Tuesday, September 14, 2010

ക്യാപ്റ്റന്റെ കളിയുമായി ഐസക്; ഗോളടിച്ചു കയറി സതീശന്‍

ഇ. സോമനാഥ്

മല്‍സരത്തിനു മണിക്കൂറുകള്‍ മുന്‍പുതന്നെ ടീമുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയിരുന്നു. വി.ഡി. സതീശനും ധനമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണോ മന്ത്രിയും എംഎല്‍എയുമാണോ കളത്തിലിറങ്ങുകയെന്നു 11 മണിക്കു മന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനം നടത്തുന്നതു വരെ അവ്യക്തമായിരുന്നു. പത്രസമ്മേളനത്തിനിടയില്‍ മന്ത്രി പ്രഖ്യാപിച്ചു: ’സംവാദത്തില്‍ ഞാന്‍ തന്നെ നേരിട്ടു പങ്കെടുക്കും.

മല്‍സരം ’ഈസി വാക്കോവര്‍ ആയിരിക്കില്ലെന്ന തിരിച്ചറിവില്‍ നിന്ന് ആയിരുന്നു മന്ത്രിയുടെ മനംമാറ്റം. ’നോണ്‍ പ്ളേയിങ് ക്യാപ്റ്റന്‍ ആയി റിസര്‍വ് ബെഞ്ചില്‍ ഇരുന്നാല്‍ ട്രോഫി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കാം കളത്തിലിറങ്ങാന്‍

മന്ത്രിയെ പ്രേരിപ്പിച്ചത്.

സ്റ്റാര്‍ കളിക്കാര്‍ തന്നെ രംഗത്തിറങ്ങുമെന്നു വന്നതോടെ മല്‍സരവേദിയായ പ്രസ് ക്ളബ്ബിലെഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലെ തയാറെടുപ്പുകള്‍ക്ക് ആക്കംകൂടി.
നാലുമണിക്കു നിശ്ചയിച്ച ’കിക്കോഫിനു മുന്‍പുതന്നെ ഹാള്‍ നിറഞ്ഞുകവിഞ്ഞു. വന്‍ പൊലീസ് സന്നാഹവും തല്‍സമയ സംപ്രേഷണത്തിനുള്ള ഒബി വാനുകളും എന്തോ വമ്പന്‍ കാര്യം നടക്കാന്‍ പോകുന്നുവെന്ന ധാരണയാണു പൊതുജനങ്ങളില്‍ സൃഷ്ടിച്ചത്.

നാലുമണിക്കു തന്നെ ഐസക്കും സതീശനുമെത്തി. മുണ്ടും ട്രേഡ്മാര്‍ക്ക് ജൂബയുമായിരുന്നു ഐസക്കിന്റെ വേഷം. തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടുമായി സതീശനും. ഇരുവരുടെയും കൈകളില്‍ ഫയല്‍. അതില്‍ കോടതി വിധി പകര്‍പ്പുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍...

റഫറിയുടെ റോള്‍ ഏറ്റെടുത്ത പ്രസ് ക്ളബ് പ്രസിഡന്റ് എം.എം. സുബൈര്‍ കളിയുടെ നിയമാവലി അവതരിപ്പിച്ചു. ഒട്ടും വൈകിക്കാതെ ഐസക് ’കളി തുടങ്ങുകയും ചെയ്തു. അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പ്രയോഗിക്കാത്ത കേന്ദ്ര സര്‍ക്കാരാണു ലോട്ടറി മാഫിയയുടെ സംരക്ഷകരെന്ന സ്ഥിരം വാദമാണ് അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാനം വിചാരിച്ചാലും ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ കഴിയുമെന്നായി സതീശന്‍. ഇല്ലെന്നു മന്ത്രി. കഴിയുമെന്നു സതീശന്‍. പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ സംവാദം ഒരു ട്രാക്കില്‍ കിടന്നു കറങ്ങി.

ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം ലോട്ടറി നിരോധിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെങ്കിലും അതിനു ചട്ടം അനുശാസിക്കുന്ന പ്രകാരം കേന്ദ്രത്തിനു കത്തെഴുതണമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ എഴുതിയതെല്ലാം രണ്ടു ഖണ്ഡിക മാത്രമുള്ള ചട്ടപ്രകാരമല്ലാത്ത കത്താണെന്നും അദ്ദേഹം വാദിച്ചു.

ലോട്ടറി രാജാക്കന്മാരായ മണികുമാര്‍ സുബ്ബയും സാന്റിയാഗോ മാര്‍ട്ടിനുമാണു പിന്നെ കളത്തില്‍ നിറഞ്ഞത്. സുബ്ബ മൂന്നുവട്ടം കോണ്‍ഗ്രസ് എംപി ആയില്ലേ എന്ന് ഐസക്. എന്നിട്ടും സുബ്ബയ്ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ലേ എന്നു സതീശന്റെ മറുചോദ്യം.

മാര്‍ട്ടിന്റെ കൈയില്‍ നിന്നു രണ്ടുകോടി ’ദേശാഭിമാനി വാങ്ങിയതും കൈരളി ചാനലില്‍ മാര്‍ട്ടിന്റെ ലോട്ടറിയുടെ നറുക്കെടുപ്പു തല്‍സമയം സംപ്രേഷണം ചെയ്യുന്നതും ചൂണ്ടിക്കാട്ടി സതീശന്‍ വക കുത്ത്. മാര്‍ട്ടിനില്‍ നിന്നു വന്‍തുക മുന്‍കൂര്‍ വാങ്ങിയതു തെറ്റായിപ്പോയെന്ന് ഐസക്കിന്റെ കുമ്പസാരം. തല്‍സമയ സംപ്രേഷണത്തെക്കുറിച്ചു തന്ത്രപരമായ മൌനം.

സിബിഐ/ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു സതീശന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അന്വേഷണമല്ല, കേന്ദ്രത്തിന്റെ നടപടിയാണു വേണ്ടതെന്നു മന്ത്രിക്കു വാശി. സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് എന്തുകൊണ്ടു ഹൈക്കോടതിയിലെ കേസില്‍ രേഖയായി ഹാജരാക്കിയില്ലെന്നു സതീശന്‍.

കേസ് കൊടുത്തതു തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി. ഹൈക്കോടതിയില്‍ കേസ് നടത്തേണ്ടത് ഇങ്ങനെയൊന്നുമല്ലെന്നു സതീശന്റെ പരിഹാസത്തിനു മന്ത്രിക്കു മറുപടിയുണ്ടായില്ല.

മാധ്യമപ്രവര്‍ത്തര്‍ അടക്കമുള്ള ഒരുസംഘം ലോട്ടറി മാഫിയയ്ക്കു വേണ്ടി വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നിലുണ്ടെന്നു ധനമന്ത്രി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചതിനെക്കുറിച്ചു സതീശനോടു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏതാനും പ്രമുഖ സിപിഎം നേതാക്കളും തനിക്കു രേഖകള്‍ തന്നിട്ടുണ്ടെന്നായിരുന്നു മറുപടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ഉള്ളവരാണോ ഈ നേതാക്കളെന്ന ചോദ്യത്തിനു ’താടിയുള്ള ആളാണോ, മുടിയുള്ള ആളാണോ എന്നു ചോദിക്കരുത് എന്നു സതീശന്‍ അഭ്യര്‍ഥിച്ചപ്പോള്‍ കൂട്ടച്ചിരി മുഴങ്ങി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ധനമന്ത്രിയുടെ അസ്വസ്ഥത പ്രകടമായിരുന്നു. മുഖ്യമന്ത്രി വിളിച്ച ലോട്ടറി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഇടപെട്ടു മാറ്റിയോ എന്ന ചോദ്യത്തിന് അതൊന്നും പ്രസക്തമല്ലെന്നായിരുന്നു ആദ്യ മറുപടി. മുഖ്യമന്ത്രി വിളിച്ച ദിവസം തനിക്ക് അസൌകര്യമുണ്ടായതു കൊണ്ടാണു യോഗം മാറ്റിവച്ചതെന്ന വിശദീകരണം വൈകി വന്ന വിവേകം പോലെയായി.

സംസ്ഥാനം കേന്ദ്രത്തിനയച്ച കത്തുകളുടെ പോരായ്മ സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി പ്രതികരിച്ചു: ഒരെണ്ണം നന്നായി ഡ്രാഫ്റ്റ് ചെയ്തു തന്നാല്‍ നമുക്കു കേന്ദ്രത്തില്‍ കൊണ്ടുപോകാം.

ലോട്ടറി കാര്യത്തില്‍ അന്തിമമായി നടപടിയെടുക്കേണ്ടതു കേന്ദ്രമാണെന്ന വാദഗതി ഐസക് ആവര്‍ത്തിച്ചപ്പോള്‍ എതിര്‍ ചോദ്യം ശക്തമായിരുന്നു. എങ്കില്‍ പിന്നെയെന്തിന് ഒാര്‍ഡിനന്‍സ് കൊണ്ടുവരുന്നു? സ്വന്തം ഒാര്‍ഡിനന്‍സിനെ പോലും തള്ളിപ്പറയുന്നോ എന്ന ചോദ്യത്തിനു മന്ത്രിയുടെ മറുപടി: ഞങ്ങള്‍ എല്ലാ ഉപായവും നോക്കും.

കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ’ഫൈനല്‍ വിസില്‍ മുഴങ്ങി. ഫുട്ബോള്‍ മല്‍സരത്തിന്റെ സമയം തന്നെ. ഫുള്‍ടൈം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൈകൊടുക്കണമെന്നു ഫൊട്ടോഗ്രഫര്‍മാരുടെ അഭ്യര്‍ഥന. വഴങ്ങാന്‍ ഇരുവരും മടിച്ചില്ല. എന്നാല്‍, കെട്ടിപ്പിടിക്കണമെന്ന നിര്‍ദേശം സതീശന്‍ തള്ളി: അത്രയ്ക്കായില്ല.
വിജയം ആര്‍ക്കെന്നു സംഘാടകര്‍ പ്രഖ്യാപിച്ചില്ല; പ്രഖ്യാപിക്കുകയുമില്ല. എങ്കിലും നേരിട്ടും ചാനലുകളിലൂടെയും എല്ലാം കണ്ടവര്‍ക്കു വിജയിയെ തീരുമാനിക്കാന്‍ പ്രയാസമുണ്ടായില്ല.

സംവാദത്തിനൊടുവില്‍ ഒരു ടിവി ചാനലിന്റെ വോട്ടെടുപ്പ് മന്ത്രിക്കു തീരെ അനുകൂലമായിരുന്നില്ല. സതീശന് അത് ആവേശകരവുമായി. സെക്രട്ടറിയെ വിട്ടാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ മന്ത്രിക്കു തോന്നിക്കാണുമെന്ന് അപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ കമന്റ്.