Thursday, May 6, 2010

കിനാലൂര്‍ പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദിച്ചു

http://www.mathrubhumi.com/online/malayalam/news/story/295454/2010-05-07/kerala
Friday, May 7, 2010
കോഴിക്കോട്: കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള നാലുവരിപ്പാതയുടെ സര്‍വേ തടഞ്ഞ നാട്ടുകാരെ പോലീസ് ക്രൂരമായി മര്‍ദിച്ചു. സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

സമരക്കാരുടെ കല്ലേറില്‍ താമരശ്ശേരി ഡിവൈ. എസ്.പി. കുബേരന്‍ നമ്പൂതിരിയുള്‍പ്പെടെ 25 പോലീസുകാര്‍ക്ക് പരിക്കുണ്ട്.

വ്യാഴാഴ്ച രാവിലെ പത്തോടെ കിനാലൂര്‍ വ്യവസായകേന്ദ്രത്തിനു സമീപത്താണ് സമരക്കാര്‍ സര്‍വേ നടപടി തടഞ്ഞത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരോട് അറസ്റ്റ് വരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെനേരം ഉന്തും തള്ളുമുണ്ടായി.

അതിനിടെയാണ് പോലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ അടിയേറ്റുവീണു. ചിതറിയോടിയ സമരക്കാര്‍ പോലീസിനുനേരെ കല്ലേറ് നടത്തി. പോലീസ് തിരിച്ചു കല്ലെറിഞ്ഞതോടൊപ്പം സമരക്കാര്‍ക്കുനേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈ. എസ്.പി.യടക്കം 25 പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു. വീടുകളിലേക്കും പറമ്പുകളിലേക്കും കയറിപ്പോലും പോലീസുകാര്‍ നാട്ടുകാരെ അടിക്കുകയായിരുന്നു. സമരക്കാരുടെ കൂടെയെത്തിയ ചെറിയ കുട്ടികള്‍ക്കും സംഘര്‍ഷം കണ്ട് ഭയന്നോടിയ നാട്ടുകാര്‍ക്കും മര്‍ദനമേറ്റു. അമ്മമാരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതിനാണ് പത്തുവയസ്സുകാരായ രണ്ടു കുട്ടികള്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റത്.

സമരക്കാരെ പിന്തുടര്‍ന്ന് സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയ പോലീസ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തല്ലിത്തകര്‍ത്തു. അഭയം തേടിയെത്തിയ സമരക്കാരായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്കിയ വീട്ടുകാരെ പോലീസ് ഭീഷണിപ്പെടുത്തി. സമരക്കാരെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് വീടിന്റെ വാതില്‍ ചവിട്ടിത്തുറക്കാനും ശ്രമിച്ചു. ചില വീട്ടുകാര്‍ക്കെതിരെ ബലപ്രയോഗവും നടന്നു.

സംഘര്‍ഷം തീവ്രമായതിനെത്തുടര്‍ന്ന് സമരക്കാര്‍ കൂടിനിന്ന പറമ്പുകളിലേക്ക് പോലീസ് ഗ്രനേഡ് വലിച്ചെറിഞ്ഞു. നാലുഭാഗത്തുനിന്നും പോലീസിനെതിരെ കല്ലേറുണ്ടായി. അതിനിടെ വലിയ മരങ്ങളും കല്ലും വലിച്ചിട്ട് നാട്ടുകാര്‍ റോഡും തടഞ്ഞു. ഒന്നര മണിക്കൂറോളം നീണ്ട യുദ്ധസമാനമായ രംഗങ്ങള്‍ക്കൊടുവില്‍ പതിനൊന്നരയോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ 12 മണിയോടെ സര്‍വേ പുനരാരംഭിച്ചു. 20 മീറ്റര്‍ വീതിയിലുള്ള റോഡിന്റെ സര്‍വേയാണ് നടന്നത്. രണ്ടുമണിയോടെതന്നെ കിനാലൂരില്‍നിന്ന് വട്ടോളി ബസാര്‍ വരെ അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കി.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബാലുശ്ശേരി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫും ബി.ജെ.പി.യും വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. സംഭവസ്ഥലത്തുനിന്ന് പോലീസിനെ പിന്‍വലിക്കാനും മുഖ്യമന്ത്രി ഡി.ജി.പി.യോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉത്തരവ് വരുംമുമ്പേ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന പോലീസ് നടപടികള്‍ ഉള്‍പ്പെടെയുള്ള സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീമിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കിനാലൂരിലെ വ്യവസായകേന്ദ്രത്തിന്റെ നിലവിലുള്ള അവസ്ഥയെന്താണെന്നറിയിക്കാനും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിക്ക് വെള്ളിയാഴ്ചതന്നെ റിപ്പോര്‍ട്ട് നല്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കോഴിക്കോട് നഗരത്തിനടുത്ത് മാളിക്കടവില്‍ നിര്‍ദിഷ്ട ദേശീയപാതയില്‍ നിന്നാണ് കിനാലൂരിലേക്ക് നാലുവരിപ്പാത നിര്‍മിക്കുന്നത്.

വന്‍പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ പ്രത്യേക പാത നിര്‍മിക്കുന്നതിനുമാത്രം സര്‍വേ നടപടികള്‍ ആരംഭിച്ചതിനുപിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നിര്‍ദിഷ്ട പാതയോരങ്ങളിലെ സ്ഥലങ്ങള്‍ ഭൂമാഫിയകള്‍ കൈയടക്കിയതായും ആക്ഷേപമുണ്ട്.

വ്യവസായനഗരം, വൈദ്യനഗരം, ഉപഗ്രഹ നഗരം തുടങ്ങി നിരവധി പദ്ധതികള്‍ ഇവിടെ പറഞ്ഞുകേട്ടെങ്കിലും അതെല്ലാം ഒഴിവായി. വാഴക്കാട്ട് സ്ഥാപിക്കാനുദ്ദേശിച്ച ഫുട്ട്‌വേര്‍ പാര്‍ക്ക് ഇവിടേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.

നേരത്തേ ഗൂഗിള്‍ സര്‍വേ സംവിധാനം ഉപയോഗിച്ച് റോഡിനായി സര്‍വേ നടത്തിയിട്ടുണ്ട്. വിശദമായ സര്‍വേ നടത്താനുള്ള ശ്രമമാണ് കിനാലൂരില്‍ തടസ്സപ്പെട്ടത്. നാലുതവണ സര്‍വേ തടഞ്ഞതിനെത്തുടര്‍ന്ന് ശക്തമായ പോലീസ് സന്നാഹവുമായി കെ.എസ്.ഐ.ഡി.സി., ഇന്‍കല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വേക്കെത്തുകയായിരുന്നു. ആര്‍.ഡി.ഒ. പി. രമാദേവിയുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. റൂറല്‍ എസ്.പി. നീരജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് രാവിലെ എട്ടു മണിയോടെ നിലയുറപ്പിച്ചിരുന്നു. പോലീസ് നടപടികള്‍ നേരിടാന്‍ സന്നദ്ധമായാണ് ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സമരക്കാരും എത്തിയത്.