Tuesday, September 14, 2010

ഉശിരന്‍ വാദങ്ങളോടെ സതീശന്‍; പ്രതിരോധതന്ത്രവുമായി ഐസക്

തിരുവനന്തപുരം: കാര്‍ക്കശ്യമുള്ള നിലപാടുകളുടെയും ഉശിരന്‍ വാദങ്ങളുടെയും പിന്‍ബലത്തോടെ വി.ഡി.സതീശന്‍ എം.എല്‍.എയും പ്രതിരോധതന്ത്രങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയപ്പോള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോട്ടറി സംവാദം കസറി. ലോട്ടറിക്കേസുകള്‍ മനഃപൂര്‍വം തോറ്റുകൊടുത്ത കേരള സര്‍ക്കാരിനെതിരെ സതീശന്‍ അമ്പുകള്‍ തൊടുത്തു. കേന്ദ്രസര്‍ക്കാരാണ് ലോട്ടറിമാഫിയയെ സഹായിക്കുന്നതെന്ന് ഐസക് മറുപടി നല്‍കി. സാന്റിയാഗോ മാര്‍ട്ടിനും സി.പി.എമ്മും തമ്മിലുള്ള കുത്സിതബന്ധത്തെക്കുറിച്ച് സതീശന്‍ പറഞ്ഞു. മണികുമാര്‍ സുബ്ബയെന്ന ലോട്ടറി രാജാവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിതം അവസാനിപ്പിക്കണമെന്ന് ഐസക് പ്രതിവചിച്ചു. ഈ മാസം സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ഐസക്. മാഫിയ ബന്ധം അവസാനിപ്പിച്ചാല്‍, പങ്കെടുക്കുന്ന കാര്യം നോക്കാമെന്ന് സതീശന്‍.

ലോട്ടറിസംവാദത്തിന്റെ വിശദാംശങ്ങളിലേക്ക്: അനധികൃത ലോട്ടറി നിരോധിക്കാനുള്ള മുഴുവന്‍ അധികാരവും കേന്ദ്രത്തിനാണെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള നിലപാടുകളുമായാണ് ഐസക് സംവാദത്തിന് തുടക്കമിട്ടത്. ലോട്ടറി നടത്തിപ്പുകാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ കേന്ദ്രത്തിന് കത്തെഴുതാന്‍ മാത്രമേ കേരളത്തിന് കഴിയുകയുള്ളൂ. നിരോധിക്കാനുള്ള തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. മണികുമാര്‍ സുബ്ബയെന്ന അസം കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്ത് നടത്തുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോട്ടറിനിരോധത്തിന് മടിക്കുകയാണെന്നും ഐസക് പറഞ്ഞു.

ഈ വാദത്തിന് സതീശന്റെ മറുപടി ഇങ്ങനെ: ''ലോട്ടറി നിരോധിക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് മന്ത്രി പറയുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 27 നാണ് ഞാന്‍ നിയമസഭയില്‍ ലോട്ടറി പ്രശ്‌നം ഉന്നയിക്കുന്നത്. തുടര്‍ന്ന് വിവാദമായി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. നടത്താന്‍ അധികാരമില്ലെന്ന് നേരത്തേപറഞ്ഞ റെയ്ഡുകളുണ്ടായി. ഇപ്പോള്‍ കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി പ്രവര്‍ത്തിക്കുന്നില്ല. ലോട്ടറിക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സഹായമില്ലാതെ തന്നെ സംസ്ഥാനത്തിന് ഇടപെടാന്‍ അധികാരമുണ്ടെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. എന്തുകൊണ്ട് ഈ നിലപാടെടുക്കാന്‍ നാലുവര്‍ഷം കാത്തിരുന്നു?'' സതീശന്‍ ചോദിച്ചു.

ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് കഴിഞ്ഞ രണ്ടു മാസമായി അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് നിലപാടെടുക്കാന്‍ കഴിഞ്ഞതെന്ന് പറഞ്ഞ ഐസക് മറുചോദ്യം കൊണ്ട് സതീശനെ നേരിട്ടു: ''...യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കെതിരെയുള്ള 544 കേസുകളാണ് പിന്‍വലിച്ചതെന്നുമാത്രമല്ല, മേലില്‍ അവര്‍ക്കെതിരെ കേസുകളെടുക്കില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ലോട്ടറിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും ചെറുക്കുന്ന നടപടിയായിരുന്നു അത്. എന്നിട്ട് 2010 ഏപ്രിലില്‍ ലോട്ടറിനിയമത്തില്‍ പുതിയ ചട്ടങ്ങള്‍കൊണ്ടുവന്നു. സര്‍വഅധികാരങ്ങളും കേന്ദ്രത്തിന് നല്‍കുന്നതായിരുന്നു ആ ചട്ടങ്ങള്‍. എന്നിട്ടും എന്തുകൊണ്ട് നാളിതുവരെ കേന്ദ്രം അനധികൃത ലോട്ടറിക്കെതിരെ ഒരു കേസുപോലുമെടുത്തില്ല?'' ഐസക് ചോദിച്ചു.

കേന്ദ്രം നടപടിയെടുക്കണമെങ്കില്‍ അനധികൃത ലോട്ടറിക്കാരുടെ ചെയ്തികളെക്കുറിച്ച് വിശദമായ തെളിവുകള്‍ സഹിതം കത്തുനല്‍കണമെന്നും അത്തരം ലോട്ടറി നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും ചട്ടത്തിലുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെറും കത്തെഴുതുക മാത്രമാണ് ചെയ്തതെന്നും കാര്യമായ ഒരു തെളിവും ഹാജരാക്കിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. 'സാന്റിയാഗോ മാര്‍ട്ടിന്റെ കൈയില്‍ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപ വാങ്ങിയ കാര്യം എല്ലാവര്‍ക്കുമറിയാം. ലോട്ടറി നറുക്കെടുപ്പ് കൈരളിയില്‍ ലൈവായി കാണിക്കുന്നുമുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ എസ്.എസ്.ചാനലില്‍ മാത്രമാണ് പിന്നീട് ലൈവ് സംപ്രേഷണമുള്ളത്. മാര്‍ട്ടിനുള്‍പ്പെടെയുള്ളവരുമായി സി.പി.എമ്മിന് അവിഹിത ബന്ധമുണ്ട്. ഇതുകാരണമാണ് കേന്ദ്രത്തിന് തെളിവ് നല്‍കാത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി മാഫിയക്കുവേണ്ടി കേസ് വാദിച്ച വക്കീലിനെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലോട്ടറിക്കേസുകള്‍ വാദിക്കാന്‍ പ്ലീഡറായി ചുമതലപ്പെടുത്തിയത്. ലക്ഷക്കണക്കിന് രൂപ നല്‍കി നാഗേശ്വര റാവുവെന്ന അഭിഭാഷകനെ പിന്നീട് കൊണ്ടുവന്നെങ്കിലും സെക്ഷന്‍ 4 എച്ചിലെ ചില ചെറിയ ലംഘനങ്ങള്‍ മാത്രമേ അന്യസംസ്ഥാനലോട്ടറിക്കാര്‍ നടത്തിയിട്ടുള്ളൂവെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. 32 കേസുകളാണ് ഈ വക്കീല്‍ സര്‍ക്കാരിന് വേണ്ടി വാദിച്ചുതോറ്റത്. നിര്‍ണായക രേഖയായ, എ.ഡി.ജി.പി സിബി മാത്യൂസിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഒരു കേസ്സിലും സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയതുമില്ല'' -സതീശന്‍ പറഞ്ഞു.

സതീശന്റെ വാദങ്ങളെ ഐസക് നേരിട്ടത് ഇങ്ങനെയാണ്: ''മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി പണം വാങ്ങിയത് തെറ്റ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ മണികുമാര്‍ സുബ്ബയ്ക്കുവേണ്ടിയാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം ഇതുവരെ ഒരുനടപടിയുമെടുക്കാത്തത്. നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. കൃത്യമായ നടപടിയെടുക്കാത്തതിനുപകരം ഞങ്ങള്‍ വള്ളിപുള്ളി വിട്ടതുകൊണ്ടാണ് അനധികൃത ലോട്ടറി നിര്‍ബാധം നടക്കുന്നതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? കേന്ദ്രത്തിന് അയക്കാവുന്ന കത്ത് സതീശന്‍ ഡ്രാഫ്റ്റ് ചെയ്ത് താ... പ്രത്യേക ദൂതന്‍ വഴി ഞാനത് കേന്ദ്രത്തിലെത്തിക്കാം'' ഐസക് പറഞ്ഞു.

തുടര്‍ന്ന് ഇരുവരും പ്രകോപിതരായി.

ഐസക്ക് : അന്യസംസ്ഥാന ലോട്ടറിക്കെതിരെ ജനാഭിപ്രായം രൂപപ്പെടണം. കേന്ദ്രത്തിലേക്ക് സര്‍വകക്ഷിസംഘം നിവേദനം നല്‍കണം. സതീശന്‍ ഒരുക്കമാണോ?

സതീശന്‍ : ആദ്യം നിങ്ങള്‍ അനധികൃത ലോട്ടറിക്കെതിരെ വ്യക്തമായി ഒരു കത്ത് കേന്ദ്രത്തിനെഴുത്. എന്നിട്ട് കേന്ദ്രം തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നോക്കാം. ജനാഭിപ്രായത്തിന് എതിര് നില്‍ക്കുന്നത് സി.പി.എമ്മിന്റെ മാധ്യമസ്ഥാപനങ്ങള്‍ തന്നെയാണ്. കരുത്തുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷണം നടത്ത്.

ഐസക്ക് : എല്ലാത്തിനെയും കുറിച്ച് എങ്ങനെ അന്വേഷണം നടത്തും. വ്യക്തമായ പരാതി നല്‍ക്. എന്നിട്ടാകാം അന്വേഷണം.

സംവാദം രൂക്ഷമായതോടെ, മോഡറേറ്ററായ പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എം. സുബൈര്‍ ഇടപെട്ടു. വെല്ലുവിളികള്‍ തത്കാലത്തേക്ക് അവസാനിച്ചു. ഇരുവരും കൈകൊടുത്തു. ക്യാമറകള്‍ ഫ്‌ളാഷുകള്‍ മിന്നിച്ചു.