Sunday, September 19, 2010

പ്രവേശന പരീക്ഷയില്‍ 50 ശതമാനം നേടാത്തവര്‍ക്ക് മെഡിക്കല്‍ പഠനം തുടരാനാവില്ല-കോടതി

കൊച്ചി: പ്രവേശന പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനം തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ 2007-2008 അധ്യയന വര്‍ഷം പ്രവേശനം നേടിയ 79 വിദ്യാര്‍ഥികള്‍ പുറത്താക്കല്‍ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന വിധി.

പ്രവേശന പരീക്ഷയ്ക്കും പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ഒന്നിച്ചും കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വേണമെന്നതാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ. പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കില്ലാത്തതിന്റെ പേരില്‍ ഹര്‍ജിക്കാരെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ 2009-ല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഹര്‍ജികളാണ് കോടതി തള്ളിയത്. നേരത്തെ ഇടക്കാല ഉത്തരവുകളുടെ പിന്‍ബലത്തോടെ ഇവര്‍ പഠനം തുടരുകയായിരുന്നു.

50 ശതമാനം മാര്‍ക്കില്ലെന്നതിനാല്‍ ഹര്‍ജിക്കാരുടെ പ്രവേശനം മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മാനദണ്ഡം പാലിക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്.

വൈദ്യപഠനമടക്കം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. വ്യവസ്ഥകളില്‍ അയവ് വരുത്തുന്നത് ആരോഗ്യരംഗത്ത് നിലവാരത്തകര്‍ച്ചയ്ക്കിടയാക്കും. വ്യവസ്ഥകളിലൂടെ രാജ്യത്താകമാനം നടപ്പാക്കിയ ഏകീകൃത സ്വഭാവം ഇല്ലാതാവും. യോഗ്യതാവ്യവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യത്തെ തകര്‍ക്കലാവും ഫലം എന്നും കോടതി വിലയിരുത്തി. നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായേ കോടതികള്‍ക്ക് തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്പിക്കാനാവൂ.

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജിലെ അഞ്ചും അമലയിലെ 15-ഉം കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ എട്ടും തിരുവല്ല പുഷ്പഗിരിയിലെ 24ഉം പെരിന്തല്‍മണ്ണ എം.ഇ.എസ് കോളേജിലെ 27ഉം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി കോളേജുകള്‍ പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തിയാണ് പ്രവേശനം നടത്തിയത്. സര്‍ക്കാരുമായി കരാറൊപ്പുവച്ച എം.ഇ.എസ്. കോളേജ് സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് പ്രവേശം നടത്തിയത്.

സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് കിട്ടിയില്ലെങ്കിലും കേരള, കര്‍ണാടക, ലുധിയാന എന്നിവിടങ്ങളിലെ മറ്റു ചില പ്രവേശന പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്കുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.

എം.ഇ.എസ് ഉള്‍പ്പെടെയുള്ള കോളേജുകള്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിലും യോഗ്യതാ പരീക്ഷയ്‌ക്കൊപ്പം പ്രവേശന പരീക്ഷയിലെ യോഗ്യതയിലെ മിനിമം മാര്‍ക്കും ഉറപ്പാക്കണമെന്ന് പറയുന്നുണ്ട് എന്നും കോടതി ഓര്‍മപ്പെടുത്തി. വ്യത്യസ്ത ബോര്‍ഡുകള്‍ക്കുകീഴില്‍ പ്ലസ്ടു പഠിച്ചവരുടെ നിലവാരം ഉറപ്പാക്കാനാണിത്.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുള്ള കോളേജുകള്‍ അവരുടേത് പ്രത്യേക തരത്തിലുള്ള പ്രവേശനരീതിയാണെന്നും അത് പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടുണ്ടെന്നും വാദിച്ചു. പ്രവേശന പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടാത്തവരെ ഒഴിവാക്കാത്ത വിധത്തിലാണത് എന്ന് പ്രോസ്‌പെക്ടസ് പരിശോധിച്ച കോടതി കണ്ടെത്തി.

എന്തുതന്നെയായാലും പ്രവേശന പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ പാലിക്കപ്പെടുകതന്നെ വേണമെന്ന് കോടതി വ്യക്തമാക്കി.

കരാറുണ്ടാക്കിയ പ്രത്യേക സാഹചര്യവും അതിന്റെ ഉദ്ദേശ്യശുദ്ധിയും ന്യൂനപക്ഷ അവസ്ഥയും മറ്റും പരിഗണിച്ച് വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നായിരുന്നു എം.ഇ.എസ് കോളേജിലെ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും വാദം. എന്നാല്‍ കരാറിന്റെ പേരില്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ മറികടക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മുഹമ്മദ് കമ്മിറ്റി നോക്കുകുത്തിയായി; പ്രവേശനവും ഫീസും തോന്നിയപോലെ

അനീഷ് ജേക്കബ്ബ്‌


തിരുവനന്തപുരം: സ്വാശ്രയ കോളജിലെ പ്രവേശനവും ഫീസും നിശ്ചയിക്കുന്നതിനായി രൂപവത്കരിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിക്ക് മൂക്കുകയറിട്ടതാര് ? പരസ്​പര വിരുദ്ധമായ കോടതി വിധികളും സര്‍ക്കാരും മാനേജ്‌മെന്റുകളുമായുള്ള നിയമ വിരുദ്ധമായ കരാറുകളും മാനേജ്‌മെന്റിലെ പിളര്‍പ്പും എല്ലാം കൂടി രംഗം വഷളാക്കിയപ്പോള്‍ മുഹമ്മദ് കമ്മിറ്റി ഇതിനിടയില്‍ അപ്രസക്തമാകുകയായിരുന്നു.

പ്രവേശനത്തിനും ഫീസിനും മേല്‍നോട്ടം വഹിക്കാന്‍ റിട്ട. ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയമിക്കണമെന്നത് ടി.എം.എ.പൈ കേസ്സിലെ സുപ്രീം കോടതി വിധിയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ജസ്റ്റിസ് കെ.ടി.തോമസായിരുന്നു സമിതിയുടെ അധ്യക്ഷന്‍. സ്വാശ്രയ കോളേജുകളുടെ ഫീസും മറ്റും ആദ്യം നിശ്ചയിച്ചത് ഈ സമിതിയായിരുന്നു. എല്‍. ഡി. എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ജസ്റ്റിസ് പി.എ.മുഹമ്മദിനെ അധ്യക്ഷനാക്കി പുതിയ കമ്മിറ്റിയെ നിയോഗിച്ചു. നിയമിക്കപ്പെട്ട 2006-ല്‍ ഫീസ് നിശ്ചയിക്കാനും പ്രവേശനത്തിന് മേല്‍നോട്ടം വഹിക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു. 50:50 അനുപാതത്തിലായിരുന്നു അന്ന് സീറ്റ് വിഭജനം. പൊതുപ്രവേശന ലിസ്റ്റില്‍ നിന്നാണ് അന്ന് എല്ലാ സീറ്റിലേക്കും പ്രവേശനം നടന്നത്.

2007 ആയപ്പോഴേക്കും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും സര്‍ക്കാരും തമ്മില്‍ അകന്നു. അസോസിയേഷന്‍ പിളര്‍ന്നു.ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ വേറെ സംഘടന രൂപവത്കരിച്ചു. അവര്‍ സ്വന്ത നിലയില്‍ പ്രവേശനം നടത്തി ത്തുടങ്ങി. ഫീസും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അവരുടെ കോളേജിലേക്കായി നിശ്ചയിച്ചു. ഇതിന് അനുകൂലമായ കോടതി വിധിയും ലഭിച്ചതോടെ സമാന്തര സംവിധാനം നിലവില്‍ വരികയായിരുന്നു. ഇതേ തുടര്‍ന്ന് മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അംഗീകരിക്കാതായി.2008-മുതല്‍ മുഹമ്മദ് കമ്മിറ്റി പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് നിര്‍ത്തി.

സ്വാശ്രയ കോളേജുകളുടെ നിയന്ത്രണം കൈയില്‍ നിന്ന് വഴുതിപ്പോകുന്ന നില വന്നതോടെ സര്‍ക്കാര്‍ മാനേജ്‌മെന്റില്‍ ഒരുവിഭാഗത്തെ ഒപ്പം നിര്‍ത്തി. അവരുമായി കരാര്‍ ഉണ്ടാക്കാന്‍ തുടങ്ങി. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുന്ന കോളേജുകള്‍ 50ശതമാനം കുട്ടികളെ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് എടുക്കുമെന്നതാണ് ഇതിലെ ആകര്‍ഷണം. എന്നാല്‍ ഇതിനുനല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്.

സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായുണ്ടാക്കുന്ന കരാറിന് മൂകസാക്ഷിയായി മുഹമ്മദ് കമ്മിറ്റിക്ക് നില്‍കേണ്ടി വരുന്നു. ഉദാഹരണമിതാ:എം.ബി.ബി.എസിന് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ്2.60 ലക്ഷമാണ്. എന്നാല്‍ മാനേജ്‌മെന്റ് സീറ്റില്‍ വാങ്ങുന്നതാകട്ടെ 5.50 ലക്ഷവും.50 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ 1.38 ലക്ഷമായി ഫീസ് കുറയ്ക്കുന്നതിനാണ് മറുഭാഗത്ത് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ അനുവദിക്കേണ്ടി വന്നത്.

സ്വാശ്രയ കേസ്സില്‍ വൈരുദ്ധ്യങ്ങള്‍ ഇനിയുമേറെയുണ്ട്.അവയ്ക്കാകട്ടെ ഉത്തരം കിട്ടാറുമില്ല.

* ഒരുവിഭാഗം കുട്ടികളുടെ ഫീസ് കൊണ്ട് മറുവിഭാഗം കുട്ടികളെ പഠിപ്പിക്കരുതെന്ന 11 അംഗ ബെഞ്ചിന്റെ വിധിക്കെതിരാണ് പിന്നീട് വന്ന രണ്ടംഗ ബെഞ്ചിന്റെ വിധി . ക്രോസ് സബ്‌സിഡി നിയമവിധേയമാണോ ?

* ഒറ്റ കണ്‍സോര്‍ഷ്യത്തിനേ പ്രവേശന പരീക്ഷ നടത്താനാകൂവെന്നാണ് കോടതി വിധി. എന്നാല്‍ രണ്ട് കണ്‍സോര്‍ഷ്യമായി പരീക്ഷ നടത്താന്‍ മുഹമ്മദ് കമ്മിറ്റിയും സര്‍ക്കാരും എങ്ങനെ അനുമതി നല്‍കി ?

* 50 ശതമാനം മാര്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് വേണമെന്ന നിബന്ധന പാലിക്കാതെ രൂപം നല്‍കിയ ലിസ്റ്റിന് മുഹമ്മദ് കമ്മിറ്റി എങ്ങനെ അംഗീകാരം നല്‍കി ?

* പ്‌ളസ്ടുമാര്‍ക്കും പ്രവേശന പരീക്ഷയുടെ മാര്‍ക്കും കൂടി അടിസ്ഥാനമാക്കി നടത്തിയ പ്രവേശനത്തെ തള്ളിപ്പറയുന്ന സര്‍ക്കാര്‍ അതേ വ്യവസ്ഥ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുതിയ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയതിന്റെ സാംഗത്യമെന്ത് ?

റഫറിക്കെതിരെ ചുവപ്പു കാര്‍ഡ്

മുഖപ്രസംഗം

കേരളത്തിലെപ്പോലെ സ്വാശ്രയമേഖല കുഴഞ്ഞുമറിഞ്ഞ ഒരിടവും രാജ്യത്തുണ്ടാവില്ല. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ അലങ്കോലങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും സ്വാശ്രയമേഖലയിലെ അംപയറായ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിkക്കും ഉത്തരവാദിത്തമുണ്ടെന്നു വരുന്നതോടെ ഇങ്ങനെയൊരു സമിതിയെക്കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം ഉയരുകയാണ്.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തിരക്കുപിടിച്ചു കൊണ്ടുവന്ന സ്വാശ്രയ നിയമത്തിലെ മുഖ്യവകുപ്പുകളെല്ലാം കോടതി റദ്ദാക്കിയെങ്കിലും പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കാനും ഫീസ് നിര്‍ണയിക്കാനുമുള്ള സമിതികള്‍ക്കു നിയമപ്രാബല്യമുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന കാലം മുതല്‍ രണ്ടു സമിതികളുടെയും അധ്യക്ഷസ്ഥാനം ഹൈക്കോടതി ജഡ്ജിയായിരുന്ന പി.എ. മുഹമ്മദിനാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിപുലമായ അധികാരമുള്ള സമിതികള്‍ക്ക് ഇക്കാലമത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ലെന്നു മാത്രമല്ല, സ്വാശ്രയമേഖലയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു കാര്യമായ സംഭാവനയൊന്നും ചെയ്യാന്‍ കഴിഞ്ഞുമില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ടു കോടതിവിധികള്‍ മുഹമ്മദ് കമ്മിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് മൂന്നാം വര്‍ഷത്തില്‍ എത്തിയ കുറേ വിദ്യാര്‍ഥികളെ പ്രവേശനപ്പരീക്ഷയില്‍ 50% മാര്‍ക്കില്ലാത്തിനാല്‍ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രവേശന ചട്ടമനുസരിച്ചാണ് ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് ഇളവു ലഭിച്ചില്ലെങ്കില്‍ ഈ കുട്ടികള്‍ പുറത്താകും. പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കും പ്ളസ് ടുവിലെ സയന്‍സ് വിഷയങ്ങളുടെ മാര്‍ക്കും ഒരുമിച്ചുകൂട്ടിയാണ് 50% മാര്‍ക്കില്‍ കുറയാതെയുള്ളവര്‍ക്കു പ്രവേശനം നല്‍കിയതെന്നും ഇതെല്ലാം മുഹമ്മദ് കമ്മിറ്റി അംഗീകരിച്ചതിനാല്‍ കോടതിയുടെ ഉത്തരവിന്റെ ബാധ്യത കമ്മിറ്റിക്കു തന്നെയെന്നും മാനേജ്മെന്റ് പറയുമ്പോള്‍ പ്രവേശന സംവിധാനത്തിന്റെ ധാര്‍മികാടിത്തറ തന്നെ പൊളിയുകയാണ്.

പ്രവേശന പരീക്ഷയ്ക്കു കുറഞ്ഞത് 50% മാര്‍ക്ക് വേണമെന്ന മെഡിക്കല്‍ കൌണ്‍സിലിന്റെ നിബന്ധന 2007 വരെ മെഡിക്കല്‍ കൌണ്‍സിലോ മാനേജ്മെന്റുകളോ കര്‍ശനമായി പാലിച്ചിരുന്നില്ല. അതിനാല്‍, 2007ലും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് ഉണ്ടാവില്ലെന്നു കരുതിയിരിക്കാം. സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും 2007ല്‍ 50% മാര്‍ക്ക് ഇല്ലാത്തവര്‍ക്കാണ് എംബിബിഎസിനു പ്രവേശനം നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവയ്ക്കാത്ത നാലു മെഡിക്കല്‍ കോളജുകളുടെയും കരാര്‍ ഒപ്പുവച്ച ഒരു മെഡിക്കല്‍ കോളജിന്റെയും കാര്യം മാത്രമേ കോടതിയില്‍ എത്തിയിട്ടുള്ളൂ എന്നു മാത്രം.

സംസ്ഥാന സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട പതിനൊന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട പ്രവേശനം ഇക്കഴിഞ്ഞ മാസം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍, ഇവിടെ വെറും മാപ്പുസാക്ഷി മാത്രമായിരുന്നുവെന്നു രേഖാമൂലം അറിയിച്ചുകൊണ്ടു തടിതപ്പാനുള്ള വിഫലശ്രമം കമ്മിറ്റി നടത്തിയതും മറ്റൊരു കടുത്ത വീഴ്ച. ഈ കോളജുകള്‍ നടത്തിയ പ്രവേശനപ്പരീക്ഷയ്ക്കും ചോദ്യപേപ്പര്‍ തയാറാക്കലിനും മൂല്യനിര്‍ണയത്തിനും കമ്മിറ്റിയുടെ മേല്‍നോട്ടമില്ലായിരുന്നു. ഈ പ്രവേശന പ്രക്രിയയില്‍ ഒരു ഘട്ടത്തിലും ഒരു പിടിയുമില്ലാത്ത നിസ്സഹായാവസ്ഥയിലായിരുന്നുവെന്നു കമ്മിറ്റി പറഞ്ഞത് ആരെങ്കിലും വിശ്വസിക്കുമോ? കോളജുകള്‍ പ്രവേശനപ്പരീക്ഷ സ്വന്തം നിലയില്‍ നടത്തുന്ന പക്ഷം അതില്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പൂര്‍ണ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ബന്ധപ്പെട്ട എല്ലാവരും അറിയാതെപോയത് അദ്ഭുതകരമായിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് അരാജകത്വവും ക്രമക്കേടുകളും ആണെന്നു മന്ത്രി തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും ഒരു ചോദ്യം ഉയരുന്നു. ഇതു തടയാന്‍ ചുമതലയുള്ള സര്‍ക്കാരും അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ മുഹമ്മദ് കമ്മിറ്റിയും എന്തുകൊണ്ടു പരാജയപ്പെട്ടു? പ്രവേശന പരീക്ഷ 2007ല്‍ നേരിട്ടു നടത്തിയ മുഹമ്മദ് കമ്മിറ്റി അതിനുശേഷം ഒരു പരീക്ഷ പോലും നടത്താന്‍ തയാറായിട്ടില്ല. മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കണ്ണടച്ച് അനുമതി നല്‍കുകയാണ് അവര്‍ ചെയ്തിരുന്നത്.

മുന്‍ വര്‍ഷങ്ങളിലും മുഹമ്മദ് കമ്മിറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ ചില നിലപാടുകള്‍ മൂലം അഡ്മിഷന്‍ വൈകുകയും ചെയ്തു. ചില മാനേജ്മെന്റുകളുടെ നേരെ പകപോക്കല്‍ നയമാണു കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്ന ആരോപണം മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നു നേരത്തേ ഉയര്‍ന്നിരുന്നു. കമ്മിറ്റികളുടെ നിലപാടുകള്‍ സംശയാസ്പദമായതിനാലാവണം സമിതികള്‍ പിരിച്ചുവിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

ഈ സമിതികള്‍ പുനഃസംഘടിപ്പിച്ചു കാര്യക്ഷമമാക്കുകയാണു സര്‍ക്കാരിനു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അതിനു സാധിക്കുന്നില്ലെങ്കില്‍ ഖജനാവിനും വിദ്യാര്‍ഥികള്‍ക്കും ഭാരമാകുന്ന സമിതികള്‍ വേണ്ടെന്നു വയ്ക്കുന്നതാണു ഭേദം.

Tuesday, September 14, 2010

ഉശിരന്‍ വാദങ്ങളോടെ സതീശന്‍; പ്രതിരോധതന്ത്രവുമായി ഐസക്

തിരുവനന്തപുരം: കാര്‍ക്കശ്യമുള്ള നിലപാടുകളുടെയും ഉശിരന്‍ വാദങ്ങളുടെയും പിന്‍ബലത്തോടെ വി.ഡി.സതീശന്‍ എം.എല്‍.എയും പ്രതിരോധതന്ത്രങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയപ്പോള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ലോട്ടറി സംവാദം കസറി. ലോട്ടറിക്കേസുകള്‍ മനഃപൂര്‍വം തോറ്റുകൊടുത്ത കേരള സര്‍ക്കാരിനെതിരെ സതീശന്‍ അമ്പുകള്‍ തൊടുത്തു. കേന്ദ്രസര്‍ക്കാരാണ് ലോട്ടറിമാഫിയയെ സഹായിക്കുന്നതെന്ന് ഐസക് മറുപടി നല്‍കി. സാന്റിയാഗോ മാര്‍ട്ടിനും സി.പി.എമ്മും തമ്മിലുള്ള കുത്സിതബന്ധത്തെക്കുറിച്ച് സതീശന്‍ പറഞ്ഞു. മണികുമാര്‍ സുബ്ബയെന്ന ലോട്ടറി രാജാവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിതം അവസാനിപ്പിക്കണമെന്ന് ഐസക് പ്രതിവചിച്ചു. ഈ മാസം സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ഐസക്. മാഫിയ ബന്ധം അവസാനിപ്പിച്ചാല്‍, പങ്കെടുക്കുന്ന കാര്യം നോക്കാമെന്ന് സതീശന്‍.

ലോട്ടറിസംവാദത്തിന്റെ വിശദാംശങ്ങളിലേക്ക്: അനധികൃത ലോട്ടറി നിരോധിക്കാനുള്ള മുഴുവന്‍ അധികാരവും കേന്ദ്രത്തിനാണെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള നിലപാടുകളുമായാണ് ഐസക് സംവാദത്തിന് തുടക്കമിട്ടത്. ലോട്ടറി നടത്തിപ്പുകാരെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ കേന്ദ്രത്തിന് കത്തെഴുതാന്‍ മാത്രമേ കേരളത്തിന് കഴിയുകയുള്ളൂ. നിരോധിക്കാനുള്ള തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. മണികുമാര്‍ സുബ്ബയെന്ന അസം കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്ത് നടത്തുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോട്ടറിനിരോധത്തിന് മടിക്കുകയാണെന്നും ഐസക് പറഞ്ഞു.

ഈ വാദത്തിന് സതീശന്റെ മറുപടി ഇങ്ങനെ: ''ലോട്ടറി നിരോധിക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് മന്ത്രി പറയുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 27 നാണ് ഞാന്‍ നിയമസഭയില്‍ ലോട്ടറി പ്രശ്‌നം ഉന്നയിക്കുന്നത്. തുടര്‍ന്ന് വിവാദമായി. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. നടത്താന്‍ അധികാരമില്ലെന്ന് നേരത്തേപറഞ്ഞ റെയ്ഡുകളുണ്ടായി. ഇപ്പോള്‍ കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി പ്രവര്‍ത്തിക്കുന്നില്ല. ലോട്ടറിക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സഹായമില്ലാതെ തന്നെ സംസ്ഥാനത്തിന് ഇടപെടാന്‍ അധികാരമുണ്ടെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. എന്തുകൊണ്ട് ഈ നിലപാടെടുക്കാന്‍ നാലുവര്‍ഷം കാത്തിരുന്നു?'' സതീശന്‍ ചോദിച്ചു.

ഹൈക്കോടതി ഇടപെട്ടതുകൊണ്ടാണ് കഴിഞ്ഞ രണ്ടു മാസമായി അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് നിലപാടെടുക്കാന്‍ കഴിഞ്ഞതെന്ന് പറഞ്ഞ ഐസക് മറുചോദ്യം കൊണ്ട് സതീശനെ നേരിട്ടു: ''...യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കെതിരെയുള്ള 544 കേസുകളാണ് പിന്‍വലിച്ചതെന്നുമാത്രമല്ല, മേലില്‍ അവര്‍ക്കെതിരെ കേസുകളെടുക്കില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ലോട്ടറിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളെയും ചെറുക്കുന്ന നടപടിയായിരുന്നു അത്. എന്നിട്ട് 2010 ഏപ്രിലില്‍ ലോട്ടറിനിയമത്തില്‍ പുതിയ ചട്ടങ്ങള്‍കൊണ്ടുവന്നു. സര്‍വഅധികാരങ്ങളും കേന്ദ്രത്തിന് നല്‍കുന്നതായിരുന്നു ആ ചട്ടങ്ങള്‍. എന്നിട്ടും എന്തുകൊണ്ട് നാളിതുവരെ കേന്ദ്രം അനധികൃത ലോട്ടറിക്കെതിരെ ഒരു കേസുപോലുമെടുത്തില്ല?'' ഐസക് ചോദിച്ചു.

കേന്ദ്രം നടപടിയെടുക്കണമെങ്കില്‍ അനധികൃത ലോട്ടറിക്കാരുടെ ചെയ്തികളെക്കുറിച്ച് വിശദമായ തെളിവുകള്‍ സഹിതം കത്തുനല്‍കണമെന്നും അത്തരം ലോട്ടറി നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും ചട്ടത്തിലുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വെറും കത്തെഴുതുക മാത്രമാണ് ചെയ്തതെന്നും കാര്യമായ ഒരു തെളിവും ഹാജരാക്കിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. 'സാന്റിയാഗോ മാര്‍ട്ടിന്റെ കൈയില്‍ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപ വാങ്ങിയ കാര്യം എല്ലാവര്‍ക്കുമറിയാം. ലോട്ടറി നറുക്കെടുപ്പ് കൈരളിയില്‍ ലൈവായി കാണിക്കുന്നുമുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ എസ്.എസ്.ചാനലില്‍ മാത്രമാണ് പിന്നീട് ലൈവ് സംപ്രേഷണമുള്ളത്. മാര്‍ട്ടിനുള്‍പ്പെടെയുള്ളവരുമായി സി.പി.എമ്മിന് അവിഹിത ബന്ധമുണ്ട്. ഇതുകാരണമാണ് കേന്ദ്രത്തിന് തെളിവ് നല്‍കാത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി മാഫിയക്കുവേണ്ടി കേസ് വാദിച്ച വക്കീലിനെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ലോട്ടറിക്കേസുകള്‍ വാദിക്കാന്‍ പ്ലീഡറായി ചുമതലപ്പെടുത്തിയത്. ലക്ഷക്കണക്കിന് രൂപ നല്‍കി നാഗേശ്വര റാവുവെന്ന അഭിഭാഷകനെ പിന്നീട് കൊണ്ടുവന്നെങ്കിലും സെക്ഷന്‍ 4 എച്ചിലെ ചില ചെറിയ ലംഘനങ്ങള്‍ മാത്രമേ അന്യസംസ്ഥാനലോട്ടറിക്കാര്‍ നടത്തിയിട്ടുള്ളൂവെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. 32 കേസുകളാണ് ഈ വക്കീല്‍ സര്‍ക്കാരിന് വേണ്ടി വാദിച്ചുതോറ്റത്. നിര്‍ണായക രേഖയായ, എ.ഡി.ജി.പി സിബി മാത്യൂസിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഒരു കേസ്സിലും സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയതുമില്ല'' -സതീശന്‍ പറഞ്ഞു.

സതീശന്റെ വാദങ്ങളെ ഐസക് നേരിട്ടത് ഇങ്ങനെയാണ്: ''മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി പണം വാങ്ങിയത് തെറ്റ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ മണികുമാര്‍ സുബ്ബയ്ക്കുവേണ്ടിയാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രം ഇതുവരെ ഒരുനടപടിയുമെടുക്കാത്തത്. നിയമത്തിലെ ആറാം വകുപ്പനുസരിച്ച് ഏത് ലോട്ടറിക്കെതിരെയും കേന്ദ്രത്തിന് സ്വമേധയാ കേസെടുക്കാം. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. കൃത്യമായ നടപടിയെടുക്കാത്തതിനുപകരം ഞങ്ങള്‍ വള്ളിപുള്ളി വിട്ടതുകൊണ്ടാണ് അനധികൃത ലോട്ടറി നിര്‍ബാധം നടക്കുന്നതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? കേന്ദ്രത്തിന് അയക്കാവുന്ന കത്ത് സതീശന്‍ ഡ്രാഫ്റ്റ് ചെയ്ത് താ... പ്രത്യേക ദൂതന്‍ വഴി ഞാനത് കേന്ദ്രത്തിലെത്തിക്കാം'' ഐസക് പറഞ്ഞു.

തുടര്‍ന്ന് ഇരുവരും പ്രകോപിതരായി.

ഐസക്ക് : അന്യസംസ്ഥാന ലോട്ടറിക്കെതിരെ ജനാഭിപ്രായം രൂപപ്പെടണം. കേന്ദ്രത്തിലേക്ക് സര്‍വകക്ഷിസംഘം നിവേദനം നല്‍കണം. സതീശന്‍ ഒരുക്കമാണോ?

സതീശന്‍ : ആദ്യം നിങ്ങള്‍ അനധികൃത ലോട്ടറിക്കെതിരെ വ്യക്തമായി ഒരു കത്ത് കേന്ദ്രത്തിനെഴുത്. എന്നിട്ട് കേന്ദ്രം തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നോക്കാം. ജനാഭിപ്രായത്തിന് എതിര് നില്‍ക്കുന്നത് സി.പി.എമ്മിന്റെ മാധ്യമസ്ഥാപനങ്ങള്‍ തന്നെയാണ്. കരുത്തുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷണം നടത്ത്.

ഐസക്ക് : എല്ലാത്തിനെയും കുറിച്ച് എങ്ങനെ അന്വേഷണം നടത്തും. വ്യക്തമായ പരാതി നല്‍ക്. എന്നിട്ടാകാം അന്വേഷണം.

സംവാദം രൂക്ഷമായതോടെ, മോഡറേറ്ററായ പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എം. സുബൈര്‍ ഇടപെട്ടു. വെല്ലുവിളികള്‍ തത്കാലത്തേക്ക് അവസാനിച്ചു. ഇരുവരും കൈകൊടുത്തു. ക്യാമറകള്‍ ഫ്‌ളാഷുകള്‍ മിന്നിച്ചു.

കൊണ്ടും കൊടുത്തും സംവാദം: സംശയം ബാക്കി; ലോട്ടറികളെ നിയന്ത്രിക്കേണ്ടത്‌ ആര്‌?

വെല്ലുവിളികള്‍ക്കൊടുവില്‍ നടന്ന ലോട്ടറി സംവാദം എങ്ങുമെത്തിയില്ല. മന്ത്രി തോമസ്‌ ഐസക്കും വി.ഡി. സതീശനും ഇതുവരെ പരസ്‌പരം കാണാതെ പത്രസമ്മേളനം നടത്തി പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്നലെ അവര്‍ മുഖാമുഖം നോക്കി ഉന്നയിച്ചെന്നല്ലാതെ ചര്‍ച്ച തുടങ്ങിയിടത്തുതന്നെ നിന്നു. തോമസ്‌ ഐസക്ക്‌ കേന്ദ്രത്തേയും വി.ഡി. സതീശന്‍ സംസ്‌ഥാന സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണു ശ്രമിച്ചത്‌. ചര്‍ച്ചയുടെ അന്തിമഫലമായി ലോട്ടറി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഈ മാസം അവസാനം സര്‍വകക്ഷിയോഗം വിളിക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചു.

ആദ്യം അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ഗോപകുമാറിനെയാണു മന്ത്രി ചര്‍ച്ചയ്‌ക്കു നിശ്‌ചയിച്ചിരുന്നത്‌. അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇന്നലെ രാവിലെയാണു താന്‍തന്നെ സംവാദത്തില്‍ പങ്കെടുക്കുമെന്നു മന്ത്രി വ്യക്‌തമാക്കിയത്‌. താന്‍ പ്രതിപക്ഷനേതാവിനെയാണു സംവാദത്തിനു വിളിച്ചത്‌. അദ്ദേഹത്തിനു സമയമില്ലെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റിനോടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ പ്രതിനിധിയെ അയയ്‌ക്കാമെന്നു പറഞ്ഞപ്പോള്‍ താനും പ്രതിനിധിയെ അയയ്‌ക്കാമെന്നു പറഞ്ഞെന്നേയുള്ളു. ഇനി അദ്ദേഹത്തിനു വിഷമം വേണ്ട; താന്‍തന്നെ സംവാദത്തില്‍ പങ്കെടുക്കാമെന്നാണു മന്ത്രി പറഞ്ഞത്‌.

ആദ്യം മന്ത്രി തന്റെ വാദഗതികള്‍ നിരത്തി, പിന്നീടു സതീശന്‍ വിശദീകരിച്ചു. അതിനുശേഷം ഇരുവരും അഞ്ചു ചോദ്യങ്ങള്‍ വീതം ചോദിച്ചു. പിന്നീടു പത്രക്കാരുടെ ചില ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കി. ആദ്യം സംസാരിച്ച മന്ത്രി തോമസ്‌ ഐസക്‌ ഇതുവരെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടു കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെക്കുറിച്ച്‌ ആദ്യം മറുപടി പറയണമെന്നാവശ്യപ്പെട്ടു. സംസ്‌ഥാനത്തിന്‌ അധികാരമുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന വാദഗതിയാണു സതീശന്‍ വകുപ്പുകളും കോടതിവിധികളും ഉദ്ധരിച്ചു നടത്തിയത്‌. തുടര്‍ന്ന്‌ ഇരുവരും ചോദ്യോത്തരത്തിലേക്കു കടന്നു.

സതീശന്‍:- മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാനാവില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യത്തെ നിലപാട്‌. സംസ്‌ഥാന ലോട്ടറി നിയമത്തിന്റെ ചര്‍ച്ച നടക്കുമ്പോള്‍തന്നെ ഇപ്പോഴത്തെ ധനമന്ത്രി അന്നു പ്രമോട്ടര്‍മാരെ നിയന്ത്രിക്കാനുള്ള അവകാശം വേണമെന്നൊക്കെ ആവശ്യപ്പെട്ടിരുന്നതാണ്‌. നിലവില്‍ കോടതിയില്‍ മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ആധികാരികതയിലുള്ള സംശയമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ആധികാരികതയില്ലാതെ എങ്ങനെ ഇത്രയും നാള്‍ ഇവരില്‍നിന്നു നികുതി വാങ്ങി ?

തോമസ്‌ ഐസക്‌:- സതീശന്‍ കാതലായ പ്രശ്‌നത്തിനു മറുപടി പറഞ്ഞിട്ടില്ല. കേന്ദ്രത്തിനാണ്‌ അധികാരം എന്ന വിഷയത്തില്‍ തൊട്ടതേയില്ല. സി.എ.ജി. റിപ്പോര്‍ട്ടില്‍വരെ ഇവരുടെ കൊള്ളയെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നിട്ടും എന്തുകൊണ്ടു നടപടി സ്വീകരിച്ചില്ല. ഈ ലോട്ടറി മാഫിയയെ നിയന്ത്രിക്കാനാകാത്തതിനാല്‍ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങള്‍ അവരുടെ ലോട്ടറികള്‍പോലും നിരോധിച്ചിരിക്കുകയാണ്‌. ഇവിടെ ഇപ്പോള്‍ വിവാദക്കാരായ മേഘ, ബാലാജി എന്നിവര്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കിയത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്‌. യാതൊരു രേഖയുമില്ലാതെയാണ്‌ ഇവര്‍ക്കു രജിസ്‌ട്രേഷന്‍ നല്‍കിയത്‌. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം റദ്ദാക്കി. ഒടുവില്‍ കോടതിയില്‍ പോയാണ്‌ അതൊക്കെ പുനഃസ്‌ഥാപിച്ചത്‌. എന്നൊക്കെ സംശയമുണ്ടായിട്ടുണ്ടോ അന്നൊക്കെ കോടതിയില്‍ പോയിട്ടുമുണ്ട്‌.

സതീശന്‍:- നിയമസഭയില്‍ ആരോപണം ഉന്നയിച്ചശേഷമാണു നടപടികള്‍ ഉണ്ടായത്‌. നിയമലംഘനത്തെക്കുറിച്ചു വിവരം നല്‍കേണ്ടതു സംസ്‌ഥാനമാണ്‌. റെയ്‌ഡ് നടത്തി വിശദമായ റിപ്പോര്‍ട്ട്‌ നല്‍കണം. ചട്ടത്തിലെ 7, 8 വകുപ്പുകള്‍ ഇതിനായി ഉപയോഗിക്കണം. അങ്ങനെയാണു ലോട്ടറി നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്‌. സിക്കിം സംസ്‌ഥാനം 8 ലോട്ടറികള്‍ നിരോധിച്ചു. കഴിഞ്ഞ ജൂലൈ 8 മുതല്‍ ഇവ ഇവിടെ വില്‍ക്കാന്‍ പാടില്ലായിരുന്നു. എന്നിട്ട്‌ അവ ഇവിടെ 52 നറുക്കെടുപ്പു നടത്തി, 1500 കോടി കടത്തിക്കൊണ്ടുപോയി. ഇതിനുപിന്നില്‍ ഒരു ക്രിമിനല്‍ കൂട്ടുകെട്ടുണ്ട്‌. സിബി മാത്യൂസിന്റെ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ സി.പി.എം.-സാന്റിയാഗോ മാര്‍ട്ടിന്‍ കൂട്ടുകെട്ട്‌ രംഗത്തെത്തി. അന്നാണ്‌ ദേശാഭിമാനി മാര്‍ട്ടിനില്‍ നിന്നു രണ്ടുകോടി വാങ്ങിയത്‌. ഈ അന്യസംസ്‌ഥാന ലോട്ടറികളുടെ നറുക്കെടുപ്പ്‌ എവിടെ നടക്കുന്നുവെന്നു മന്ത്രിക്കുപോലും അറിയില്ല. ഇതു കാണിക്കുന്നതു കൈരളിയിലും മാര്‍ട്ടിന്റെ സ്വന്തമായ എസ്‌.എസ.്‌ ചാനലിലും മാത്രമാണ്‌.

തോമസ്‌ ഐസക്‌:- ഇപ്പോഴും എന്റെ ചോദ്യത്തിനു മറുപടിയില്ല. ഒരു നിയമം കൊണ്ടുവന്നിട്ടു ചട്ടം ഉണ്ടാക്കാന്‍ പന്ത്രണ്ടുവര്‍ഷമാണ്‌ എടുത്തത്‌. അതുതന്നെ നിയമത്തിനെതിരാണ്‌. നിയമത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയില്ല. എന്നാല്‍ ചട്ടത്തില്‍ അതുള്‍പ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല നിയമത്തിനു വിരുദ്ധമായി 24 നറുക്കെടുപ്പ്‌ വരെയാകാമെന്നാണ്‌ ചട്ടത്തില്‍ പറയുന്നത്‌. ഈ ചട്ടം എങ്ങനെ വന്നുവെന്ന്‌ പറയണം?

പ്രമോട്ടര്‍മാരെക്കുറിച്ച്‌ സംശയം വന്നപ്പോള്‍ ചോദിച്ചു. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക്‌ അനുകൂലമായി പറയുന്നു. അതുപോലെ 8 ലോട്ടറി നിരോധിച്ചിട്ടു നറുക്കെടുപ്പിന്റെ തലേദിവസം കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നടപടി പിന്‍വലിച്ചു, അവര്‍ തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്ന്‌. അങ്ങനെ കേന്ദ്രം പറയുമ്പോള്‍ സംശയമുണ്ടെന്നു പറഞ്ഞ സംസ്‌ഥാനത്തിനു നികുതി വാങ്ങാതിരിക്കാനാവില്ല. അതു കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നു പറഞ്ഞു കോടതികള്‍ നിരാകരിക്കും. എന്നാല്‍ ഇവരുടെ ആധികാരികതയെക്കുറിച്ചു സംശയമുണ്ടെങ്കില്‍ നികുതി വാങ്ങാതിരിക്കാം.

കേരള സര്‍ക്കാര്‍ തങ്ങളുടെ കഴിവിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. ഇന്ത്യയിലെ ലോട്ടറി രാജാവായ മണികുമാര്‍ സുബ്ബ മൂന്നുപ്രാവശ്യം കോണ്‍ഗ്രസിന്റെ എം.പിയായിരുന്നു. അസം പി.സി.സി. ട്രഷററുമാണ്‌ ഇദ്ദേഹം. അതുപോലെ ഓണ്‍ലൈന്‍ ലോട്ടറിയുടെ പ്രധാനിയായ സുഭാഷ്‌ചന്ദ്ര തന്റെ സാമ്രാജ്യം പണിതത്‌ എസ്‌.എം. കൃഷ്‌ണയുടെ തണലിലാണ്‌. സാന്റിയാഗോ മാര്‍ട്ടിനും കോണ്‍ഗ്രസിനു വേണ്ടപ്പെട്ട വ്യക്‌തിയാണ്‌. ലോട്ടറി മാഫിയയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മൂലമാണ്‌ നടപടിയെടുക്കാന്‍ മടിക്കുന്നത്‌.

സതീശന്‍:- നിയമത്തിനനുസരിച്ചു മാത്രമേ ചട്ടമുണ്ടാക്കാന്‍ പാടുള്ളു. നിയമത്തിന്റെ അടിസ്‌ഥാനമില്ലാത്ത ചട്ടം നിലനില്‍ക്കില്ല. 24 നറുക്കെടുപ്പു വരെയാകാമെന്നതിനെ ചലഞ്ച്‌ ചെയ്യണമെന്നാണ്‌ എന്റെ നിലപാട്‌. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ അതു ചലഞ്ച്‌ ചെയ്യാതെ ലോട്ടറി മാഫിയയ്‌ക്കു സഹായം ചെയ്യുന്ന നിലപാടാണു സ്വീകരിച്ചത്‌. മണികുമാര്‍ സുബ്ബയ്യക്കെതിരേ സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്‌. ഇവിടത്തെ ലോട്ടറി നടത്തിപ്പുമായി അദ്ദേഹത്തിനു യാതൊരു ബന്ധവുമില്ല. കോടതിയിലുള്ള കേസുകളില്‍ ഒത്തുകളിയാണു നടക്കുന്നത്‌. മാര്‍ട്ടിനുമായി പിണങ്ങിയ വ്യക്‌തി നല്‍കിയ അരുണാചല്‍ ലോട്ടറിക്കുവേണ്ടിയുള്ള നികുതി വാങ്ങിയിട്ടില്ല. അതുപോലെ സിക്കിം ലോട്ടറിയുടെ നികുതി വൈകിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ വാങ്ങിയില്ല. തുടര്‍ന്ന്‌ അവര്‍ കോടതിയില്‍ പോയി. പലിശയുള്‍പ്പെടെ വാങ്ങാന്‍ നിര്‍ദേശിച്ചു.

യു.ഡി.എഫിന്റെ കാലത്തു ലോട്ടറി മാഫിയയ്‌ക്കുവേണ്ടി ഹാജരായ വക്കീല്‍ അശോകനാണ്‌ ഇടതുമുന്നണി വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനായത്‌. അതുപോലെ നാഗേശ്വരറാവുവിനെ ലോട്ടറിക്കേസില്‍ കൊണ്ടുവരരുതെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതു മറികടന്നാണ്‌ അദ്ദേഹത്തെ വച്ചത്‌. മൊത്തം 36 കേസ്‌ തോറ്റു. ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരം എടുത്ത്‌ പ്രയോഗിച്ചു. അതോടെ കോടതിയില്‍ എല്ലാം എതിരായി മാറി.

തോമസ്‌ ഐസക്‌:- യു.ഡി.എഫ്‌. കൊണ്ടുവന്ന നിയമത്തിനനുസരിച്ച്‌ സെക്‌്ഷന്‍ നാലു പ്രകാരം നടക്കുന്നതുമാത്രമേ പേപ്പര്‍ ലോട്ടറിയാകുകയുള്ളു. അതിന്റെ അടിസ്‌ഥാനത്തിലുള്ള നടപടിയാണു സ്വീകരിച്ചത്‌. ഈ ലോട്ടറിമാഫിയയെ നിയന്ത്രിക്കാന്‍ എന്തൊക്കെയുണ്ടോ അതൊക്കെ ചെയ്യുന്നുണ്ട്‌. നിയമലംഘനം നടത്തിയാല്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കണമെന്നാണു നിയമം. അതിന്‍പ്രകാരം നിരവധി കത്തുകള്‍ അയച്ചു. എന്തിനാണു യു.ഡി.എഫ്‌. 544 കേസുകള്‍ പിന്‍വലിച്ചത്‌? സുപ്രീം കോടതി പാടില്ലെന്നു പറഞ്ഞിട്ടും ഏഴുകേസുകള്‍ എന്തിന്‌ എടുത്തു? അവിടെപ്പോയി ഇനി കേസ്‌ എടുക്കില്ലെന്നു മാത്രമല്ല, എടുത്തതു പിന്‍വലിക്കാമെന്നും എന്തിനു സത്യവാങ്‌മൂലം നല്‍കി? ഒടുവില്‍ ആന്റണിയുടെ കാലത്ത്‌ എടുത്ത നടപടികള്‍ മുഴുവന്‍ പിന്‍വലിച്ചു. ലോട്ടറി ഡയറക്‌ടറെയും മാറ്റി.

സതീശന്‍:- യു.ഡി.എഫിന്റെ കാലത്ത്‌ 544 കേസുകള്‍ എടുത്തു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം മാര്‍ട്ടിന്റെ ഗോഡൗണില്‍പ്പോകാന്‍ പോലും തയാറായിട്ടില്ല. കോടതിയുടെ ഇടക്കാല ഉത്തരവു വ്യാഖ്യാനിച്ച്‌ നിയമോപദേശം നല്‍കിയ എ.ജിക്കു തെറ്റുപറ്റി.

അതു കോടതിയലക്ഷ്യനടപടികള്‍ക്കു വഴിവച്ചു. എന്നാല്‍ ആ കോടതിയലക്ഷ്യ നടപടി തുടരണമായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം. നടപടി പിന്‍വലിക്കുന്നുണ്ടോ അതോ ജയിലില്‍ പോകുന്നുവോയെന്നു കോടതി ചോദിച്ചപ്പോള്‍ അവ പിന്‍വലിക്കേണ്ടി വന്നു.

തുടര്‍ന്ന്‌ 2009 ലെ ഇടക്കാല വിധിയില്‍ കേസ്‌ എടുക്കാം. 544 കേസുകളില്‍ നടപടിയാകാം. അതുപോലെ കോടതിയുടെ അനുമതിയോടെ റെയ്‌ഡുകള്‍ നടത്താമെന്നൊക്കെ വ്യക്‌തമാക്കിയിരുന്നു. നറുക്കെടുപ്പ്‌ 24 ആയി നിജപ്പെടുത്തിയതു ബംഗാളിലെ 400 നറുക്കെടുപ്പു കുറയ്‌ക്കാനാണ്‌. കേരളത്തിലും ബംഗാളിലുമാണു ലോട്ടറിത്തട്ടിപ്പു നടക്കുന്നത്‌. ആദ്യം മുഖ്യമന്ത്രി ലോട്ടറിക്കാര്യത്തില്‍ ഒരുപാടു താല്‍പര്യം എടുത്തിരുന്നു. അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ 18 പത്രസമ്മേളനങ്ങളാണ്‌ ഇക്കാര്യത്തില്‍ നടത്തിയത്‌. സംസ്‌ഥാനത്തിന്‌ ഇവരെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്ന കോടതിവിധിയും അദ്ദേഹത്തിന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ഒരു യോഗം വിളിച്ചു. മന്ത്രി അതു കലക്കി. പിന്നീടു മന്ത്രി യോഗം വിളിച്ചു. ഡല്‍ഹിയില്‍ പോയ അഡ്വക്കേറ്റ്‌ അനില്‍കുമാറിനെ മന്ത്രി തിരിച്ചുവിളിച്ചു. വരണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ ലോട്ടറി ഓര്‍ഡിനന്‍സിലും മുഖ്യമന്ത്രി തിരുത്തുവരുത്തി. 47 ദിവസമായി അങ്ങ്‌ ആരോപണവിധേയനായി നില്‍ക്കുകയാണ്‌. എന്നിട്ടും എന്തുകൊണ്ടു മുഖ്യമന്ത്രി അങ്ങയെ സംരക്ഷിക്കാന്‍ വന്നില്ല?

ഐസക്‌:- യു.ഡി.എഫ്‌. സര്‍ക്കാര്‍ എടുത്ത 544 കേസും അന്നത്തെ ലോട്ടറി ചട്ടം സെക്‌്ഷന്‍ 24 പ്രകാരമുള്ളതാണ്‌. പുതിയ നിയമത്തില്‍ ഇത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല ഒരു എഫ്‌.ഐ.ആര്‍. എടുക്കണമെങ്കില്‍പ്പോലും സുപ്രീം കോടതിയില്‍ പോകേണ്ട അവസ്‌ഥയാണ്‌. മേഘയുടെ ആസ്‌ഥാനത്തു മൂന്നു തവണ റെയ്‌ഡ് നടത്തി 42 കേസുകളുമെടുത്തിട്ടുണ്ട്‌. അതിനുമപ്പുറം വേണമെന്നു പെറ്റീഷനും നല്‍കി.

എടുത്ത കേസുകള്‍ പോലും പിന്‍വലിക്കാമെന്ന്‌ അന്ന്‌ സത്യവാങ്‌മൂലം നല്‍കി. ഇപ്പോള്‍ പറയുന്നു കോടതിയലക്ഷ്യക്കേസ്‌ നേരിടണമായിരുന്നുവെന്ന്‌. അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌. എത്രപ്രാവശ്യം പറഞ്ഞു ഇതു പിന്‍വലിക്കണമെന്ന്‌. ഞങ്ങള്‍ പിന്‍വലിക്കും. അതു നിയമപ്രകാരമാണ്‌. വാദം നടക്കുമ്പോഴേ പിന്‍വലിക്കാനാകൂ. പിന്നെ അദ്ദേഹം എന്റെ മുഖ്യമന്ത്രിയും ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിയുമാണ്‌.

സതീശന്‍:- അന്നെടുത്ത 544 കേസുകളും തുടരാനാണു സുപ്രീം കോടതി അനുമതി നല്‍കിയത്‌. അന്നു കേസ്‌ എടുത്തത്‌ 6,7 വകുപ്പുകള്‍ പ്രകാരമാണ്‌. അവ ഇപ്പോഴും നിയമത്തിലുണ്ട്‌. നിങ്ങള്‍ക്കു നാലു വര്‍ഷമായിട്ടും സത്യവാങ്‌മൂലം തിരുത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ്‌ ഒരുവര്‍ഷം മാത്രം സമയമുണ്ടായിരുന്ന ഞങ്ങള്‍ തിരുത്തിയില്ലെന്നു പറയുന്നത്‌. കഴിഞ്ഞ മാര്‍ച്ചില്‍ ഇതുസംബന്ധിച്ച കേസ്‌ വന്നപ്പോള്‍ സെക്‌്ഷന്‍ 4 ലംഘനത്തെക്കുറിച്ചല്ല സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്‌. സെക്‌്ഷന്‍ 4(എച്ച്‌) ലംഘിക്കുന്നുവെന്നു മാത്രമാണ്‌. ഇവിടെ നാലാം വകുപ്പിലെ എ മുതല്‍ കെ വരെ ലംഘിക്കുന്നുവെന്നാണു കേസ്‌. മാത്രമല്ല ഇവിടെ ഇല്ലാത്ത ഓണ്‍ലൈന്‍ ലോട്ടറികള്‍ നിയമം ലംഘിക്കുന്നുവെന്നായിരുന്നു അടുത്ത വാദം.

കോടതി ഉത്തരവ്‌ പ്രകാരം അനുമതി വാങ്ങി റെയ്‌ഡ് നടത്തി സെക്‌്ഷന്‍ 5 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അതു ബന്ധപ്പെട്ട സര്‍ക്കാരിനു നല്‍കണം. അതിനുശേഷം നടപടിയുണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. ഇതാണു ലോട്ടറി നിരോധനത്തിനുള്ള നടപടികള്‍. എന്നാല്‍ ഇവിടെ നിന്നയച്ച കത്തുകള്‍ അത്തരത്തിലുള്ളവയായിരുന്നില്ല. സെക്യൂരിറ്റി പ്രസില്‍ അച്ചടിച്ചിട്ടില്ല, ഇഷ്‌ടംപോലെ നറുക്കെടുപ്പുകള്‍, സമ്മാനഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍, എവിടെ നറുക്കെടുപ്പു നടത്തുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അതില്‍ ചൂണ്ടിക്കാട്ടണമായിരുന്നു. അന്യസംസ്‌ഥാന ലോട്ടറികളെ നിരോധിക്കണമായിരുന്നെങ്കില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കി അതുള്‍പ്പെടുന്ന കത്തുകളായിരുന്നു കേന്ദ്രത്തിനു നല്‍കേണ്ടിയിരുന്നത്‌.

തോമസ്‌ ഐസക്‌:- നിയമപ്രകാരമുള്ള വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കേന്ദ്രത്തിനു നല്‍കിയിരുന്നതാണ്‌. ഞങ്ങള്‍ എഴുതിയതില്‍ പോരായ്‌മയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എഴുതിയ കത്തുണ്ടല്ലോ ? ഇതൊന്നുംപോരെങ്കില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ട്‌. എന്നിട്ട്‌ എന്തുകൊണ്ടു നടപടിയെടുത്തില്ല. ഇതൊക്കെയുണ്ടല്ലോ ഒന്നു നടപടിയെടുപ്പിക്കൂ. കൃത്യമായി കത്തയച്ചിട്ടുണ്ട്‌. ഇനിയും കത്തയയ്‌ക്കാം. കോടതിയേയും എല്ലാം അറിയിച്ചിട്ടുണ്ട്‌.

കോടതിയില്‍ മൂന്നു തരത്തില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. അതില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച കേസുമുണ്ട്‌. എല്ലാം ഒന്നിച്ചാണു പരിഗണിക്കുന്നത്‌. അതിന്റെ വാദത്തിനിടയിലാണ്‌ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ചു പറഞ്ഞത്‌. നിങ്ങളുടെ കാലത്ത്‌ എന്തുകൊണ്ട്‌ അന്നു ചുമത്തിയ നികുതി പിരിച്ചില്ല. ഈ സര്‍ക്കാര്‍ വരുന്നതിനും ഒരാഴ്‌ചമുമ്പാണ്‌ കോടതി ഇതു തടഞ്ഞുകൊണ്ടു വിധി വന്നത്‌. നിയമപരമായി അവകാശമുണ്ടായിരുന്നിട്ടും എന്തുകൊണ്ടു നികുതി പിരിച്ചില്ല.

സതീശന്‍:- ഞാന്‍ പറഞ്ഞതിനൊന്നും മറുപടിയില്ല. ഉമ്മന്‍ചാണ്ടി കത്തയച്ചുവെന്നാണു പറയുന്നത്‌. പുതിയ ചട്ടം നിലവില്‍ വന്നത്‌ ഏപ്രില്‍ മാസമാണ്‌. ചട്ടപ്രകാരമുള്ള ഒരു കത്ത്‌ അയച്ചതു കാണിക്കാമെങ്കില്‍ സമ്മതിക്കാം. വി.എസ്‌. ആണ്‌ 5000 കോടിയിലധികം നികുതി പരിക്കാനുണ്ടെന്നു പറഞ്ഞത്‌. 2006 ല്‍ ധനമന്ത്രി വിളിച്ച യോഗത്തില്‍ ഇതു വാങ്ങാമെന്നു തീരുമാനിക്കുകയും ചെയ്‌തു. മുമ്പും ഇതു വാങ്ങാന്‍ തടസമായിട്ടുള്ള ഒരു വിധിയുണ്ട്‌.

തോമസ്‌ ഐസക്‌:- ആക്‌്ഷണബിള്‍ ക്ലെയിമില്‍ നികുതി പാടില്ലെന്നാണു വിധിയുള്ളത്‌. നമ്മള്‍ അയയ്‌ക്കുന്ന കത്തില്‍ കുഴപ്പമുണ്ടെങ്കില്‍ തയാറാക്കി ത്തന്നാല്‍ നേരിട്ടു കൊണ്ടുനല്‍കാം. അന്വേഷണമല്ല, നടപടിയാണു വേണ്ടത്‌. നടപടിയെടുപ്പിക്ക്‌, അന്വേഷണം നടത്താം. ലോട്ടറി നടത്തിപ്പ്‌ മൗലികാവകാശമൊന്നുമല്ല. ഓരോ സംസ്‌ഥാനവും അവരവരുടെ ലോട്ടറി മാത്രം നടത്തിയാല്‍ മതിയെന്ന ഭരണഘടനാ ഭേദഗതിമാത്രം മതിയല്ലോ? അതിനുവേണ്ടി നമുക്ക്‌ ഒന്നിച്ചു കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താം.

സതീശന്‍:- അതു പ്രായോഗികമല്ല. വെറുതേ കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍കെട്ടിവയ്‌ക്കാനാണു ശ്രമം. മറ്റേതു ഭരണഘടനാലംഘനമാകും. അന്യസംസ്‌ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്‌ഥാനത്തിനുണ്ട്‌. ഞാന്‍ ആരോപണം ഉന്നയിച്ചു 30 ദിവസം കഴിഞ്ഞപ്പോള്‍ എല്ലാ അന്യസംസ്‌ഥാന ലോട്ടറിയുടെയും വില്‍പന നിലച്ചല്ലോ ?

തോമസ്‌ ഐസക്‌: - നിങ്ങള്‍ ആരോപണം ഉന്നയിച്ചാണു നടപടിയെടുപ്പിച്ചതെന്ന വാദം ശരിയല്ല. മേഘയുടെ ആധികാരികയില്‍ സംശയമുണ്ടാകുന്ന തരത്തില്‍ ഒരു പുതിയ രേഖ ലഭിച്ചു. അതിന്റെ അടിസ്‌ഥാനത്തില്‍ മൂന്നാഴ്‌ച സമയം ലഭിച്ചു. സെക്‌്ഷന്‍ 4 ലംഘനത്തിനെതിരേ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളു. സംസ്‌ഥാനത്തിന്‌ ആകെയുള്ള അധികാരം പ്രമോട്ടറുടെ ആധികാരികതയില്‍ സംശയപ്പെടാം.

തുടര്‍ന്ന്‌ ഇവരുടെ സംവാദത്തിനൊടുവില്‍ സുബ്ബയും മാര്‍ട്ടിനും വീണ്ടും കടന്നുവന്നു. സുബ്ബയെക്കുറിച്ചു കൂടുതല്‍ പറയാന്‍ സതീശനും മാര്‍ട്ടിനെക്കുറിച്ചു പറയാന്‍ ഐസക്കും തയാറായില്ല. എന്നാല്‍ അന്യസംസ്‌ഥാന ലോട്ടറിയുടെ ഒരു ക്രിമിനല്‍ സംഘം ഇവിടെയുണ്ടെന്ന്‌ രണ്ടുകൂട്ടരും സമ്മതിച്ചു

ക്യാപ്റ്റന്റെ കളിയുമായി ഐസക്; ഗോളടിച്ചു കയറി സതീശന്‍

ഇ. സോമനാഥ്

മല്‍സരത്തിനു മണിക്കൂറുകള്‍ മുന്‍പുതന്നെ ടീമുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയിരുന്നു. വി.ഡി. സതീശനും ധനമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണോ മന്ത്രിയും എംഎല്‍എയുമാണോ കളത്തിലിറങ്ങുകയെന്നു 11 മണിക്കു മന്ത്രി തോമസ് ഐസക് വാര്‍ത്താ സമ്മേളനം നടത്തുന്നതു വരെ അവ്യക്തമായിരുന്നു. പത്രസമ്മേളനത്തിനിടയില്‍ മന്ത്രി പ്രഖ്യാപിച്ചു: ’സംവാദത്തില്‍ ഞാന്‍ തന്നെ നേരിട്ടു പങ്കെടുക്കും.

മല്‍സരം ’ഈസി വാക്കോവര്‍ ആയിരിക്കില്ലെന്ന തിരിച്ചറിവില്‍ നിന്ന് ആയിരുന്നു മന്ത്രിയുടെ മനംമാറ്റം. ’നോണ്‍ പ്ളേയിങ് ക്യാപ്റ്റന്‍ ആയി റിസര്‍വ് ബെഞ്ചില്‍ ഇരുന്നാല്‍ ട്രോഫി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കാം കളത്തിലിറങ്ങാന്‍

മന്ത്രിയെ പ്രേരിപ്പിച്ചത്.

സ്റ്റാര്‍ കളിക്കാര്‍ തന്നെ രംഗത്തിറങ്ങുമെന്നു വന്നതോടെ മല്‍സരവേദിയായ പ്രസ് ക്ളബ്ബിലെഫോര്‍ത്ത് എസ്റ്റേറ്റ് ഹാളിലെ തയാറെടുപ്പുകള്‍ക്ക് ആക്കംകൂടി.
നാലുമണിക്കു നിശ്ചയിച്ച ’കിക്കോഫിനു മുന്‍പുതന്നെ ഹാള്‍ നിറഞ്ഞുകവിഞ്ഞു. വന്‍ പൊലീസ് സന്നാഹവും തല്‍സമയ സംപ്രേഷണത്തിനുള്ള ഒബി വാനുകളും എന്തോ വമ്പന്‍ കാര്യം നടക്കാന്‍ പോകുന്നുവെന്ന ധാരണയാണു പൊതുജനങ്ങളില്‍ സൃഷ്ടിച്ചത്.

നാലുമണിക്കു തന്നെ ഐസക്കും സതീശനുമെത്തി. മുണ്ടും ട്രേഡ്മാര്‍ക്ക് ജൂബയുമായിരുന്നു ഐസക്കിന്റെ വേഷം. തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടുമായി സതീശനും. ഇരുവരുടെയും കൈകളില്‍ ഫയല്‍. അതില്‍ കോടതി വിധി പകര്‍പ്പുകള്‍, നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍...

റഫറിയുടെ റോള്‍ ഏറ്റെടുത്ത പ്രസ് ക്ളബ് പ്രസിഡന്റ് എം.എം. സുബൈര്‍ കളിയുടെ നിയമാവലി അവതരിപ്പിച്ചു. ഒട്ടും വൈകിക്കാതെ ഐസക് ’കളി തുടങ്ങുകയും ചെയ്തു. അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പ്രയോഗിക്കാത്ത കേന്ദ്ര സര്‍ക്കാരാണു ലോട്ടറി മാഫിയയുടെ സംരക്ഷകരെന്ന സ്ഥിരം വാദമാണ് അദ്ദേഹം ഉന്നയിച്ചത്. സംസ്ഥാനം വിചാരിച്ചാലും ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ കഴിയുമെന്നായി സതീശന്‍. ഇല്ലെന്നു മന്ത്രി. കഴിയുമെന്നു സതീശന്‍. പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ സംവാദം ഒരു ട്രാക്കില്‍ കിടന്നു കറങ്ങി.

ലോട്ടറി നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം ലോട്ടറി നിരോധിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെങ്കിലും അതിനു ചട്ടം അനുശാസിക്കുന്ന പ്രകാരം കേന്ദ്രത്തിനു കത്തെഴുതണമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ എഴുതിയതെല്ലാം രണ്ടു ഖണ്ഡിക മാത്രമുള്ള ചട്ടപ്രകാരമല്ലാത്ത കത്താണെന്നും അദ്ദേഹം വാദിച്ചു.

ലോട്ടറി രാജാക്കന്മാരായ മണികുമാര്‍ സുബ്ബയും സാന്റിയാഗോ മാര്‍ട്ടിനുമാണു പിന്നെ കളത്തില്‍ നിറഞ്ഞത്. സുബ്ബ മൂന്നുവട്ടം കോണ്‍ഗ്രസ് എംപി ആയില്ലേ എന്ന് ഐസക്. എന്നിട്ടും സുബ്ബയ്ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ലേ എന്നു സതീശന്റെ മറുചോദ്യം.

മാര്‍ട്ടിന്റെ കൈയില്‍ നിന്നു രണ്ടുകോടി ’ദേശാഭിമാനി വാങ്ങിയതും കൈരളി ചാനലില്‍ മാര്‍ട്ടിന്റെ ലോട്ടറിയുടെ നറുക്കെടുപ്പു തല്‍സമയം സംപ്രേഷണം ചെയ്യുന്നതും ചൂണ്ടിക്കാട്ടി സതീശന്‍ വക കുത്ത്. മാര്‍ട്ടിനില്‍ നിന്നു വന്‍തുക മുന്‍കൂര്‍ വാങ്ങിയതു തെറ്റായിപ്പോയെന്ന് ഐസക്കിന്റെ കുമ്പസാരം. തല്‍സമയ സംപ്രേഷണത്തെക്കുറിച്ചു തന്ത്രപരമായ മൌനം.

സിബിഐ/ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു സതീശന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അന്വേഷണമല്ല, കേന്ദ്രത്തിന്റെ നടപടിയാണു വേണ്ടതെന്നു മന്ത്രിക്കു വാശി. സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് എന്തുകൊണ്ടു ഹൈക്കോടതിയിലെ കേസില്‍ രേഖയായി ഹാജരാക്കിയില്ലെന്നു സതീശന്‍.

കേസ് കൊടുത്തതു തന്നെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി. ഹൈക്കോടതിയില്‍ കേസ് നടത്തേണ്ടത് ഇങ്ങനെയൊന്നുമല്ലെന്നു സതീശന്റെ പരിഹാസത്തിനു മന്ത്രിക്കു മറുപടിയുണ്ടായില്ല.

മാധ്യമപ്രവര്‍ത്തര്‍ അടക്കമുള്ള ഒരുസംഘം ലോട്ടറി മാഫിയയ്ക്കു വേണ്ടി വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നിലുണ്ടെന്നു ധനമന്ത്രി രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചതിനെക്കുറിച്ചു സതീശനോടു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏതാനും പ്രമുഖ സിപിഎം നേതാക്കളും തനിക്കു രേഖകള്‍ തന്നിട്ടുണ്ടെന്നായിരുന്നു മറുപടി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ ഉള്ളവരാണോ ഈ നേതാക്കളെന്ന ചോദ്യത്തിനു ’താടിയുള്ള ആളാണോ, മുടിയുള്ള ആളാണോ എന്നു ചോദിക്കരുത് എന്നു സതീശന്‍ അഭ്യര്‍ഥിച്ചപ്പോള്‍ കൂട്ടച്ചിരി മുഴങ്ങി.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടു ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ധനമന്ത്രിയുടെ അസ്വസ്ഥത പ്രകടമായിരുന്നു. മുഖ്യമന്ത്രി വിളിച്ച ലോട്ടറി ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ഇടപെട്ടു മാറ്റിയോ എന്ന ചോദ്യത്തിന് അതൊന്നും പ്രസക്തമല്ലെന്നായിരുന്നു ആദ്യ മറുപടി. മുഖ്യമന്ത്രി വിളിച്ച ദിവസം തനിക്ക് അസൌകര്യമുണ്ടായതു കൊണ്ടാണു യോഗം മാറ്റിവച്ചതെന്ന വിശദീകരണം വൈകി വന്ന വിവേകം പോലെയായി.

സംസ്ഥാനം കേന്ദ്രത്തിനയച്ച കത്തുകളുടെ പോരായ്മ സതീശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി പ്രതികരിച്ചു: ഒരെണ്ണം നന്നായി ഡ്രാഫ്റ്റ് ചെയ്തു തന്നാല്‍ നമുക്കു കേന്ദ്രത്തില്‍ കൊണ്ടുപോകാം.

ലോട്ടറി കാര്യത്തില്‍ അന്തിമമായി നടപടിയെടുക്കേണ്ടതു കേന്ദ്രമാണെന്ന വാദഗതി ഐസക് ആവര്‍ത്തിച്ചപ്പോള്‍ എതിര്‍ ചോദ്യം ശക്തമായിരുന്നു. എങ്കില്‍ പിന്നെയെന്തിന് ഒാര്‍ഡിനന്‍സ് കൊണ്ടുവരുന്നു? സ്വന്തം ഒാര്‍ഡിനന്‍സിനെ പോലും തള്ളിപ്പറയുന്നോ എന്ന ചോദ്യത്തിനു മന്ത്രിയുടെ മറുപടി: ഞങ്ങള്‍ എല്ലാ ഉപായവും നോക്കും.

കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ’ഫൈനല്‍ വിസില്‍ മുഴങ്ങി. ഫുട്ബോള്‍ മല്‍സരത്തിന്റെ സമയം തന്നെ. ഫുള്‍ടൈം കഴിഞ്ഞപ്പോള്‍ രണ്ടുപേരും കൈകൊടുക്കണമെന്നു ഫൊട്ടോഗ്രഫര്‍മാരുടെ അഭ്യര്‍ഥന. വഴങ്ങാന്‍ ഇരുവരും മടിച്ചില്ല. എന്നാല്‍, കെട്ടിപ്പിടിക്കണമെന്ന നിര്‍ദേശം സതീശന്‍ തള്ളി: അത്രയ്ക്കായില്ല.
വിജയം ആര്‍ക്കെന്നു സംഘാടകര്‍ പ്രഖ്യാപിച്ചില്ല; പ്രഖ്യാപിക്കുകയുമില്ല. എങ്കിലും നേരിട്ടും ചാനലുകളിലൂടെയും എല്ലാം കണ്ടവര്‍ക്കു വിജയിയെ തീരുമാനിക്കാന്‍ പ്രയാസമുണ്ടായില്ല.

സംവാദത്തിനൊടുവില്‍ ഒരു ടിവി ചാനലിന്റെ വോട്ടെടുപ്പ് മന്ത്രിക്കു തീരെ അനുകൂലമായിരുന്നില്ല. സതീശന് അത് ആവേശകരവുമായി. സെക്രട്ടറിയെ വിട്ടാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ മന്ത്രിക്കു തോന്നിക്കാണുമെന്ന് അപ്പോള്‍ ചില മാധ്യമപ്രവര്‍ത്തകരുടെ കമന്റ്.

തീപ്പൊരി ചിതറി ലോട്ടറി സംവാദം

തിരുവനന്തപുരം: സംസ്ഥാനത്ത് ആളിക്കത്തുന്ന ലോട്ടറി വിവാദം മന്ത്രി തോമസ് ഐസക്കും വി.ഡി. സതീശന്‍ എംഎല്‍എയും തമ്മിലുള്ള പരസ്യ സംവാദത്തിലും തീപ്പൊരി ചിതറിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുമായി സംവാദത്തിന് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിടാമെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തി മന്ത്രി തന്നെ നേരിട്ടു പ്രസ് ക്ളബ്ബില്‍ എത്തി ഒന്നര മണിക്കൂര്‍ നീണ്ട സംവാദത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഏറെയും.

ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു മന്ത്രി ആവര്‍ത്തിച്ചപ്പോള്‍ എങ്കില്‍പ്പിന്നെ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് എന്തിനെന്ന സതീശന്റെ ചോദ്യം ഉത്തരംമുട്ടിക്കുന്നതായി.

ദേശാഭിമാനിയുടെ രണ്ടുകോടി ബോണ്ടും കൈരളി ടിവിയിലെ ലൈവ് നറുക്കെടുപ്പും മുഖ്യമന്ത്രിയുടെ ഇടപെടലും സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയതും സതീശന്‍ ആയുധമാക്കിയപ്പോള്‍ കേന്ദ്രം എന്തേ നടപടിയെടുത്തില്ലെന്ന ചോദ്യവുമായാണ് ഐസക് അവയെ നേരിട്ടത്.

സിബിഐ അന്വേഷണത്തിനോ ജുഡീഷ്യല്‍ അന്വേഷണത്തിനോ യുഡിഎഫ് തയാറാണെന്നു സതീശന്‍ വ്യക്തമാക്കിയപ്പോള്‍ ഒരു അന്വേഷണവും വേണ്ടെന്നും കേന്ദ്രം നടപടിയെടുക്കട്ടെയെന്നുമുള്ള നിലപാടിലായിരുന്നു മന്ത്രി. യുഡിഎഫിന്റെ കാലത്തു ക്രമക്കേടുണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്താമെന്നു സതീശന്‍ പറഞ്ഞെങ്കിലും അന്വേഷണം വേണ്ടെന്ന നിലപാടില്‍ ധനമന്ത്രി ഉറച്ചുനിന്നു. ലോട്ടറി നിരോധനം ആവശ്യപ്പെട്ടു കേന്ദ്രത്തിലേക്കു യോജിച്ചുപോകാമെന്നു മന്ത്രി പറഞ്ഞപ്പോള്‍ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തശേഷം അത് ആലോചിക്കാമെന്നായിരുന്നു സതീശന്റെ മറുപടി.

ലോട്ടറി നിരോധിക്കാന്‍ കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു മന്ത്രി ആവര്‍ത്തിച്ചപ്പോള്‍ കഴിഞ്ഞ 40 ദിവസമായി കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി വില്‍പന നിലച്ചതു കേന്ദ്രം എവിടെ ഇടപെട്ടിട്ടാണെന്നു സതീശന്‍ ചോദിച്ചു.തന്റെ പ്രതിനിധിയായി അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എം. ഗോപകുമാര്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നു കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്ന മന്ത്രി നേരിട്ടു പങ്കെടുക്കുന്ന കാര്യം ഇന്നലെ രാവിലെ നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യം പത്തു മിനിറ്റ് വീതം രണ്ടുപേരും ലോട്ടറിവിഷയത്തില്‍ അഭിപ്രായം പറഞ്ഞശേഷം അഞ്ചു ചോദ്യങ്ങള്‍ വീതം ചോദിച്ചു. തുടര്‍ന്ന് ഇരുവരോടുമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളും. ലോട്ടറി മാഫിയ കേരളത്തെ കൊള്ളയടിക്കുന്നുവെന്ന കാര്യത്തില്‍ ഇരുവരും യോജിച്ചു. ചട്ടം ലംഘിക്കുന്ന ലോട്ടറികള്‍ നിരോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രത്തിനു മാത്രമേ അധികാരമുള്ളൂവെന്നു വിവിധ കോടതി വിധികള്‍ ഉദ്ധരിച്ചു മന്ത്രി വാദിച്ചു. ലോട്ടറി മാഫിയയെ സഹായിക്കാനാണു കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രം പുതിയ ചട്ടം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, ഇതേ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാനത്തിന് ഇവ നിയന്ത്രിക്കാനാകുമെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, 2009 നവംബറിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനും അന്വേഷണം നടത്താനും വാറന്റോടെ പരിശോധന നടത്താനും അധികാരമുണ്ടായിട്ടും കേരളം ഒന്നും ചെയ്തില്ല.

ഓഗസ്റ്റ് 27നു താന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനു ശേഷമാണു സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങല്‍ നിര്‍ത്തിയതും കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതുമെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാരാണു സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രമോട്ടര്‍മാര്‍ക്കു റജിസ്ട്രേഷന്‍ നല്‍കിയതെന്നും ഈ സര്‍ക്കാര്‍ വന്നശേഷം അതു റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. പിന്നീട് അവര്‍ കോടതിയില്‍ പോയാണ് അനുകൂല വിധി വാങ്ങിയതെന്നും അറിയിച്ചു.

എന്നാല്‍, ഇപ്പോള്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്നു മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കുന്ന സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷം എന്തു രേഖയുടെ അടിസ്ഥാനത്തിലാണ് അവരില്‍ നിന്നു മുന്‍കൂര്‍ നികുതി വാങ്ങി 40,000 കോടിരൂപ കേരളീയരെ കൊള്ളയടിക്കാന്‍ അവസരം ഒരുക്കിയതെന്നു സതീശന്‍ ചോദിച്ചു. മാത്രമല്ല, കോടതിവിധിയുടെ അടിസ്ഥാനത്തിലാണു നികുതി ഈടാക്കുന്നതെങ്കില്‍ വിധി ഉണ്ടായിട്ടും സാന്റിയാഗോ മാര്‍ട്ടിന്റെ എതിരാളി ജോണ്‍ റോസില്‍ നിന്ന് അരുണാചല്‍ പ്രദേശ് ലോട്ടറിയുടെ മുന്‍കൂര്‍ നികുതി ഈടാക്കാത്തതിനു മന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എവിടെയാണു നടക്കുന്നതെന്ന് അറിയില്ലെന്നു ധനമന്ത്രി പോലും പറഞ്ഞ നറുക്കെടുപ്പിന്റെ ലൈവ് മന്ത്രി ഐസക് ഡയറക്ടറായിരുന്ന കൈരളി ചാനലും മാര്‍ട്ടിന്റെ എസ്എസ് ചാനലും മാത്രമാണു കാണിക്കുന്നതെന്നു സതീശന്‍ പറഞ്ഞു.താന്‍ സഭയില്‍ ആരോപണം ഉന്നയിച്ചിട്ടാണു സര്‍ക്കാര്‍ ഇത്രയും നടപടിയെടുത്തതെന്നു സതീശന്‍ ആവര്‍ത്തിച്ചപ്പോള്‍ അത്ര അഹങ്കരിക്കേണ്ടെന്നു പറഞ്ഞ ഐസക് മുന്‍പ് അരുണാചലിന്റെ ഒരു ലോഡ് ലോട്ടറി ടിക്കറ്റ് പിടിച്ച കാര്യം ഓര്‍മിപ്പിച്ചു.

എന്നാല്‍, അതു മാര്‍ട്ടിന്റെ എതിരാളി കൊണ്ടുവന്ന ലോട്ടറിയാണെന്നും മാര്‍ട്ടിനെ സഹായിക്കാനാണു പിടിച്ചതെന്നും സതീശന്‍ തിരിച്ചടിച്ചപ്പോള്‍ മന്ത്രി അതു ചിരിച്ചുതള്ളി. ലോട്ടറി വിഷയത്തില്‍ ഈമാസം ഒടുവില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

Saturday, September 4, 2010

ഇരിണാവ് പദ്ധതിയില്‍ നിന്ന് ജെ.പി.ഗ്രൂപ്പ് പിന്മാറി

പാപ്പിനിശ്ശേരി: ഇരിണാവ് താപവൈദ്യുത പദ്ധതിയില്‍ നിന്ന് ഡല്‍ഹിയിലെ ജെ.പി.ഗ്രൂപ്പ് പിന്മാറി. നിര്‍ദിഷ്ട താപനിലയം സംബന്ധിച്ച് സി.പി.എമ്മിനുള്ളിലെ ഭിന്നത രൂക്ഷമായിതിനെ തുടര്‍ന്നാണിത്.

വ്യവസായമന്ത്രി എളമരം കരീമിന്റെ കാര്‍മികത്വത്തിലാണ് സര്‍ക്കാര്‍ ഏജന്‍സിയായ 'കിന്‍ഫ്ര' ഇരിണാവ്, പാപ്പിനിശ്ശേരി മേഖലയിലെ 164 ഏക്കര്‍ ഭൂമി ഡല്‍ഹിയിലെ വ്യവസായഗ്രൂപ്പിന് പാട്ടത്തിന് നല്കാന്‍ ധാരണയായത്. പദ്ധതിപ്രദേശത്ത് സിമന്‍റ് ഫാക്ടറിയും താപനിലയവുമാണ് ജെ.പി.ഗ്രൂപ്പ് വിഭാവനം ചെയ്തിരുന്നത്. സ്ഥലം എം.എല്‍.എ.യും സി.പി.എം. നേതാവുമായ എം.പ്രകാശന്റെ സാന്നിധ്യത്തിലായിരുന്നു കിന്‍ഫ്രയും ജെ.പി.ഗ്രൂപ്പും തമ്മിലുള്ള ഉടമ്പടി കരാര്‍ കൈമാറിയത്.

ഇതനുസരിച്ച് ഡല്‍ഹി കമ്പനി അധികൃതര്‍ സ്ഥലത്തെത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെയാണ് നാട്ടുകാരും പദ്ധതിയെക്കുറിച്ച് കൂടുതലായി അറിയുന്നത്. 164 ഏക്കര്‍ ഭൂമി കേവലം 14 കോടിയോളം രൂപക്ക് 90 വര്‍ഷത്തേക്ക് പാട്ടക്കരാര്‍ നല്കിയതുസംബന്ധിച്ച് 'മാതൃഭൂമി' റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വത്തിലും പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയിലും ഇക്കാര്യം ഏറെ വിവാദമായത്. നാട്ടുകാര്‍ പദ്ധതിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി.

കര്‍ഷകരില്‍നിന്ന് തുച്ഛവിലയ്ക്ക് ഏറ്റെടുത്ത കൃഷിഭൂമിയും ചെമ്മീന്‍പാടങ്ങളും ഉള്‍പ്പെടുന്ന പദ്ധതിപ്രദേശം വ്യവസായ ഗ്രൂപ്പിന് കൈമാറിയ രീതിയാണ് സി.പി.എമ്മില്‍ വിവാദമായത്. പദ്ധതിപ്രദേശത്ത് ജനവികാരം എതിരാവുന്നു എന്ന് കണ്ടതോടെ സിമന്‍റ് ഫാക്ടറി ഇല്ല എന്ന വിശദീകരണവുമായി ആദ്യം കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു