Wednesday, August 17, 2011

ആദ്യം മുന്‍വിധികള്‍ മാറ്റണം


ടെക്കികളുടെ ജീവിതത്തെപ്പറ്റി ആശാദേവിയും മുരളിയും എഴുതിയ ലേഖനങ്ങള്‍ വായിച്ചു . 11 വര്‍ഷമായി ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന എന്നേപ്പോലെ ഉള്ളവരെ ഞെട്ടിക്കുന്നതായിരുന്നു ഈ രണ്ട് ലേഖനങ്ങളും. ആശാദേവിയുടെ ലേഖനം അര്‍ദ്ധ സത്യങ്ങളിലും മുന്‍വിധിയിലും ഊതിവീര്‍പ്പിക്കലിലും അധിഷ്ടിതമാണെങ്കില്‍ മുരളിയുടെത് പരസ്പര വിരുദ്ധമായ വാദങ്ങളില്‍ ഊന്നി ഉള്ളതാണ്‌.

ആശാദേവിയുടെ ലേഖനത്തിന്റെ ഒരു ഭാഗത്ത് അവര്‍ 95% ഐ.ടിക്കാര്‍ താമസിക്കുന്ന ഒരു ലേഡീസ് ഹോസ്റ്റലിലെ അനുഭവം വിവരിക്കുന്നുണ്ട്. 50000 രൂപയാണ്‌ ആഡംബര ഹോട്ടലിനെ അനുസ്മരിപ്പിക്കുന്ന ഈ ഹോസ്റ്റലിലെ വാടക എന്ന് പറയുന്നു. 50000 രൂപ പ്രതിമാസ വാടകയാണോ അതോ വാര്‍ഷിക വാടകയാണോ എന്ന് ലേഖിക പറയുന്നില്ല. വാര്‍ഷിക വാടകയാണ്‌ എങ്കില്‍ പ്രതിമാസം വെറും 4600 രൂപക്ക് താമസവും ഭക്ഷണവും ബ്യൂട്ടീഷനും ഒപ്പം ആഡംബര ഹോട്ടലിനെ  അനുസ്മരിപ്പിക്കുന്ന സൌകര്യങ്ങളും ലഭിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. കേരളത്തിലെ വിവിധ സ്വാശ്രയ കോളേജുകളിലെ ഹോസ്റ്റല്‍ വാടകയുമായി താരതമ്യം ചെയ്താല്‍ ഇത് ഒന്നുമല്ല.ഇനി പ്രതിമാസ വാടകയാണ്‌ എങ്കില്‍ ആ ഹോസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് മിനിമം ഒരു 70000 രൂപ എങ്കിലും പ്രതിമാസ ശമ്പളം ഉണ്ടാകണം എത്ര പേര്‍ക്ക് കൊച്ചിയില്‍ ഈ ശമ്പളം ലഭിക്കുന്നു എന്നതും പരിശോധിക്കപ്പെടേണ്ടതാണ്‌.

ആശാ ദേവിയുടെ മറ്റ് വാദഗതികള്‍ വായിച്ചാലും ഈ ഊതിപ്പെരിപ്പിക്കല്‍ കാണാന്‍ കഴിയും . നയനസുഖം എന്ന രഹസ്യമായ രീതി കൂടി കണക്കിലെടുത്താണോ ഐ.ടിയിലെ നിയമനങ്ങള്‍ എന്ന് വരെ അവര്‍ ശങ്കിക്കുന്നു. സഹപ്രവര്‍ത്തകരെല്ലാം സ്ത്രീപുരുഷ ഭേദമന്യേ പുറത്ത് പോയി ഭക്ഷണം കഴിക്കുകയും സിനിമക്ക് പോകുന്നതുമൊക്കെ  ഇന്ന് നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥക്ക് ഒരു അടിയാണ്‌ എന്നൊക്ക് ആശാദേവി പറഞ്ഞ് വയ്ക്കുമ്പോള്‍ കാലത്തിന്റെ മാറ്റം അവര്‍ക്ക് ഇനിയും അനുഭവിച്ച് തുടങ്ങിയിട്ടില്ലെ എന്ന് സംശയം തോന്നുന്നു. ഇതൊക്കെ ഐ.ടി മേഖലക്ക് പുറത്തും സജീവമായിട്ട് വര്‍ഷങ്ങളായി എന്ന് ആര്‍ക്കാണ്‌ അറിയാത്തത്


ആശാ ദേവിയേക്കാള്‍ അപക്വവും പരസ്പരവിരുദ്ധവുമാണ്‌  മുരളിയുടെ ലേഖനം .മുരളിയുടെ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്  കരോള്‍ ഉപാദ്യയുടെയും സംഘത്തിന്റെയും സര്‍വ്വെ പ്രകാരം സൂപ്പര്‍ മാളിലെ ടെക്കി ജീവിതം കണ്ട് വിരളേണ്ട എന്നാണ്‌. വരുമാനവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഏതൊരു സാധരണ ഇന്ത്യന്‍ ചെറുപ്പക്കാരനേയും പോലെ  പഴഞ്ചനാണ്‌ നമ്മുടെ ടെക്കി എന്ന് പറയുന്നു.

എന്നാല്‍ അവസാന ഭാഗത്ത് ഒരു സര്‍വ്വേയുടേയും ബലമില്ലാതെ  പറയുന്നു " കൊച്ചിയിലെ സൈബര്‍ പാര്‍ക്കിന്‌ ചുറ്റുവട്ടത്തും  തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്‌ പുറത്തും പച്ചയായ സാധാരണക്കാരന്റെ ജീവിതങ്ങള്‍ റേഷനരി ചോറിന്റെ  ബലത്തില്‍ ജീവിക്കുന്നുണ്ട് എന്നും അവരുടെചെറിയ  ജീവിതങ്ങളുടെ മുന്നിലാണ്‌ തങ്ങളുടെ ധാരാളിത്തവും അമേരിക്കന്‍ ജീവിതവും ഒഴുകിപ്പോകുന്നതെന്നും  ധരിക്കേണ്ട മിതവും  മര്യാദയമുള്ള പെരുമാറ്റം ടെക്കികളില്‍ നിന്ന് നമ്മുടെ സമൂഹം പ്രതീക്ഷിക്കുന്നത് എങ്ങനെ തെറ്റാകും "

അതായത് സാധരണ ഇന്ത്യന്‍ ചെറുപ്പക്കാരനെപ്പോലെ പഴഞ്ചനായ ടെക്കി ഒറ്റയടിക്ക് അമേരിക്കന്‍ ജീവിതം നയിച്ച്റേ ഷനരി കഴിച്ച് ജീവിക്കുന്ന പാവങ്ങളുടെ മുന്നില്‍ ഷോ നടത്തുന്നവനായി പരിണമിക്കപ്പെടുന്നു

മറ്റൊരിടത്ത് മുരളി പറയുന്നു " കേരളത്തിലെ ഐ.ടി ഹബ്ബുകളായ കൊച്ചിയിലും തിരുവനന്തപുരത്തും  തകരുന്ന ദാമ്പത്യങ്ങള്‍ വാര്‍ത്തയോ സംഭവമോ അല്ലാതായി എന്നാണ്‌.  ഇത് കേട്ടാല്‍ തോന്നും പണ്ട് ഐ.ടിക്കാര്‍ക്ക് ഇടയില്‍ വിവാഹമോചനം വാര്‍ത്തയായിരുന്നു എന്ന്. തുടര്‍ന്നദ്ദേഹം പറയുന്നു അമേരിക്കന്‍ ജീവിതം അറപ്പുളവാക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുകയാണ്‌ എന്ന്. പക്ഷെ ഇതെങ്ങനെ എന്നൊന്നും അദ്ദേഹം വിശദീകരിക്കുന്നില്ല പക്ഷെ ഡിക്ലറേറ്റിവ് സ്റ്റേറ്റ്‌മെന്റുകള്‍ നിര്‍ത്തുന്നില്ല. കേരളത്തിലാണ്‌ ഏറ്റവും അധികം ഐ.ടി ദാമ്പത്യം തകരുന്നത് എന്നും മുരളി തട്ടിവിടുന്നു. തുടര്‍ന്ന് പറയുന്നു ഐ.റ്റി ഭര്‍ത്താവിന്‌ ഒന്നിനും സമയമില്ല ഐ.റ്റി ഭാര്യക്ക് കുടുംബമെ വേണ്ട. ഈ പ്രസ്താവന ഒക്കെ എന്ത് കണക്കിനെ ആധാരമാക്കിയാണ്‌ എന്നൊന്നും മുരളി വ്യക്തമാക്കുന്നില്ല എന്ന് മാത്രമല്ല  ഐ.ടി മേഖലയില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പെണ്‍കുട്ടികളേ ജനറലൈസ് ചെയ്യുന്നത് ഇങ്ങനെയാണ്‌   30 വയസിലെ ചെറിയ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍  കുറേ ഡിഗ്രിക്കൊപ്പം  ഒരു വിവാഹ മോചനവും ഉണ്ടാകും എങ്കിലും അവളത് ഓര്‍ക്കാറില്ല കോഡിങ്ങിനിടെ  ഇതൊക്കെ ഓര്‍ക്കാന്‍ സമയമെവിടെ

അമേരിക്കന്‍ ജീവത്തിലെ അറപ്പുളവാക്കുന്ന എന്താണ്‌ ടെക്കികള്‍ ചെയ്യുന്നതെന്ന് ഇത് വായിച്ചിട്ടും മനസിലായില്ല എന്നതാണ്‌ സത്യം. ഇടക്കിടെ അമേരിക്ക അമേരിക്ക എന്നൊക്കെ ഉരുവിടണം എന്നത് ഈ ലേഖനത്തിന്റെ ടെംപ്ലൈറ്റിന്റെ ഭാഗമാണ്‌ എന്ന് കരുതാം

വലിയ വലിയ നിരീക്ഷണങ്ങളും കാര്യങ്ങളുമൊക്കെ ഊതിപ്പെരുപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ അതിന്‌ ആധാരമായ തെളിവുകള്‍ ഹാജരാക്കാനുള്ള ഉത്തരവാദിത്വം എഴുതുന്നവര്‍ക്ക് ഉണ്ട്. ഒപ്പം ഐ.ടി മേഖലയില്‍ മാത്രം എന്ന് പറഞ്ഞ് എഴുതിപ്പിടുപ്പിക്കുന്നതൊക്കെ ഇവിടെ മാത്രമെ ഉള്ളോ എന്ന് കൂടി പരിശോധിക്കേണ്ടതുമുണ്ട്. പുത്തന്‍ തലമുറ ബാങ്കുകളിലും മാധ്യമ സ്ഥാപങ്ങളിലുമൊക്കെ ഉള്ള ജീവിത രീതിയും തൊഴില്‍ അന്തരീക്ഷവുമൊക്കെ  ഐ.ടി മേഖലയില്‍ നിന്ന് വ്യത്യസ്ഥമല്ല. ഇതൊക്കെ നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ ലേഖകരെ ഇന്‍ഫോപാര്‍ക്കിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു

Monday, August 15, 2011

സ്വാതന്ത്ര്യത്തിനും അപ്പുറത്ത്വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി കടന്നു വരുന്നു സ്വാതന്ത്ര്യ സമര നായകരെപ്പറ്റിയും ധീര ദേശാഭിമാനികളെപ്പറ്റിയുമുള്ള ഓര്‍മ്മകളിലൂടെ നാം ഒരിക്കല്‍ക്കൂടി കടന്നു പോകുന്ന സുദിനം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ രക്ത രഹിത വിപ്ലവത്തിലൂടെ മുട്ടുകുത്തിച്ച കഥകള്‍ കേട്ട് ആവേശം കൊള്ളനുള്ള ഒരു ദിവസമായിക്കൂടിയാണ്‌  നാം സ്വാതന്ത്ര്യ ദിനത്തെ സമീക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ആഘോഷത്തിനിടയില്‍ നാം ഉയര്‍ന്ന് കേള്‍ക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരത്തെപ്പറ്റിയുള്ള അണ്ണാ ഹസാരെയുടെ മുറവിളിയാണ്‌.അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഉന്നിയാകട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിന ചിന്ത എന്ന് ഞാന്‍ കരുതുന്നു

ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം അഴിമതിയില്‍ മുങ്ങിക്കുളിച്ചു എന്ന പൊതുബോധത്തില്‍ നിന്നാണ്‌ അണ്ണാ ഹസാരെയുടെ സമരത്തിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന പരിശോധന അനിവാര്യമല്ലെ. അതിന്‌ കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍ മാത്രമാണോ. ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്താല്‍ ഈ ജനതക്ക് അര്‍ഹിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം തന്നെ അല്ലെ നമുക്കുള്ളത്? നമ്മുടെ സമൂഹത്തിന്റെ ഗുണങ്ങളും ദോഷങ്ങളും നമ്മുടെ നേതൃത്വത്തിലും പ്രതിഫലിക്കില്ലേ?


ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം  മകന്റെ വിദ്യാഭ്യാസ ആനുകൂല്യത്തിനായി  കുറഞ്ഞ വരുമാന സര്‍ട്ടിഫിക്കേറ്റ് ലഭിക്കാന്‍ ശ്രമിക്കുന്ന ആള്‍ തന്നെ ബാങ്ക് ലോണിന്റെ കാര്യം വരുമ്പോള്‍ അത് പരമാവധി കൂട്ടിക്കാണിക്കും. സ്ഥലം വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ വില കാണിക്കാതെ രജിസ്റ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

 ഇതൊക്കെ സാധാരണക്കാരന്‍ നിലനില്‍പ്പിന്‌ വേണ്ടിയുള്ള സമരത്തില്‍ കാണിക്കുന്ന ചെറിയ തെറ്റുകള്‍ എന്ന് കരുതി അവഗണിക്കാമെന്ന് കരുതിയാല്‍ തെറ്റി . സത്യം അതല്ല ജീവിത നിലവാരത്തിന്റെ ഓരോ പടി ചവിട്ടിക്കയറുമ്പോഴും ഇത് തുടരുന്നു എന്നതാണ്‌ സത്യം. സാമാന്യം നല്ല ശമ്പളം ലഭിക്കുന്ന ഐ.ടി ജീവനക്കാര്‍ സമര്‍പ്പിക്കുന്ന കള്ള ബില്ലുകള്‍ ഇതിനെ സാധൂകരിക്കുന്നു. അവരിലും ഉയരത്തിലുള്ളവര്‍ അതിലും വലിയ അഴിമതികള്‍ ചെയ്യുന്നു. കൈകാര്യം ചെയ്യുന്ന സമ്പത്തിന്റെ വലിപ്പം അനുസരിച്ച് അഴിമതി കൂടിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം. അതുകൊണ്ട് തന്നെ അഴിമതി എന്നത് സമൂഹത്തിന്റെ രോഗമാണ്‌ അത് സമൂഹത്തിന്റെ തേതൃത്വത്തിലും  പ്രതിഫലിക്കുമെന്ന് മാത്രം

ഇനി നമ്മള്‍ അഴിമതി ചെയ്യല്‍ അവസാനിപ്പിച്ചാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നൊരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാം .  ഒരിക്കലുമില്ല നമ്മുടെ ജനാധിപത്യ അവകാശം ഉപയോഗിച്ചു കൊണ്ട് നമുക്ക് ഒരുപാട് പ്രവര്‍ത്തിക്കാനുണ്ട് എന്നതാണ്‌ സത്യം.  അഴിമതി തടയാന്‍ നമുക്ക് ഒരുപാട് ഇടപെടലുകള്‍ നടത്താന്‍ കഴിയും . വോട്ട് ചെയ്യുന്നതിലപ്പുറം ഒരു പൌരന്‌ ജനാധപത്യത്തില്‍ ഇടപെടാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ പഞ്ചായത്തി രാജ് നിയമം യഥാര്‍ത്ഥ്യമായതിന്‌ ശേഷമുള്ള സാഹചര്യങ്ങള്‍

.ഈ നിയമപ്രകാരം  നമ്മുടെ നാട്ടിലെ ഓരോ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നമ്മുടെ പങ്കാളിത്തം ആവശ്യപ്പെടുന്നു .ഒരു വാര്‍ഡിലെ ജനങ്ങളുടെ കൂട്ടായിമയാണ്‌ അവിടുത്തെ വികസന പ്രവര്‍ത്തങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാണ്‌ ഈ  നിയമം അനുശാസിക്കുന്നത്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഈ ചര്‍ച്ചകളില്‍ പങ്കാളിയാകുന്നു.  അധികാര വികേന്ദ്രീകരണം ഏറ്റവും നന്നായി നടപ്പിലാക്കി എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കേരളത്തിലെ വാര്‍ഡ് കൂട്ടായ്മകളിലെ ജന പങ്കാളിത്തം കേവലം 10% മാത്രമാണ്‌. അവിടെ പിന്നെ സംഭവിക്കുന്നത് വാര്‍ഡ് മെമ്പര്‍ ബാക്കിയുള്ളവരുടെ കള്ള ഒപ്പ് ഇട്ട് പദ്ധതി ഉണ്ടാക്കുന്നു. കേവലം 1700 രൂപ മാത്രം മാസ അലവന്‍സുള്ള വാര്‍ഡ്‌ മെമ്പര്‍ തന്റെ ബിനാമി കോണ്‍ട്രാക്ടറെ  ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കുന്നു. അതിന്റെ ഒരു ഭാഗം മെമ്പര്‍ കൈപറ്റുന്നു.

എന്നാല്‍ 80% ജനപങ്കാളിത്തം വാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു എങ്കില്‍ ഈ അഴിമതി തടയപ്പെടുമായിരുന്നു. ഈ രീതിയില്‍ ഉള്ള ജാഗ്രത ആ പഞ്ചായത്തിലെയോ നഗരസഭയിലേയോ എല്ലാ വാര്‍ഡിലും ഉണ്ടായാല്‍ ഉള്ള മാറ്റം ആലോചിച്ച് നോക്കൂ. ഏറ്റവും ചുരിങ്ങിയത് ഒരു 3 കോടി രൂപവരെ ഒരു വര്‍ഷം ചിലവാക്കാന്‍ കഴിയുന്ന ഈ സ്ഥാപങ്ങളില്‍ നമ്മുടെ പങ്കാളിത്തം ഒന്നുകൊണ്ട് മാത്രം അഴിമതി രഹിതമാക്കാന്‍ പറ്റും. പക്ഷെ വോട്ട് ചെയ്യുന്നതിനപ്പുറം ജനാധിപത്യ ഉത്തരവാദിത്വം നിറവേറ്റാന്‍ മടിക്കുന്ന ബഹുഭൂരിപക്ഷം ആളുകളുടെയും മനോഭാവമാണ്‌ നമ്മുടെ ഈ തര്‍ച്ചക്ക് കാരണം. ജനത്തിന്റെ കണ്ണു തെറ്റുന്നിടത്താണ്‌ അഴിമതി ഉണ്ടാകുന്നത്. താഴേത്തട്ടിലെ ജന ജാഗ്രതയില്‍ ഉയര്‍ന്നു വരുന്ന നേതാക്കള്‍ക്ക് അവരുടെ മുന്നോട്ടുള്ള വളര്‍ച്ചയിലും ആ നിലവാരം നിലനിര്‍ത്താന്‍ കഴിയും .

സാമൂഹിക ഇടപെടല്‍ അല്പം ബുദ്ധിമുട്ടുള്ള സംഗതിയാണ്‌. ഒരു മെയില്‍ ഫോര്‍വേഡ് പോലെയോ ഫേസ്‌ബുക്ക് ഷെയറിങ്ങ് പോലെയോ എളുപ്പമല്ല എന്നത് സത്യമാണ്‌.പക്ഷെ അപ്പോഴും നാം ഒരുകാര്യം മറക്കരുത്. സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്തവരില്‍ പലര്‍ക്കും അന്ന് ബ്രിട്ടീഷ് രാജില്‍ നല്ല ജോലികള്‍ സ്വീകരിച്ച് തന്‍കാര്യം നോക്കി നടക്കാമായിരുന്നു. എന്നാല്‍ അവര്‍ അവരുടെ സ്വാര്‍ത്ഥതകളെ  ബലികഴിച്ച് സമൂഹത്തിന്റെ താല്‍പ്പര്യത്തിന്‌ പ്രഥമ പരിഗണന നല്‍കിയപ്പോഴാണ്‌ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അവര്‍ തെളിച്ച പാതയിലൂടെ നമുക്ക് മുന്നേറണമെങ്കില്‍ നമ്മുടെ ജനാധിപത്യ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ. അത് നിര്‍വ്വഹിക്കുമ്പോള്‍ മാത്രമെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നമ്മുടെ ഉത്തരവാദിത്വം പൂര്‍ണ്ണമാകുകയുള്ളൂ. അതിനായി നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം അങ്ങനെ പുതിയ ഭാരതം കെട്ടിപ്പെടുക്കാം
Sunday, July 31, 2011

വിദ്യാര്‍ഥിയുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ ?

'സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

Saturday, July 30, 2011

കമ്യൂണിസ്റ്റ്‌ മക്കളുടെ വിദേശ പഠനത്തെപ്പറ്റി

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കളെ വളരെയധികം പണം ചെലവാക്കി അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ സദാചാരത്തിന്‌ ഭൂഷണമാണോ? സിപിഐ(എം) സമ്മേളനങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യമാണിത്‌.

ഇ എം എസ്‌, ബി ടി രണദിവെ, ജ്യോതിബസു, സി എച്ച്‌ കണാരന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ നേതാക്കന്മാര്‍ ചെയ്യാത്തത്‌ പുത്തന്‍ തലമുറ നേതാക്കള്‍ ചെയ്യുന്നതിലുള്ള ധാര്‍മ്മിക വൈപരിത്യത്തിന്റെ പ്രശ്‌നവും ഈ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഐ ടി, ബിസിനസ്സ്‌ മാനേജ്‌മെന്റ്‌, മെഡിക്കല്‍ സയന്‍സ്‌, എഞ്ചിനീയറിംഗ്‌, ബയോ ടെക്‌നോളജി തുടങ്ങി ന്യൂക്ലിയര്‍ ഫിസിക്‌സും ബഹിരാകാശ യാത്രയും വരെയുള്ള ഉന്നത ഫാക്കല്‍റ്റികള്‍ക്ക്‌ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പ്രശസ്‌തി നേടിയ പഠന സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ എന്തിനാണ്‌ ഇത്രയധികം പണം ചെലവാക്കി തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ മക്കളെ വിദേശത്തേക്കയയ്‌ക്കുന്നത്‌?

തൊഴിലാളികളും കൃഷിക്കാരുമായ സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍, അതും ചെറുപ്പകാലത്ത്‌ അതീവ ദാരിദ്ര്യത്തില്‍ ജീവിച്ചവര്‍ - ഇങ്ങനെ മക്കളെ വിദേശത്തേക്കയക്കുമ്പോള്‍ കോടികള്‍ എവിടെ നിന്ന്‌ കിട്ടി എന്ന്‌ ജനങ്ങള്‍ ആശ്ചര്യപ്പെടുന്നത്‌ സ്വാഭാവികമാണ്‌. ``പണ്ടു ബെഞ്ചില്‍ കിടന്നുറങ്ങി എന്നുള്ളതുകൊണ്ട്‌ എന്നും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ചു നടക്കണോ'' എന്ന മറുചോദ്യം അതിന്‌ ഉത്തരമാവുകയില്ല.

കൊളോണിയല്‍ ഭരണത്തിന്റെ വാളും പരിചയുമായ പോലീസ്‌ പട്ടാള മേധാവികളെയും ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിനെയും, നാടുവാഴി ഭൂപ്രഭുവര്‍ഗ്ഗ സംരക്ഷണ താത്‌പര്യത്തിനുള്ള ജഡ്‌ജിമാരെയും, അവര്‍ക്ക്‌ വേണ്ടി വാദിക്കാനുള്ള ബാരിസ്റ്റര്‍മാരെയും പടച്ചുവിടാനുള്ള വിദ്യാഭ്യാസമാണ്‌ സ്വാതന്ത്ര്യത്തിന്‌ മുന്‍പ്‌ ഇന്ത്യന്‍ വരേണ്യ വര്‍ഗ്ഗത്തിന്‌ ഇംഗ്ലണ്ട്‌ നല്‍കിക്കൊണ്ടിരുന്നത്‌.

നാട്ടുരാജാക്കന്മാരുടെയും, ഭൂപ്രഭുക്കന്മാരുടെയും, ദേശീയ നേതാക്കളില്‍ വന്‍ പണക്കാരുടെയും, കോമ്പ്രഡോര്‍ മുതലാളിമാരുടെയും സന്തതികള്‍ക്കു മാത്രമേ 1947 നു മുമ്പ്‌ ഇംഗ്ലണ്ടില്‍ പോയി ഉപരിപഠനം നടത്താന്‍ വേണ്ട സാമ്പത്തിക ശേഷി ഉണ്ടായിരുന്നുള്ളൂ. ഈ വരേണ്യ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്‌ മാത്രമെ റോയല്‍ ഇന്ത്യന്‍ നേവി (ആര്‍ഐഎന്‍) റോയല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്‌, ബ്രിട്ടീഷ്‌ ഇന്ത്യന്‍ പോലീസ്‌ തുടങ്ങിയ സൈന്യവിഭാഗങ്ങളുടെ തലവന്‍മാരാവാന്‍ കഴിയുകയുള്ളൂ. സാന്‍ഡേഴ്‌സില്‍ പോലീസ്‌ പരിശീലനം കിട്ടിയവരെ മാത്രമെ ഡി എസ്‌ പി മുതല്‍ മേലോട്ട്‌ നിയമിച്ചിരുന്നുള്ളു.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പ്‌ ദേശീയ നേതാക്കന്‍മാരുടെ, വലിയ ധനവാന്മാരുടെ സന്തതികള്‍ക്ക്‌ മാത്രമെ ഉപരിപഠനം നടത്താന്‍ കഴിയുമെന്ന്‌ സൂചിപ്പിച്ചുവല്ലോ? മോത്തിലാല്‍ നെഹ്‌റുവിന്റെ പുത്രന്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മദ്രാസില്‍ മന്ത്രിയായിരുന്ന സുബ്ബരായന്റെ മക്കള്‍ കുമാരമംഗലവും, പാര്‍വ്വതിയും ഇതിന്നുദാഹരണങ്ങളാണ്‌. 30 കളില്‍ ബംഗാളില്‍ നിന്ന്‌ ഇംഗ്ലണ്ടില്‍ പോയി പഠിച്ച ജ്യോതിബസു, നിഖില്‍ ചക്രവര്‍ത്തി, ഭൂപേഷ്‌ ഗുപ്‌ത, ഇന്ദ്രജിത്ത്‌ ഗുപ്‌ത തുടങ്ങിയ മധ്യവര്‍ഗ്ഗത്തില്‍ നിന്നുള്ള ബുദ്ധിജീവികള്‍ കമ്മ്യൂണിസ്റ്റുകാരായിട്ടാണ്‌ നാട്ടിലേക്ക്‌ തിരിച്ചുവന്നത്‌.

അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഗംഗാധര്‍ അധികാരി 1926ല്‍ തന്നെ ജര്‍മ്മനിയില്‍ നിന്ന്‌ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റ്‌ എടുത്തുവന്ന ശാസ്‌ത്രജ്ഞനായിരുന്നു. ശ്രീലങ്കന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പീറ്റര്‍ ക്വാനിമാന്‍, സൗത്ത്‌ ആഫ്രിക്കന്‍ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന യൂസഫ്‌ദാമു തുടങ്ങിയവരും കമ്മ്യൂണിസ്റ്റായത്‌ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോഴായിരുന്നു. നെഹ്‌റു കുടുംബത്തിലെ ഇന്ദിരാ ഗാന്ധി കേംബ്രിഡ്‌ജിലും മകന്‍ രാജീവ്‌ ഗാന്ധി ലണ്ടനിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലും രാഹുല്‍ ഗാന്ധി അമേരിക്കയിലും ആണ്‌ ഉപരിവിദ്യാഭ്യാസം നടത്തിയത്‌.

ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവായിരുന്ന രജനി പാല്‍മിദത്ത്‌ ഇംഗ്ലണ്ടില്‍ പഠിക്കുന്ന ബ്രിട്ടീഷ്‌ കോളണി രാജ്യങ്ങളിലെ ഉത്‌പതിഷ്‌ണുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നടത്തുന്ന മാര്‍ക്‌സിസ്റ്റ്‌ സ്റ്റഡിക്ലാസ്സില്‍ പങ്കെടുത്തവരായിരുന്നു മുകളില്‍ പേരെടുത്ത്‌ പറഞ്ഞവരില്‍ മിക്കവരും. ഇന്ദിരാഗാന്ധിയും പാല്‍മി ദത്തിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുത്തിരുന്നു. കോളനികളിലെ വിപ്ലവപ്രസ്ഥാനത്തിന്‌ മാര്‍ക്‌സിസം ലെനിനിസത്തില്‍ പാണ്‌ഡിത്യമുളള കേഡര്‍മാരെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്‌ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍ നാഷണലിന്റെ നിര്‍ദ്ദേശപ്രകാരം ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇത്തരം പഠന കേന്ദ്രങ്ങള്‍ നടത്തിയത്‌.

ഇന്ദിരാഗാന്ധി ഭൂപേഷ്‌ ഗുപ്‌തയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും ഈ ക്ലാസ്സുകളില്‍ പങ്കെടുക്കുമ്പോഴാണ്‌. പിന്നീട്‌ ഫിറോസ്‌ ഗാന്ധിയെന്ന ധനികനായ പാഴ്‌സി സുമുഖന്‍ ഇംഗ്ലണ്ടില്‍ പഠിക്കാനെത്തിയപ്പോഴാണ്‌ ഇന്ദിരയുമായി അടുക്കുന്നതും നെഹ്‌റുവിന്റെ മകള്‍ പാല്‍മി ദത്തിന്റെ ക്ലാസ്സുകള്‍ കട്ടുചെയ്യുന്നതും. ഭൂപേഷ്‌ ഗുപ്‌ത ഇന്ത്യയില്‍ തിരിച്ചുവന്ന്‌ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രാജ്യസഭാഗ്രൂപ്പിന്റെ തലവനും പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗവുമായി ഉയര്‍ന്നു. പ്രേമനൈരാശ്യത്തിലാണത്രെ ഭൂപേഷ്‌ ഗുപ്‌ത കല്യാണം കഴിക്കാതിരുന്നത്‌.

ഭൂപേഷ്‌ ഗുപ്‌ത മരിച്ചപ്പോള്‍ ഇന്ദിരാഗാന്ധി സിപിഐയുടെ കേന്ദ്ര ആസ്ഥാനമായ അജയ്‌ ഭവനില്‍ ചെന്ന്‌ പഴയ സഹപാഠിക്ക്‌ അന്തിമോപചാരങ്ങള്‍ അര്‍പ്പിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആപ്പീസില്‍ ആദ്യമായും അവസാനമായും ഇന്ദിരാഗാന്ധി പ്രവേശിച്ചത്‌ അന്നാണ്‌.
മുതലാളിത്തത്തില്‍ നിന്ന്‌ സോഷ്യലിസത്തിലേക്കുള്ള ആഗോള പരിവര്‍ത്തനം, ഒക്‌ടോബര്‍ വിപ്ലവം എന്നിവയിലൂടെ ത്വരിതപ്പെട്ടപ്പോള്‍, പ്രത്യേകിച്ച്‌ കൊളോണിയല്‍ വ്യവസ്ഥയുടെ തകര്‍ച്ചയുടെ ദരിദ്രരായ കുട്ടികള്‍ക്ക്‌ സോഷ്യലിസ്റ്റ്‌ മേഖലയില്‍ ഉപരിപഠനത്തിനുള്ള സൗകര്യങ്ങള്‍ നിലവില്‍ വന്നതോട്‌ കൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലും മുതലാളിത്തത്തിന്‌ ബദലുണ്ടായി.

1961 ല്‍ മോസ്‌കോയിലെ ലെനിന്‍ ഹില്ലില്‍ ലൂമുംബാ സര്‍വകലാശാല സ്ഥാപിക്കപ്പെട്ടതോടുകൂടി ഓക്‌സ്‌ഫോര്‍ഡിനും, കേംബ്രിഡ്‌ജിനും ബദലായ വിദ്യാപീഠങ്ങള്‍ സോഷ്യലിസ്റ്റ്‌ മേഖലയില്‍ സ്ഥാപിക്കപ്പെട്ടു. ബര്‍ലിനിലെ ഹംബോള്‍ സര്‍വ്വകലാശാലയിലും ലൈറ്റിഡിബ്‌ക്കിലെ കാള്‍മാര്‍ക്‌സ്‌ സര്‍വ്വകലാശാലയിലും മോസ്‌കോവിലെ ലെനിന്‍ സര്‍വ്വകലാശാലയിലും ആയിരക്കണക്കിന്‌ പാവപ്പെട്ടവരുടെ മക്കള്‍ ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും സൗജന്യപഠനത്തിന്‌ വന്നു ചേര്‍ന്നു. ഇവരുടെ ഉപരിപഠനത്തിന്‌ സോഷ്യലിസ്റ്റു സര്‍ക്കാരുകളാണ്‌ പണം ചെലവാക്കിയത്‌.

ഈ സോഷ്യലിസ്റ്റ്‌ സൗജന്യ ഉപരിപഠന സംവിധാനത്തെ ഇന്ത്യയില്‍ നിന്ന്‌ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്‌ സിപിഐ ഉം കോണ്‍ഗ്രസ്സുമായിരുന്നു. ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിന്‌ യോഗ്യമാകുന്ന മിനിമം മാര്‍ക്ക്‌ തികയാത്ത കുട്ടികളെയാണ്‌ പലപ്പോഴും മോസ്‌കോവിലേക്ക്‌ ഇവര്‍ അയച്ചിരുന്നതെന്നത്‌ പരസ്യമായ ഒരു രഹസ്യം മാത്രമാണ്‌. മന്ദബുദ്ധികളെ ശാസ്‌ത്രപഠനത്തിന്‌ ഒരുക്കുന്നതിനു വേണ്ടി ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്കുകള്‍ ലൈറ്റ്‌സ്‌ ബിക്ക്‌ ഹെര്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്ന ഒരു ട്യൂട്ടോറിയല്‍ സര്‍വകലാശാല സ്ഥാപിച്ചു.

ഒരു വര്‍ഷത്തെ ഇന്റന്‍സീവ്‌ ട്യൂഷന്റെ ഫലമായി ഈ മന്ദബുദ്ധികള്‍ ജര്‍മ്മന്‍ ഭാഷയും, ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌ തുടങ്ങിയ ശാസ്‌ത്ര വിഷയങ്ങളും ഹൃദിസ്ഥമാക്കിയാണ്‌ സര്‍വകലാശാലകളുടെ പടി കയറിയത്‌. സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ ജിഎന്‍പി യുടെ ഒരു ശതമാനത്തോളം മാത്രമാണ്‌ വിദേശത്ത്‌ നിന്ന്‌ വരുന്നവര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസത്തിന്‌ വേണ്ടി ചെലവിട്ടിരുന്നുവെന്ന വസ്‌തുതയും ശ്രദ്ധേയമാണ്‌.

ക്രൂഷ്‌ചേവ്‌ സ്ഥാപിച്ച ലുമുംബാ സര്‍വകലാശാലയിലും വാള്‍ട്ടല്‍ ഉള്‍ബ്രിട്ട്‌ സ്ഥാപിച്ച കിഴക്കന്‍ ജര്‍മ്മനിയിലെ ഹെര്‍ഡര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പണം കൊടുത്ത്‌ പഠിക്കണമെങ്കില്‍ കോടീശ്വരന്‍മാര്‍ക്ക്‌ മാത്രമെ കഴിയുമായിരുന്നുള്ളൂ എന്ന്‌ ഇപ്പോള്‍ ഓര്‍ക്കുന്നത്‌ നല്ലതായിരിക്കും. ഒരു വിദ്യാര്‍ത്ഥിക്ക്‌ ഒരു മാസത്തെ ചെലവ്‌ 2000 ഡോളര്‍ കഴിയുമെന്ന്‌ ലുമുംബാ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ 1964 ലെ ബ്ലിറ്റ്‌സ്‌ അഭിമുഖത്തില്‍ എന്നോട്‌ പറഞ്ഞിരുന്നു. ഇത്രയധികം പണം സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ ചെലവാക്കിയത്‌ തൊഴിലാളിവര്‍ഗ്ഗ സാര്‍വദേശീയതയുടെയും വിമോചന പ്രസ്ഥാനങ്ങള്‍ക്കുള്ള പിന്തുണയുടെയും കൊടിക്കൂറ ഉയര്‍ത്തി പിടിക്കുവാന്‍ വേണ്ടിയായിരുന്നു.

ഇവിടെ നാം പ്രത്യേകം ഓര്‍ക്കേണ്ടത്‌ സോവിയറ്റ്‌ യൂണിയന്‍ ഒരാഗോള ശക്തിയായി വളരുകയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ സര്‍ക്കാരുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്‌തശേഷമാണ്‌ ഇന്ത്യാക്കാരായ തൊഴിലാളികളുടെയും കൃഷിക്കാരുടെയും സന്തതികള്‍ക്ക്‌ യൂറോപ്പില്‍ ഉപരിപഠനത്തിന്‌ അവസരം ലഭിച്ചത്‌.

ഒക്‌ടോബര്‍ വിപ്ലവത്തിന്‌ ശേഷം സാര്‍വദേശീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തന്റെ മൂന്നാം ഇന്റര്‍നാഷണല്‍ 1919 ല്‍ ലെനില്‍ സ്ഥാപിക്കുകയുണ്ടായി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ലോകവിപ്ലവത്തിന്‌ തയ്യാറെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കമ്മ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലുകള്‍ സ്ഥാപിക്കപ്പെട്ടത്‌. ഈ ലക്ഷ്യം കൈവരിക്കാന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുന്നതിനും മാര്‍ക്‌സിസം പഠിപ്പിക്കുന്നതിനും ലെനിന്‍ സ്ഥാപിച്ച സര്‍വകലാശാലയാണ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ദ ടോയ്‌ലേഴ്‌സ്‌ ഓഫ്‌ ദ ഈസ്‌ററ്‌ എന്ന മഹത്തായ വിദ്യാപീഠം.

മോസ്‌കോവിലും, താഷ്‌കന്റിലും, ബാള്‍ക്കുവിലും, ലെനിന്‍ ഗ്രാഡിലും ഈ സര്‍വകലാശാലയ്‌ക്ക്‌ കോളേജുകള്‍ ഉണ്ടായിരുന്നു. സ്റ്റാലിന്‍, ലെനിന്‍, ദിമിത്രോവ്‌ തുടങ്ങിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ഈ കോളേജില്‍ ക്ലാസെടുത്തിരുന്നു. ഞാന്‍ മോസ്‌കോ പാര്‍ട്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഒരു പഴയ ക്ലാസ്സ്‌ മുറിയിലെ ബ്ലാക്ക്‌ ബോര്‍ഡില്‍ സ്റ്റാലിന്റെ കൈയ്യക്ഷരത്തില്‍ റഷ്യന്‍ ഭാഷയിലെഴുതിയ ഒരു സമവാക്യം മ്യൂസിയം പോലെ സൂക്ഷിച്ച്‌ വെച്ചത്‌ ഓര്‍ക്കുന്നു. 1927 ല്‍ ഒരു മണിക്കൂര്‍ നേരത്തെ ക്ലാസ്സില്‍ എഴുതിയ സമവാക്യം ``സോഷ്യലിസം + മുതലാളിത്ത രീതി = പ്രതിവിപ്ലവം എന്നായിരുന്നു.

ഇന്നത്തെ നവറിവിഷനിസത്തിനുള്ള ഒരു കടുത്ത താക്കീതായി സ്റ്റാലിന്റെ ഈ സമവാക്യം ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ഗോര്‍ബച്ചേവ്‌ മുതലാളിത്ത രീതിയില്‍ സോഷ്യലിസം നടത്തികൊണ്ടുപോവാന്‍ പരിശ്രമിച്ചത്‌ കൊണ്ടാണ്‌ സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നത്‌. എഡിബി വായ്‌പ വഴിയും, ലോക ബാങ്കിന്റെ സഹായത്തോടു കൂടിയും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മിനിമം പരിപാടി നടപ്പാക്കാമെന്നുള്ള കേരള സിപിഐഎമ്മിലെ ഇന്നത്തെ ധാരണയും `ആഗോളവത്‌കരണം അനിവാര്യമാണ്‌ ആഗോളവത്‌കരണത്തിന്‌ ബദലില്ലെന്ന' ബുദ്ധദേവ്‌ ഭട്ടാചാര്യയുടെയും തോമസ്‌ ഐസക്കിന്റെയും സിദ്ധാന്തങ്ങള്‍ക്കെതിരായ താക്കീതായിരുന്നു സ്റ്റാലിന്റെ മേല്‍പ്പറഞ്ഞ സമവാക്യം.

ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ്‌, ബ്രഷ്‌നേവ്‌ ഭരണകാലത്ത്‌ (1917 മുതല്‍ 1980 വരെ) സോവിയറ്റ്‌ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ അമേരിക്കയിലേക്ക്‌ അയച്ചില്ല. അമേരിക്കന്‍ സര്‍വകലാശാലകളുടെ നിലവാരത്തില്‍ ഒട്ടും താഴെയായിരുന്നില്ല സോവിയറ്റ്‌ സര്‍വ്വകലാശാലകളിലെ പഠനരീതിയും നിലവാരവും. കിഴക്കന്‍ യൂറോപ്പിലും ഇതേ നയം തന്നെയാണ്‌ തുടര്‍ന്നു പോന്നത്‌. ഗോര്‍ബച്ചേവിന്റെ കാലത്ത്‌ 1986 മുതലാണ്‌ റഷ്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക്‌ പകരക്കരാര്‍ അടിസ്ഥാനത്തില്‍ ഉപരിപഠനത്തിന്‌ അയച്ചത്‌. സോവിയറ്റ്‌ വിദേശകാര്യമന്ത്രി എഡ്വേര്‍ഡ്‌ ഷെവര്‍ നാത്സെയും, അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ജെയിംസ്‌ ബെക്കറും തമ്മിലുള്ള ഒരു ധാരണ പ്രകാരമാണ്‌ ആദ്യ സോവിയറ്റ്‌ വിദ്യാര്‍ത്ഥി സംഘം അമേരിക്കയിലേക്ക്‌ തിരിച്ചത്‌.

സോവിയറ്റ്‌ റിവിഷനിസത്തിന്റെ ഒരു ദുരന്ത ഫലമായിരുന്നു മസ്‌തിഷ്‌ക പ്രക്ഷാളനത്തിനുള്ള ഈ ഏര്‍പ്പാട്‌. അമേരിക്കന്‍ ഉപരിപഠനത്തിന്‌ ശേഷം മടങ്ങിയ സോവിയറ്റ്‌ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിനും ബോറിസ്‌ യെത്സിന്റെ പ്രതിവിപ്ലവത്തിനും ശക്തിയായ പിന്തുണ നല്‍കിയിട്ടുള്ളതായി കെജിബിയുടെ രേഖകളില്‍ പറയുന്നുമുണ്ട്‌. ഇവരില്‍ ചിലരെയെങ്കിലും അമേരിക്കന്‍ ചാരസംഘടനയായ സിഐഎ റിക്രൂട്ട്‌ ചെയ്‌ത്‌ സോഷ്യലിസ്റ്റ്‌ വിരുദ്ധ പ്രചരണത്തിന്‌ ഉപയോഗപ്പെടുത്തിയെന്നും കെജിബി യുടെ ഇപ്പോള്‍ പുറത്ത്‌ വിട്ട രേഖകളില്‍ പറയുന്നുമുണ്ട്‌. ഇത്തരം കാരണങ്ങളാലും ഭാരിച്ച പണച്ചെലവു കൊണ്ടും ആണ്‌ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ സന്തതികളെ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ അയക്കരുതെന്ന `അലിഖിത ധാര്‍മ്മിക ധാരണ' സാര്‍വ്വദേശീയ കമമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ഇതുവരെ നിലനിന്നു പോന്നത്‌.

മൗസി ട്യൂങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ നടന്ന സാംസ്‌കാരിക വിപ്ലവം (1965-75) ആരംഭിച്ചത്‌ പാര്‍ട്ടിനേതൃത്വത്തിലെ മുതലാളിത്ത പാതക്കാരെ ഒറ്റപ്പെടുത്തുവാന്‍ വേണ്ടിയായിരുന്നു. മാവോ സേതൂങ്ങിന്റെ മരണശേഷം ഡങ്‌സായിപിങ്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും `നാല്‌ നവീകരണങ്ങള്‍' എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിന്‌ വേണ്ടി മുദ്രാവാക്യം പാര്‍ട്ടിയുടെ അടിസ്ഥാന മുദ്രാവാക്യമായി മാറി.

വ്യവസായം, കൃഷി, ഭരണം എന്നിവയില്‍ നവീകരണത്തിന്‌ കേഡര്‍മാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടി പതിനായിരക്കണക്കിന്‌ ചൈനീസ്‌ യുവാക്കളെ അമേരിക്കയിലേക്കും, പശ്ചിമ യൂറോപ്പിലേക്കും ഉപരിപഠനത്തിനയച്ചത്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ റിവിഷനിസ്റ്റ്‌ പ്രമുഖനായ ജനറല്‍ സെക്രട്ടറി സാവോത്‌ സിയാങ്ങിന്റെ കാലത്തായിരുന്നു. പിബി മെമ്പര്‍മാരുടെയും കേന്ദ്രകമ്മറ്റി മെമ്പര്‍മാരുടെയും മക്കള്‍ പോലും നിയോഗിക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ ഡങ്‌സായിപിങ്ങിന്റെ 2 പേരക്കുട്ടികളും ഉണ്ടായിരുന്നു. പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ ഉപരിപഠനം കഴിഞ്ഞ്‌ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളാണ്‌ 1989 ലെ ട്വിയാനിന്‍ സ്‌ക്വയറില്‍ ക്യാമ്പടിച്ച പ്രതിവിപ്ലവകാരികളില്‍ ഭൂരിപക്ഷവുമെന്ന്‌ 14-ാം കോണ്‍ഗ്രസ്സിന്റെ സ്വയം വിമര്‍ശന റിപ്പോര്‍ട്ടില്‍ ഈ കാര്യം തുറന്ന്‌ സമ്മതിച്ചിട്ടുമുണ്ട്‌.

ട്വിയാനിന്‍ സ്‌ക്വയറിലെ മൗസി തൂങ്ങിന്റെ കൂറ്റന്‍ ഛായാചിത്രം നീക്കം ചെയ്‌ത്‌ തത്‌ സ്ഥാനത്ത്‌ അമേരിക്കയുടെ ചിഹ്നമായ സ്വാതന്ത്ര്യപ്രതിമ സ്ഥാപിച്ചതും ഈ വിദ്യാര്‍ത്ഥി നേതാക്കന്മാരായിരുന്നു. ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുദ്രാവാക്യം ആദ്യം മുഴക്കിയെങ്കിലും പിന്നീട്‌ അത്‌ അമേരിക്കന്‍ മോഡല്‍ ഭരണം സ്ഥാപിക്കാനുള്ള സമരമാണെന്ന്‌ മാറ്റിയെഴുതുകയും ചെയ്‌തു. ചൈനീസ്‌ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയാണ്‌ പ്രകടനക്കാരുടെ ലക്ഷ്യമെന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി സാവോത്‌ സിയാങ്‌ ട്വിയാനിന്‍ സ്‌ക്വയറില്‍ ചെന്ന്‌ പ്രതിവിപ്ലവകാരികളെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു.

ആ ഘട്ടത്തില്‍ ചൈന സന്ദര്‍ശിക്കുകയായിരുന്ന ഗോര്‍ബച്ചേവ്‌ പ്രതി വിപ്ലവകാരികള്‍ക്ക്‌ അഭിവാദ്യങ്ങളയച്ചു. പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങള്‍ ചൈനയിലെ പ്രധാനപട്ടണങ്ങളില്‍ വ്യാപിക്കുകയും ചൈനയിലെ ജനാധിപത്യ ഭരണകൂടം തകര്‍ക്കപ്പെടുകയും ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവും ചൈനീസ്‌ ജനകീയ സേനയുടെ കമാന്റ്‌ ഇന്‍ ചീഫുമായ ഡങ്‌ സ്വായ്‌ ന്യായി പിങ്‌ പട്ടാളത്തെ വിളിക്കുകയും പ്രതി വിപ്ലവവിദ്യാര്‍ത്ഥികളെ ട്വിയാമിന്‍ സ്‌ക്വയറില്‍ നിന്ന്‌ തുരത്തി റിപ്പബ്‌ളിക്കിനെ രക്ഷിക്കുകയും ചെയ്‌തത്‌. ചൈനീസ്‌ പ്രതിവിപ്ലവത്തില്‍ അമേരിക്കയില്‍ പഠിച്ച്‌ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ പങ്ക്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി ഹെന്‍റി കിസിങ്ങറും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്മാരും ചൈനീസ്‌ കമ്മ്യൂണിസ്‌ററ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയും ഒരേപോലെ സ്ഥിരീകരിച്ചതാണ്‌.

ജനകീയ ജനാധിപത്യ റിപ്പബ്‌ളിക്ക്‌ രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കായിരുന്നെന്നു ടങ്‌സ്വായിപിങ്ങിന്റെ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഈ ചരിത്ര പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ 15-ാം കോണ്‍ഗ്രസ്സ്‌ അതിപ്രധാനമായ ചില തിരുത്തലുകള്‍ വരുത്തിയത്‌. അമേരിക്ക തുടങ്ങിയ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറച്ചു. നിഷ്‌കര്‍ഷമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളെ മാത്രമെ ഉപരിപഠനത്തിനായി വിദേശത്തേക്ക്‌ അയയ്‌ക്കുകയുള്ളൂവെന്ന്‌ തീരുമാനിച്ചു.

പാര്‍ട്ടിയുടെ ജില്ലാ നേതാക്കന്മാര്‍, സംസ്ഥാന നേതാക്കന്മാര്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍, തിരഞ്ഞെടുക്കപ്പെട്ട സാമാജികന്മാരും, പാര്‍ലിമെന്റംഗങ്ങളും അവരുടെ സന്തതികളെ പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനയക്കരുതെന്ന്‌ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ അംഗങ്ങളാണ്‌ തീരുമാനിച്ചത്‌. കണ്ടമാനം വിദ്യാര്‍ത്ഥികളെ മുതലാളിത്ത രാജ്യങ്ങളിലേക്കയക്കുന്നതും സാവോ സിയാങ്ങിനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന്‌ നീക്കം ചെയ്‌തതും പ്രതിവിപ്ലവത്തിന്‌ എതിരായ നടപടികളാണ്‌. ഉന്നതപാര്‍ട്ടി നേതാക്കന്മാരുടെ സന്തതികളെ മുതലാളിത്ത രാജ്യങ്ങളിലേക്ക്‌ ഉപരിപഠനത്തിനയക്കുന്നത്‌ നിഷേധിക്കുക മാത്രമല്ല കേന്ദ്രകമ്മറ്റി ചെയ്‌തത്‌.

പ്രമുഖ പാര്‍ട്ടി നേതാക്കന്മാര്‍ ലിമിറ്റിഡ്‌ കമ്പനികളുടെ ഷെയര്‍ ഹോള്‍ഡര്‍മാരോ, ഡയറക്‌ടര്‍മാരോ, മാനേജിങ്‌ ഡയറക്‌ടര്‍മാരോ, ചെയര്‍മാനോ ആവാന്‍ പാടില്ലെന്ന്‌ തീരുമാനിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഈ തീരുമാനങ്ങള്‍ ലംഘിക്കുകയും അഴിമതി നടത്തുകയും അവിഹിതധനം വാരിക്കൂട്ടുകയും ചെയ്‌ത പാര്‍ട്ടി നേതാക്കന്മാര്‍ക്ക്‌ വധശിക്ഷ പോലും വിചാരണക്ക്‌ ശേഷം നല്‍കിയിട്ടുണ്ട്‌. ഈ കൂട്ടത്തില്‍ 12 കേന്ദ്രകമ്മറ്റി അംഗങ്ങളും, ഒരു മേയറും, ഒരു മുന്‍ പിബി അംഗവും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.

ടെങ്‌സ്വായ്‌ പിങ്ങിന്റെ മരണശേഷം പ്രത്യേകിച്ചും ടിയാങ്‌ സെമീന്‍ ജനറല്‍ സെക്രട്ടറി ആയപ്പോള്‍ ചൈനയില്‍ കുമിളുകള്‍ പോലെ പൊന്തിവന്ന സ്‌പെഷ്യല്‍ എക്കണോമിക്‌ സോണു (പ്രത്യേക സാമ്പത്തിക മേഖല) മായി ബന്ധപ്പെട്ട്‌ വീണ്ടും ആയിരക്കണക്കിന്‌ ചൈനീസ്‌ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക്‌ ഉപരിപഠനത്തിന്‌ അയച്ചു തുടങ്ങിയിട്ടുണ്ട്‌. ഇതിന്റെ അനന്തരഫലം ഒരു ദശാബ്‌ദത്തിനുള്ളില്‍ അനുഭവപ്പെടും.

ഇപ്പോള്‍ 84,000 ഇന്ത്യാക്കാരും 68,000 ചൈനീസ്‌ വിദ്യാര്‍ത്ഥികളും അമേരിക്കന്‍ ക്യാമ്പസുകളില്‍ പഠിക്കുന്നുണ്ട്‌. ഇക്കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കള്‍ കാല്‍ശതമാനം പോലുമില്ല എന്നത്‌ 15-ാം കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിന്റെ ഫലമാണ്‌.

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 15-ാം കോണ്‍ഗ്രസില്‍ 1997 ല്‍ പങ്കെടുത്ത്‌ തിരിച്ചെത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സുര്‍ജിത്‌ ചൈനയിലെ ചരിത്ര പ്രസിദ്ധമായ തീരുമാനങ്ങളെക്കുറിച്ച്‌ ഇംഗ്ലീഷിലെഴുതിയ ഒരു ലഘുലേഖയില്‍ വിവരിച്ചിട്ടുണ്ട്‌. ഈ ലഘുലേഖ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മാര്‍ഗദര്‍ശകമാകേണ്ടതാണ്‌.

നേതാക്കന്മാരുടെ സന്തതികള്‍ വിദേശത്ത്‌ പോയി പഠിക്കുന്നതിനെ പറ്റി സിപിഐ(എം) ന്റെ നിലപാട്‌ സിപിഐ ല്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. 1964 ല്‍ പി.സുന്ദരയ്യ സിപിഐഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലാണ്‌ സോവിയറ്റ്‌ യൂണിയനിലേക്കും, കിഴക്കന്‍ യൂറോപ്പിലേക്കും കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന്‌ ക്ഷണിച്ചുകൊണ്ടുള്ള സിപിഎസ്‌യുവിന്റെ തീരുമാനം ഉണ്ടായത്‌.

70കളില്‍ 500 ഓളം സിപിഐ നേതാക്കന്മാരുടെ കുട്ടികള്‍ സോവിയറ്റ്‌ യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും ഉപരിപഠനം നടത്തിയിരുന്നു. സിപിഐഎമ്മിന്‌ സോവിയറ്റ്‌ പാര്‍ട്ടിയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഉയര്‍ന്ന നേതാക്കന്മാരുടെ കുട്ടികളെ ഉപരിപഠനത്തിന്‌ കൊണ്ടു പോവാമെന്ന്‌ സോവിയറ്റ്‌ നയതന്ത്ര പ്രതിനിധികള്‍ സുന്ദരയ്യയെയും, ഇ എം എസ്സിനെയും അറിയിച്ചതായി എനിക്കറിയാം.

പക്ഷെ സിപിഐഎം ഈ ഓഫര്‍ സ്വീകരിച്ചിരുന്നില്ല. ഇ എം എസ്‌. ബി ടി ആര്‍, ജ്യോതിബസു, സി എം കണാരന്‍, ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയ സിപിഐഎം നേതാക്കന്മാര്‍ക്ക്‌ അവരുടെ മക്കളെ സോവിയറ്റ്‌ യൂണിയനിലോ, മോസ്‌കോയിലോ, ബര്‍ലിനിലോ, ക്യൂബയിലോ ഉപരിപഠനത്തിന്‌ അയക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും അവര്‍ അത്‌ നിരസിക്കുകയാണ്‌ ചെയ്‌തത്‌. ഇ എം എസ്സിന്റെ മകന്‍ ശ്രീധരന്‍ (അനിയന്‍) ചാര്‍ട്ടേഡ്‌ എക്കൗണ്ടന്‍സി പാസായി ചെന്നൈയില്‍ ജോലി അന്വേഷിച്ച്‌ നടക്കുമ്പോള്‍ ബര്‍ലിനില്‍ ഉപരിപഠനത്തിന്‌ സൗകര്യപ്പെടുത്താമെന്ന്‌ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും ക്ഷണക്കത്തുണ്ടായിരുന്നു.

ബര്‍ലിന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കോണോമിക്‌സ്‌, ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ പോലെ പ്രശസ്‌തമായ ശാസ്‌ത്രഗവേഷണ കേന്ദ്രമായിരുന്നു. ബര്‍ലിന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സിന്റെ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. ഡോ. ഫൗള്‍ ബെറ്റര്‍ തന്നെയാണ്‌ ക്ഷണിച്ചത്‌. ഈ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞാന്‍ തന്നെ ഇ.എം.എസ്സിനോട്‌ സംസാരിച്ചപ്പോള്‍ ഇന്ത്യയില്‍ ജനിച്ച്‌, ഇന്ത്യയില്‍ വളര്‍ന്ന്‌, ഇന്ത്യയില്‍ ജീവിക്കേണ്ട കുട്ടികള്‍ക്ക്‌ ഇവിടെ തന്നെയുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യം എന്നായിരുന്നു ഇ എം എസ്സിന്റെ മറുപടി.

സിപിഐഎമ്മിന്റെ ഉന്നതനേതാക്കന്മാര്‍ ആരും തന്നെ മക്കളെ സോവിയറ്റ്‌ യൂണിയനിലോ മുതലാളിത്ത വിദേശത്തോ ഉപരിപഠനത്തിന്‌ അയച്ചിരുന്നില്ല. ഇതിന്നൊരു എക്‌സപ്‌ഷന്‍ ഒ ജെ ജോസഫിന്റെ കാര്യത്തില്‍ പിബിയെടുത്തത്‌ അദ്ദേഹത്തിന്റെ രണ്ട്‌ പെണ്‍മക്കളെ മോസ്‌കോയിലേക്ക്‌ ഉപരിപഠനത്തിനയച്ചത്‌ ആ സഖാവ്‌ കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളായതു കൊണ്ട്‌ മാത്രമാണ്‌.

സിപിഐഎം സംസ്ഥാന സെക്രട്ടറിമാരില്‍ കേരളത്തിലെ പിണറായി വിജയനൊഴിച്ച്‌ മറ്റാരും മക്കളെ ഇംഗ്ലണ്ടിലോ, അമേരിക്കയിലോ ഉപരിപഠനത്തിന്‌ അയച്ചിട്ടില്ല എന്ന വസ്‌തുത ശ്രദ്ധേയമാണ്‌. പുത്തന്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ സന്തതികള്‍, എസ്‌ എഫ്‌ ഐയിലോ, ഡി വൈ എഫ്‌ ഐ യിലോ പാര്‍ട്ടിയിലോ, ബഹുജന സംഘടനകളിലോ സജീവമാകുന്നില്ല എന്നുള്ളതും ഒരു അപവാദമാണ്‌.

പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തിലെ നിയോ ലിബറല്‍ പാര്‍ട്ടി നേതാക്കന്മാര്‍ ആഗോളവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും സ്വാധീനവലയത്തിലകപ്പെട്ട്‌ സ്വന്തം സന്തതികളെ അരാഷ്‌ട്രീയവത്‌കരിച്ചും ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുവിടുകയുമാണ്‌ ചെയ്യുന്നത്‌. കേരളത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റിയിലെത്തിയ ഒരേ ഒരു നേതൃപുത്രന്‍ ഇം എം എസ്സിന്റെ മകന്‍ ശ്രീധരനാണ്‌.

സിപി.ഐയില്‍ വിശ്വനാഥന്റെയും ഓമനയുടെയും മകന്‍ ബിനോയ്‌ വിശ്വവും, പ്രഭാകരന്റെ പുത്രന്‍ കെ പി രാജേന്ദ്രനും പാരമ്പര്യം കാത്തിട്ടുണ്ട്‌. ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പിനും, ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ ധനസഹായത്തിനും കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ മക്കള്‍ ശുപാര്‍ശയും സ്വാധീനവും ചെലുത്തുന്നത്‌ വിരോധാഭാസം തന്നെ. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ പടര്‍ന്ന്‌ പിടിക്കുന്ന പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ റിവിഷനിസ്റ്റ്‌, നാലാം ലോക ആശയങ്ങളുടെ അനന്തരഫലം കൂടിയാണിതെന്ന്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ മനസ്സിലാക്കിയാല്‍ നന്ന്‌.

Tuesday, June 21, 2011

ഐ.ടി ജീവനക്കാരിയെ 'സദാചാര പൊലീസ്' ചമഞ്ഞ സംഘം നടുറോഡില്‍ മര്‍ദിച്ചു

മാധ്യമം
കൊച്ചി: രാത്രി ജോലിക്ക് പോകും വഴി ഐ.ടി ജീവനക്കാരിയെ 'സദാചാര പൊലീസ്' ചമഞ്ഞ ഓട്ടോൈഡ്രവറുടെ നേതൃത്വത്തില്‍ ഒരുസംഘം നടുറോഡില്‍ മര്‍ദിച്ചു. പരാതി 'എഴുതി' കൊടുക്കാത്തതിന്റെ പേരില്‍ പൊലീസുകാര്‍ സംഭവം ആദ്യം അവഗണിച്ചു. ഇത് ബംഗളൂരു അല്ല കൊച്ചിയാണെന്ന് പറഞ്ഞായിരുന്നു യുവതിയെ മര്‍ദിച്ചത്. ഞായറാഴ്ച രാത്രി പത്തിന് കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം.

കാക്കനാട് പ്രത്യേക സാമ്പത്തിക സോണിലെ ബി.പി.ഓയില്‍ ഡോക്യുമെന്റ് സ്‌പെഷലിസ്റ്റ് ജീവനക്കാരിയായ മഞ്ചേരി നെല്ലിപ്പറമ്പ് വീട്ടില്‍ തസ്‌നി ബാനുവിനാണ് ദുരനുഭവം ഉണ്ടായത്. നേരം വൈകിയതിനാല്‍ സ്ഥാപനത്തിലേക്ക് സ്ഥിരമായി പോകാറുള്ള വാഹനം കിട്ടാതെ വന്ന യുവതി സുഹൃത്തിന്റെ ബൈക്കിലാണ് തിരിച്ചത്. പാലാരിവട്ടത്തെ ഹോസ്റ്റലില്‍ നിന്നുള്ള യാത്രക്കിടെ ചായ കുടിക്കാന്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് നിര്‍ത്തി.

സുഹൃത്ത് തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്ന സമയത്ത് ബൈക്കിന് സമീപം നിന്ന യുവതിയോട് മദ്യപിച്ച് ലക്കുകെട്ട ഒരു ഓട്ടോഡ്രൈവര്‍ അസഭ്യം പറഞ്ഞു. ഇത് അവഗണിച്ചപ്പോര്‍ ഇയാള്‍ തട്ടിക്കയറി. ബഹളംകേട്ടെത്തിയ ഇയാളുടെ ചങ്ങാതിമാരും യുവതിയെ അസഭ്യം പറഞ്ഞു. സംഭവം കണ്ട് ഓടിവന്ന സുഹൃത്തിനെ ഇരുവരും അനാശാസ്യത്തിനാണ് എത്തിയെതന്നും പൊലീസിനെ വിളിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. 'നിങ്ങളുടെ മോശം പെരുമാറ്റത്തിന് ഞാനാണ് പൊലീസിനെ വിളിക്കാന്‍ പോകുന്ന'െതന്ന് യുവതി പറഞ്ഞതോടെ ഓട്ടോഡ്രൈവര്‍ മര്‍ദിക്കുകയായിരുന്നു.

അടി കൊണ്ട് ഇവരുടെ ഇടതു കഴുത്തില്‍ ചതവുണ്ട്. നിലത്തു വീണ ഇവരുടെ വലതുകൈ തിരിച്ചൊടിക്കാനും ശ്രമിച്ചു. ഇതിനിടെ നാട്ടുകാര്‍ വട്ടം കൂടി. പരിസ്ഥിതി പ്രവര്‍ത്തകയും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ ജ്യോതി നാരായണനെ ഫോണില്‍ വിളിച്ചുവരുത്തിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

പൊലീസെത്തി ഓട്ടോ ഡ്രൈവറെ സ്‌റ്റേഷനില്‍ കൊണ്ടു പോയെങ്കിലും യുവതി പരാതി എഴുതി നല്‍കാത്തതിനാല്‍ വിട്ടയച്ചു. അവശതകള്‍ വക വെക്കാതെ യുവതി ജോലിക്ക് പോയെങ്കിലും പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി സംഭവം പുറത്തെത്തും വരെ പൊലീസ് തിരിഞ്ഞുനോക്കിയില്ല. വാര്‍ത്തകള്‍ കണ്ട് തൃക്കാക്കര എം.എല്‍.എ ബെന്നി ബഹനാന്‍ ആശുപത്രിയിലെത്തി. അദ്ദേഹം വിളിച്ചു പറഞ്ഞപ്പോഴാണ് തൃക്കാക്കര പൊലീസ് സംഭവം ഗൗരവമായെടുത്തത്. ഉടനെ അസി.കമീഷണര്‍ പി.ആര്‍.പ്രകാശ് , എസ്.ഐ. രാജു മാധവന്‍ എന്നിവര്‍ എത്തി ഇവരുടെ മൊഴിയെടുത്തു. വൈകുന്നേരത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അസി. കമീഷണര്‍ ഉറപ്പുനല്‍കി.

സ്ത്രീകളടക്കം നിരവധി പേര്‍ രാത്രി ഷിഫ്ടില്‍ ജോലി ചെയ്യുന്ന കൊച്ചിയില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് സ്ത്രീ കൂട്ടായ്മ അംഗങ്ങളായ അഡ്വ.ടി.ബി. മിനി, അഡ്വ. നന്ദിനി എന്നിവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, വിവിധ പൊലീസ് സംഘങ്ങള്‍ രാത്രികാല റോന്തു ചുറ്റല്‍ നടത്തുന്നുണ്ടെന്ന് അസി.

ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയെ വളഞ്ഞുവച്ചു മര്‍ദിച്ചു

കൊച്ചി: രാത്രി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ ജോലിസ്‌ഥലത്തേക്കു പോയ ഐടി ജീവനക്കാരിയെ 'സദാചാര പോലീസ്‌' ചമഞ്ഞ സംഘം കൈയേറ്റം ചെയ്‌തു. സംഭവത്തില്‍ പോലീസ്‌ കേസെടുക്കാന്‍ വൈകിയതിനേത്തുടര്‍ന്നു മുഖ്യമന്ത്രി ഇടപെട്ടു.

കഴിഞ്ഞ ഞായറാഴ്‌ച രാത്രിയുണ്ടായ സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണത്തിന്‌ ഐ.ജി. ശ്രീലേഖയെ നിയോഗിച്ചു. എന്നാല്‍ യുവതി രേഖാമൂലം പരാതി നല്‍കാത്തതിനാലാണു കേസെടുക്കാന്‍ വൈകിയതെന്നു തൃക്കാക്കര അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ടി.ആര്‍. പ്രകാശ്‌ പറഞ്ഞു.

കാക്കനാട്‌ പ്രത്യേക സാമ്പത്തികമേഖലയില്‍ ഐടി ജീവനക്കാരിയായ മലപ്പുറം മഞ്ചേരി പുളിക്കാമത്ത്‌ വീട്ടില്‍ തെസ്‌നി ബാനു(34)വിനെയാണ്‌ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിനു വളഞ്ഞുവച്ചു കൈയേറ്റം ചെയ്‌തത്‌. ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കേരളത്തെ ബംഗളുരുവാക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ആക്രമണം.

രാത്രി ഷിഫ്‌റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ താമസസ്‌ഥലമായ പാലാരിവട്ടത്തുനിന്നു കാക്കനാട്ടേക്കു പോകുംവഴി രാത്രി പത്തേകാലോടെ കാക്കനാട്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപമായിരുന്നു അക്രമം. മാര്‍ഗമധ്യേ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ യുവതിയെ ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളംപേര്‍ വളഞ്ഞു. ചോദ്യംചെയ്‌ത സംഘത്തോട്‌ യുവതി പേരും വിലാസവും വെളിപ്പെടുത്താന്‍ വിസമ്മതിച്ചതോടെയായിരുന്നു ആക്രമണം. അസഭ്യം പറഞ്ഞ സംഘത്തിലൊരാള്‍ യുവതിയുടെ മുഖത്തടിച്ചു. പിന്നീടു കൈ പിറകോട്ടു തിരിച്ചു പരുക്കേല്‍പ്പിച്ചു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ പേരും വിലാസവും വെളിപ്പെടുത്തിയതോടെ അയാളെ വെറുതേവിട്ടു. ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ചു സുഹൃത്തുക്കളും തൃക്കാക്കര പോലീസും സ്‌ഥലത്തെത്തിയതോടെയാണ്‌ അക്രമികള്‍ പിന്‍വാങ്ങിയതെന്നു തെസ്‌നി ബാനു പറഞ്ഞു. പോലീസ്‌ എത്തിയതോടെ ഒരാളൊഴികെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

ഇയാളെ കസ്‌റ്റഡിയിലെടുത്ത പോലീസിനൊപ്പം തൃക്കാക്കര സ്‌റ്റേഷനിലെത്തിയെങ്കിലും ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതോടെ പരാതി നല്‍കാതെ മടങ്ങി. പിറ്റേന്നു യുവതി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പരാതിപ്പെടാത്തതിനാല്‍ പിടികൂടിയയാളെ വിട്ടയച്ചെന്നാണു പോലീസ്‌ ഭാഷ്യം.

മതാചാരപ്രകാരമല്ലാതെ വിവാഹം ചെയ്‌ത തെസ്‌നി ബാനുവിനു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മതതീവ്രവാദികളുടെ ഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ട്‌. വിവാഹമോചനം നേടിയശേഷം 10 വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു തെസ്‌നി. വിവിധ സംഘടനാനേതാക്കള്‍ യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 'സ്‌ത്രീ കൂട്ടായ്‌മ'യുടെ നേതൃത്വത്തില്‍ കാക്കനാട്‌ പ്രതിഷേധയോഗം ചേര്‍ന്നു.

കൊച്ചിയില്‍ ഐടി ജീവനക്കാരിയെ രാത്രിയില്‍ ആക്രമിച്ചു

മാതൃഭൂമി

കൊച്ചി: സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ സംഭവങ്ങളുടെ തനിയാവര്‍ത്തനമായി ഒരു യുവതി കൂടി ആക്രമിക്കപ്പെട്ടു. രാത്രിജോലിക്കായി കാക്കനാടുള്ള ജോലിസ്ഥലത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ഐടി ജീവനക്കാരി തെസ്‌നി ബാനു (32) വിനെയാണ് ഞായറാഴ്ച രാത്രി ഒരു സംഘമാളുകള്‍ ക്രൂരമായി ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. കാക്കനാട് സെസിലുള്ള ഒരു ബിപിഒ സ്ഥാപനത്തില്‍ ഡോക്യുമെന്റ് സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി തെസ്‌നി ബാനു. ദിവസവും കമ്പനി വണ്ടിക്കാണ് തെസ്‌നി ഓഫീസില്‍ പോയി വരുന്നത്. വ്യക്തിപരമായ തിരക്കുകളാല്‍, കമ്പനിവാഹനത്തിന് പോകാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഞായറാഴ്ച ഓഫീസിലെത്താന്‍ സുഹൃത്തിന്റെ സഹായം തേടിയത്.
പിന്നീട് പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള താമസസ്ഥലത്തുനിന്ന് തെസ്‌നി ബാനുവിനെ സുഹൃത്ത് വന്ന് കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ കാക്കനാട് എന്‍ജിഒ ക്വാര്‍ടേഴ്‌സിനടുത്തുള്ള ഒരു കടയില്‍ കയറാന്‍ സുഹൃത്ത് ബൈക്ക് നിര്‍ത്തി. അവിടെ നില്‍ക്കുകയായിരുന്ന മധ്യവയസ്‌കനായ ഒരു ഓട്ടോ ഡ്രൈവറും നാലഞ്ച് പേരും ചേര്‍ന്ന്, ബൈക്കില്‍ ചാരിനില്‍ക്കുകയായിരുന്ന തെസ്‌നി ബാനുവിനു ചുറ്റും കൂടി. ഇതുകണ്ട് വന്ന സുഹൃത്തിനോട് ''നീ ഇവളെയും കൊണ്ട് എവിടെ പോവുകയാടാ...'' എന്ന് ചോദിച്ചു. കൂടെയുള്ളത് സഹപ്രവര്‍ത്തകയാണെന്നും ഓഫീസില്‍ കൊണ്ടുചെന്നാക്കാന്‍ പോവുകയാണെന്നും സുഹൃത്ത് പറഞ്ഞിട്ടും അവര്‍ വിട്ടില്ല. ''ഇത് ബാംഗ്ലൂരല്ല, കേരളമാണ്; ഇതൊന്നും നടക്കില്ല'' എന്നു പറഞ്ഞായി തുടര്‍ന്ന് സംസാരം.
ഇതിനിടെ തെസ്‌നിയുടെ സുഹൃത്തിനോട് വീട് എവിടെയാണെന്നും മറ്റും സംഘത്തിലൊരാള്‍ ചോദിക്കുകയും ചെയ്തു. എന്നാല്‍, തെസ്‌നിയോട് പേരും മറ്റു വിവരങ്ങളും അന്വേഷിച്ചപ്പോള്‍ 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെ'ന്ന് മറുപടി നല്‍കിയത് അവരെ ചൊടിപ്പിച്ചു. പോകാന്‍ തുടങ്ങുകയായിരുന്ന തെസ്‌നിയുടെ അടുത്തുവന്ന് അക്രമികളിലൊരാള്‍ ചീത്ത വിളിച്ചു. ഇതിനെതിരെ പ്രതികരിച്ച തെസ്‌നിയെ അയാള്‍ ബൈക്കില്‍ നിന്ന് തള്ളി താഴെയിടാന്‍ ശ്രമിക്കുകയും ഇടത് കരണത്തടിക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായ ഒരാള്‍ തെസ്‌നിയുടെ വലതുകൈ പിടിച്ചു തിരിച്ചു. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
തെസ്‌നി ഉടന്‍ സാമൂഹിക പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനെയും ജ്യോതി നാരായണനെയും ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. അവരുടെ സഹായത്തോടെ പോലീസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
ജോലിക്കു കയറാന്‍ സമയമായതിനാല്‍ രാവിലെ പരാതി എഴുതിക്കൊടുക്കാമെന്ന് പോലീസിനോടു പറഞ്ഞ് തെസ്‌നി ഓഫീസിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, രാവിലെയായപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ വന്ന തെസ്‌നിയെ ജനറല്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ഐജി ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി തെസ്‌നി പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രി ഇടപെട്ട് സംഭവത്തില്‍ കേസെടുക്കാനായി നിര്‍ദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ആര്‍. പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സംഭവം നടന്ന് ഒന്നര ദിവസം കഴിഞ്ഞിട്ടാണ് പോലീസ് തെസ്‌നിയുടെ മൊഴിയെടുത്തതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൂട്ടായ്മയുടെയും പെണ്ണരങ്ങ് നാടകവേദിയിലെയും അംഗവും കൂടിയാണ് തെസ്‌നി ബാനു.
തെസ്‌നി ബാനുവിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ(എംഎല്‍)യുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകള്‍

രാത്രി ഡ്യൂട്ടിക്ക് സുഹൃത്തിനൊപ്പം പോയ യുവതിയെ ആക്രമിച്ചു

മനോരമ

കൊച്ചി കാക്കനാട്ടുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ തസ്നിബാനു ആശുപത്രിയില്‍
കൊച്ചി: രാത്രി ഡ്യൂട്ടിക്ക് ഐടി അനുബന്ധ സ്ഥാപനത്തിലേക്കു പോകാന്‍ സുഹൃത്തായ യുവാവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതിക്കു നേരെ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംക്ഷനില്‍ ആക്രമണം. മലപ്പുറം സ്വദേശി തസ്നി ബാനുവിനാണ് ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലുള്ള അക്രമികളുടെ മര്‍ദനമേറ്റത്.

'കൊച്ചിയെ ബാംഗൂര്‍ ആക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു കയ്യേറ്റം. ഞായറാഴ്ച രാത്രി 11 നുള്ള ഷിഫ്റ്റില്‍ ജോലിക്കു കയറാന്‍ തൊഴില്‍ സ്ഥാപനത്തിലേക്കു പോവുകയായിരുന്നു തസ്നി ബാനു. വഴിയില്‍ സിഗരറ്റ് വാങ്ങാനായി വണ്ടി നിര്‍ത്തി സുഹൃത്ത് കടയിലേക്കു പോയ സമയത്താണു കുറേപ്പേര്‍ എത്തി തസ്നിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കാര്യങ്ങള്‍ വിശദീകരിച്ചിട്ടും തൃപ്തിയാകാതെ വീണ്ടും ശല്യം ചെയ്യാന്‍ ശ്രമിച്ചവരോട് തസ്നിയും ധൈര്യമായി പ്രതികരിച്ചപ്പോള്‍ ഒാട്ടോഡ്രൈവര്‍ കവിളില്‍ ആഞ്ഞടിക്കുകയും കൈപിടിച്ചു തിരിക്കുകയും ചെയ്തുവെന്ന് തസ്നി പറഞ്ഞു.

വിവരമറിഞ്ഞു തസ്നിയുടെ സുഹൃത്തുക്കളടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും മറ്റും സ്ഥലത്ത് എത്തിയതോടെയാണ് അക്രമികള്‍ മുങ്ങാന്‍ തുടങ്ങിയത്. പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും പരാതി എഴുതി കൊടുക്കാതെ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നാണു തസ്നിയെ അറിയിച്ചത്. ഓര്‍ക്കാപ്പുറത്തു നടുറോഡില്‍ അടിയേറ്റ തസ്നി അപ്പോള്‍ പരാതി എഴുതി നല്‍കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. അക്രമികളിലൊരാളെ തസ്നി ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.

പക്ഷേ, സംഭവമറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികളെ പിടികൂടി ഉടന്‍ നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഉന്നതപൊലീസ് അധികാരികളും ഇടപെട്ടതോടെയാണ് അന്വേഷണം ചൂടുപിടിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര അസി.കമ്മിഷണര്‍ ടി.ആര്‍.പ്രകാശാണ് അന്വേഷണം നടത്തുന്നത്.

Wednesday, May 25, 2011

ബിസിനസ് രംഗം ഉറ്റുനോക്കുന്നു ആദ്യ നൂറു ദിനം ( പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ്) പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ്

പി. കിഷോര്‍ / മനോരമ ബിസിനസ് ന്യൂസ്


17.05.2011

അഞ്ചുകൊല്ലത്തിലൊരിക്കല്‍ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചലനങ്ങള്‍ ഉണ്ടാവുക പതിവാണ്. ബിസിനസ് രംഗത്ത് ആവേശം പടരുകയും പുതിയ നിക്ഷേപ പദ്ധതികള്‍ക്കു ജീവന്‍ വയ്ക്കുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുണ്ടാവും. ഭരണത്തില്‍ തന്നെ വേറൊരു തരം സംസ്ക്കാരം വരുന്നതിനാല്‍ ഓട്ടോകളും ടാക്സികളും കൂടുതല്‍ ഓടും. ഹോട്ടലുകളില്‍ അതിഥികള്‍ നിറയും, റസ്റ്ററന്റുകളില്‍ ആളുകൂടും. പ്രതീക്ഷകള്‍ വളരും. പക്ഷേ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതിനാല്‍ ഇക്കുറി ബിസിനസ് സമൂഹം സംശയിച്ചു നില്‍ക്കുകയാണ്.

ഭരണത്തിന്റെ ആദ്യ 100 ദിവസം എങ്ങനെയുണ്ടെന്നത് ബിസിനസ് സമൂഹം ഉറ്റുനോക്കുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തീരുമാനങ്ങള്‍ ഉണ്ടാവുന്നുണ്ടോ, മാറ്റങ്ങള്‍ വരുന്നുണ്ടോ, നിക്ഷേപാവസരങ്ങളോടുള്ള സമീപനം എങ്ങനെ എന്നതനുസരിച്ചാവും സാമ്പത്തിക വളര്‍ച്ച. നിലവില്‍ കേരളം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയില്‍ ഒന്‍പതാം സ്ഥാനത്താണ്. സ്വകാര്യ നിക്ഷേപം പൂജ്യം എന്നു പറയേണ്ടി വരും. ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും താഴെ തട്ടിലാണു കേരളം.

അതു മാറണമെങ്കില്‍ പിടിവാശി പോയി പ്രായോഗികത വരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര ഫണ്ട് കാര്യമായി കിട്ടുന്ന അനേകം പദ്ധതികള്‍ കാത്തു നില്‍ക്കുന്നുണ്ട്.ഇവയെല്ലാം പിപിപി പദ്ധതികളാണ്. കൊച്ചി മെട്രോ ഉദാഹരണം. സര്‍ക്കാര്‍ തന്നെ ചെയ്യണമെന്ന പിടിവാശി ഉപേക്ഷിച്ച് പൊതു-സ്വകാര്യ പങ്കാളിത്തം സമ്മതിച്ചാല്‍ പതിനായിരം കോടിയാണു മെട്രോയിലൂടെ കൊച്ചിയിലെത്തുക.

ഹൈവേ വികസനം നടക്കാതായതോടെ ദേശീയ ഹൈവേ അതോറിറ്റി ഓഫിസുകള്‍ പൂട്ടി ജീവനക്കാരെ മറ്റു സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ മാസം കണ്ടത്. സ്ഥലം ഏറ്റെടുത്തു കൊടുത്ത് ബിഒടി പദ്ധതിയിലെ തടസങ്ങള്‍ നീക്കിയാല്‍ വീതികൂട്ടാന്‍ മറ്റൊരു പതിനായിരം കോടി റോഡില്‍ വീഴും. ചീമേനി വൈദ്യുത പദ്ധതിയും അതിവേഗ റയില്‍ കോറിഡോറും മറ്റ് പിപിപി പദ്ധതികളാണ്.

പരമാവധി സ്വകാര്യനിക്ഷേപം കൊണ്ടു വരുമെന്നാണ് യുഡിഎഫ് പ്രകടന പത്രിക. സ്വകാര്യമേഖലയില്‍ ഒറ്റ സെസ് പോലും പ്രവര്‍ത്തിക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഐടിയില്‍ മൂന്നു സ്വകാര്യ സെസുകള്‍ക്ക് അനുമതി ആയിട്ടുണ്ടെന്നു മാത്രം.

മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയിലാണു ഡസന്‍കണക്കിനു സെസുകള്‍ വന്നത്. കേരളത്തിലാകട്ടെ, സ്വകാര്യമേഖലയിലെ സെസുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ 2009 വരെ എന്‍ഒസി കൊടുക്കാതിരിക്കുകയായിരുന്നു. പിന്നീടു കേന്ദ്ര സെസ് നിയമത്തില്‍ നിന്നു വ്യത്യസ്തമായി അനേകം നിയന്ത്രണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സെസ് നയം ഉണ്ടാക്കി. സെസിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് അതതു പഞ്ചായത്തുകളുടെ അനുമതി പോലും നിര്‍ബന്ധമാക്കി. ഇതിലൊക്കെയാണു മാറ്റം വരേണ്ടത്. ശോഭ ഹൈടെക് സിറ്റിയും (3000 കോടി) സലാര്‍പുരിയ പദ്ധതിയും (1500 കോടി) അതുപോലെ കാത്തുകിടക്കുകയാണ്.

റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന ചീത്തപ്പേരിട്ടു വിളിക്കുന്ന കെട്ടിട നിര്‍മ്മാണ മേഖലയിലാണ് ഉണര്‍വ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴിലും സര്‍ക്കാരിനു നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റും  നല്‍കുന്ന മേഖലയാണിത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ 2009 ഡിസംബറില്‍ കൊണ്ടുവന്ന ഭേദഗതി ഈ മേഖലയില്‍ മരവിപ്പിനിടയാക്കിയതായി നിര്‍മ്മാതാക്കള്‍ പറയുന്നു. ചട്ടങ്ങള്‍ വീണ്ടും ഉദാരമാക്കുമെന്ന പ്രതീക്ഷ ഈ വ്യവസായ രംഗത്തുണ്ട്.

സ്വാശ്രയ കോളജുകള്‍ ഇനിയും പുതിയ മേഖലകളില്‍ വരാനുണ്ട്. നിയമപഠന രംഗത്ത് സ്വാശ്രയ നിക്ഷേപം ഇനിയും അനുവദിച്ചിട്ടില്ല. സ്വാശ്രയത്തോടുള്ള ഒതുക്കല്‍ സമീപനം മാറുകയും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ ബില്ലുകള്‍ പാസാവുകയും ചെയ്യുന്നതോടെ ഈ രംഗത്ത് കുതിപ്പിനു സാധ്യതയുണ്ട്. സ്വകാര്യ സര്‍വകലാശാലകള്‍ക്കും വിദേശ സര്‍വകലാശാലകളുടെ ക്യാംപസുകള്‍ക്കും അവസരം ഒരുങ്ങും.

യൂണിയനിസവും കുപ്രസിദ്ധിയും മാത്രം കൈമുതലായുള്ള കുറേ സര്‍വകലാശാലകളും അവയ്ക്ക് നിലവാരമില്ലാത്ത നൂറുകണക്കിന് അഫിലിയേറ്റഡ് കോളജുകളും എന്ന നിലവിലെ സ്ഥിതിയില്‍ മാറ്റം വരാതെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു രക്ഷയില്ല. നിലവാരമുള്ള വിദ്യാഭ്യാസം ഇനി സ്വകാര്യമേഖലയിലാണ്. എജ്യുപ്രണര്‍ എന്ന വാക്കു തന്നെ പുതുതായി ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ നിക്ഷേപകരാണ് എജ്യൂപ്രണര്‍മാര്‍.

എല്ലാറ്റിലും ഉപരി കേന്ദ്രവുമായി ഉടക്കിനു പകരം സഹകരണം ആവുന്നതോടെ അനേകം പദ്ധതികള്‍ താനേ വരും. ജനറം പദ്ധതിയില്‍ കേന്ദ്ര ഫണ്ട് കൂടുതല്‍ കിട്ടും. തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ശരാശരി 33 ദിവസമാണു കേരളത്തില്‍ തൊഴില്‍ കൊടുക്കുന്നത്. ഇത് ഇരട്ടിയാക്കുന്നതോടെ ഗ്രാമങ്ങളില്‍ കൂടുതല്‍ പണം ഒഴുകും. റൂറല്‍ ഇക്കോണമിക്കതു നേട്ടമാണ്. ആദ്യ നൂറു ദിനങ്ങളിലാണ് ഇതൊക്കെ യാഥാര്‍ഥ്യമാവുമോ എന്നതിന്റെ സൂചനയുണ്ടാവേണ്ടത്.

Tuesday, April 5, 2011

ലോട്ടറി: സി.ബി.ഐ അന്വേഷണത്തിന് വഴിതെളിഞ്ഞു

കൊച്ചി: അന്യസംസ്ഥാന ലോട്ടറികളുടെ കാര്യത്തില്‍ ഒടുവില്‍ സി.ബി.ഐ അന്വേഷണത്തിന് വഴിതെളിയുന്നു. അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിന് സഹായകമായ രീതിയില്‍ നിശ്ചിത രൂപത്തില്‍ കേസുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവുകയും ഇത് ലഭിച്ചാലുടന്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തതോടെയാണ് അനിശ്ചിതത്വം നീങ്ങുന്നത്. ലോട്ടറി കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശി ശിവന്‍കുട്ടി, വി.ഡി. സതീശന്‍ എം.എല്‍. എ എന്നിവരുടെ ഹരജികള്‍ പരിഗണിക്കവേയാണ് സംസ്ഥാന-കേന്ദ്രസര്‍ക്കാറുകള്‍ ഈ നിലപാട് സ്വീകരിച്ചത്. അന്വേഷണം സി.ബി. ഐക്ക് കൈമാറുന്നതിന് ദല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് വാശിപിടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. എന്നാല്‍, രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി ഉയര്‍ന്ന ആദരം അര്‍ഹിക്കുന്നുണ്ട്. എങ്കിലും കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് സി.ബി. ഐയോട് നിര്‍ദേശിക്കാവുന്ന തരത്തിലാകണം സംസ്ഥാന സര്‍ക്കാറിന്റെ നടപടി.

ഏതൊക്കെ കേസുകളാണ് സി.ബി. ഐയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതെന്ന് സംസ്ഥാനം വ്യക്തമാക്കണം. എഫ്.ഐ.ആര്‍ നമ്പര്‍, കേസ് നിലവിലുള്ള പൊലീസ് സ്‌റ്റേഷനുകള്‍ എന്നിവ നിശ്ചിത മാതൃകയില്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ടതുണ്ട്.അന്വേഷണം സംബന്ധിച്ച് സി.ബി.ഐ ഡയറക്ടറോട് ഇതിനോടകം തന്നെ സംസാരിച്ചിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാമെന്നാണ് ഡയറക്ടര്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്.അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനങ്ങള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ലോട്ടറി നടത്തിപ്പിലെ ചൂഷണവും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളും മുന്‍നിര്‍ത്തിയാണ് സംസ്ഥാനം മുന്നോട്ട് നീങ്ങുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നടപടി അഭിനന്ദനാര്‍ഹമാണെന്നും സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.

80,000 കോടിയുടെ ലോട്ടറി ക്രമക്കേടും 500 ലേറെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും കേന്ദ്രത്തെ നേരത്തേ അറിയിച്ചിരുന്നു.മുഖ്യമന്ത്രി അയച്ച നിരവധി കത്തുകളില്‍ സി.ബി. ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ സി.ബി.ഐക്ക് കൈമാറാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ നിധീഷ്ഗുപ്ത വ്യക്തമാക്കി. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തിനുശേഷം 2010 വരെ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ ബോധിപ്പിച്ചു.

അതേസമയം, അന്യ സംസ്ഥാന ലോട്ടറികള്‍ക്കുവേണ്ടി നേരത്തേ കോടതിയില്‍ ഹാജരായ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, അവര്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന തൃപ്പൂണിത്തുറ സ്വദേശി കെ.എം. ശിവന്‍കുട്ടിയുടെ ഹരജിയിലെ ആരോപണം തെറ്റാണെന്ന് ഗോപാല്‍ സുബ്രഹ്മണ്യം ബോധിപ്പിച്ചു. ചിദംബരം വ്യക്തിപരമായ ആരോപണം നിഷേധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ എതിര്‍ക്കുകയാണോ വേണ്ടതെന്ന് കോടതി ആരാഞ്ഞു. എന്നാല്‍, ചിദംബരത്തിനോ ഭാര്യ നളിനി ചിദംബരത്തിനോ ലോട്ടറി നടത്തിപ്പുകാരുമായി ബന്ധമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.


ലോട്ടറി: സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ സി.ബി.ഐ അന്വേഷണത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുവാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സി.ബി.ഐ അന്വേഷിക്കേണ്ട കേസുകളുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ബോധിപ്പിച്ചു. സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ എതിരല്ലെന്നും ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തടസമാകുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ച് ഏഴിന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ലോട്ടറി തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി. ഡി. സതീശന്‍ എം.എല്‍.എയും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ലോട്ടറി തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയുമുള്‍പ്പടെയുള്ളവര്‍ അയച്ച കത്തുകള്‍ക്ക് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയിലാണ് മുന്‍പ് ലോട്ടറി വില്‍പ്പനക്കാര്‍ക്കുവേണ്ടി പി. ചിദംബരവും ഭാര്യയും കേസുകളില്‍ ഹാജരായിട്ടുള്ളതെന്നും കേസുകള്‍ അവസാനിച്ചതോടെ കക്ഷികളുമായുള്ള ബന്ധം അവസാനിക്കുമെന്നും കമ്മീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുകയുണ്ടായെങ്കിലും മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ എം.എല്‍.എയുടെ അഭിഭാഷകന്‍ ജോര്‍ജ്ജ് പൂന്തോട്ടം വാദിച്ചു. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ലോട്ടറി കേസില്‍ പ്രത്യേക വിജ്ഞാപനം കൂടാതെ തന്നെ അന്വേഷണം സി.ബി.ഐക്ക് ഏറ്റെടുക്കാവുന്നതാണെന്നും ഹര്‍ജി ഭാഗം വാദിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറും, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റി. അതേസമയം സിക്കിം, ഭൂട്ടാന്‍ ലോട്ടറി വില്‍പ്പനക്കാരില്‍ നിന്നും നികുതി സ്വീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം കോടതി അനുവദിച്ചില്ലെന്നതു സംബന്ധിച്ച സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് നീക്കണമെന്നായിരുന്നു സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ആവശ്യം. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളില്‍ നിന്നും നികുതി സ്വീകരിക്കാന്‍ സിംഗിള്‍ ബഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു.

ലോട്ടറി: വിവരം ലഭിച്ചാലുടന്‍ സിബിഐ അന്വേഷണത്തിനു തയാറെന്നു കേന്ദ്രം

കൊച്ചി: ഹൈക്കോടതി ലോട്ടറിക്കേസെടുത്ത ഉടന്‍ സോളിസിറ്റര്‍ ജനറലാണ് ആദ്യം വാദത്തിന് എഴുന്നേറ്റത്. ''ഔപചാരികമായി വിവരങ്ങള്‍ കിട്ടിയാലുടന്‍ കേന്ദ്രം സിബിഐ അന്വേഷണത്തിനു തയാറാണ്. ലോട്ടറി ക്രമക്കേട് അന്വേഷണകാര്യത്തില്‍ കത്തയച്ച മുഖ്യമന്ത്രിയുടെ താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ഭരണഘടനാ പദവിയിലുള്ള മുഖ്യമന്ത്രി ആദരം അര്‍ഹിക്കുന്നു. പക്ഷേ, കേസ് സിബിഐക്കു കൈമാറാന്‍ ചില നടപടിക്രമങ്ങള്‍ അത്യാവശ്യമാണ്.

കേസിന്റെ എഫ്ഐആര്‍, കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍, കേസ് രേഖകള്‍ ഇവയൊക്കെ ഒൌപചാരികമായി കൈമാറണം. കുറെ കത്തുകള്‍ പരിഗണിച്ചു സിബിഐ കേസെടുക്കണമെന്നു പറയുന്നതു ശരിയല്ല. വിജ്ഞാപനം മുഖേനയും അല്ലാതെയും സംസ്ഥാനങ്ങള്‍ക്കു സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാന്‍ സാധ്യമാണ്. വിജ്ഞാപനത്തിന്റെ കാര്യത്തില്‍ കേന്ദ്രം വാശിപിടിക്കുന്നില്ല. എന്നാല്‍ കേസ് വിവരങ്ങള്‍ കൈമാറണമെന്നതു നിര്‍ബന്ധമാണ്. പഴ്സനേല്‍ മന്ത്രാലയം സിബിഐ ഡയറക്ടറെ ഈ വിഷയം അറിയിച്ചിട്ടുണ്ട്.

സിബിഐ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. പക്ഷേ, രേഖകള്‍ കൈമാറണം. പിന്നീടു തര്‍ക്കമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ കുഴപ്പത്തിലാകുന്ന അവസ്ഥയുണ്ടാകരുത്.- സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഏതെങ്കിലും വ്യക്തികള്‍ പരാതിയോ വിവരമോ സിബിഐക്കു നല്‍കിയാല്‍ എന്താകും സ്ഥിതിയെന്നു കോടതി ചോദിച്ചു. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കേസുകള്‍ ഏറ്റെടുക്കാന്‍ പരിമിതിയുണ്ടെന്നു കേന്ദ്രം അറിയിച്ചു. ഫെഡറല്‍ സംവിധാനം മാനിക്കേണ്ടതുണ്ട്. വ്യക്തിഗത പരാതികള്‍ പരിഗണിക്കാന്‍ ചില സര്‍ക്കാരുകള്‍ക്കു പ്രത്യേക വിഭാഗം തന്നെയുണ്ടെന്നും കേന്ദ്രം പറഞ്ഞു. ശിവന്‍കുട്ടി നല്‍കിയിട്ടുള്ള കേസില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കക്ഷി ചേര്‍ത്തിട്ടുള്ളത് അനാവശ്യമാണെന്നും അദ്ദേഹത്തിനോ അഭിഭാഷകയായ ഭാര്യക്കോ ലോട്ടറി വിഷയത്തില്‍ ബന്ധമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

എന്നാല്‍ ഹര്‍ജിയില്‍ വ്യക്തിപരമായ ആക്ഷേപങ്ങളുണ്ടെങ്കില്‍ അതു നിഷേധിക്കാന്‍ അവസരം വേണ്ടതല്ലേ എന്നും, പകരം കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ നിഷേധം മതിയാകുമോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. 80,000 കോടിയുടെ ലോട്ടറി കുംഭകോണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചതാണെന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വ. നിതീഷ് ഗുപ്ത ബോധിപ്പിച്ചു. അന്യസംസ്ഥാന ലോട്ടറി നിരോധനവും സിബിഐ അന്വേഷണവും പലതവണ ആവശ്യപ്പെട്ടു. ഇതിനൊക്കെ പുറമെ, മകനെക്കുറിച്ചുള്ള ആരോപണങ്ങളും സിബിഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി. സിബിഐ അന്വേഷണത്തിനു കേന്ദ്രം തയാറാണെന്ന് ഇപ്പോഴെങ്കിലും അറിയിച്ചതില്‍ സന്തോഷമുണ്ടെന്നു സംസ്ഥാനം അറിയിച്ചു.

അന്വേഷണം നേരിടുന്നവര്‍ അന്വേഷണത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കാനാണു നടപടിക്രമം നിഷ്കര്‍ഷിക്കുന്നതെന്നു കേന്ദ്രം മറുപടി നല്‍കി. 'ബാലകൃഷ്ണ റെഡ്ഡി കേസ് ഉദ്ധരിച്ച് സംസ്ഥാനം നല്‍കുന്ന വ്യാഖ്യാനം ശരിയല്ല. സിബിഐ അന്വേഷണത്തിനു നിയമാനുസൃത വിജ്ഞാപനം ആവശ്യമില്ലെന്ന് ആ കേസിന്റെ വിധിയില്‍ ഒരിടത്തും പറയുന്നില്ല. നിയമാനുസൃത വിജ്ഞാപനം ഇല്ലെന്നു തര്‍ക്കമുയര്‍ന്ന ആ കേസില്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ അറിയിപ്പു മതിയാകുമെന്ന ഉത്തരവാണത്. പൊതുവില്‍ വിജ്ഞാപനം വേണ്ടെന്ന് ആ വിധിയിലൊരിടത്തും പറയുന്നില്ലെന്ന് അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.

സിബിഐ അന്വേഷണാവശ്യത്തെ എതിര്‍ത്തുകൊണ്ടാണ് അന്യസംസ്ഥാന ലോട്ടറി പ്രമോട്ടര്‍മാര്‍ വാദം നടത്തിയത്. ലോട്ടറി വിഷയത്തിലെ മറ്റു കേസുകള്‍ കോടതി പിന്നീടു പരിഗണിക്കാന്‍ മാറ്റി. മുന്‍കൂര്‍ നികുതി വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ സംസ്ഥാന ലോട്ടറി ഒാര്‍ഡിനന്‍സിനെ കേന്ദ്രം പിന്തുണയ്ക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ലോട്ടറി: കുടുങ്ങുന്നത്‌് സി.പി.എം. ഔദ്യോഗികപക്ഷം

തിരുവനന്തപുരം: ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനു സാധ്യത തെളിഞ്ഞതോടെ കുടുങ്ങുന്നതു സി.പി.എം. ഔദ്യോഗികപക്ഷം.

പുറത്ത്‌ സി.ബി.ഐ. അന്വേഷണത്തിനു വേണ്ടി വാദിക്കുമ്പോഴും അവര്‍ ലോട്ടറിയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. സംസ്‌ഥാന ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നു ജനുവരി 13-നു ചേര്‍ന്ന പോളിറ്റ്‌ബ്യൂറോ യോഗത്തില്‍ വി.എസിനെ ശാസിക്കാന്‍ ധാരണയായിരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ തുടര്‍നടപടിയുണ്ടായില്ലെന്നു മാത്രം.

സി.ബി.ഐ. അന്വേഷണത്തിനു കോടതി ഉത്തരവിട്ടാല്‍ സി.പി.എമ്മിലെ ആഭ്യന്തര കലഹങ്ങള്‍ വീണ്ടും രൂക്ഷമാകുമെന്നാണു സൂചന. വോട്ടെടുപ്പു കഴിയുന്നതോടെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നേക്കും. അന്വേഷണ പരിധിയില്‍ ഏതൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുമെന്നതില്‍ ധനമന്ത്രി തോമസ്‌ ഐസക്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആശങ്കയുണ്ട്‌. ഇതിന്റെ ഭാഗമായാണു സ്‌ഥാനാര്‍ഥിത്വം തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ പോലും ലോട്ടറിയുടെ പേരില്‍ ഐസക്‌ മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നത്‌. ലോട്ടറി വിഷയത്തെ വൈകാരികമായാണ്‌ ഓരോ ഘട്ടത്തിലും ഐസക്ക്‌്് സമീപിച്ചിരുന്നത്‌. വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന സമീപനമാണു വി.എസും സ്വീകരിച്ചത്‌.

ഇതു വ്യക്‌തമാക്കി സ്‌ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യുന്നതിനിടെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു വീണ്ടും കത്തയയ്‌ക്കാന്‍ പോലും വി.എസ്‌്. തയാറായി.

ജനുവരി ആദ്യം ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിലാണു ലോട്ടറി വിഷയത്തില്‍ വി.എസിനെതിരായ നടപടിക്കു വേണ്ടി ശക്‌തമായ മുറവിളി ഉയര്‍ന്നത്‌. അദ്ദേഹത്തിനെതിരേ ധനമന്ത്രി നടത്തിയ പോര്‍വിളി പത്രത്താളുകളില്‍ ഇടംപിടിച്ചിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിന്‌ അയച്ച കത്തുകള്‍ സംസ്‌ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണെന്നായിരുന്നു ഔദ്യോഗികപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണപരമായ കര്‍ത്തവ്യം മാത്രമാണു നിര്‍വഹിച്ചിരിക്കുന്നതെന്നായിരുന്നു വി.എസിന്റെ വാദം.

തുടര്‍ന്നു നടന്ന പി.ബി. യോഗത്തില്‍ വിഷയം വരികയും വി.എസിനെതിരായ നടപടിക്കു വേണ്ടി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ശക്‌തമായ നിലപാടു സ്വീകരിക്കുകയും ചെയ്‌തു.

ഒടുവില്‍ ശാസിക്കാനുള്ള തീരുമാനം കൈക്കൊണ്ടെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ടു ചെയ്‌തില്ല. ഇതിനിടെ പി.ബി. തീരുമാനം ചോര്‍ന്നതു കേന്ദ്രനേതൃത്വത്തെ സമ്മര്‍ദത്തിലാഴ്‌ത്തി. തുടര്‍ന്ന്‌ വി.എസിനെതിരേ നടപടി തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണവുമായി എസ്‌. രാമചന്ദ്രന്‍പിള്ള രംഗത്തുവന്നു. പിന്നീടും ലോട്ടറി വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും സാന്റിയാഗോ മാര്‍ട്ടിനെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്‌ എങ്ങനെയാണു പാര്‍ട്ടിക്ക്‌ എതിരാവുക എന്ന നിലപാടില്‍ വി.എസ്‌. ഉറച്ചുനിന്നു. തന്റെ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയും അന്വേഷിക്കണമെന്ന വി.എസിന്റെ ആവശ്യം നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ആയുധമാക്കിയത്‌ ഔദ്യോഗികപക്ഷത്തെ ചൊടിപ്പിച്ചു.

-തനേഷ്‌ തമ്പി

'ലോട്ടറി: സി.ബി.ഐ. അന്വേഷണം: കേന്ദ്രവും കേരളവും കൈകോര്‍ത്തു

കൊച്ചി: കേരളസര്‍ക്കാര്‍ പോലീസ്‌ കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ ലോട്ടറിത്തട്ടിപ്പു സംബന്ധിച്ച സി.ബി.ഐ. അന്വേഷണം നടത്താമെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്‌ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്‌മണ്യം ബോധിപ്പിച്ചു.

അന്യസംസ്‌ഥാന ലോട്ടറികളുടെ ചട്ടലംഘനത്തിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്നും ലോട്ടറികള്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ച നിലപാടുകളെ കേന്ദ്രം ശ്ലാഘിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അന്യസംസ്‌ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടിനോടു കേന്ദ്രം പൂര്‍ണമായും യോജിച്ചു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ വി.ഡി. സതീശന്‍ എം.എല്‍.എ, തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ ശിവന്‍കുട്ടി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളാണു ചീഫ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ എതിര്‍കക്ഷി സ്‌ഥാനത്തുനിന്നു നീക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകര്‍ എന്ന നിലയിലാണു ചിദംബരവും ഭാര്യയും ലോട്ടറി വില്‍പനക്കാര്‍ക്കുവേണ്ടി മുമ്പ്‌ കോടതിയില്‍ ഹാജരായത്‌. ഈ കേസുകള്‍ അവസാനിച്ചതോടെ ഇവര്‍ക്കു കക്ഷികളുമായി ബന്ധമില്ലെന്നും അദ്ദേഹം വാദിച്ചു. ആരോപണം ഉന്നയിച്ച്‌ ഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കുവന്നാല്‍ അതു തള്ളിക്കളയാനാവില്ലെന്നു ഡിവിഷന്‍ ബെഞ്ച്‌ പരാമര്‍ശിച്ചു.

കേന്ദ്ര ലോട്ടറി ചട്ടലംഘനത്തിനു രജിസ്‌റ്റര്‍ ചെയ്‌ത കേസുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ്‌് മാര്‍ച്ച്‌ ഏഴിനു കേന്ദ്രം സംസ്‌ഥാനത്തിനു കത്തയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ സി.ബി.ഐക്കു കേസുകള്‍ കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തങ്ങള്‍ക്കു ലഭിച്ച കത്തിനു മറുപടി നല്‍കിയതായി സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ നിതീഷ്‌ ഗുപ്‌ത വിശദീകരിച്ചു. സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടികള്‍ തുടരട്ടെയെന്നു കേസ്‌ വാദത്തിനിടെ ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു. വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സി.ബി.ഐ. ഉദ്യോഗസ്‌ഥര്‍ക്ക്‌ കേസ്‌ ഫയലുകള്‍ പോലീസില്‍നിന്നു നേരിട്ട്‌ ഏറ്റെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി.

ലോട്ടറി ചട്ടലംഘനം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യാനും പരിശോധന നടത്താനും സുപ്രീംകോടതി വിലക്കുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടി കോടതി വ്യക്‌തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ലെന്നു കേസ്‌ വാദത്തിനിടെ കോടതി ആരാഞ്ഞു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ എം.എല്‍.എ. തന്നെ സി.ബി.ഐ. അന്വേഷണത്തിനു കോടതിയെ സമീപിക്കേണ്ടിവന്നത്‌ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഉത്തമവിശ്വാസത്തോടെയുള്ള നടപടികളാണു കേന്ദ്രം കൈക്കൊള്ളുന്നതെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.

കഴിഞ്ഞ ഡിസംബര്‍ 29-നു കേന്ദ്രമന്ത്രി ചിദംബരം മുഖ്യമന്ത്രിക്കയച്ച കത്ത്‌ കോടതിയുടെ വിമര്‍ശനത്തിനു കാരണമായി. പരാതികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിലേക്കാണ്‌ അയയ്‌ക്കേണ്ടതെന്ന കത്തിലെ പരാമര്‍ശമാണു കോടതിയുടെ വിമര്‍ശനത്തിനു കാരണമായത്‌. എന്താണ്‌ ഇത്തരമൊരു മറുപടി നല്‍കാന്‍ ഇടയാക്കിയതെന്നു കോടതി ചോദിച്ചു. വിവിധ മന്ത്രാലയങ്ങളാണു വിഷയം കൈകാര്യം ചെയ്യുന്നതെന്നും സംസ്‌ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. 1998 മുതലുള്ള അന്യസംസ്‌ഥാന ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നു ഹര്‍ജിക്കാരിലൊരാളായ ശിവന്‍കുട്ടിയുടെ അഭിഭാഷകന്‍ ടി.എസ്‌. രാജന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വന്‍ അഴിമതിയാണു നടന്നിട്ടുള്ളതെന്നും കേന്ദ്രമന്ത്രി ചിദംബരത്തിനെതിരേയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ശക്‌തമായ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അന്യസംസ്‌ഥാന ലോട്ടറി നിരോധനമാണ്‌ ആവശ്യപ്പെട്ടിട്ടുള്ളതെന്നും വി.ഡി. സതീശന്റെ അഭിഭാഷകന്‍ ജോര്‍ജ്‌ പൂന്തോട്ടം ബോധിപ്പിച്ചു

ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണമാകാമെന്നു കേന്ദ്രം

കൊച്ചി: ലോട്ടറിക്കേസ് സംബന്ധിച്ചു സിബിഐ അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആവശ്യമുന്നയിച്ചാല്‍ പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലോട്ടറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ചീഫ് ജസ്റീസ് ജെ. ചെലമേശ്വര്‍, ജസ്റീ സ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി.


അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ചു രജിസ്റര്‍ ചെയ്ത കേസുകളുടെ വിശദ വിവരങ്ങള്‍ നടപടിക്രമങ്ങള്‍ പാലിച്ചു രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിനു നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണു പരിഗണിക്കാതിരുന്നതെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം സംബന്ധിച്ചു ഡല്‍ഹിയില്‍ പോലീസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ കേസിന്റെ തുടര്‍നടപടികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും അതു ബാധിക്കുമെന്നതിനാലാണു സംസ്ഥാന സര്‍ക്കാരിനോടു വ്യക്തമായ നടപടി എടുക്കാന്‍ ആവശ്യപ്പെടുന്നത്.


സിബിഐ അന്വേഷണത്തിനു സംസ്ഥാനം പ്രത്യേക വിജ്ഞാപനം ഇറക്കണമെന്നു നിര്‍ബന്ധമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ മുമ്പ് അറിയിച്ചിരുന്നു. ലോട്ടറിക്കേസിന്റെ എഫ്ഐആറിലുള്ള വിവരങ്ങള്‍ കേന്ദ്രത്തിനു നല്‍കണം. ഏതെ ല്ലാം കേസുകളാണ് അന്വേഷിക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം. ലോട്ടറിക്കേസില്‍ മുഖ്യമന്ത്രിയുടെ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


എന്നാല്‍, മുഖ്യമന്ത്രി പലതവണ ആവശ്യമുന്നയിച്ചിട്ടും കത്തയച്ചിട്ടും പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാലാണു സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരുന്ന കാര്യമായതിനാലാണു സര്‍ക്കാരിനു നടപടി എടുക്കാനാവാതിരുന്നത്. സംസ്ഥാനത്തു നിന്ന് 80,000 കോടി രൂപ അന്യസംസ്ഥാന ലോട്ടറിക്കാര്‍ നാലു വര്‍ഷം കൊണ്ടുസാധാരണക്കാരില്‍ നിന്നു നേടി. 22 കോടിയിലേറെ രൂപ ഓരോ ദിവസവും കടത്തുന്നതായും അനധികൃതമായി ലോട്ടറി അച്ചടിക്കുന്നതായും മുഖ്യമന്ത്രി അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാടെടുത്തില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിടരുതെന്നു സിക്കിം ലോട്ടറിയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2006ല്‍ അന്യസംസ്ഥാന ലോട്ടറികളുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ സഹകരിച്ചിരുന്നു. അന്നു ലോട്ടറി വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ടു വിശദ റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. സിക്കിം സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും സിബിഐ അന്വേഷണം ലോട്ടറി വിതരണശൃംഖലയെ ബാധിക്കുമെന്നും സിക്കിം ലോട്ടറിയുടെ അഭിഭാഷകന്‍ കോടതിയെഅറിയിച്ചു.


ഹൈക്കോടതിയില്‍ ഇന്നലെ കേസ് പരിഗണിക്കവേ അന്യസംസ്ഥാന ലോട്ടറി വിതരണവും നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെപ്പറ്റി സിബിഐ അന്വേഷണം നടത്തുന്നതിന് എതിര്‍പ്പില്ലെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യസ്വാമി കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരേയുള്ള ആരോപണങ്ങള്‍ അനാവശ്യമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ചിദംബരം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത് ഏഴു വര്‍ഷം മുമ്പ് അവസാനിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരം ലോട്ടറി മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ ഹാജരായിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ നിധീഷ് ഗുപ്ത ഹാജരായി.


ഇതിനിടെ സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിതരണം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവു സ്റേ ചെയ്ത വിധിക്കെതിരേ മേഘ ഏജന്‍സി നല്‍കിയ ഹര്‍ജി വേനല്‍ അവധിക്കുശേഷം പരിഗണിക്കുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.


ലോട്ടറി: കേന്ദ്രം ആവശ്യപ്പെട്ട വിവരം നല്‍കാമെന്ന് കേരളസര്‍ക്കാര്‍

വിവരം കിട്ടിയാലുടന്‍ സി.ബി.ഐ. അന്വേഷണമെന്ന് കേന്ദ്രം

കൊച്ചി: അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ ക്രമക്കേടുകളെപ്പറ്റി കേന്ദ്രം ആവശ്യപ്പെടുന്നവിധം നിര്‍ദിഷ്ട മാതൃകയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എല്ലാ വിവരവും രണ്ടാഴ്ചയ്ക്കകം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചട്ടപ്രകാരം നിര്‍ദിഷ്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ചാലുടന്‍ അന്വേഷണം സി.ബി.ഐ.യെ ഏല്പിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും വ്യക്തമാക്കി. ലോട്ടറി ക്രമക്കേടിനെപ്പറ്റി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വി.ഡി. സതീശന്‍ എം.എല്‍.എ.യും തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്റായ കെ.എം. ശിവന്‍കുട്ടിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിപറയാന്‍ മാറ്റിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനമില്ലെങ്കിലും നടപടിക്രമം പാലിച്ച് നിര്‍ദിഷ്ട ഫോറത്തില്‍, രജിസ്റ്റര്‍ചെയ്ത കേസിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രം അറിയിച്ചിരിക്കെ ആ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കിക്കൂടേ എന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരായുകയായിരുന്നു. അതേ തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കകം കേന്ദ്രം ആവശ്യപ്പെടുന്നവിധം വിവരം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.

ലോട്ടറിക്കേസില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പേഴ്‌സണല്‍ മന്ത്രാലയവും മറുപടി നല്‍കിയിരുന്നുവെന്നാണ് കേന്ദ്രം അറിയിച്ചത്. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് എഫ്.ഐ.ആര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ നിര്‍ദിഷ്ട രീതിയിലുള്ള അപേക്ഷയും സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനവും ആണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതില്‍ വിജ്ഞാപനം നിര്‍ബന്ധമില്ല. എന്നാല്‍, വിവരങ്ങള്‍ ഔദ്യോഗിക രീതിയില്‍തന്നെ ലഭിക്കണം. അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നതിന്റെ പേരില്‍ പിന്നീട് തര്‍ക്കമുണ്ടാകുന്നപക്ഷം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ബലിയാടാക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഈ കേസന്വേഷണം ഏറ്റെടുക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ.യോട് സംസാരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ചട്ടപ്രകാരം കേസിന്റെ വിവരം കിട്ടിയാലുടന്‍ അന്വേഷണം ഏറ്റെടുക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരമൊരാവശ്യം ഉന്നയിക്കുമ്പോള്‍ അതിന് അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ മുഖ്യമന്ത്രി കാട്ടുന്ന ശുഷ്‌കാന്തിയെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിയാണെങ്കിലും നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ആവശ്യമുന്നയിക്കുന്നത് മുഖ്യമന്ത്രിയോ, സാധാരണക്കാരനോ ആകട്ടെ വകുപ്പുതല നടപടിക്രമങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

2006-ലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ക്രമക്കേടുകള്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു വരുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ നിധീഷ് ഗുപ്ത അറിയിച്ചത്. എന്നാല്‍ കേന്ദ്രം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിക്ക് മടിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലമായിട്ടും നടപടിയെടുക്കാത്ത കേന്ദ്രം ഇപ്പോള്‍ അന്വേഷണത്തിന് സന്നദ്ധത അറിയിച്ചെങ്കില്‍ അത്രയും നല്ലത് എന്നാണ് സംസ്ഥാനം ബോധിപ്പിച്ചത്. 2011 മാര്‍ച്ച് 29ന് ഉള്‍പ്പെടെ ഇക്കാലയളവില്‍ അയച്ച കത്തുകളുടെ വിവരവും 500 - ലേറെ കേസുകള്‍ ലോട്ടറി സംബന്ധമായി രജിസ്റ്റര്‍ ചെയ്ത കാര്യവും അറിയിച്ചു.
നിശ്ചിത വിവരം നല്കിയാല്‍ അന്വേഷണത്തിന് സന്നദ്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കിയ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ വാദം നടത്തിയത്. എന്നാല്‍ അപ്പോഴും മുഖ്യമന്ത്രി മുന്‍പ് അയച്ച കത്തുകളുടെ ചരിത്രം പറഞ്ഞതല്ലാതെ കേന്ദ്രം ആവശ്യപ്പെട്ട വിവരം നല്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയാതിരുന്നത് നിരാശപ്പെടുത്തിയെന്നു പറഞ്ഞാണ് വി.ഡി. സതീശനു വേണ്ടി അഡ്വ. ജോര്‍ജ് പൂന്തോട്ടം വാദം തുടങ്ങിയത്. 2006 മുതല്‍ 2010 ഡിസംബര്‍ 23 വരെ മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തുകളിലൊന്നും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

അന്യസംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ആവശ്യം മാത്രമാണ് അത്രയും നാള്‍ ഉന്നയിച്ചത്. അതിനു ശേഷം മാത്രമാണ് സിബിഐയുടെയോ എന്‍ഐഎയുടെയോ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനും കേന്ദ്രം നിര്‍ദേശിച്ച പ്രകാരം നിര്‍ദിഷ്ട രീതിയില്‍ അപേക്ഷ നല്കിയില്ല. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് കാര്യക്ഷമമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് കോടതി പിരിഞ്ഞ ശേഷം വാദം തുടര്‍ന്നപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദിഷ്ട രീതിയില്‍ വിവരം നല്കിക്കൂടേയെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞത്.

ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തെ എതിര്‍ കക്ഷിയാക്കി ആരോപണമുന്നയിക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ലോട്ടറിക്കാര്‍ക്കു വേണ്ടി കേസുകളില്‍ ഹാജരായിട്ടുള്ളതിനാല്‍ ആഭ്യന്തരമന്ത്രിയും ഉദ്യോഗസ്ഥരും നടപടിക്ക് മടിക്കുകയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. എന്നാല്‍ സീനിയര്‍ അഭിഭാഷകയായ നളിനി ചിദംബരത്തിന് കക്ഷികളുമായി നേരിട്ട് ബന്ധമില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്

Sunday, March 20, 2011

പാര്‍ട്ടിയും ഞാനും കൂടി തീരുമാനിക്കും

ജോണി ലൂക്കോസ്

ഇടപെടലുകളിലൂടെ ശ്രദ്ധേയനായ തനിക്കുവേണ്ടി കേന്ദ്രനേതൃത്വം തക്കസമയത്ത് വീണ്ടും ഇടപെട്ടതു കണ്ടോ എന്ന ഭാവമൊന്നും വി.എസിന് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി അദ്ദേഹം അനുവദിച്ച അഭിമുഖത്തിനായി ക്ളിഫ് ഹൌസില്‍ മനോരമ ന്യൂസ് സംഘത്തിനു മുന്നിലെത്തുമ്പോള്‍ വി.എസ് സന്തോഷത്തിലായിരുന്നു. പക്ഷേ, ചിരി വരുതി വിടാതിരിക്കാന്‍ ശ്രദ്ധിച്ചു. ഏറ്റവും സംപ്രേഷണം ചെയ്യപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതുമായ ചില ചിരികള്‍ മുമ്പ് ചില തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിനു മുമ്പുള്ള സമയം ചിരിയും നിയന്ത്രിക്കണമല്ലോ.

വി.എസിന്റെ അടുത്ത നീക്കം എന്താവും? ആരോഗ്യം എങ്ങനെ? പ്രചാരണം വിഭാഗീയമോ ഭാഗികമോ ആവുമോ? സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ അടക്കം പലര്‍ക്കുമുണ്ടാവാം ഇത്തരം സംശയങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ തീരെ സംശയമില്ലാത്ത വി.എസിനെയാണ് ക്ളിഫ് ഹൌസില്‍ കണ്ടത്.

വി.എസിന്റെ ആരോഗ്യത്തെക്കുറിച്ചു പാര്‍ട്ടിക്ക് തീരെ ഉറപ്പ് പോരെങ്കിലും അദ്ദേഹത്തിന് നല്ല മതിപ്പാണ്. ഒരുപാടു മത്സരിക്കുന്നയാളായതുകൊണ്ട് മാറി നിന്നാല്‍ കൊള്ളാമെന്നു പാര്‍ട്ടിക്കുണ്ടെങ്കിലും ഭരണത്തിനായാലും പോരാട്ടത്തിനായാലും തുടര്‍ച്ച ഉണ്ടാവാന്‍ താന്‍ തന്നെ വേണമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്. അദ്ദേഹം മത്സരിക്കില്ലെന്ന് മറ്റു പലരും തീരുമാനിച്ചുറപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിനു മത്സരിക്കുന്ന കാര്യത്തില്‍ സംശയമേ ഉണ്ടായിട്ടില്ല.
ഇക്കാര്യത്തിലൊക്കെ ആര്‍ക്കെങ്കിലും അര്‍ഥശങ്കയുണ്ടായിരുന്നെങ്കില്‍ അതൊക്കെ നീക്കുന്നതായിരുന്നു അഭിമുഖത്തിലെ വി.എസിന്റെ വാക്കുകള്‍.

അദ്ദേഹം ഇടതുമുന്നണിയുടെ പ്രചാരണം നയിക്കും, ഇ.പി. ജയരാജനും തോമസ് ഐസക്കും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടു ചോദിക്കും. ഭൂമാഫിയ, പെണ്‍വാണിഭം, അഴിമതി, വ്യവഹാരം തുടങ്ങിയ ഇഷ്ടവിഷയങ്ങളെക്കുറിച്ചു പ്രസംഗിക്കും.
കേള്‍ക്കുന്നവര്‍ക്കു മടുപ്പു തോന്നാം. പക്ഷേ, അദ്ദേഹത്തിന് ഈ വിഷയങ്ങളൊന്നും മടുത്തിട്ടില്ല.

പാര്‍ട്ടി പറഞ്ഞാല്‍ 'കണിശമായും മത്സരിക്കും എന്ന് മുന്‍പേ പറഞ്ഞ വി.എസ്. അനാരോഗ്യംകൊണ്ട് മത്സരത്തില്‍ നിന്നൊഴിവായി എന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കീഴ്ഘടകങ്ങളിലേയ്ക്ക് പോയ റിപ്പോര്‍ട്ടും അതുതന്നെ. എന്നാല്‍ തന്റെ അനാരോഗ്യം താന്‍ അറിഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയില്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് വി.എസ് വെളിപ്പെടുത്തിയത്.

പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് എതിരെ പ്രകടനം നടത്തല്‍ അനാരോഗ്യപ്രവണതയായാണ് പാര്‍ട്ടി സെക്രട്ടറിയും കോടിയേരിയുമൊക്കെ കാണുന്നതെങ്കിലും അതുകൊണ്ട് പാര്‍ട്ടിക്കു തന്നെയുണ്ടാകുന്ന പ്രയോജനങ്ങള്‍ വി.എസ് ചൂണ്ടിക്കാട്ടിയത് ഇനി ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പിക്കാം. ഇത്തരം കാര്യങ്ങളൊന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് സാങ്കേതികമായി വിലയിരുത്തേണ്ട എന്ന ശക്തമായ സന്ദേശമാണ് വി.എസ് പുറത്തു വിട്ടത്.

പാര്‍ട്ടി ജനവിരുദ്ധതീരുമാനമെടുത്താല്‍ അത് ബോധ്യപ്പെടുത്താനും തിരുത്തിക്കാനും ആരെങ്കിലും വേണമല്ലോ. പ്രകടനങ്ങള്‍ ആ ഉത്തരവാദിത്തം നിറവേറ്റുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുന്ന പ്രകടനങ്ങളെ തള്ളിപ്പറയാന്‍ വി.എസ് ഇല്ല. അഞ്ചു വര്‍ഷം മുമ്പ് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുമ്പോള്‍ ഉണ്ടായ അനുകൂല പ്രകടനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പാര്‍ട്ടി പറഞ്ഞിട്ടും അദ്ദേഹം വൈകി എന്നത് എത്രയോ വലിയ ആക്ഷേപമായി പിന്നീട് ഉയര്‍ന്നു. ഇക്കാര്യത്തില്‍ നിലപാടു മാറ്റാന്‍ ഒരുക്കമല്ലെന്ന വി.എസിന്റെ സന്ദേശം പാര്‍ട്ടിക്ക് അകത്തും പുറത്തും നില്‍ക്കുന്നവരെ ഉദ്ദേശിച്ചാണ്.

ബംഗാളില്‍ ഇടതുമുന്നണി മന്ത്രിസഭയെ തുടര്‍ച്ചയായി നയിച്ച ജ്യോതിബസുവിന് പാര്‍ട്ടി കൊടുത്ത പിന്തുണ കിട്ടാന്‍ തനിക്കും യോഗ്യതയുണ്ട്.

മറിച്ച് ജ്യോതിബസുവിനെപ്പോലെ പ്രായത്തിന്റെ പേരില്‍ ചുമതലകള്‍ ഒഴിയണം എന്നു പറയാത്തത് എന്തെന്ന ചോദ്യത്തിന് വി.എസ് ഉത്തരം പറഞ്ഞത് പാര്‍ട്ടിയെ കൂട്ടുപിടിച്ചല്ല, ജനത്തെ കൂട്ടുപിടിച്ചാണ്. ജനങ്ങള്‍ക്കു വേണ്ടിടത്തോളം കാലം താന്‍ രംഗത്തുണ്ടാകും.

തിരഞ്ഞെടുപ്പിനുശേഷം ആരാണ് നേതാവ്, വി.എസോ കോടിയേരിയോ എന്ന സംശയം ഉന്നയിച്ചപ്പോള്‍ വി.എസ് രണ്ടുവാക്കുകള്‍ ശ്രദ്ധാപൂര്‍വം എടുത്തുപയോഗിച്ചു, സീനിയോറിറ്റി, പരിചയം. ഇതു രണ്ടും നോക്കി പാര്‍ട്ടി തീരുമാനിച്ചോട്ടെ എന്നു പറഞ്ഞത് കോടിയേരിയുടെ സംശയം കൂട്ടാനേ ഉപകരിക്കൂ.

കെ. കരുണാകരനെപ്പോലെ മക്കളോടുള്ള സ്നേഹം ദൌര്‍ബല്യമാകുന്നുണ്ടോ എന്ന ചോദ്യത്തിന് നിഷേധാര്‍ഥത്തിലായിരുന്നു മറുപടി. ഭാര്യ നഴ്സായിരുന്നതുകൊണ്ട് സ്ഥിരവരുമാനമുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ അല്ലലില്ലാതെ വളര്‍ന്നു. അമിത സ്നേഹമൊന്നും കാട്ടിയിട്ടില്ല. മകന്‍ വിദേശയാത്ര നടത്തിയതൊക്കെ ഉദ്യോഗസ്ഥനെന്ന നിലയിലാണ്.

പിണറായി വിജയനെക്കുറിച്ചോ, സീറ്റ് നിഷേധിച്ചതിനെക്കുറിച്ചോ പീന്നീട് ഉണ്ടായ ഇടപെടലുകളെക്കുറിച്ചോ ഒന്നും പറയാന്‍ വി.എസ് കൂട്ടാക്കിയില്ല. പാര്‍ട്ടി ഔദ്യോഗികമായി ആദ്യമിറക്കിയ സ്ഥാനാര്‍ഥിപട്ടികയില്‍ത്തന്നെ തന്റെ പേരുണ്ടല്ലോ, പിന്നെന്തു പ്രശ്നം എന്ന മട്ട്. അക്കാര്യത്തില്‍ വി.എസും പിണറായിയും ഒറ്റക്കെട്ട്.

പക്ഷേ, ബംഗാളില്‍ ജ്യോതിബസുവിന് പിന്‍ഗാമിയെ നിശ്ചയിച്ചതുപോലെ വിഎസിന് പിന്‍ഗാമിയെ ആരു നിശ്ചയിക്കുമെന്നു ചോദിച്ചപ്പോള്‍ വിഎസിന്റെ മറുപടി ഒറ്റക്കെട്ടില്‍ ഒതുങ്ങിയില്ല. അത് താനും പാര്‍ട്ടിയും ചേര്‍ന്നു തീരുമാനിക്കുമെന്നായിരുന്നു ആ മറുപടി.
അതാണ് പ്രശ്നം. പിണറായി പറയുന്നതുപോലെ വിഎസും ചേരുന്നതാണ് പാര്‍ട്ടിയെന്നല്ല, താനും പാര്‍ട്ടിയുമെന്നാണ് വിഎസിന്റെ നിലപാട്.

അതുതന്നെയാണ് സിപിഎമ്മിലെ പ്രശ്നവും. പാര്‍ട്ടിയെന്നു പറയുമ്പോള്‍ അതില്‍ വിഎസ് ഉള്‍പ്പെടുമോ എന്ന് ആര്‍ക്കും നിശ്ചയമില്ല.

Friday, March 11, 2011

സാമൂഹ്യപാഠം: സ്‌ഥാനാര്‍ഥികളെ ജനങ്ങള്‍ കൂടി തീരുമാനിക്കട്ടെ

ഒരു യു.ഡി.എഫ്‌. നേതാവ്‌ ഒരു പത്രസ്‌ഥാപനത്തിന്റെ ഓഫീസില്‍ ചെന്നു സംസാരിച്ച കാര്യം ഒരു പത്രപ്രവര്‍ത്തകന്‍ ഞാനുമായി പങ്കുവെച്ചു. യു.ഡി.എഫ്‌. പ്രതീക്ഷകള്‍ പൊടുന്നനെ അട്ടിമറിഞ്ഞതിനെപ്പറ്റിയാണു നേതാവ്‌ സംസാരിച്ചത്‌. ഏകപക്ഷീയമായി വിജയിച്ചു കയറുമെന്ന്‌ അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. വിജയിച്ചാല്‍ തന്നെ നന്നേ പ്രയാസപ്പെട്ട്‌, സീറ്റു പെറുക്കിയെടുത്തു വിജയിക്കുന്നതായിരിക്കും.

ഇതു ജനാധിപത്യത്തിന്റെ ഒരു സാധ്യതയാണ്‌. ഏതു ചരിത്രമുഹൂര്‍ത്തത്തിലും ഒരു അട്ടിമറി പ്രതീക്ഷിക്കാവുന്നവിധം ജനതയുടെ മനോഭാവം മാറിക്കൊണ്ടിരിക്കും. വോട്ടുകള്‍ മാറിമറിയാന്‍ അത്ര സമയമൊന്നും വേണ്ട. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിനു വല്ലാത്ത ആത്മവിശ്വാസമായിരുന്നു. യു.ഡി.എഫ്‌. നേതാക്കളുടെ ശരീരഭാഷ ആകെ മാറിപ്പോയി. ജനങ്ങള്‍ കാണിക്കുന്ന ഉദാരതയാണു രാഷ്‌ട്രീയ നേതാക്കളുടെ ഭാവി രൂപപ്പെടുത്തുന്നത്‌. തെരഞ്ഞെടുപ്പു കഴിയുന്നതോടെ അവര്‍ ജനങ്ങളെ മറക്കുകയും ചെയ്യും. സമരോത്സുകതയിലൂടെയായിരിക്കണം രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അവരുടെ പരാജയത്തില്‍നിന്നു കര കയറേണ്ടത്‌. യു.ഡി.എഫിന്‌ അതു കഴിഞ്ഞിട്ടുമില്ല.

ജാതി/ഗോത്ര/സമുദായ പിന്തുണയോടെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നു. അഴിമതിയിലും പെണ്‍വിഷയത്തിലും ഒക്കെ അകപ്പെട്ടവര്‍ക്കുവേണ്ടി സിന്ദാബാദ്‌ വിളിക്കുന്ന വിധം സമുദായ രാഷ്‌ട്രീയം ജീര്‍ണിച്ചു.

ബാലകൃഷ്‌ണപിള്ളയ്‌ക്കുവേണ്ടി നടന്ന റാലി ഒരു ജനാധിപത്യ സംവിധാനത്തില്‍ സമുദായത്തിന്റെ പിന്തുണയുള്ള ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ അഹങ്കാരവും ജീര്‍ണതയുമാണു വെളിപ്പെടുത്തുന്നത്‌. ഇത്രയ്‌ക്കു പാടില്ല. നായര്‍ രാഷ്‌ട്രീയം അത്രയ്‌ക്കു ജീര്‍ണിച്ചുകഴിഞ്ഞോ കേരളത്തില്‍? ഞങ്ങളും ഇക്കാര്യത്തില്‍ അത്ര മോശമല്ല എന്നു പ്രഖ്യാപിച്ചുകൊണ്ടു മാപ്പിള രാഷ്‌ട്രീയവും പിന്നില്‍ തന്നെ ഉണ്ടല്ലോ. മലയാളിയെക്കുറിച്ച്‌ സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. അബ്‌ദുള്‍ നാസര്‍ മഅദനിയെ പിന്തുണയ്‌ക്കുന്നതില്‍ പോലും ഒരന്തസുണ്ട്‌. മദനി ജയിലില്‍ കിടക്കുന്നത്‌ എന്തായാലും ഒരു രാഷ്‌ട്രീയ നിലപാടാണ്‌. ആ രാഷ്‌ട്രീയത്തെ നമുക്ക്‌ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

മാവോയിസ്‌റ്റ് നിലപാടുകളിലുമുണ്ട്‌ ഒരു രാഷ്‌ട്രീയം. തീര്‍ച്ചയായും ഭാരതത്തിലെ ഭരണകൂടത്തെയും നിയമവ്യവസ്‌ഥയേയും അംഗീകരിക്കില്ലെന്ന്‌ ഒരു വ്യക്‌തിക്കു വേണമെങ്കില്‍ പറയാം. പരമോന്നത നീതിപീഠത്തെ ചോദ്യം ചെയ്യാം. അതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നതിലോ എന്തിനു തൂക്കിലേറ്റപ്പെടുന്നതില്‍ പോലുമോ ഒരന്തസുണ്ട്‌. പക്ഷേ, അഴിമതിയുടെ പേരിലും പെണ്‍വിഷയത്തിന്റെ പേരിലും ജയില്‍ ശിക്ഷ അനുഭവിക്കുന്നതില്‍ ഒരന്തസുമില്ല. അത്തരക്കാര്‍ക്കുവേണ്ടി അണികള്‍ തെരുവിലിറങ്ങുന്നത്‌ അശ്ലീലം തന്നെയാണ്‌. സമുദായത്തിലെ സദാചാരം നിലനില്‍ക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറുള്ള സമുദായമാണു മുസല്‍മാന്റേത്‌. എന്നിട്ടും ഇപ്പോള്‍ ആ സമുദായം മുസ്ലിം രാഷ്‌ട്രീയത്തിന്റെ പേരില്‍ പെരുമാറുന്ന രീതികള്‍ പടച്ചോന്‍ പൊറുക്കുന്നതാണോ? തന്റെ സവര്‍ണ പശ്‌ചാത്തലമാണു ബാലകൃഷ്‌ണപിള്ളയ്‌ക്കു സഹായകമായത്‌.

സുപ്രീംകോടതി ശിക്ഷിച്ച ഒരാള്‍ക്കുവേണ്ടി മുസല്‍മാന്‍മാരോ ദളിതരോ ആണു ജാഥ നടത്തിയതെങ്കിലോ? എന്തായിരിക്കും മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ഹാലിളക്കം. മാവോയിസ്‌റ്റ് ഭീഷണി, മുസ്ലിം തീവ്രവാദ ഭീഷണി എന്നൊക്കെ പറഞ്ഞ്‌ എന്തെല്ലാം കഥകള്‍ മെനഞ്ഞിരിക്കും? സത്യത്തില്‍ യു.ഡി.എഫ്‌. ഒരങ്കലാപ്പിലെത്തിയിട്ടുണ്ട്‌. അതിന്റെ പ്രകടനമാണു ബാലകൃഷ്‌ണപിള്ള വിഷയത്തില്‍ സംഭവിച്ചത്‌. കേരളത്തില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കും തീര്‍ത്തും സുരക്ഷിതമെന്നു പറയാവുന്ന ഒരു സീറ്റുമില്ല. ഇനി മുതല്‍ പ്രശ്‌നാധിഷ്‌ഠിത പിന്തുണയേ ജനങ്ങള്‍ നല്‍കൂ. സുരക്ഷിത സീറ്റിനെക്കുറിച്ച്‌ അഹങ്കരിച്ചിരുന്നതു ലീഗായിരുന്നു. ആ അഹങ്കാരത്തെയാണു കുറ്റിപ്പുറത്ത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താത്തമാരെല്ലാം ചേര്‍ന്നു കുഴിച്ചുമൂടിയത്‌.

കഷ്‌ടിച്ച്‌ ആ പരുക്കില്‍നിന്നു ലീഗ്‌ കരകേറിയതേയുള്ളൂ. അതില്‍ യൂത്ത്‌ ലീഗിന്റെ നേതൃത്വത്തിനു വലിയ പങ്കുണ്ട്‌. പരമ്പരാഗത ലീഗ്‌ രാഷ്‌ട്രീയത്തിന്‌ അപരിചിതമായ ചുവടുകള്‍ വെച്ചാണു യൂത്ത്‌ലീഗ്‌ കേരളത്തിലെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധ നേടിയത്‌. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്‌ കേരളീയ സാമൂഹിക ജീവിതത്തില്‍ കേവല സമുദായ ചിന്തയുടെ അതിരു ഭേദിച്ചു സക്രിയമായി ഇടപെട്ടു യൂത്ത്‌ലീഗ്‌. ഒരു ധൈഷണിക നേതൃത്വത്തിന്റെ സാന്നിധ്യവും അത്‌ അടയാളപ്പെടുത്തി. ലീഗ്‌ തോല്‍ക്കാന്‍ പാടില്ല എന്നു കരുതുന്ന ഒരാളാണു ഞാന്‍. മുസ്ലിം രാഷ്‌ട്രീയത്തെ ജനാധിപത്യത്തിന്റെ സര്‍ഗാത്മകതയില്‍ നിലനിര്‍ത്തുന്നതില്‍ ലീഗിന്റെ പങ്ക്‌ വളരെ വലുതാണ്‌. തീര്‍ച്ചയായും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ സദാചാരപരമായ ജാഗ്രത കൊണ്ടു ലീഗിന്‌ ഈ പ്രതിസന്ധിയെ മറികടക്കാം. ഹരിതപതാക നെഞ്ചിലേറ്റി നടക്കുന്ന പാവപ്പെട്ട മാപ്പിള മക്കളോടു സ്വകാര്യമായി ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും ലീഗിനു പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍. ലീഗിനെ നിയന്ത്രിക്കുന്ന ആത്മീയ നേതൃത്വത്തിനും ജാഗ്രത ഇല്ലാതായി. പാണക്കാട്ടുനിന്നു കേരളം പ്രതീക്ഷിക്കുന്ന ഉദാത്തമായ ചില നിലപാടുകളുണ്ട്‌.

സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യം എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണ്‌. പല മണ്ഡലങ്ങളിലും ജനങ്ങള്‍ ഹൃദയത്തിലേറ്റുന്ന സ്‌ഥാനാര്‍ഥികളുണ്ട്‌. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ അതിരിനപ്പുറത്തേക്കു വളര്‍ന്ന ജനനേതാക്കള്‍. അവരില്‍ സ്‌ത്രീകളും പുരുഷന്മാരുമുണ്ട്‌. കോട്ടയം മണ്ഡലത്തിന്റെയൊക്കെ ചില പുതിയ വിശേഷങ്ങള്‍ പത്രങ്ങളില്‍ കണ്ടു. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഭൂപടത്തിലൊന്നുമില്ലാത്ത ഏതോ ഒരു ചക്കിക്കുവേണ്ടി പിതാവായ കേന്ദ്രമന്ത്രി കരുനീക്കം നടത്തുന്ന വാര്‍ത്ത. കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലൊക്കെ ഇതിലപ്പുറവും നടക്കും. ആ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു വെല്ലുവിളിയാവുന്ന സ്‌ഥാനാര്‍ഥിയുടെ പേരു കോട്ടയത്തെ ജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ മാത്രമല്ലല്ലോ അറിയാവുന്നത്‌? ചെന്നിത്തലയ്‌ക്കും ഉമ്മന്‍ചാണ്ടിക്കും അറിയാം.

പ്രസ്‌ഥാനത്തിനുവേണ്ടി ജീവിതം തന്നെ കളഞ്ഞവരെ ക്രൂരമായി തഴഞ്ഞ്‌ ഇറക്കുമതികള്‍ക്കുവേണ്ടി ജയ്‌ വിളിക്കാന്‍ പോയി പാപം ഏറ്റുവാങ്ങുന്നത്‌ എന്തിനാണെന്ന്‌ ഉമ്മന്‍ചാണ്ടിയും രമേശും സുധീരനുമൊക്കെ ആലോചിക്കട്ടെ. പക്ഷേ, പാര്‍ട്ടികള്‍ക്കു പുറത്താണു ജയിക്കാനുള്ള വോട്ട്‌ എന്ന്‌ അവരറിയണം.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പരാധീനത ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്കു നല്‍കുന്ന അമിത പ്രാധാന്യമാണ്‌. ജയിച്ചില്ലേലും എതിര്‍ ഗ്രൂപ്പുകാരനു പാര പണിതാല്‍ മതി എന്ന തോന്നല്‍ മനോരോഗം പോലെ കോണ്‍ഗ്രസിനെ ഗ്രസിക്കുകയാണോ? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സതീശന്‍ പാച്ചേനിയെ വീഴ്‌ത്തിയത്‌ ഈ മനോരോഗമാണ്‌. പട്ടാമ്പിയില്‍ പോയി അന്വേഷിച്ചാല്‍ അതറിയാം. ആരാധ്യനായ ഒരു കോണ്‍ഗ്രസ്‌ നേതാവിനെതിരേ പ്രാദേശിക നേതൃത്വത്തില്‍ നടന്ന നീക്കം ഫലത്തില്‍ രാജേഷിനു ഗുണമായി. പാച്ചേനി ഇരയുമായി. ഇത്തരം ചതികളാണു കോണ്‍ഗ്രസിന്റെ ശാപം.

കേരളത്തില്‍ അരാഷ്‌ട്രീയ മനസുള്ള മധ്യവര്‍ഗം പെരുകുന്നു. അവരാണു തെരഞ്ഞെടുപ്പിലെ സമവാക്യങ്ങളെ തെറ്റിക്കുന്നത്‌. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം ഉണ്ടാക്കുന്നതും അവരാണ്‌. അരാഷ്‌ട്രീയത മറ്റൊരു പ്രശ്‌നമാണെങ്കിലും ഈ മധ്യവര്‍ഗമനസ്‌ ജനാധിപത്യത്തില്‍ ഒരനുഗ്രഹമാണ്‌. അധികാര ഭ്രമം കൊണ്ടു രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കു നില തെറ്റാതിരിക്കാന്‍ അതു നല്ലതാണ്‌.

അച്യുതാനന്ദനെ മാത്രം മുന്നില്‍വച്ചുകൊണ്ടാണ്‌ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ അത്‌ അവരുടെ രാഷ്‌ട്രീയമായ പരാധീനതയാണ്‌. കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ വ്യക്‌തികളെ ആശ്രയിച്ചുകൂടാ. വി.എസ്‌. എന്ന വ്യക്‌തിയെ ആരാധിക്കേണ്ടതില്ല. ഒരിക്കല്‍ വി.എസ്‌. ഉയര്‍ത്തിയ രാഷ്‌ട്രീയത്തെ അദ്ദേഹം തന്നെ ഇപ്പോള്‍ പിന്തുണയ്‌ക്കുമോ? ഇല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌. ജനപക്ഷ രാഷ്‌ട്രീയം ഇല്ലാത്ത വി.എസിനെക്കൊണ്ടു മലയാളിക്ക്‌ ഒരു പ്രയോജനവുമില്ല. ആര്‍ക്കും അനുകൂല തരംഗമില്ലാത്ത ഒരു തെരഞ്ഞെടുപ്പാണിത്‌. അതിനാല്‍ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ ജാഗ്രത വേണ്ടിവരും.

ചെറു പാര്‍ട്ടികള്‍ക്കു വിലപേശല്‍ അവസരം നല്‍കാത്ത ഭൂരിപക്ഷം മുഖ്യധാരാ പാര്‍ട്ടികള്‍ക്കു ലഭിക്കണം. അതിനുള്ള സാധ്യത നന്നേ കുറഞ്ഞ അന്തരീക്ഷണമാണുള്ളത്‌. ഈ തെരഞ്ഞെടുപ്പിനു ശേഷം തൂക്കു നിയമസഭ വന്നാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല. ഗൗരിയമ്മയുടെ ഭീഷണിക്കുപോലും വഴങ്ങേണ്ട വിധത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ദുര്‍ബലമാവുകയാണ്‌. ഒരു പഞ്ചായത്തു പോലും ഒറ്റയ്‌ക്കു പിടിക്കാന്‍ കെല്‍പ്പില്ലാത്ത ഇത്തരം പാര്‍ട്ടികളെ ഏറ്റി നടക്കേണ്ടിവരുന്നതാണു കോണ്‍ഗ്രസിന്റെ ശാപം. വീരേന്ദ്രകുമാറും ജനതാദളുമാണു യു.ഡി.എഫിന്റെ പുതിയ സാധ്യത. യു.ഡി.എഫിന്‌ ഒരു ഇടത്‌/സോഷ്യലിസ്‌റ്റ് മനസു നല്‍കാന്‍ ആ പാര്‍ട്ടിക്കു സാധിക്കും. ചെറുതെങ്കിലും സുശക്‌തമായ അടിത്തറയും നിലപാടുകളും ആ പാര്‍ട്ടിക്കുണ്ട്‌. യു.ഡി.എഫില്‍ അതു തിരിച്ചറിയപ്പെടുന്നുണ്ടോ എന്നു സംശയമാണ്‌.

മലബാറിനെ സംബന്ധിച്ച്‌ എല്‍.ഡി.എഫിനുണ്ടായ വലിയ നഷ്‌ടമാണു വീരനിലൂടെ സംഭവിച്ചത്‌. അതിനാല്‍ തന്നെ യു.ഡി.എഫിന്‌ അതു ലാഭമായി മാറേണ്ടതുമാണ്‌. എത്ര വലിയ ജനനേതാവാണെങ്കിലും ഗൗരിയമ്മയ്‌ക്കിനി കേരള രാഷ്‌ട്രീയത്തില്‍ ഒരു പ്രസക്‌തിയുമില്ല. ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാല്‍ കേരളമറിയുന്ന ഒരു നേതാവും അവര്‍ക്കില്ല. എന്നിട്ടും ഈ ഈര്‍ക്കില്‍ പാര്‍ട്ടി ഇത്രയ്‌ക്ക് അഹങ്കരിക്കുന്നത്‌ എന്തിനാണാവോ?

-പി.സുരേന്ദ്രന്‍

Sunday, February 6, 2011

ആരോപണം തിരിഞ്ഞുകൊത്തുന്നു; സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു

ആരോപണം തിരിഞ്ഞുകൊത്തുന്നു; സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു


സുജിത് നായര്‍

തിരുവനന്തപുരം: ജഡ്ജിമാര്‍ക്കു കോഴ കൊടുത്തു കേസ് അനുകൂലമാക്കാന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന ആരോപണം ആയുധമാക്കാന്‍ സിപിഎം തുനിഞ്ഞ വേളയില്‍ തന്നെ, ജുഡീഷ്യല്‍ കമ്മിഷനെ സ്വാധീനിക്കാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ കരുനീക്കിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഇതോടെ ആരോപണങ്ങളുടെ നീര്‍ച്ചുഴിയിലായി.

തികച്ചും നാടകീയമായതും സമാനതകളില്ലാത്തതുമായ സംഭവവികാസങ്ങളാണു കേരള രാഷ്ട്രീയത്തില്‍. ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്നു കരകയറിയിട്ടു വേണം രണ്ടു മുന്നണികള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പിനു കച്ചമുറുക്കാന്‍. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായിരിക്കെ ഇപ്പോഴത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ രഹസ്യനീക്കത്തെക്കുറിച്ചാണു പി. ശശി പാര്‍ട്ടിക്കുള്ള കത്തില്‍ പറഞ്ഞിരിക്കുന്നത്.

31 പേരുടെ മരണത്തിനു വഴിവച്ച കല്ലുവാതുക്കല്‍ മദ്യദുരന്തവും അതിനുള്ള പാര്‍ട്ടിബന്ധവും നേരത്തെ സിപിമ്മില്‍ ഒച്ചപ്പാടിനു വഴിവച്ചതാണ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന എം. സത്യനേശന്‍ അടക്കമുള്ളവര്‍ അന്നു പാര്‍ട്ടി നടപടിക്കിരയായി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്തു പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന തന്നെ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കുടുക്കാന്‍ വി.എസ്. ശ്രമിച്ചു എന്നാണു ശശിയുടെ ആരോപണം.

കര്‍ണാടക ഹൈക്കോടതിnയില്‍ ജഡ്ജിയായിരിക്കെ അന്വേഷണത്തിനു വന്ന ജസ്റ്റിസ് മോഹന്‍കുമാറിന്റെ സവിധത്തില്‍ വിഎസിന്റെ രഹസ്യദൂതന്‍ പോയി എന്ന പ്രചാരണം നേരത്തെ തന്നെ പാര്‍ട്ടിക്കകത്തുണ്ട്. ഇതു ഫലംകണ്ടില്ലെന്നും. എന്തായാലും തുടര്‍ന്നു മുഖ്യ പ്രതിയായ മണിച്ചന്റെ സഹോദരി നളിനി, കമ്മിഷന്റെ തെളിവെടുപ്പില്‍ ശശിക്കെതിരെ മൊഴി നല്‍കി. എന്നാല്‍ പിന്നീടു മണിച്ചന്‍ തന്നെ സഹോദരിയുടെ ഇൌ നടപടിയെ തള്ളിപ്പറഞ്ഞു.

തുടര്‍ന്നു ജസ്റ്റിസ് മോഹന്‍കുമാറിനെ മനുഷ്യാവാകാശ കമ്മിഷനില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നിര്‍ദേശിച്ചപ്പോള്‍ ആ തിരഞ്ഞെടുപ്പു സമിതിയില്‍ അംഗമായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആ നിര്‍ദേശം നിരാകരിച്ചു. പകരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ പേരാണു വി.എസ്. പറഞ്ഞത്. എന്തായാലും ആന്റണി മോഹന്‍കുമാറിന്റെ പേരില്‍ ഉറച്ചുനില്‍ക്കുകയും അദ്ദേഹത്തെ ആക്ടിങ് ചെയര്‍മാനാക്കുകയും ചെയ്തു.

വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് ആക്ടിങ് ചെയര്‍മാന്‍സ്ഥാനം നഷ്ടമായി. ഇൌ പശ്ചാത്തലത്തിലാണു ശശിയുടെ വെളിപ്പെടുത്തലിനു പ്രസക്തി കൂടുന്നത്. അതേസമയം, താന്‍ നേരിടുന്ന വ്യക്തിപരമായ ആരോപണങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു ശശിയുടേതെന്ന വ്യാഖ്യാനവുമുണ്ട്. ശശിക്കെതിരെയുള്ള വി.എസിന്റെ പരസ്യവിമര്‍ശനവും അതിനോടു പ്രതികരിച്ചുകൊണ്ടുള്ള ശശിയുടെ കത്തും പാര്‍ട്ടിയില്‍ സമാനതകളില്ലാത്ത സംഭവമാണ്. തന്നെ പിന്നില്‍ നിന്നു കുത്തിമലര്‍ത്തുന്ന നേതാവ് എന്നുവരെ അദ്ദേഹം വി.എസിനെ ആക്ഷേപിച്ചിരിക്കുന്നു.

എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നു ശശി തന്നെ പറഞ്ഞതോടെ പാര്‍ട്ടിയുടെ അന്വേഷണത്തിനു തന്നെ പ്രസക്തിയില്ലാതായി. നേതൃത്വത്തിലെ ചിലരുടെn അറിവോടെ തയാറാക്കിയ തിരക്കഥ പ്രകാരം ശശി നീങ്ങുകയായിരുന്നുവെന്ന പ്രചാരണവും പാര്‍ട്ടിയിലുണ്ട്. ഇനി നില്‍ക്കക്കള്ളിയില്ല എന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഗൂഢനീക്കമായിട്ടാണ് ഇതിനെ വി.എസ്. പക്ഷം വിശേഷിപ്പിക്കുന്നത്. അതേസമയം, അങ്ങനെ കരുതാന്‍ മാത്രം ഗുരുതരമായ ആ പരാതി ഇപ്പോഴും പാര്‍ട്ടി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു.

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ പുനരന്വേഷണ നീക്കവുമായി നീങ്ങുമ്പോഴാണ് ഇത്തരമൊരു പരാതി ഉള്‍പ്പാര്‍ട്ടി കാര്യമായി കൈകാര്യം ചെയ്യാന്‍ സിപിഎം മുതിരുന്നതും. പാര്‍ട്ടിയുടെ ആ ലക്ഷ്മണരേഖ കടന്നു മുഖ്യമന്ത്രിയെന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചു വി.എസ്. നീങ്ങുമോ എന്നതാണ് ഇനി കാണാനുള്ളത്. മറുവശത്തു പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ നീങ്ങാന്‍ തന്നെയാണു സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനവും ഇതു തെളിയിക്കുന്നു. തിരഞ്ഞെടുപ്പുവേളയില്‍ കിട്ടിയ ഉഗ്രായുധമായിട്ടു തന്നെ പാര്‍ട്ടി ഇതിനെ കാണുന്നു. അതിനിടെ ശശിയുടെ വന്‍ ആരോപണങ്ങള്‍ക്കു മറുപടി എങ്ങനെയാകും വി.എസ്. നല്‍കുക എന്ന ഉത്കണ്ഠ സിപിഎമ്മിനെ പൊതിയുകയും ചെയ്യുന്നു.

Sunday, January 30, 2011

പാര്‍ട്ടിക്കു വീണ്ടും വിഎസ് വക 'കുത്ത്'

ജയചന്ദ്രന്‍ ഇലങ്കത്ത്
ആലപ്പുഴ: സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തെ ഒരിക്കല്‍ കൂടി വെട്ടിലാക്കി, ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യ പ്പെട്ടു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിനു കത്തെഴുതുന്നു. ലോട്ടറി കേസ് സിബിഐ അന്വേഷിക്കണമെന്നാ വശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു കത്തെഴുതിയ അതേ തന്ത്രമാണു വീണ്ടും വിഎസ് പയറ്റുന്നത്.

ലോട്ടറി കേസിലെന്നതുപോലെ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖരെ ലക്ഷ്യംവച്ച്, പാര്‍ട്ടിയോടു പോലും ആലോചിക്കാതെയുള്ള ഈ നടപടി മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മില്‍ വീണ്ടുമൊരു ഏറ്റുമുട്ടലിനു വഴി തുറക്കുകയാണ്. അടുത്ത ദിവസംതന്നെ ഇതുസംബന്ധിച്ച കത്തു മുഖ്യമന്ത്രി കേന്ദ്രത്തിനു കൈമാറുമെന്നറിയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതു സംബന്ധിച്ചു വിഎസ് നിയമോപദേശം തേടിക്കഴിഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന സിപിഎം മഹിളാ സംഘടനയുടെയും അന്വേഷി പ്രസിഡന്റ് കെ. അജിതയുടെയും ആവശ്യത്തിന്റെ പിന്‍ബലത്തിലാണു വിഎസിന്റെ കരുനീക്കം.

ഐസ്ക്രീം കേസില്‍ യുഡിഎഫിനെ വെട്ടിലാക്കുകയല്ല വിഎസിന്റെ പ്രധാന ലക്ഷ്യമെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഐസ്ക്രീം കേസില്‍ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സഹായിച്ചെന്നു പറയുന്ന സിപിഎം ഔദ്യോഗികപക്ഷ നേതാക്കളെ ഉന്നംവച്ചാണു ലാവ്ലിന്‍ കേസ്, ലോട്ടറി കേസ് തുടങ്ങിയവയിലെന്നതുപോലെ വിഎസിന്റെ നീക്കം. ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പരസ്യമായി എതിര്‍ക്കാനാവാതെ പാര്‍ട്ടി നേതൃത്വം വെട്ടിലാവുമെന്നും വിഎസ് കണക്കുകൂട്ടുന്നു.

കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതു കേസ് സിബിഐയ്ക്കു വിടാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐസ്ക്രീം കേസിലെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനു മുന്‍പുതന്നെ ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും വിഎസ് ശേഖരിച്ചിരുന്നു.ഐസ്ക്രീം കേസ് സിബിഐ അന്വേഷിക്കുന്നതു വഴി ഇക്കാര്യത്തില്‍ സിപിഎമ്മില്‍നിന്ന് ആരുടെയൊക്കെ സഹായം കിട്ടിയെന്നതും പുറത്തുവരുമെന്നാണു വിഎസ് കണക്കുകൂട്ടുന്നത്. എത്ര മൂടിവച്ചാലും സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന വിഎസിന്റെ പ്രസ്താവന ഇതുകൂടി മുന്നില്‍ക്കണ്ടാണ്.

സത്യം പുറത്തുവരണമെന്നുതന്നെയാണു ലാവ്ലിന്‍ കേസിന്റെ വേളയിലും വിഎസ് വ്യക്തമാക്കിയത്.ഇതിനിടെ, ഐസ്ക്രീം കേസില്‍ പുതുതായി വന്ന വസ്തുതകള്‍ മുഴുവന്‍ ലഭിച്ചാല്‍ ഉടന്‍തന്നെ നിയമപരമായി ചെയ്യാവുന്ന പരമാവധി നടപടികള്‍ ഉണ്ടാകുമെന്നു വിഎസ് തിരുവനന്തപുരത്തു പറഞ്ഞു. ഇക്കാര്യത്തില്‍ ജഡ്ജിയെന്നോ വേറെ പ്രമാണി എന്നോ ഒന്നും നോക്കില്ല. ന്യായാധിപന്മാര്‍ക്കു കൈക്കൂലി കൊടുത്തു എന്ന ആരോപണം പുറത്തുവന്നതിനെത്തുടര്‍ന്ന്, കേസ് സുപ്രീം കോടതി വരെ പോയി തീര്‍പ്പാക്കിയതാണെന്ന കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അവകാശവാദത്തില്‍ കഴമ്പില്ലാതായിരിക്കുന്നു എന്നും വിഎസ് പറഞ്ഞു.