Tuesday, September 14, 2010

കൊണ്ടും കൊടുത്തും സംവാദം: സംശയം ബാക്കി; ലോട്ടറികളെ നിയന്ത്രിക്കേണ്ടത്‌ ആര്‌?

വെല്ലുവിളികള്‍ക്കൊടുവില്‍ നടന്ന ലോട്ടറി സംവാദം എങ്ങുമെത്തിയില്ല. മന്ത്രി തോമസ്‌ ഐസക്കും വി.ഡി. സതീശനും ഇതുവരെ പരസ്‌പരം കാണാതെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്നലെ അവര്‍ മുഖാമുഖം നോക്കി ഉന്നയിച്ചെന്നല്ലാതെ ചര്‍ച്ച തുടങ്ങിയിടത്തുതന്നെ നിന്നു. തോമസ്‌ ഐസക്ക്‌ കേന്ദ്രത്തേയും വി.ഡി. സതീശന്‍ സംസ്‌ഥാന സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണു ശ്രമിച്ചത്‌. ചര്‍ച്ചയുടെ അന്തിമഫലമായി ലോട്ടറി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഈ മാസം അവസാനം സര്‍വകക്ഷിയോഗം വിളിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു.

ആദ്യം അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ഗോപകുമാറിനെയാണു മന്ത്രി ചര്‍ച്ചയ്‌ക്കു നിശ്‌ചയിച്ചിരുന്നത്‌. അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇന്നലെ രാവിലെയാണു താന്‍തന്നെ സംവാദത്തില്‍ പങ്കെടുക്കുമെന്നു മന്ത്രി വ്യക്‌തമാക്കിയത്‌. താന്‍ പ്രതിപക്ഷനേതാവിനെയാണു സംവാദത്തിനു വിളിച്ചത്‌. അദ്ദേഹത്തിനു സമയമില്ലെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റിനോടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പ്രതിനിധിയെ അയയ്‌ക്കാമെന്നു പറഞ്ഞപ്പോള്‍ താനും പ്രതിനിധിയെ അയയ്‌ക്കാമെന്നു പറഞ്ഞെന്നേയുള്ളു. ഇനി അദ്ദേഹത്തിനു വിഷമം വേണ്ട; താന്‍തന്നെ സംവാദത്തില്‍ പങ്കെടുക്കാമെന്നാണു മന്ത്രി പറഞ്ഞത്‌.

ആദ്യം മന്ത്രി തന്റെ വാദഗതികള്‍ നിരത്തി, പിന്നീടു സതീശന്‍ വിശദീകരിച്ചു. അതിനുശേഷം ഇരുവരും അഞ്ചു ചോദ്യങ്ങള്‍ വീതം ചോദിച്ചു. പിന്നീടു പത്രക്കാരുടെ ചില ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കി. ആദ്യം സംസാരിച്ച മന്ത്രി തോമസ്‌ ഐസക്‌ ഇതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച്‌ ആദ്യം മറുപടി പറയണമെന്നാവശ്യപ്പെട്ടു. സംസ്‌ഥാനത്തിന്‌ അധികാരമുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന വാദഗതിയാണു സതീശന്‍ വകുപ്പുകളും കോടതിവിധികളും ഉദ്ധരിച്ചു നടത്തിയത്‌. തുടര്‍ന്ന്‌ ഇരുവരും ചോദ്യോത്തരത്തിലേക്കു കടന്നു.

സതീശന്‍:- മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യത്തെ നിലപാട്‌. സംസ്‌ഥാന ലോട്ടറി നിയമത്തിന്റെ ചര്‍ച്ച നടക്കുമ്പോള്‍തന്നെ ഇപ്പോഴത്തെ ധനമന്ത്രി അന്നു പ്രമോട്ടര്‍മാരെ നിയന്ത്രിക്കാനുള്ള അവകാശം വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നതാണ്‌. നിലവില്‍ കോടതിയില്‍ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ആധികാരികതയിലുള്ള സംശയമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ആധികാരികതയില്ലാതെ എങ്ങനെ ഇത്രയും നാള്‍ ഇവരില്‍നിന്നു നികുതി വാങ്ങി ?

തോമസ്‌ ഐസക്‌:- സതീശന്‍ കാതലായ പ്രശ്‌നത്തിനു മറുപടി പറഞ്ഞിട്ടില്ല. കേന്ദ്രത്തിനാണ്‌ അധികാരം എന്ന വിഷയത്തില്‍ തൊട്ടതേയില്ല. സി.എ.ജി. റിപ്പോര്‍ട്ടില്‍വരെ ഇവരുടെ കൊള്ളയെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നിട്ടും എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ല. ഈ ലോട്ടറി മാഫിയയെ നിയന്ത്രിക്കാനാകാത്തതിനാല്‍ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങള്‍ അവരുടെ ലോട്ടറികള്‍പോലും നിരോധിച്ചിരിക്കുകയാണ്‌. ഇവിടെ ഇപ്പോള്‍ വിവാദക്കാരായ മേഘ, ബാലാജി എന്നിവര്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കിയത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്‌. യാതൊരു രേഖയുമില്ലാതെയാണ്‌ ഇവര്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കിയത്‌. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം റദ്ദാക്കി. ഒടുവില്‍ കോടതിയില്‍ പോയാണ്‌ അതൊക്കെ പുനഃസ്‌ഥാപിച്ചത്‌. എന്നൊക്കെ സംശയമുണ്ടായിട്ടുണ്ടോ അന്നൊക്കെ കോടതിയില്‍ പോയിട്ടുമുണ്ട്‌.

സതീശന്‍:- നിയമസഭയില്‍ ആരോപണം ഉന്നയിച്ചശേഷമാണു നടപടികള്‍ ഉണ്ടായത്‌. നിയമലംഘനത്തെക്കുറിച്ചു വിവരം നല്‍കേണ്ടതു സംസ്‌ഥാനമാണ്‌. റെയ്‌ഡ് നടത്തി വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണം. ചട്ടത്തിലെ 7, 8 വകുപ്പുകള്‍ ഇതിനായി ഉപയോഗിക്കണം. അങ്ങനെയാണു ലോട്ടറി നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്‌. സിക്കിം സംസ്‌ഥാനം 8 ലോട്ടറികള്‍ നിരോധിച്ചു. കഴിഞ്ഞ ജൂലൈ 8 മുതല്‍ ഇവ ഇവിടെ വില്‍ക്കാന്‍ പാടില്ലായിരുന്നു. എന്നിട്ട്‌ അവ ഇവിടെ 52 നറുക്കെടുപ്പു നടത്തി, 1500 കോടി കടത്തിക്കൊണ്ടുപോയി. ഇതിനുപിന്നില്‍ ഒരു ക്രിമിനല്‍ കൂട്ടുകെട്ടുണ്ട്‌. സിബി മാത്യൂസിന്റെ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ സി.പി.എം.-സാന്റിയാഗോ മാര്‍ട്ടിന്‍ കൂട്ടുകെട്ട്‌ രംഗത്തെത്തി. അന്നാണ്‌ ദേശാഭിമാനി മാര്‍ട്ടിനില്‍ നിന്നു രണ്ടുകോടി വാങ്ങിയത്‌. ഈ അന്യസംസ്‌ഥാന ലോട്ടറികളുടെ നറുക്കെടുപ്പ്‌ എവിടെ നടക്കുന്നുവെന്നു മന്ത്രിക്കുപോലും അറിയില്ല. ഇതു കാണിക്കുന്നതു കൈരളിയിലും മാര്‍ട്ടിന്റെ സ്വന്തമായ എസ്‌.എസ.്‌ ചാനലിലും മാത്രമാണ്‌.

തോമസ്‌ ഐസക്‌:- ഇപ്പോഴും എന്റെ ചോദ്യത്തിനു മറുപടിയില്ല. ഒരു നിയമം കൊണ്ടുവന്നിട്ടു ചട്ടം ഉണ്ടാക്കാന്‍ പന്ത്രണ്ടുവര്‍ഷമാണ്‌ എടുത്തത്‌. അതുതന്നെ നിയമത്തിനെതിരാണ്‌. നിയമത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയില്ല. എന്നാല്‍ ചട്ടത്തില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല നിയമത്തിനു വിരുദ്ധമായി 24 നറുക്കെടുപ്പ്‌ വരെയാകാമെന്നാണ്‌ ചട്ടത്തില്‍ പറയുന്നത്‌. ഈ ചട്ടം എങ്ങനെ വന്നുവെന്ന്‌ പറയണം?

പ്രമോട്ടര്‍മാരെക്കുറിച്ച്‌ സംശയം വന്നപ്പോള്‍ ചോദിച്ചു. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക്‌ അനുകൂലമായി പറയുന്നു. അതുപോലെ 8 ലോട്ടറി നിരോധിച്ചിട്ടു നറുക്കെടുപ്പിന്റെ തലേദിവസം കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നടപടി പിന്‍വലിച്ചു, അവര്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്ന്‌. അങ്ങനെ കേന്ദ്രം പറയുമ്പോള്‍ സംശയമുണ്ടെന്നു പറഞ്ഞ സംസ്‌ഥാനത്തിനു നികുതി വാങ്ങാതിരിക്കാനാവില്ല. അതു കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞു കോടതികള്‍ നിരാകരിക്കും. എന്നാല്‍ ഇവരുടെ ആധികാരികതയെക്കുറിച്ചു സംശയമുണ്ടെങ്കില്‍ നികുതി വാങ്ങാതിരിക്കാം.

കേരള സര്‍ക്കാര്‍ തങ്ങളുടെ കഴിവിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ലോട്ടറി രാജാവായ മണികുമാര്‍ സുബ്ബ മൂന്നുപ്രാവശ്യം കോണ്‍ഗ്രസിന്റെ എം.പിയായിരുന്നു. അസം പി.സി.സി. ട്രഷററുമാണ്‌ ഇദ്ദേഹം. അതുപോലെ ഓണ്‍ലൈന്‍ ലോട്ടറിയുടെ പ്രധാനിയായ സുഭാഷ്‌ചന്ദ്ര തന്റെ സാമ്രാജ്യം പണിതത്‌ എസ്‌.എം. കൃഷ്‌ണയുടെ തണലിലാണ്‌. സാന്റിയാഗോ മാര്‍ട്ടിനും കോണ്‍ഗ്രസിനു വേണ്ടപ്പെട്ട വ്യക്‌തിയാണ്‌. ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മൂലമാണ്‌ നടപടിയെടുക്കാന്‍ മടിക്കുന്നത്‌.

സതീശന്‍:- നിയമത്തിനനുസരിച്ചു മാത്രമേ ചട്ടമുണ്ടാക്കാന്‍ പാടുള്ളു. നിയമത്തിന്റെ അടിസ്‌ഥാനമില്ലാത്ത ചട്ടം നിലനില്‍ക്കില്ല. 24 നറുക്കെടുപ്പു വരെയാകാമെന്നതിനെ ചലഞ്ച്‌ ചെയ്യണമെന്നാണ്‌ എന്റെ നിലപാട്‌. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ അതു ചലഞ്ച്‌ ചെയ്യാതെ ലോട്ടറി മാഫിയയ്‌ക്കു സഹായം ചെയ്യുന്ന നിലപാടാണു സ്വീകരിച്ചത്‌. മണികുമാര്‍ സുബ്ബയ്യക്കെതിരേ സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്‌. ഇവിടത്തെ ലോട്ടറി നടത്തിപ്പുമായി അദ്ദേഹത്തിനു യാതൊരു ബന്ധവുമില്ല. കോടതിയിലുള്ള കേസുകളില്‍ ഒത്തുകളിയാണു നടക്കുന്നത്‌. മാര്‍ട്ടിനുമായി പിണങ്ങിയ വ്യക്‌തി നല്‍കിയ അരുണാചല്‍ ലോട്ടറിക്കുവേണ്ടിയുള്ള നികുതി വാങ്ങിയിട്ടില്ല. അതുപോലെ സിക്കിം ലോട്ടറിയുടെ നികുതി വൈകിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ വാങ്ങിയില്ല. തുടര്‍ന്ന്‌ അവര്‍ കോടതിയില്‍ പോയി. പലിശയുള്‍പ്പെടെ വാങ്ങാന്‍ നിര്‍ദേശിച്ചു.

യു.ഡി.എഫിന്റെ കാലത്തു ലോട്ടറി മാഫിയയ്‌ക്കുവേണ്ടി ഹാജരായ വക്കീല്‍ അശോകനാണ്‌ ഇടതുമുന്നണി വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനായത്‌. അതുപോലെ നാഗേശ്വരറാവുവിനെ ലോട്ടറിക്കേസില്‍ കൊണ്ടുവരരുതെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതു മറികടന്നാണ്‌ അദ്ദേഹത്തെ വച്ചത്‌. മൊത്തം 36 കേസ്‌ തോറ്റു. ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരം എടുത്ത്‌ പ്രയോഗിച്ചു. അതോടെ കോടതിയില്‍ എല്ലാം എതിരായി മാറി.

തോമസ്‌ ഐസക്‌:- യു.ഡി.എഫ്‌. കൊണ്ടുവന്ന നിയമത്തിനനുസരിച്ച്‌ സെക്‌്ഷന്‍ നാലു പ്രകാരം നടക്കുന്നതുമാത്രമേ പേപ്പര്‍ ലോട്ടറിയാകുകയുള്ളു. അതിന്റെ അടിസ്‌ഥാനത്തിലുള്ള നടപടിയാണു സ്വീകരിച്ചത്‌. ഈ ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ എന്തൊക്കെയുണ്ടോ അതൊക്കെ ചെയ്യുന്നുണ്ട്‌. നിയമലംഘനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കണമെന്നാണു നിയമം. അതിന്‍പ്രകാരം നിരവധി കത്തുകള്‍ അയച്ചു. എന്തിനാണു യു.ഡി.എഫ്‌. 544 കേസുകള്‍ പിന്‍വലിച്ചത്‌? സുപ്രീം കോടതി പാടില്ലെന്നു പറഞ്ഞിട്ടും ഏഴുകേസുകള്‍ എന്തിന്‌ എടുത്തു? അവിടെപ്പോയി ഇനി കേസ്‌ എടുക്കില്ലെന്നു മാത്രമല്ല, എടുത്തതു പിന്‍വലിക്കാമെന്നും എന്തിനു സത്യവാങ്‌മൂലം നല്‍കി? ഒടുവില്‍ ആന്റണിയുടെ കാലത്ത്‌ എടുത്ത നടപടികള്‍ മുഴുവന്‍ പിന്‍വലിച്ചു. ലോട്ടറി ഡയറക്‌ടറെയും മാറ്റി.

സതീശന്‍:- യു.ഡി.എഫിന്റെ കാലത്ത്‌ 544 കേസുകള്‍ എടുത്തു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മാര്‍ട്ടിന്റെ ഗോഡൗണില്‍പ്പോകാന്‍ പോലും തയാറായിട്ടില്ല. കോടതിയുടെ ഇടക്കാല ഉത്തരവു വ്യാഖ്യാനിച്ച്‌ നിയമോപദേശം നല്‍കിയ എ.ജിക്കു തെറ്റുപറ്റി.

അതു കോടതിയലക്ഷ്യനടപടികള്‍ക്കു വഴിവച്ചു. എന്നാല്‍ ആ കോടതിയലക്ഷ്യ നടപടി തുടരണമായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം. നടപടി പിന്‍വലിക്കുന്നുണ്ടോ അതോ ജയിലില്‍ പോകുന്നുവോയെന്നു കോടതി ചോദിച്ചപ്പോള്‍ അവ പിന്‍വലിക്കേണ്ടി വന്നു.

തുടര്‍ന്ന്‌ 2009 ലെ ഇടക്കാല വിധിയില്‍ കേസ്‌ എടുക്കാം. 544 കേസുകളില്‍ നടപടിയാകാം. അതുപോലെ കോടതിയുടെ അനുമതിയോടെ റെയ്‌ഡുകള്‍ നടത്താമെന്നൊക്കെ വ്യക്‌തമാക്കിയിരുന്നു. നറുക്കെടുപ്പ്‌ 24 ആയി നിജപ്പെടുത്തിയതു ബംഗാളിലെ 400 നറുക്കെടുപ്പു കുറയ്‌ക്കാനാണ്‌. കേരളത്തിലും ബംഗാളിലുമാണു ലോട്ടറിത്തട്ടിപ്പു നടക്കുന്നത്‌. ആദ്യം മുഖ്യമന്ത്രി ലോട്ടറിക്കാര്യത്തില്‍ ഒരുപാടു താല്‍പര്യം എടുത്തിരുന്നു. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ 18 പത്രസമ്മേളനങ്ങളാണ്‌ ഇക്കാര്യത്തില്‍ നടത്തിയത്‌. സംസ്‌ഥാനത്തിന്‌ ഇവരെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്ന കോടതിവിധിയും അദ്ദേഹത്തിന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഒരു യോഗം വിളിച്ചു. മന്ത്രി അതു കലക്കി. പിന്നീടു മന്ത്രി യോഗം വിളിച്ചു. ഡല്‍ഹിയില്‍ പോയ അഡ്വക്കേറ്റ്‌ അനില്‍കുമാറിനെ മന്ത്രി തിരിച്ചുവിളിച്ചു. വരണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ലോട്ടറി ഓര്‍ഡിനന്‍സിലും മുഖ്യമന്ത്രി തിരുത്തുവരുത്തി. 47 ദിവസമായി അങ്ങ്‌ ആരോപണവിധേയനായി നില്‍ക്കുകയാണ്‌. എന്നിട്ടും എന്തുകൊണ്ടു മുഖ്യമന്ത്രി അങ്ങയെ സംരക്ഷിക്കാന്‍ വന്നില്ല?

ഐസക്‌:- യു.ഡി.എഫ്‌. സര്‍ക്കാര്‍ എടുത്ത 544 കേസും അന്നത്തെ ലോട്ടറി ചട്ടം സെക്‌്ഷന്‍ 24 പ്രകാരമുള്ളതാണ്‌. പുതിയ നിയമത്തില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല ഒരു എഫ്‌.ഐ.ആര്‍. എടുക്കണമെങ്കില്‍പ്പോലും സുപ്രീം കോടതിയില്‍ പോകേണ്ട അവസ്‌ഥയാണ്‌. മേഘയുടെ ആസ്‌ഥാനത്തു മൂന്നു തവണ റെയ്‌ഡ് നടത്തി 42 കേസുകളുമെടുത്തിട്ടുണ്ട്‌. അതിനുമപ്പുറം വേണമെന്നു പെറ്റീഷനും നല്‍കി.

എടുത്ത കേസുകള്‍ പോലും പിന്‍വലിക്കാമെന്ന്‌ അന്ന്‌ സത്യവാങ്‌മൂലം നല്‍കി. ഇപ്പോള്‍ പറയുന്നു കോടതിയലക്ഷ്യക്കേസ്‌ നേരിടണമായിരുന്നുവെന്ന്‌. അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌. എത്രപ്രാവശ്യം പറഞ്ഞു ഇതു പിന്‍വലിക്കണമെന്ന്‌. ഞങ്ങള്‍ പിന്‍വലിക്കും. അതു നിയമപ്രകാരമാണ്‌. വാദം നടക്കുമ്പോഴേ പിന്‍വലിക്കാനാകൂ. പിന്നെ അദ്ദേഹം എന്റെ മുഖ്യമന്ത്രിയും ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിയുമാണ്‌.

സതീശന്‍:- അന്നെടുത്ത 544 കേസുകളും തുടരാനാണു സുപ്രീം കോടതി അനുമതി നല്‍കിയത്‌. അന്നു കേസ്‌ എടുത്തത്‌ 6,7 വകുപ്പുകള്‍ പ്രകാരമാണ്‌. അവ ഇപ്പോഴും നിയമത്തിലുണ്ട്‌. നിങ്ങള്‍ക്കു നാലു വര്‍ഷമായിട്ടും സത്യവാങ്‌മൂലം തിരുത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ്‌ ഒരുവര്‍ഷം മാത്രം സമയമുണ്ടായിരുന്ന ഞങ്ങള്‍ തിരുത്തിയില്ലെന്നു പറയുന്നത്‌. കഴിഞ്ഞ മാര്‍ച്ചില്‍ ഇതുസംബന്ധിച്ച കേസ്‌ വന്നപ്പോള്‍ സെക്‌്ഷന്‍ 4 ലംഘനത്തെക്കുറിച്ചല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്‌. സെക്‌്ഷന്‍ 4(എച്ച്‌) ലംഘിക്കുന്നുവെന്നു മാത്രമാണ്‌. ഇവിടെ നാലാം വകുപ്പിലെ എ മുതല്‍ കെ വരെ ലംഘിക്കുന്നുവെന്നാണു കേസ്‌. മാത്രമല്ല ഇവിടെ ഇല്ലാത്ത ഓണ്‍ലൈന്‍ ലോട്ടറികള്‍ നിയമം ലംഘിക്കുന്നുവെന്നായിരുന്നു അടുത്ത വാദം.

കോടതി ഉത്തരവ്‌ പ്രകാരം അനുമതി വാങ്ങി റെയ്‌ഡ് നടത്തി സെക്‌്ഷന്‍ 5 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അതു ബന്ധപ്പെട്ട സര്‍ക്കാരിനു നല്‍കണം. അതിനുശേഷം നടപടിയുണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. ഇതാണു ലോട്ടറി നിരോധനത്തിനുള്ള നടപടികള്‍. എന്നാല്‍ ഇവിടെ നിന്നയച്ച കത്തുകള്‍ അത്തരത്തിലുള്ളവയായിരുന്നില്ല. സെക്യൂരിറ്റി പ്രസില്‍ അച്ചടിച്ചിട്ടില്ല, ഇഷ്‌ടംപോലെ നറുക്കെടുപ്പുകള്‍, സമ്മാനഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍, എവിടെ നറുക്കെടുപ്പു നടത്തുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അതില്‍ ചൂണ്ടിക്കാട്ടണമായിരുന്നു. അന്യസംസ്‌ഥാന ലോട്ടറികളെ നിരോധിക്കണമായിരുന്നെങ്കില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കി അതുള്‍പ്പെടുന്ന കത്തുകളായിരുന്നു കേന്ദ്രത്തിനു നല്‍കേണ്ടിയിരുന്നത്‌.

തോമസ്‌ ഐസക്‌:- നിയമപ്രകാരമുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കേന്ദ്രത്തിനു നല്‍കിയിരുന്നതാണ്‌. ഞങ്ങള്‍ എഴുതിയതില്‍ പോരായ്‌മയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എഴുതിയ കത്തുണ്ടല്ലോ ? ഇതൊന്നുംപോരെങ്കില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ട്‌. എന്നിട്ട്‌ എന്തുകൊണ്ടു നടപടിയെടുത്തില്ല. ഇതൊക്കെയുണ്ടല്ലോ ഒന്നു നടപടിയെടുപ്പിക്കൂ. കൃത്യമായി കത്തയച്ചിട്ടുണ്ട്‌. ഇനിയും കത്തയയ്‌ക്കാം. കോടതിയേയും എല്ലാം അറിയിച്ചിട്ടുണ്ട്‌.

കോടതിയില്‍ മൂന്നു തരത്തില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. അതില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച കേസുമുണ്ട്‌. എല്ലാം ഒന്നിച്ചാണു പരിഗണിക്കുന്നത്‌. അതിന്റെ വാദത്തിനിടയിലാണ്‌ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ചു പറഞ്ഞത്‌. നിങ്ങളുടെ കാലത്ത്‌ എന്തുകൊണ്ട്‌ അന്നു ചുമത്തിയ നികുതി പിരിച്ചില്ല. ഈ സര്‍ക്കാര്‍ വരുന്നതിനും ഒരാഴ്‌ചമുമ്പാണ്‌ കോടതി ഇതു തടഞ്ഞുകൊണ്ടു വിധി വന്നത്‌. നിയമപരമായി അവകാശമുണ്ടായിരുന്നിട്ടും എന്തുകൊണ്ടു നികുതി പിരിച്ചില്ല.

സതീശന്‍:- ഞാന്‍ പറഞ്ഞതിനൊന്നും മറുപടിയില്ല. ഉമ്മന്‍ചാണ്ടി കത്തയച്ചുവെന്നാണു പറയുന്നത്‌. പുതിയ ചട്ടം നിലവില്‍ വന്നത്‌ ഏപ്രില്‍ മാസമാണ്‌. ചട്ടപ്രകാരമുള്ള ഒരു കത്ത്‌ അയച്ചതു കാണിക്കാമെങ്കില്‍ സമ്മതിക്കാം. വി.എസ്‌. ആണ്‌ 5000 കോടിയിലധികം നികുതി പരിക്കാനുണ്ടെന്നു പറഞ്ഞത്‌. 2006 ല്‍ ധനമന്ത്രി വിളിച്ച യോഗത്തില്‍ ഇതു വാങ്ങാമെന്നു തീരുമാനിക്കുകയും ചെയ്‌തു. മുമ്പും ഇതു വാങ്ങാന്‍ തടസമായിട്ടുള്ള ഒരു വിധിയുണ്ട്‌.

തോമസ്‌ ഐസക്‌:- ആക്‌്ഷണബിള്‍ ക്ലെയിമില്‍ നികുതി പാടില്ലെന്നാണു വിധിയുള്ളത്‌. നമ്മള്‍ അയയ്‌ക്കുന്ന കത്തില്‍ കുഴപ്പമുണ്ടെങ്കില്‍ തയാറാക്കി ത്തന്നാല്‍ നേരിട്ടു കൊണ്ടുനല്‍കാം. അന്വേഷണമല്ല, നടപടിയാണു വേണ്ടത്‌. നടപടിയെടുപ്പിക്ക്‌, അന്വേഷണം നടത്താം. ലോട്ടറി നടത്തിപ്പ്‌ മൗലികാവകാശമൊന്നുമല്ല. ഓരോ സംസ്‌ഥാനവും അവരവരുടെ ലോട്ടറി മാത്രം നടത്തിയാല്‍ മതിയെന്ന ഭരണഘടനാ ഭേദഗതിമാത്രം മതിയല്ലോ? അതിനുവേണ്ടി നമുക്ക്‌ ഒന്നിച്ചു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താം.

സതീശന്‍:- അതു പ്രായോഗികമല്ല. വെറുതേ കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍കെട്ടിവയ്‌ക്കാനാണു ശ്രമം. മറ്റേതു ഭരണഘടനാലംഘനമാകും. അന്യസംസ്‌ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്‌ഥാനത്തിനുണ്ട്‌. ഞാന്‍ ആരോപണം ഉന്നയിച്ചു 30 ദിവസം കഴിഞ്ഞപ്പോള്‍ എല്ലാ അന്യസംസ്‌ഥാന ലോട്ടറിയുടെയും വില്‍പന നിലച്ചല്ലോ ?

തോമസ്‌ ഐസക്‌: - നിങ്ങള്‍ ആരോപണം ഉന്നയിച്ചാണു നടപടിയെടുപ്പിച്ചതെന്ന വാദം ശരിയല്ല. മേഘയുടെ ആധികാരികയില്‍ സംശയമുണ്ടാകുന്ന തരത്തില്‍ ഒരു പുതിയ രേഖ ലഭിച്ചു. അതിന്റെ അടിസ്‌ഥാനത്തില്‍ മൂന്നാഴ്‌ച സമയം ലഭിച്ചു. സെക്‌്ഷന്‍ 4 ലംഘനത്തിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളു. സംസ്‌ഥാനത്തിന്‌ ആകെയുള്ള അധികാരം പ്രമോട്ടറുടെ ആധികാരികതയില്‍ സംശയപ്പെടാം.

തുടര്‍ന്ന്‌ ഇവരുടെ സംവാദത്തിനൊടുവില്‍ സുബ്ബയും മാര്‍ട്ടിനും വീണ്ടും കടന്നുവന്നു. സുബ്ബയെക്കുറിച്ചു കൂടുതല്‍ പറയാന്‍ സതീശനും മാര്‍ട്ടിനെക്കുറിച്ചു പറയാന്‍ ഐസക്കും തയാറായില്ല. എന്നാല്‍ അന്യസംസ്‌ഥാന ലോട്ടറിയുടെ ഒരു ക്രിമിനല്‍ സംഘം ഇവിടെയുണ്ടെന്ന്‌ രണ്ടുകൂട്ടരും സമ്മതിച്ചു