Sunday, June 6, 2010

ഐസക്കിനും ഭാര്യക്കുമെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങളുമായി 'പാഠം'

തൃശൂര്‍: സംസ്ഥാന ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെയും ഭാര്യയുടെയും ധനകാര്യ ഇടപാടുകള്‍ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി 'പാഠം' വീണ്ടും രംഗത്ത്. ഐസക്കിന്റെ ഭാര്യ ഡോ.നടദുവ്വുരി അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയുടെ സാമ്പത്തികസഹായം ലഭിക്കുന്ന യു.എസ്.എ.ഐ.ഡിയുടെയും (യുനൈറ്റഡ് സ്‌റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ്) ഫോര്‍ഡ് ഫൗണ്ടേഷന്റെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്.
'പാഠം' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച എം.എന്‍. വിജയന്‍ സാംസ്‌കാരിക വേദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാര്‍ക്‌സിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന പുസ്തക പ്രസാധക സംഘം പുറത്തിറക്കിയ ലഘുലേഖകളില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച യോഗത്തില്‍ പ്രഫ. എസ്. സുധീഷ് കൂടുതല്‍ വെളിപ്പെടുത്തലുകളും നടത്തി.

സര്‍ക്കാറിതര സന്നദ്ധ സംഘടനകളെസംബന്ധിച്ച തന്റെ പുസ്തകത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യു.എസ്.എ.ഐ.ഡിയും ഫോര്‍ഡ് ഫൗണ്ടേഷനും സി.ഐ.എ സാമ്പത്തിക സഹായം സ്വീകരിക്കുന്ന സംഘടനകളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് പ്രഫ. എസ്. സുധീഷ് പ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.
ഡോ.നടദുവ്വുരിയുടെ ബയോഡാറ്റയില്‍ യു.എസ്.എ.ഐ.ഡിയും ഫോര്‍ഡ് ഫൗണ്ടേഷനുമായുള്ള അവരുടെ ബന്ധം വ്യക്തമാണെന്ന് പ്രഫ. സുധീഷ് സൂചിപ്പിക്കുന്നു. യു.എസ്.എ. ഐ.ഡി ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്യൂണിസത്തിനെതിരെയുള്ള നിലപാട് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ടെന്നും ഫോര്‍ഡ്ഫൗണ്ടേഷന്റെ ഇടപെടല്‍ വിമോചന സമരമുള്‍പ്പെടെ സംഭവങ്ങളില്‍ കാലങ്ങളായി തുടരുന്ന കാര്യം പരസ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിന്റെ 'ചാര' സംഘടനകളില്‍നിന്ന് പണം പറ്റുന്നുവെന്നും കോടികളുടെ 'അനോണിമസ്' ഫണ്ട് കൈപ്പറ്റി വിലസുന്നുവെന്നുമാണ് നടദുവ്വുരിക്ക് എതിരെയുള്ള ലഘുലേഖയിലെ പ്രധാന ആരോപണം.

പാര്‍ട്ടി കേഡര്‍മാരുടെ ആസ്തി ബാധ്യതാ വിവരങ്ങളും വരുമാന സ്രോതസ്സും വെളിപ്പെടുത്തുന്ന പ്രസ്താവന താഴെത്തട്ടില്‍ നിന്ന് പൂരിപ്പിച്ചുവാങ്ങാന്‍ തീരുമാനിച്ച സി.പി.എം, ധനമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ തോമസ് ഐസക്കിന്റെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടിനെ 'പാഠം'ചോദ്യം ചെയ്യുന്നു. തോമസ് ഐസക്കിന്റെ കുടുംബവും കുട്ടികളും താമസിക്കുന്നത ്അമേരിക്കന്‍ ഐക്യനാടുകളിലാണെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ധരിച്ച് ലഘുലേഖ ചൂണ്ടിക്കാട്ടുന്നു. നടയുടെ പൗരത്വം വ്യക്തമാക്കുന്നില്ലെന്നും സുധീഷ് പറയുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യില്‍നിന്ന്1985ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ നടദുവ്വുരി 2000-'07 കാലഘട്ടത്തില്‍ 5.5 മില്യണ്‍ ഡോളര്‍ ഗവേഷണഫണ്ട് നേടിയിട്ടുണ്ട്. ഇത് യു.എസ്.എ.ഐ.ഡി, ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍ , പേരറിയാത്ത ദാതാവ് (അനോണിമസ് ഡോണര്‍) തുടങ്ങിയവയില്‍ നിന്നാണെന്ന് ഇന്റര്‍നെറ്റിലെ നടയുടെ ബയോഡാറ്റയിലുണ്ട്. കൂടാതെ, വിശദ ബയോഡാറ്റയില്‍ ഇവര്‍ നടത്തിയ ഗവേഷണ പഠനങ്ങള്‍ എല്ലാംതന്നെ പാശ്ചാത്യ വിദേശ ഇടപെടലുകള്‍ക്ക് സാധ്യതയുള്ളവയാണെന്ന കാര്യവും വ്യക്തമാണ്.

വി.ആര്‍. രാജമോഹന്‍