Sunday, September 19, 2010

റഫറിക്കെതിരെ ചുവപ്പു കാര്‍ഡ്

മുഖപ്രസംഗം

കേരളത്തിലെപ്പോലെ സ്വാശ്രയമേഖല കുഴഞ്ഞുമറിഞ്ഞ ഒരിടവും രാജ്യത്തുണ്ടാവില്ല. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ അലങ്കോലങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും സ്വാശ്രയമേഖലയിലെ അംപയറായ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിkക്കും ഉത്തരവാദിത്തമുണ്ടെന്നു വരുന്നതോടെ ഇങ്ങനെയൊരു സമിതിയെക്കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയരുകയാണ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തിരക്കുപിടിച്ചു കൊണ്ടുവന്ന സ്വാശ്രയ നിയമത്തിലെ മുഖ്യവകുപ്പുകളെല്ലാം കോടതി റദ്ദാക്കിയെങ്കിലും പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കാനും ഫീസ് നിര്‍ണയിക്കാനുമുള്ള സമിതികള്‍ക്കു നിയമപ്രാബല്യമുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന കാലം മുതല്‍ രണ്ടു സമിതികളുടെയും അധ്യക്ഷസ്ഥാനം ഹൈക്കോടതി ജഡ്ജിയായിരുന്ന പി.എ. മുഹമ്മദിനാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിപുലമായ അധികാരമുള്ള സമിതികള്‍ക്ക് ഇക്കാലമത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ലെന്നു മാത്രമല്ല, സ്വാശ്രയമേഖലയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു കാര്യമായ സംഭാവനയൊന്നും ചെയ്യാന്‍ കഴിഞ്ഞുമില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ടു കോടതിവിധികള്‍ മുഹമ്മദ് കമ്മിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് മൂന്നാം വര്‍ഷത്തില്‍ എത്തിയ കുറേ വിദ്യാര്‍ഥികളെ പ്രവേശനപ്പരീക്ഷയില്‍ 50% മാര്‍ക്കില്ലാത്തിനാല്‍ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവേശന ചട്ടമനുസരിച്ചാണ് ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് ഇളവു ലഭിച്ചില്ലെങ്കില്‍ ഈ കുട്ടികള്‍ പുറത്താകും. പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കും പ്ളസ് ടുവിലെ സയന്‍സ് വിഷയങ്ങളുടെ മാര്‍ക്കും ഒരുമിച്ചുകൂട്ടിയാണ് 50% മാര്‍ക്കില്‍ കുറയാതെയുള്ളവര്‍ക്കു പ്രവേശനം നല്‍കിയതെന്നും ഇതെല്ലാം മുഹമ്മദ് കമ്മിറ്റി അംഗീകരിച്ചതിനാല്‍ കോടതിയുടെ ഉത്തരവിന്റെ ബാധ്യത കമ്മിറ്റിക്കു തന്നെയെന്നും മാനേജ്മെന്റ് പറയുമ്പോള്‍ പ്രവേശന സംവിധാനത്തിന്റെ ധാര്‍മികാടിത്തറ തന്നെ പൊളിയുകയാണ്.

പ്രവേശന പരീക്ഷയ്ക്കു കുറഞ്ഞത് 50% മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ നിബന്ധന 2007 വരെ മെഡിക്കല്‍ കൌണ്‍സിലോ മാനേജ്മെന്റുകളോ കര്‍ശനമായി പാലിച്ചിരുന്നില്ല. അതിനാല്‍, 2007ലും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് ഉണ്ടാവില്ലെന്നു കരുതിയിരിക്കാം. സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും 2007ല്‍ 50% മാര്‍ക്ക് ഇല്ലാത്തവര്‍ക്കാണ് എംബിബിഎസിനു പ്രവേശനം നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാത്ത നാലു മെഡിക്കല്‍ കോളജുകളുടെയും കരാര്‍ ഒപ്പുവച്ച ഒരു മെഡിക്കല്‍ കോളജിന്റെയും കാര്യം മാത്രമേ കോടതിയില്‍ എത്തിയിട്ടുള്ളൂ എന്നു മാത്രം.

സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട പതിനൊന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട പ്രവേശനം ഇക്കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍, ഇവിടെ വെറും മാപ്പുസാക്ഷി മാത്രമായിരുന്നുവെന്നു രേഖാമൂലം അറിയിച്ചുകൊണ്ടു തടിതപ്പാനുള്ള വിഫലശ്രമം കമ്മിറ്റി നടത്തിയതും മറ്റൊരു കടുത്ത വീഴ്ച. ഈ കോളജുകള്‍ നടത്തിയ പ്രവേശനപ്പരീക്ഷയ്ക്കും ചോദ്യപേപ്പര്‍ തയാറാക്കലിനും മൂല്യനിര്‍ണയത്തിനും കമ്മിറ്റിയുടെ മേല്‍നോട്ടമില്ലായിരുന്നു. ഈ പ്രവേശന പ്രക്രിയയില്‍ ഒരു ഘട്ടത്തിലും ഒരു പിടിയുമില്ലാത്ത നിസ്സഹായാവസ്ഥയിലായിരുന്നുവെന്നു കമ്മിറ്റി പറഞ്ഞത് ആരെങ്കിലും വിശ്വസിക്കുമോ? കോളജുകള്‍ പ്രവേശനപ്പരീക്ഷ സ്വന്തം നിലയില്‍ നടത്തുന്ന പക്ഷം അതില്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പൂര്‍ണ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ബന്ധപ്പെട്ട എല്ലാവരും അറിയാതെപോയത് അദ്ഭുതകരമായിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരാജകത്വവും ക്രമക്കേടുകളും ആണെന്നു മന്ത്രി തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും ഒരു ചോദ്യം ഉയരുന്നു. ഇതു തടയാന്‍ ചുമതലയുള്ള സര്‍ക്കാരും അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ മുഹമ്മദ് കമ്മിറ്റിയും എന്തുകൊണ്ടു പരാജയപ്പെട്ടു? പ്രവേശന പരീക്ഷ 2007ല്‍ നേരിട്ടു നടത്തിയ മുഹമ്മദ് കമ്മിറ്റി അതിനുശേഷം ഒരു പരീക്ഷ പോലും നടത്താന്‍ തയാറായിട്ടില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കണ്ണടച്ച് അനുമതി നല്‍കുകയാണ് അവര്‍ ചെയ്തിരുന്നത്.

മുന്‍ വര്‍ഷങ്ങളിലും മുഹമ്മദ് കമ്മിറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ ചില നിലപാടുകള്‍ മൂലം അഡ്മിഷന്‍ വൈകുകയും ചെയ്തു. ചില മാനേജ്മെന്റുകളുടെ നേരെ പകപോക്കല്‍ നയമാണു കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്ന ആരോപണം മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നു നേരത്തേ ഉയര്‍ന്നിരുന്നു. കമ്മിറ്റികളുടെ നിലപാടുകള്‍ സംശയാസ്പദമായതിനാലാവണം സമിതികള്‍ പിരിച്ചുവിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഈ സമിതികള്‍ പുനഃസംഘടിപ്പിച്ചു കാര്യക്ഷമമാക്കുകയാണു സര്‍ക്കാരിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അതിനു സാധിക്കുന്നില്ലെങ്കില്‍ ഖജനാവിനും വിദ്യാര്‍ഥികള്‍ക്കും ഭാരമാകുന്ന സമിതികള്‍ വേണ്ടെന്നു വയ്ക്കുന്നതാണു ഭേദം.