Thursday, November 25, 2010

'കശ്‌മലന്‌' 'നല്ല നമസ്‌കാരം'

ടി. പി. നന്ദകുമാര്‍ ചീഫ്‌ എഡിറ്റര്‍

http://crimenewsonline.com/v01/details/?TypeID=13&SubNews=407

എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും കമ്പനിയും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടിന്‌ തെളിവ്‌ ലഭിച്ചിട്ടില്ലെന്ന്‌ സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചിരിക്കുകയാണ്‌. കരാറില്‍ ഇടനിലക്കാരായ ദിലീപ്‌ രാഹുലന്‍, എം. എ. നാസര്‍ എന്നിവരും പിണറായി വിജയനും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടിന്‌ തെളിവ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ സിബിഐയുടെ വിശദീകരണം. ഇടനിലക്കാര്‍ വഴി ലാവ്‌ലിന്‍ കമ്പനി സാമ്പത്തിക കൈമാറ്റം നടത്തിയതിന്‌ തെളിവൊന്നുമില്ലെന്നും കോടതി മുമ്പാകെ സിബിഐക്കു വേണ്ടി പ്രത്യേക പ്രോസിക്യൂട്ടര്‍ വി. എന്‍. അനില്‍കുമാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. പ്രത്യേക കോടതി ജഡ്‌ജി കെ. പി. ജ്യോതീന്ദ്രനാഥ്‌ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇപ്രകാരം പറയുന്നത്‌.

കേസില്‍ വിശദമായ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ ഞാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ നല്‍കിയ മറുപടിയിലാണ്‌ ഈ വിശദീകരണം ഉള്ളത്‌. അതായത്‌ സാമ്പത്തിക ഇടപാട്‌ നടന്നിട്ടില്ല എന്നല്ല, അതിന്‌ തെളിവില്ല എന്നാണ്‌ സിബിഐ പറയുന്നത്‌. വേണ്ട തെളിവുകളും സാക്ഷികളെയും നല്‍കാമെന്നാണ്‌ സത്യവാങ്‌മൂലത്തില്‍ ഞാന്‍ പറഞ്ഞത്‌.

1996 ഒക്‌ടോബറിലും 1997 ജൂണ്‍ മാസത്തിലും അന്ന്‌ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന പിണറായി വിജയന്‍ മന്ത്രിസഭയുടെയും ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെയും അനുമതിയില്ലാതെ, സാധ്യതാ പഠനം നടത്താതെ, സ്വന്തം താല്‍പര്യപ്രകാരം, ആഗോളടെന്‍ഡര്‍ വിളിക്കാതെ ഇടുക്കി ജില്ലയിലെ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനെന്ന്‌ പറഞ്ഞ്‌ കാനഡയിലെ എസ്‌എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കി സംസ്ഥാന ഖജനാവിന്‌ 374.5 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കി എന്നതാണ്‌ കേസ്‌. 2001- ല്‍ 'ക്രൈം' കുറ്റാന്വേഷണ ദൈ്വവാരികയാണ്‌ ഈ കേസ്‌ പുറത്ത്‌ കൊണ്ടുവന്നത്‌.

കേസില്‍ ഏഴാം പ്രതിയാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടപാടിലെ കോഴപ്പണമായ 100 കോടിയോളം രൂപ യഥാര്‍ത്ഥത്തില്‍ എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ നിന്ന്‌ കൈപ്പറ്റിയത്‌ ദിലീപ്‌ രാഹുലന്‍ ആണ്‌. പിന്നീട്‌ പലപ്പോഴായി പണം പിണറായിക്ക്‌ കൈമാറുകയായിരുന്നു. ദിലീപ്‌ രാഹുലന്‍ എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ പവര്‍ ഡിവിഷന്‍ ബിസിനസ്‌ ഡയറ്‌കടര്‍ ആയിരുന്നു. പക്ഷേ ദിലീപ്‌ രാഹുലനെ സിബിഐ ഇന്നേവരെ ചോദ്യം ചെയ്‌തിട്ടില്ല. ദിലീപ്‌ രാഹുലന്‍ ദുബായിയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, ഇന്റര്‍പോള്‍ മുഖേന ഇയാളെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌- എന്നാണ്‌ സത്യവാങ്‌മൂലത്തില്‍ സിബിഐ പറയുന്നത്‌. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും ദുബായിയുമായി കരാറുള്ളതാണ്‌ എന്ന്‌ ഓര്‍ക്കുന്നത്‌ നന്ന്‌.

ദിലീപ്‌ രാഹുലനൊപ്പം എസ്‌എന്‍സി ലാവലിന്‍ കമ്പനിയില്‍ 15 വര്‍ഷം ജോലി ചെയ്‌ത ദീപക്‌ കുമാര്‍ എന്ന മലയാളിയെയും ചോദ്യം ചെയ്‌തിട്ടില്ല. പിണറായി വിജയനുമായി എസ്‌എന്‍സി ലാവലിന്‍ കമ്പനി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ദീപക്‌ കുമാറിന്‌ നേരിട്ട്‌ അറിയാം എന്നുമാത്രമല്ല ചില സാമ്പത്തിക ഇടപാടില്‍ ദൃക്‌സാക്ഷിയുമാണ്‌. പിണറായി വിജയന്‍ പണം കൈപ്പറ്റുന്നതിന്‌ ഈ ദീപക്‌ കുമാര്‍ നേരിട്ട്‌ സാക്ഷിയാണ്‌. പിണറായി വിജയന്‍ ലാവലിന്‍ ഇടപാടില്‍ നടത്തിയ ക്രമക്കേടുകളെ സംബന്ധിച്ച തെളിവുകളും രേഖകളും ദീപക്‌ കുമാര്‍ 4 ദിവസം മുമ്പ്‌ സിബിഐ എസ്‌പി മുരുകേഷിന്‌ ചെന്നൈയില്‍ നല്‍കിയിട്ടുണ്ട്‌. ചെന്നൈ സെറ്റില്‍ഡ്‌ മലയാളി ആണ്‌ ദീപക്‌ കുമാര്‍. 60 പേജുകള്‍ ഉള്ള സത്യവാങ്‌മൂലവും 140 പേജുകള്‍ ഉള്ള മറ്റ്‌ രേഖകളുമാണ്‌ ദീപക്‌ കുമാര്‍ സിബിഐ എസ്‌പി മുരുകേഷിന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്‌. തന്റെ ജീവന്‍ അപകടത്തില്‍ ആണെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ ദീപക്‌ കുമാര്‍.

ദിലീപ്‌ രാഹുലനും മറ്റു രണ്ടു പേര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം അവശ്യപെട്ടാണ്‌ ഞാന്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. ലാവലിന്‍ കേസ്‌ ഈ മാസം 24 നാണ്‌ കോടതിയുടെ പരിഗണനക്ക്‌ വരുന്നത്‌. ഇടനിലക്കാരുമായി പിണറായി വിജയന്‍ നടത്തിയ രഹസ്യ ഇടപാടുകള്‍ സിബിഐ ഫലപ്രദമായി അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഈ കേസില്‍ വിചാരണ ചെയ്യാന്‍ അനുവാദം നല്‍കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌തു പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌.

കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുന്നത്‌ കൈകള്‍ ശുദ്ധമായതിനാലാണെന്നാണ്‌ പിണറായി വിജയന്‍ ഇപ്പോള്‍ പറയുന്നത്‌. ലാവ്‌ലിന്‍ കേസില്‍ അന്തിമവിധി വരുംവരെ നിയമപരമായി നേരിടുമെന്നു വ്യക്തമാക്കിയ പിണറായി പക്ഷേ, ഇടപാടില്‍ ഖജനാവിന്‌ 374.5 കോടിയുടെ നഷ്ടം വന്നതായുള്ള പരാമര്‍ത്തെകുറിച്ച്‌ വ്യക്തമായി മറുപടി നല്‍കിയിട്ടില്ല.

നൂറിലേറെ തവണ പിണറായി വിജയന്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പിണറായിയുടെ ഇപ്പോഴുള്ളതോ കാലഹരണപ്പെട്ടതോ ആയ ഒരു പാസ്‌പോര്‍ട്ടും സിബിഐ പിടിച്ചെടുത്ത്‌ പരിശോധിച്ചിട്ടില്ല.

2009 കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിനാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ 374.5 കോടി രൂപയുള്‍പ്പെട്ട ലാവലിന്‍ കേസിലെ പ്രതിയാണെന്ന്‌ സിബിഐ ആദ്യമായി നീതിപീഠത്തിന്‌ മുമ്പാകെ ബോധിപ്പിച്ചത്‌. പ്രോസിക്യൂഷന്‌ സംസ്ഥാന സര്‍ക്കാര്‍ എതിരായിട്ടും ഗവര്‍ണറുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന്‌ 2009 ജൂണ്‍ 11ന്‌ പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ എറണാകുളത്തെ പ്രത്യേക കോടതിയില്‍ കുറ്റപത്രവും നല്‌കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി, 420 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കുപുറമെ അഴിമതി നിരോധന നിയമത്തിലെ 13 (2), 13 (1)(ഡി) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയിരുന്നു. തുടര്‍ന്ന്‌ കഴിഞ്ഞ ഡിസംബര്‍ 31ന്‌ പിണറായി വിജയന്‍ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കുകയും ചെയ്‌തു. നടപടിക്രമം അനുസരിച്ച്‌ വിചാരണ നടപടി തുടങ്ങാനിരിക്കെയാണ്‌ ഇതുവരെ തങ്ങള്‍ അഴിമതിക്കാരനെന്ന്‌ വിശേഷിപ്പിച്ച പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ പണമൊന്നും കൈപ്പറ്റിയതിന്‌ തെളിവില്ലെന്ന്‌ സത്യവാങ്‌മൂലത്തിലൂടെ സിബിഐ, കോടതിമുമ്പാകെ ബോധിപ്പിച്ചിരിക്കുന്നത്‌.

ഇതിനിടെ പിണറായി വിജയനും ദിലീപ്‌ രാഹുലനും തമ്മില്‍ കുവൈറ്റില്‍ രഹസ്യ ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത ക്രൈംന്യൂസ്‌ഓണ്‍ലൈന്‍ കഴിഞ്ഞ ദീവസം പുറത്ത്‌ വിട്ടിരുന്നു. പിണറായിയുടെ വിശ്വസ്‌തന്‍, സസ്‌പെന്‍ഷനിലായ മുന്‍ കണ്ണൂര്‍ റേഞ്ച്‌ ഐജി ടോമിന്‍ ജെ തച്ചങ്കരി, ദിലീപ്‌ രാഹുലന്റെ കാമുകി ബീനാ ഏബ്രഹാം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്‌തു. കുവൈറ്റിലെ കോണ്ടിനന്റല്‍ ഹോട്ടലിലെ സ്യൂട്ടിലാണ്‌ രഹസ്യചര്‍ച്ച നടന്നത്‌. ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ സാക്ഷിയുമാണ്‌ ദിലീപ്‌ രാഹുലന്‍.

എന്തായാലും 'കശ്‌മലന്‌' 'നല്ല നമസ്‌കാരം'.