിനുശേഷം ആരാണ് നേതാവ്, വി.എസോ കോടിയേരിയോ എന്ന സംശയം ഉന്നയിച്ചപ്പോള്‍ വി.എസ് രണ്ടുവാക്കുകള്‍ ശ്രദ്ധാപൂര്‍വം എടുത്തുപയോഗിച്ചു, സീനിയോറിറ്റി, പരിചയം. ഇതു രണ്ടും നോക്കി പാര്‍ട്ടി തീരുമാനിച്ചോട്ടെ എന്നു പറഞ്ഞത് കോടിയേരിയുടെ സംശയം കൂട്ടാനേ ഉപകരിക്കൂ.

കെ. കരുണാകരനെപ്പോലെ മക്കളോടുള്ള സ്നേഹം ദൌര്‍ബല്യമാകുന്നുണ്ടോ എന്ന ചോദ്യത്തിന് നിഷേധാര്‍ഥത്തിലായിരുന്നു മറുപടി. ഭാര്യ നഴ്സായിരുന്നതുകൊണ്ട് സ്ഥിരവരുമാനമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ അല്ലലില്ലാതെ വളര്‍ന്നു. അമിത സ്നേഹമൊന്നും കാട്ടിയിട്ടില്ല. മകന്‍ വിദേശയാത്ര നടത്തിയതൊക്കെ ഉദ്യോഗസ്ഥനെന്ന നിലയിലാണ്.

പിണറായി വിജയനെക്കുറിച്ചോ, സീറ്റ് നിഷേധിച്ചതിനെക്കുറിച്ചോ പീന്നീട് ഉണ്ടായ ഇടപെടലുകളെക്കുറിച്ചോ ഒന്നും പറയാന്‍ വി.എസ് കൂട്ടാക്കിയില്ല. പാര്‍ട്ടി ഔദ്യോഗികമായി ആദ്യമിറക്കിയ സ്ഥാനാര്‍ഥിപട്ടികയില്‍ത്തന്നെ തന്റെ പേരുണ്ടല്ലോ, പിന്നെന്തു പ്രശ്നം എന്ന മട്ട്. അക്കാര്യത്തില്‍ വി.എസും പിണറായിയും ഒറ്റക്കെട്ട്.

പക്ഷേ, ബംഗാളില്‍ ജ്യോതിബസുവിന് പിന്‍ഗാമിയെ നിശ്ചയിച്ചതുപോലെ വിഎസിന് പിന്‍ഗാമിയെ ആരു നിശ്ചയിക്കുമെന്നു ചോദിച്ചപ്പോള്‍ വിഎസിന്റെ മറുപടി ഒറ്റക്കെട്ടില്‍ ഒതുങ്ങിയില്ല. അത് താനും പാര്‍ട്ടിയും ചേര്‍ന്നു തീരുമാനിക്കുമെന്നായിരുന്നു ആ മറുപടി.
അതാണ് പ്രശ്നം. പിണറായി പറയുന്നതുപോലെ വിഎസും ചേരുന്നതാണ് പാര്‍ട്ടിയെന്നല്ല, താനും പാര്‍ട്ടിയുമെന്നാണ് വിഎസിന്റെ നിലപാട്.

അതുതന്നെയാണ് സിപിഎമ്മിലെ പ്രശ്നവും. പാര്‍ട്ടിയെന്നു പറയുമ്പോള്‍ അതില്‍ വിഎസ് ഉള്‍പ്പെടുമോ എന്ന് ആര്‍ക്കും നിശ്ചയമില്ല.