Monday, October 4, 2010

രണ്ടുതരം എം.പിമാര്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ രണ്ടുതരം എം.പിമാരുണ്ട്. ഒന്ന്. മെംബര്‍ ഓഫ് പാര്‍ലമെന്റ്, രണ്ട് മെംബര്‍ ഓഫ് പഞ്ചായത്ത്. ഈ എം.പിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവര്‍ പറ്റുന്ന ആനുകൂല്യങ്ങളെക്കുറിച്ചും നമുക്ക് താരതമ്യം ചെയ്തുനോക്കാം.
1. മെംബര്‍ ഓഫ് പാര്‍ലമെന്റ്: രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വോട്ടുചെയ്യുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുക എന്നുള്ളതാണ്. ഇത്രയും കഴിഞ്ഞാല്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ഉദ്ഘാടനവും പാര്‍ട്ടിയോഗങ്ങളും സ്വീകരണങ്ങളും ഏറ്റുവാങ്ങി സുഖമായി കിടന്നുറങ്ങാം. ഇവര്‍ക്കാണെങ്കില്‍ താമസിക്കാന്‍ ശീതീകരിച്ച ഫ്‌ളാറ്റുകളും വില്ലകളും. അതോടൊപ്പം വിമാനത്തിലും റെയില്‍വേയിലും സൗജന്യ യാത്രയും. കൂടാതെ കുടുംബം പോറ്റാന്‍ മാസത്തില്‍ 80,000 ഉറുപ്പിക ശമ്പളവും, പുറമെ ബത്തയും മറ്റ് ആനുകൂല്യങ്ങളും. ആനുകൂല്യം പറ്റുന്നതില്‍ എല്ലാ എം.പിമാരും ഒറ്റക്കെട്ടാണെന്ന് കഴിഞ്ഞ ഒരു മാസം മുമ്പ് ഇന്ത്യയിലെ ജനങ്ങള്‍ അറിഞ്ഞതാണ്. ഇതാണ് മെംബര്‍ ഓഫ് പാര്‍ലമെന്റ്.
2. മെംബര്‍ ഓഫ് പഞ്ചായത്ത്: ഇവരെ ഒന്ന് പരിചയപ്പെടാം. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന അജന്‍ഡകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ വസിക്കുന്ന കുടിലുകളിലേക്ക് എത്തിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നവര്‍. ഈ ഒറ്റ വാക്കില്‍തന്നെ ഇവരുടെ ജോലി കഴിഞ്ഞെങ്കിലും ഇവരുടെ അവസ്ഥയെക്കുറിച്ച് ഒരു വേള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നു വിചിന്തനം നടത്തുന്നത് നന്നായിരിക്കും. കാരണം ഈ എം.പിമാരില്‍ ഭൂരിഭാഗവും സ്വന്തമെന്ന് പറയാവുന്ന ഒരു വാസസ്ഥലംപോലും (കുടില്‍പോലും) ഇല്ലാത്തവരാണ്.
ഇവരെക്കുറിച്ച് ആര്‍ക്കും അത്രവലിയ മതിപ്പില്ലെങ്കിലും ഇവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. ഏതെങ്കിലും ഒരു കാര്യം വാര്‍ഡിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ പറ്റാതെ പോയാല്‍ കാലാകാലം ജനങ്ങളുടെ ആട്ടുംതുപ്പും ഈ എം.പിമാര്‍ സഹിക്കണം.
ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് കിട്ടുന്നതോ ആയിരത്തി അഞ്ഞൂറോ അറുനൂറോ ഉലുവ.
ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രദ്ധപതിപ്പിക്കുകയും നിയമത്തില്‍ വേണ്ടുന്ന ഭേദഗതികള്‍ വരുത്തുകയും ചെയ്താല്‍ തീര്‍ച്ചയായും രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിക്ക് അനുസൃതമായി പഞ്ചായത്ത് ഭരണം നടത്താനും വിപ്ലവം സൃഷ്ടിക്കാനും സാധിക്കും.

കെ.എം. അബ്ദുറഹ്മാന്‍
മെംബര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത്

പിന്‍സീറ്റ്‌ ഡ്രൈവിംഗിലൂടെയുള്ള പാവഭരണങ്ങളുടെ കൊയ്‌ത്തുകാലം

മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ നടക്കാന്‍പോകുന്ന മുനിസിപ്പല്‍, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്‌ എന്താണ്‌? സംസ്‌ഥാനം ഇതിനു മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം പിന്‍സീറ്റ്‌ ഡ്രൈവിംഗിലൂടെയുള്ള പാവഭരണകൂടങ്ങള്‍ക്ക്‌ കേരളീയര്‍ സാക്ഷികളാകാന്‍ പോവുകയാണ്‌.

ത്രിതല പഞ്ചായത്ത്‌ ഭരണസമ്പ്രദായവും വനിതാ സംവരണവുമെല്ലാം നടപ്പാക്കിയത്‌ അധികാരം എല്ലാ അര്‍ഥത്തിലും ജനങ്ങളുടെ കൈകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. പക്ഷേ, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അധികാരം പഞ്ചായത്ത്‌ തലത്തിലുള്ള ജനപ്രതിനിധികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നില്ല. കാരണം ഇക്കാലമത്രയും തങ്ങളുടെ കൈകളില്‍ ഒതുങ്ങിക്കിടന്ന അധികാരം താഴേ തട്ടിലേക്ക്‌ വിട്ടുകൊടുക്കാന്‍ മന്ത്രിമാരും എം.എല്‍.എമാരും ഉദ്യോഗസ്‌ഥ മേധാവികളും തയാറായില്ല എന്നതുതന്നെ. അങ്ങനെ എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ കഴിയുന്നതല്ലല്ലോ വര്‍ഷങ്ങളായി അവര്‍ കൈയില്‍ അടക്കിവച്ചിരിക്കുന്ന അധികാരങ്ങള്‍.

ജില്ലാ പഞ്ചായത്തുകളെ ഓരോ ജില്ലയുടെയും ഭരണംനിയന്ത്രിക്കുന്ന സെക്രട്ടേറിയറ്റായി മാറ്റിയെടുക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. പക്ഷേ, ജില്ലാ പഞ്ചായത്ത്‌ ഇന്ന്‌ കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനത്തിലെ നോക്കുകുത്തി മാത്രമാണ്‌. ജില്ലാ പഞ്ചായത്തിന്റെ കൈയില്‍ എന്തെന്തു അധികാരങ്ങളെത്തിയെന്ന്‌ ജനങ്ങള്‍ക്കിനിയും മനസിലായിട്ടില്ലെന്നതോ പോകട്ടെ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ക്കുപോലും മനസിലായിട്ടില്ല എന്നതാണ്‌ ലജ്‌ജാകരമായ സത്യം. ജനാധിപത്യത്തിനുതന്നെ ഭാരമെന്ന നിലയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ അലഞ്ഞുതിരിയുന്ന ഒരു വേദിയായി അവ തുടരുകയാണിപ്പോഴും.

അധികാരവികേന്ദ്രീകരണമെന്നത്‌ ഫലപ്രദമായി ഇനിയും നടപ്പാക്കാന്‍ കഴിയാത്ത സംസ്‌ഥാനത്താണ്‌ ഇത്തവണ കോര്‍പ്പറേഷനുകള്‍ തൊട്ട്‌ പഞ്ചായത്തുവരെയുള്ള സമിതികളില്‍ സ്‌ത്രീകള്‍ക്ക്‌ അമ്പതുശതമാനം സംവരണം വളരെ നാടകീയമായി നടപ്പാക്കിയത്‌. ജനസംഖ്യാനുപാതികമായി സ്‌ത്രീകള്‍ക്ക്‌ ജനപ്രതിനിധിസഭകളില്‍ അമ്പത്‌ ശതമാനം സീറ്റ്‌ സംവരണംചെയ്യണമെന്നത്‌ ന്യായമായ ഒരാവശ്യമാണ്‌. പക്ഷേ, കേരളത്തില്‍ അത്രയും സ്‌ത്രീകളെ അതിനു കഴിവും പ്രവര്‍ത്തനശേഷിയുമുള്ളവരായി വളര്‍ത്തിക്കൊണ്ടുവരാന്‍ സംസ്‌ഥാനത്തെ ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ടോ?

ഗ്രാമപഞ്ചായത്ത്‌ മുതല്‍ കോര്‍പ്പറേഷന്‍ വരെയുള്ള സമിതികളില്‍ 9855 വനിതാ പ്രതിനിധികളാണ്‌ അധികാരമേല്‍ക്കാന്‍ പോകുന്നത്‌. പകുതിയോളം പഞ്ചായത്ത്‌- മുനിസിപ്പാലിറ്റി-കോര്‍പറേഷനുകളുടെ അധ്യക്ഷ സ്‌ഥാനം സ്‌ത്രീകള്‍ക്കായിരിക്കും. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വനിതകള്‍ ഉള്ള പാര്‍ട്ടി സി.പി.എമ്മാണ്‌. പ്രകടനങ്ങളില്‍ പങ്കെടുക്കാനും സത്യഗ്രഹമിരിക്കാനും സ്‌ത്രീകളെ ഉപയോഗിക്കുന്നു എന്നതിനപ്പുറം കാര്യപ്രാപ്‌തിയുള്ളവരായി സ്‌ത്രീകളെ വളര്‍ത്തിയെടുക്കാന്‍ സി.പി.എമ്മിനുപോലും കഴിഞ്ഞിട്ടില്ല എന്നതാണ്‌ നഗ്നസത്യം.

അതുകൊണ്ടുതന്നെ അടുത്തനാളുകളില്‍ കേരളം കാണാന്‍ പോകുന്നത്‌ സ്‌ത്രീകളുടെ മേല്‍വിലാസത്തിലുള്ള ബിനാമി ഭരണങ്ങളും പാവ ഭരണകൂടങ്ങളുമാണ്‌. ഒന്നുകില്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്ന ഭര്‍ത്താക്കന്മാരുടെ ഭരണം അല്ലെങ്കില്‍ പാര്‍ട്ടിയുടെ റബര്‍ സ്‌റ്റാമ്പുകളാക്കി സ്‌ത്രീകളെ നിര്‍ത്തിക്കൊണ്ടുള്ള നേതാക്കളുടെ ബിനാമിഭരണം. ഭരണരംഗത്തേക്ക്‌ കടന്നുവരാന്‍ സ്‌ത്രീകളെ സജ്‌ജമാക്കിയെടുക്കാന്‍ പാര്‍ട്ടികള്‍ കാര്യമായ ഒരു ശ്രമവും നടത്താതിരിക്കാന്‍ കാരണം തങ്ങളുടെ ചരടുവലിക്കൊത്തുമാത്രം ഭരണം നടന്നാല്‍ മതിയെന്നുള്ള നേതാക്കന്മാരുടെ ഗൂഢോദ്ദേശമാണ്‌.

സ്‌ത്രീകള്‍ക്ക്‌ അമ്പത്‌ ശതമാനം സംവരണത്തിന്‌ കേരളം വളര്‍ച്ചനേടിയിട്ടില്ല എന്നതിന്റെ തെളിവ്‌ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും വനിതാ സ്‌ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി നടത്തിയ നെട്ടോട്ടമാണ്‌. സ്‌ഥാനാര്‍ഥികളാകാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന വനിതകളെ ഒരുപോലെ ഇരു മുന്നണിയും ബി.ജെ.പിയും സമീപിക്കുന്ന ലജ്‌ജാകരമായ രംഗങ്ങള്‍ക്ക്‌ കേരളം സാക്ഷിയായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തീയതിയായിട്ടും സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിയാതെവന്നത്‌ പാര്‍ട്ടികളിലെ പടലപ്പിണക്കത്തേക്കാള്‍ വനിതാ സ്‌ഥാനാര്‍ഥികളുടെ ദൗര്‍ലഭ്യമായിരുന്നു. വനിതാ സ്‌ഥാനാര്‍ഥിക്ഷാമം ഇത്രത്തോളം രൂക്ഷമാവുമെന്ന്‌ രണ്ടു മുന്നണികളും ചിന്തിച്ചിരിക്കാന്‍ ഇടയില്ല. പലേ പ്രലോഭനങ്ങളും നല്‍കിയിട്ടും സ്‌ഥാനാര്‍ഥിത്വം സ്വീകരിക്കാന്‍ പൊതുവെ വനിതകള്‍ തയാറായില്ല. രാഷ്‌ട്രീയമെന്നത്‌ മാന്യന്മാര്‍ക്കും മാന്യകള്‍ക്കും എത്തിനോക്കാന്‍ പറ്റാത്ത ഒരു രംഗമാണ്‌ എന്ന ധാരണ കേരളത്തില്‍ വളര്‍ന്നുകഴിഞ്ഞോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടയില്‍ പ്രകടമായ ഒരു പ്രതിഭാസം, തദ്ദേശ ഭരണ തെരഞ്ഞെടുപ്പു രംഗത്തേക്ക്‌ കടന്നുവരാന്‍ പ്രൊഫഷണലുകള്‍ കാണിച്ച വിമുഖതയാണ്‌. ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദ്യാഭ്യാസ വിദഗ്‌ദ്ധര്‍, ശാസ്‌ത്രജ്‌ഞന്മാര്‍, ടെക്‌നോക്രാറ്റുകള്‍, തുടങ്ങിയവര്‍ മത്സരരംഗത്തേക്കു വരാന്‍ കൂട്ടാക്കിയിട്ടില്ല. ബിസിനസ്‌ രംഗത്തുള്ളവരും എം.ബി.എ.ക്കാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനുനേരെ മുഖംതിരിച്ചുനില്‍ക്കുന്നതാണു കേരളം കാണുന്നത്‌. പരമ്പരാഗത രാഷ്‌ട്രീയ നേതാക്കള്‍ വഴിയൊരുക്കാന്‍ തയാറാകാത്തതാണ്‌ അവര്‍ മത്സരരംഗത്തേക്കു പ്രവേശിക്കാതിരിക്കാന്‍ കാരണം. രാഷ്‌ട്രീയപ്രവര്‍ത്തനം ഉപജീവനമാര്‍ഗവും സമ്പാദ്യമാര്‍ഗവുമായി കാണുന്ന ഒരു വിഭാഗം നേതാക്കളുടെ കൈകളിലാണു കേരളത്തിലെ രാഷ്‌ട്രീയം. കേരള രാഷ്‌ട്രീയത്തിന്റെ നേതൃത്വത്തില്‍ ഏതെങ്കിലും പ്രൊഫഷണലുകള്‍ ഉണ്ടെങ്കില്‍ അവര്‍ അഭിഭാഷകര്‍ മാത്രമാണ്‌. അവരാകട്ടെ കോടതി കാണാത്ത നിയമബിരുദ ധാരികളോ അല്ലെങ്കില്‍ അഭിഭാഷകരംഗത്തു പരാജയപ്പെട്ടവരോ ആണ്‌.

മറ്റു സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയരംഗത്ത്‌ ഇക്കാര്യത്തില്‍ വലിയ മാറ്റമാണു സംഭവിച്ചിരിക്കുന്നത്‌. ആ സംസ്‌ഥാനങ്ങളില്‍ ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും ടെക്‌നോക്രാറ്റുകളും രാഷ്‌ട്രീയരംഗത്തു മാത്രമല്ല നേതൃത്വത്തിലും കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. അതോടൊപ്പംതന്നെ വ്യവസായ, ബിസിനസ്‌ മേഖലകളില്‍ വ്യക്‌തിമുദ്രപതിപ്പിച്ചവരും രാഷ്‌ട്രീയത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്‌. ആസന്ന ഭാവിയിലൊന്നും കേരളത്തില്‍ അങ്ങനെയൊരു മാറ്റം സംഭവിക്കുമെന്നു പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു തോന്നുന്നില്ല.

യഥാര്‍ഥത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും വിജയം നേടുകയും ചെയ്‌തവരെ തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ ഭരണത്തില്‍ പങ്കാളികളാക്കാന്‍ ഏറ്റവും കൂടുതല്‍ അവസരമുള്ള സംസ്‌ഥാനം കേരളമാണ്‌. കേരളത്തിനു പുറത്തു വിവിധ സംസ്‌ഥാനങ്ങളില്‍ മാത്രമല്ല ഗള്‍ഫ്‌, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിവിധ മേഖലകളില്‍ സ്‌തുത്യര്‍ഹമായ സേവനങ്ങളനുഷ്‌ഠിച്ചിട്ടുള്ള ഒട്ടേറെ പ്രഗത്ഭമതികള്‍ ഇപ്പോള്‍ കേരളത്തില്‍ വിശ്രമജീവിതം നയിക്കാനായി തിരിച്ചുവന്നിട്ടുണ്ട്‌. അവരില്‍ ചിലരെയെങ്കിലും ഇത്തവണ മത്സരരംഗത്തിറക്കാന്‍ കേരളത്തിലെ ഇരുമുന്നണികളും താല്‍പര്യം കാണിച്ചില്ല എന്നതിനു കാരണം രാഷ്‌ട്രീയരംഗം കൈയടക്കിവച്ചിരിക്കുന്ന നേതാക്കളുടെ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ തന്നെയാണ്‌. ആ താല്‍പര്യത്തിനു വിവിധ മുഖങ്ങളാണുള്ളത്‌. ഒന്നാമത്തേത്‌ അങ്ങനെയുള്ള പ്രഗത്ഭമതികള്‍ക്കു രംഗത്തുവരാന്‍ അവസരം നല്‍കിയാല്‍ ഒടുവില്‍ തങ്ങള്‍ പിന്‍തള്ളപ്പെടുമോ എന്ന ആ നേതാക്കളുടെ ഭീതി. മറ്റൊന്ന്‌ ഇപ്പോഴത്തെപ്പോലെ കലങ്ങിമറിഞ്ഞ സ്‌ഥിതിയില്‍ മാത്രമേ അഴിമതി വളരുകയുള്ളൂ എന്നും അതില്‍നിന്നു സമ്പാദ്യമുണ്ടാക്കാന്‍ തങ്ങള്‍ക്കു കഴിയുകയുള്ളൂവെന്നുമുള്ള നേതാക്കളുടെ കണക്കുകൂട്ടലാണ്‌.

രാഷ്‌ട്രീയം ഏക ഉപജീവനമാര്‍ഗവും സമ്പാദ്യമാര്‍ഗവുമാക്കി മാറ്റിയവര്‍ രംഗം കൈയടക്കിയതിന്റെ ദുരന്തഫലമാണിത്‌. അതുകൊണ്ടുതന്നെ പ്രവാസിമലയാളി എത്ര പ്രഗത്ഭനായാല്‍ത്തന്നേയും തങ്ങള്‍ക്കിടയിലേക്കു കടന്നുവരാന്‍ പാരമ്പര്യ രാഷ്‌ട്രീയക്കാര്‍ അവസരം നല്‍കുകയില്ല. കാലക്രമത്തില്‍ തങ്ങളുടെ വഴിമുടക്കികളായി മാറുമെന്ന്‌ അവര്‍ ഭയപ്പെടുക സ്വാഭാവികമാണ്‌. അതിന്റെ ദുരന്തഫലങ്ങളായിരിക്കും വരാനിരിക്കുന്ന നാളുകളില്‍ കേരളം അനുഭവിക്കുക. കാരണം, ഉദ്യോഗസ്‌ഥന്മാരും ജനപ്രതിനിധികളും അടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നു പടര്‍ന്നുകയറുന്ന അഴിമതി കേരളത്തിന്റെ സമൂഹജീവിതത്തെ അത്രയേറെ മലീമസമാക്കാനാണു സാധ്യത. അതിനു നോക്കുകുത്തികളെപ്പോലെ മൂകസാക്ഷികളായി നില്‍ക്കാന്‍ അമ്പതു ശതമാനം സ്‌ത്രീ പ്രതിനിധികള്‍ കൂടി തയാറാകുമ്പോള്‍ ജനങ്ങള്‍ എന്തെല്ലാമായിരിക്കുമോ അനുഭവിക്കേണ്ടി വരിക?
കെ.എം. റോയ്‌