Sunday, February 6, 2011

ആരോപണം തിരിഞ്ഞുകൊത്തുന്നു; സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു

ആരോപണം തിരിഞ്ഞുകൊത്തുന്നു; സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു


സുജിത് നായര്‍

തിരുവനന്തപുരം: ജഡ്ജിമാര്‍ക്കു കോഴ കൊടുത്തു കേസ് അനുകൂലമാക്കാന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന ആരോപണം ആയുധമാക്കാന്‍ സിപിഎം തുനിഞ്ഞ വേളയില്‍ തന്നെ, ജുഡീഷ്യല്‍ കമ്മിഷനെ സ്വാധീനിക്കാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ കരുനീക്കിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഇതോടെ ആരോപണങ്ങളുടെ നീര്‍ച്ചുഴിയിലായി.

തികച്ചും നാടകീയമായതും സമാനതകളില്ലാത്തതുമായ സംഭവവികാസങ്ങളാണു കേരള രാഷ്ട്രീയത്തില്‍. ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്നു കരകയറിയിട്ടു വേണം രണ്ടു മുന്നണികള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പിനു കച്ചമുറുക്കാന്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായിരിക്കെ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ രഹസ്യനീക്കത്തെക്കുറിച്ചാണു പി. ശശി പാര്‍ട്ടിക്കുള്ള കത്തില്‍ പറഞ്ഞിരിക്കുന്നത്.

31 പേരുടെ മരണത്തിനു വഴിവച്ച കല്ലുവാതുക്കല്‍ മദ്യദുരന്തവും അതിനുള്ള പാര്‍ട്ടിബന്ധവും നേരത്തെ സിപിമ്മില്‍ ഒച്ചപ്പാടിനു വഴിവച്ചതാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന എം. സത്യനേശന്‍ അടക്കമുള്ളവര്‍ അന്നു പാര്‍ട്ടി നടപടിക്കിരയായി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്തു പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന തന്നെ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുടുക്കാന്‍ വി.എസ്. ശ്രമിച്ചു എന്നാണു ശശിയുടെ ആരോപണം.

കര്‍ണാടക ഹൈക്കോടതിnയില്‍ ജഡ്ജിയായിരിക്കെ അന്വേഷണത്തിനു വന്ന ജസ്റ്റിസ് മോഹന്‍കുമാറിന്റെ സവിധത്തില്‍ വിഎസിന്റെ രഹസ്യദൂതന്‍ പോയി എന്ന പ്രചാരണം നേരത്തെ തന്നെ പാര്‍ട്ടിക്കകത്തുണ്ട്. ഇതു ഫലംകണ്ടില്ലെന്നും. എന്തായാലും തുടര്‍ന്നു മുഖ്യ പ്രതിയായ മണിച്ചന്റെ സഹോദരി നളിനി, കമ്മിഷന്റെ തെളിവെടുപ്പില്‍ ശശിക്കെതിരെ മൊഴി നല്‍കി. എന്നാല്‍ പിന്നീടു മണിച്ചന്‍ തന്നെ സഹോദരിയുടെ ഇൌ നടപടിയെ തള്ളിപ്പറഞ്ഞു.

തുടര്‍ന്നു ജസ്റ്റിസ് മോഹന്‍കുമാറിനെ മനുഷ്യാവാകാശ കമ്മിഷനില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നിര്‍ദേശിച്ചപ്പോള്‍ ആ തിരഞ്ഞെടുപ്പു സമിതിയില്‍ അംഗമായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആ നിര്‍ദേശം നിരാകരിച്ചു. പകരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ പേരാണു വി.എസ്. പറഞ്ഞത്. എന്തായാലും ആന്റണി മോഹന്‍കുമാറിന്റെ പേരില്‍ ഉറച്ചുനില്‍ക്കുകയും അദ്ദേഹത്തെ ആക്ടിങ് ചെയര്‍മാനാക്കുകയും ചെയ്തു.

വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് ആക്ടിങ് ചെയര്‍മാന്‍സ്ഥാനം നഷ്ടമായി. ഇൌ പശ്ചാത്തലത്തിലാണു ശശിയുടെ വെളിപ്പെടുത്തലിനു പ്രസക്തി കൂടുന്നത്. അതേസമയം, താന്‍ നേരിടുന്ന വ്യക്തിപരമായ ആരോപണങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു ശശിയുടേതെന്ന വ്യാഖ്യാനവുമുണ്ട്. ശശിക്കെതിരെയുള്ള വി.എസിന്റെ പരസ്യവിമര്‍ശനവും അതിനോടു പ്രതികരിച്ചുകൊണ്ടുള്ള ശശിയുടെ കത്തും പാര്‍ട്ടിയില്‍ സമാനതകളില്ലാത്ത സംഭവമാണ്. തന്നെ പിന്നില്‍ നിന്നു കുത്തിമലര്‍ത്തുന്ന നേതാവ് എന്നുവരെ അദ്ദേഹം വി.എസിനെ ആക്ഷേപിച്ചിരിക്കുന്നു.

എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നു ശശി തന്നെ പറഞ്ഞതോടെ പാര്‍ട്ടിയുടെ അന്വേഷണത്തിനു തന്നെ പ്രസക്തിയില്ലാതായി. നേതൃത്വത്തിലെ ചിലരുടെn അറിവോടെ തയാറാക്കിയ തിരക്കഥ പ്രകാരം ശശി നീങ്ങുകയായിരുന്നുവെന്ന പ്രചാരണവും പാര്‍ട്ടിയിലുണ്ട്. ഇനി നില്‍ക്കക്കള്ളിയില്ല എന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഗൂഢനീക്കമായിട്ടാണ് ഇതിനെ വി.എസ്. പക്ഷം വിശേഷിപ്പിക്കുന്നത്. അതേസമയം, അങ്ങനെ കരുതാന്‍ മാത്രം ഗുരുതരമായ ആ പരാതി ഇപ്പോഴും പാര്‍ട്ടി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ പുനരന്വേഷണ നീക്കവുമായി നീങ്ങുമ്പോഴാണ് ഇത്തരമൊരു പരാതി ഉള്‍പ്പാര്‍ട്ടി കാര്യമായി കൈകാര്യം ചെയ്യാന്‍ സിപിഎം മുതിരുന്നതും. പാര്‍ട്ടിയുടെ ആ ലക്ഷ്മണരേഖ കടന്നു മുഖ്യമന്ത്രിയെന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചു വി.എസ്. നീങ്ങുമോ എന്നതാണ് ഇനി കാണാനുള്ളത്. മറുവശത്തു പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നീങ്ങാന്‍ തന്നെയാണു സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനവും ഇതു തെളിയിക്കുന്നു. തിരഞ്ഞെടുപ്പുവേളയില്‍ കിട്ടിയ ഉഗ്രായുധമായിട്ടു തന്നെ പാര്‍ട്ടി ഇതിനെ കാണുന്നു. അതിനിടെ ശശിയുടെ വന്‍ ആരോപണങ്ങള്‍ക്കു മറുപടി എങ്ങനെയാകും വി.എസ്. നല്‍കുക എന്ന ഉത്കണ്ഠ സിപിഎമ്മിനെ പൊതിയുകയും ചെയ്യുന്നു.