Thursday, May 6, 2010

നാലുവരിപ്പാത സര്‍വേ തടഞ്ഞു; കിനാലൂരില്‍ പൊലീസ് ഭീകരത

http://madhyamam.com/story/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A4-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B5%E0%B5%87-%E0%B4%A4%E0%B4%9F%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81-%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%82%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%8A%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%AD%E0%B5%80%E0%B4%95%E0%B4%B0%E0%B4%A4

കിനാലൂര്‍ (കോഴിക്കോട്): കിനാലൂര്‍ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപ്പാതക്കായുള്ള സര്‍വേ ജനകീയ ഐക്യവേദിയുടെയും ജനജാഗ്രത സമിതിയുടെയും നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് വന്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമരക്കാരെയും പ്രതിഷേധം കാണാനെത്തിയവരെയും പൊലീസ് മൃഗീയമായി മര്‍ദിച്ചു. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഭീഷണി മുഴക്കി.

നിരവധി വാഹനങ്ങള്‍ പൊലീസ് തല്ലിത്തകര്‍ത്തു. പൊലീസ് വാഹനത്തിനുനേരെയും കല്ലേറുണ്ടായി. വ്യവസായ പാര്‍ക്ക് പരിസരത്തെ വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലേറിലും ലാത്തിച്ചാര്‍ജിലും 150 ഓളം പേര്‍ക്ക് പരിക്കേറ്റു.

താമരശേãരി ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരിയടക്കം 29 പൊലീസുകാര്‍ക്കും പരിക്കേറ്റു.

രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.ഡി.ഒ കെ.പി. രമാദേവി, കൊയിലാണ്ടി തഹസില്‍ദാര്‍ എം. രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ സംഘം കിനാലൂരിലെത്തിയത്. എസ്.പി. നീരജ്കുമാര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. 9.30 ഓടെ സര്‍വേ നടപടികള്‍ ആരംഭിച്ചു. അപ്പോഴേക്കും ജനജാഗ്രതാ സമിതി നേതാവ് റഹ്മത്തുല്ല മാസ്റ്റര്‍, ജനകീയ ഐക്യവേദി ചെയര്‍മാന്‍ സി.കെ. ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ നിജേഷ് അരവിന്ദന്‍, സോളിഡാരിറ്റി നേതാവ് റസാഖ് പാലേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം ആളുകള്‍ പ്രതിഷേധവുമായെത്തി. ഇവര്‍ വ്യവസായ പാര്‍ക്കിന് അല്‍പമകലെ റോഡ് ഉപരോധിച്ച് മുദ്രാവാക്യം വിളിച്ചു.

സമരസമിതി നേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊലീസ് എത്തി സ്ത്രീകള്‍ക്കുനേരെ ബലപ്രയോഗം നടത്തി. ഇത് വലിയ ബഹളത്തിനിടയാക്കി. ഇതിനിടെ സമരക്കാരുടെ കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ചാണകം കലക്കിയ വെള്ളത്തില്‍ ചൂലു മുക്കി പൊലീസിനുനേരെ തെളിക്കാന്‍ ശ്രമിച്ചു. ചാണകവെള്ള പാത്രം അപ്പോഴേക്കും വനിതാ പൊലീസ് പിടിച്ചുവാങ്ങി. ഇതിനിടെ മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിക്കുകയായിരുന്നു. അപ്പോഴേക്കും പ്രതിഷേധം കാണാനെത്തിയ ജനക്കൂട്ടത്തിനിടയില്‍നിന്ന് പൊലീസിനും സമരക്കാര്‍ക്കും നേരെ കല്ലേറുണ്ടായി. പൊലീസ് തിരിച്ചു കല്ലെറിയുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധിക്കാനെത്തിയ സ്ത്രീകളും കുട്ടികളും ചിതറിയോടി പരിസരത്തെ വീടുകളില്‍ അഭയം തേടി. പിന്നാലെ എത്തിയ പൊലീസ് ഗേറ്റുകള്‍ തള്ളിത്തുറന്ന് വീടുകളില്‍ തള്ളി കയറാന്‍ ശ്രമിച്ചു. തെറിവിളിയും ആക്രോശവുമായി പിന്നീട് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചില വീടുകളില്‍ വാതില്‍ തുറക്കാന്‍ പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ സ്ത്രീകള്‍ എതിര്‍ത്തു.

വിത്തുകുളത്തില്‍ അബ്ദുഹാജിയുടെ വീട്ടിലെത്തിയ പൊലീസ് വീട്ടുമുറ്റത്തുനിന്ന മാങ്ങ കച്ചവടക്കാരന്‍ മങ്കയം അതൃമാന്‍കുട്ടിയുടെ തല തല്ലിപ്പൊളിച്ചു. വീട്ടുമുറ്റത്തെ വാഹനങ്ങളും പൊലീസ് തല്ലി തകര്‍ത്തു. ഏഴുകണ്ടി മുഹമ്മദിന്റെ വീട്ടിലും ഹുസൈന്‍ ഹാജിയുടെ മനാഫ് മഹല്‍ വീട്ടിലും, ഏഴുകണ്ടി അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വീട്ടിലും പൊലീസ് അതിക്രമം കാണിച്ചു.

പ്രതിഷേധക്കാരെയും നാട്ടുകാരെയും മുഴുവന്‍ തല്ലിയോടിച്ചശേഷം സര്‍വേ സംഘം നടപടി തുടര്‍ന്നു. കിനാലൂര്‍ മുതല്‍ വട്ടോളി ജങ്ഷന്‍ വരെ അഞ്ചു കി.മീ സര്‍വേ പൊലീസ് ബന്തവസ്സില്‍ പിന്നിട്ടപ്പോഴേക്കും നടപടി നിറുത്തിവെക്കാനുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് ആര്‍.ഡി.ഒക്ക് ലഭിച്ചു.
ഗ്രാമത്തില്‍നിന്ന് പൊലീസിനെ പിന്‍വലിക്കാനുള്ള നിര്‍ദേശവും ഇതിനുപിന്നാലെ വന്നു. ഇതോടെ ഘട്ടംഘട്ടമായി പൊലീസ് പിന്‍വാങ്ങി. കസ്റ്റഡിയിലെടുത്ത ഇരുപത്തഞ്ചോളം പേരെ പൊലീസ് വിട്ടയച്ചു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരിക്കേറ്റ് മെഡിക്കല്‍ കോളജ്
ആശുപത്രിയിലുള്ളവര്‍:
=================================
ജനകീയ ഐക്യവേദിയുടെ കണ്‍വീനറും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വട്ടോളി ബസാര്‍ തപസ്യയില്‍ നിജേഷ് അരവിന്ദന്‍ (34), ഐക്യവേദി ചെയര്‍മാനും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ കണ്ണാടിപ്പൊയില്‍ ചങ്ങരോത്ത് കുന്നുമ്മല്‍ സി.കെ. ബാലകൃഷ്ണന്‍ (54), ബാലുശേãരി കൂടത്തിങ്കല്‍ ബാലകൃഷ്ണകിടാവ് (51) താമരശേãരി ഡിവൈ.എസ്.പി കുബേരന്‍ നമ്പൂതിരി (43), റൂറല്‍ എ.ആര്‍. ക്യാമ്പിലെ കോണ്‍സ്റ്റബിള്‍മാരായ ശ്രീകുമാര്‍ (35), പി.പി. ബിജു (31), ജലീല്‍ (37), പ്രകാശന്‍ (35), കൊയിലാണ്ടി ട്രാഫിക് എ.എസ്.ഐ അരവിന്ദാക്ഷന്‍ (47), കൊടുവള്ളി സ്റ്റേഷനിലെ സുരേഷ് (39), അത്തോളി സ്റ്റേഷനിലെ കെ.കെ. ഷിജി (35), പേരാമ്പ്ര സ്റ്റേഷനിലെ ഷെറീന (33) എന്നീ പൊലീസുകാരുമാണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്.

പി. ഷംസുദ്ദീന്‍