Tuesday, September 14, 2010

തീപ്പൊരി ചിതറി ലോട്ടറി സംവാദം

തിരുവനന്തപുരം: സംസ്ഥാനത്ത് ആളിക്കത്തുന്ന ലോട്ടറി വിവാദം മന്ത്രി തോമസ് ഐസക്കും വി.ഡി. സതീശന്‍ എംഎല്‍എയും തമ്മിലുള്ള പരസ്യ സംവാദത്തിലും തീപ്പൊരി ചിതറിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുമായി സംവാദത്തിന് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിടാമെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തി മന്ത്രി തന്നെ നേരിട്ടു പ്രസ് ക്ളബ്ബില്‍ എത്തി ഒന്നര മണിക്കൂര്‍ നീണ്ട സംവാദത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഏറെയും.

ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു മന്ത്രി ആവര്‍ത്തിച്ചപ്പോള്‍ എങ്കില്‍പ്പിന്നെ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് എന്തിനെന്ന സതീശന്റെ ചോദ്യം ഉത്തരംമുട്ടിക്കുന്നതായി.

ദേശാഭിമാനിയുടെ രണ്ടുകോടി ബോണ്ടും കൈരളി ടിവിയിലെ ലൈവ് നറുക്കെടുപ്പും മുഖ്യമന്ത്രിയുടെ ഇടപെടലും സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതും സതീശന്‍ ആയുധമാക്കിയപ്പോള്‍ കേന്ദ്രം എന്തേ നടപടിയെടുത്തില്ലെന്ന ചോദ്യവുമായാണ് ഐസക് അവയെ നേരിട്ടത്.

സിബിഐ അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ യുഡിഎഫ് തയാറാണെന്നു സതീശന്‍ വ്യക്തമാക്കിയപ്പോള്‍ ഒരു അന്വേഷണവും വേണ്ടെന്നും കേന്ദ്രം നടപടിയെടുക്കട്ടെയെന്നുമുള്ള നിലപാടിലായിരുന്നു മന്ത്രി. യുഡിഎഫിന്റെ കാലത്തു ക്രമക്കേടുണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്താമെന്നു സതീശന്‍ പറഞ്ഞെങ്കിലും അന്വേഷണം വേണ്ടെന്ന നിലപാടില്‍ ധനമന്ത്രി ഉറച്ചുനിന്നു. ലോട്ടറി നിരോധനം ആവശ്യപ്പെട്ടു കേന്ദ്രത്തിലേക്കു യോജിച്ചുപോകാമെന്നു മന്ത്രി പറഞ്ഞപ്പോള്‍ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തശേഷം അത് ആലോചിക്കാമെന്നായിരുന്നു സതീശന്റെ മറുപടി.

ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു മന്ത്രി ആവര്‍ത്തിച്ചപ്പോള്‍ കഴിഞ്ഞ 40 ദിവസമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍പന നിലച്ചതു കേന്ദ്രം എവിടെ ഇടപെട്ടിട്ടാണെന്നു സതീശന്‍ ചോദിച്ചു.തന്റെ പ്രതിനിധിയായി അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാര്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നു കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്ന മന്ത്രി നേരിട്ടു പങ്കെടുക്കുന്ന കാര്യം ഇന്നലെ രാവിലെ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യം പത്തു മിനിറ്റ് വീതം രണ്ടുപേരും ലോട്ടറിവിഷയത്തില്‍ അഭിപ്രായം പറഞ്ഞശേഷം അഞ്ചു ചോദ്യങ്ങള്‍ വീതം ചോദിച്ചു. തുടര്‍ന്ന് ഇരുവരോടുമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളും. ലോട്ടറി മാഫിയ കേരളത്തെ കൊള്ളയടിക്കുന്നുവെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. ചട്ടം ലംഘിക്കുന്ന ലോട്ടറികള്‍ നിരോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു വിവിധ കോടതി വിധികള്‍ ഉദ്ധരിച്ചു മന്ത്രി വാദിച്ചു. ലോട്ടറി മാഫിയയെ സഹായിക്കാനാണു കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രം പുതിയ ചട്ടം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, ഇതേ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തിന് ഇവ നിയന്ത്രിക്കാനാകുമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, 2009 നവംബറിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനും അന്വേഷണം നടത്താനും വാറന്റോടെ പരിശോധന നടത്താനും അധികാരമുണ്ടായിട്ടും കേരളം ഒന്നും ചെയ്തില്ല.

ഓഗസ്റ്റ് 27നു താന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനു ശേഷമാണു സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങല്‍ നിര്‍ത്തിയതും കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതുമെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാരാണു സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രമോട്ടര്‍മാര്‍ക്കു റജിസ്ട്രേഷന്‍ നല്‍കിയതെന്നും ഈ സര്‍ക്കാര്‍ വന്നശേഷം അതു റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. പിന്നീട് അവര്‍ കോടതിയില്‍ പോയാണ് അനുകൂല വിധി വാങ്ങിയതെന്നും അറിയിച്ചു.

എന്നാല്‍, ഇപ്പോള്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നു മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷം എന്തു രേഖയുടെ അടിസ്ഥാനത്തിലാണ് അവരില്‍ നിന്നു മുന്‍കൂര്‍ നികുതി വാങ്ങി 40,000 കോടിരൂപ കേരളീയരെ കൊള്ളയടിക്കാന്‍ അവസരം ഒരുക്കിയതെന്നു സതീശന്‍ ചോദിച്ചു. മാത്രമല്ല, കോടതിവിധിയുടെ അടിസ്ഥാനത്തിലാണു നികുതി ഈടാക്കുന്നതെങ്കില്‍ വിധി ഉണ്ടായിട്ടും സാന്റിയാഗോ മാര്‍ട്ടിന്റെ എതിരാളി ജോണ്‍ റോസില്‍ നിന്ന് അരുണാചല്‍ പ്രദേശ് ലോട്ടറിയുടെ മുന്‍കൂര്‍ നികുതി ഈടാക്കാത്തതിനു മന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എവിടെയാണു നടക്കുന്നതെന്ന് അറിയില്ലെന്നു ധനമന്ത്രി പോലും പറഞ്ഞ നറുക്കെടുപ്പിന്റെ ലൈവ് മന്ത്രി ഐസക് ഡയറക്ടറായിരുന്ന കൈരളി ചാനലും മാര്‍ട്ടിന്റെ എസ്എസ് ചാനലും മാത്രമാണു കാണിക്കുന്നതെന്നു സതീശന്‍ പറഞ്ഞു.താന്‍ സഭയില്‍ ആരോപണം ഉന്നയിച്ചിട്ടാണു സര്‍ക്കാര്‍ ഇത്രയും നടപടിയെടുത്തതെന്നു സതീശന്‍ ആവര്‍ത്തിച്ചപ്പോള്‍ അത്ര അഹങ്കരിക്കേണ്ടെന്നു പറഞ്ഞ ഐസക് മുന്‍പ് അരുണാചലിന്റെ ഒരു ലോഡ് ലോട്ടറി ടിക്കറ്റ് പിടിച്ച കാര്യം ഓര്‍മിപ്പിച്ചു.

എന്നാല്‍, അതു മാര്‍ട്ടിന്റെ എതിരാളി കൊണ്ടുവന്ന ലോട്ടറിയാണെന്നും മാര്‍ട്ടിനെ സഹായിക്കാനാണു പിടിച്ചതെന്നും സതീശന്‍ തിരിച്ചടിച്ചപ്പോള്‍ മന്ത്രി അതു ചിരിച്ചുതള്ളി. ലോട്ടറി വിഷയത്തില്‍ ഈമാസം ഒടുവില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.