Thursday, May 6, 2010

കിനാലൂരില്‍ നാട്ടുകാരും പൊലീസും തമ്മില്‍ തെരുവു യുദ്ധം

Friday, May 7, 2010
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=7188331&tabId=11&BV_ID=@@@

കോഴിക്കോട്: കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായപാര്‍ക്കിലേക്കു നാലുവരിപ്പാതയുണ്ടാക്കാനുള്ള സര്‍വേ തടയാന്‍ ജനജാഗ്രതാസമിതിയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ക്കെതിരെ പൊലീസിന്റെ ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും. കണ്ണീര്‍വാതക ഷെല്ലുകളും പൊട്ടിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഏറ്റുമുട്ടലില്‍ അറുപതോളം നാട്ടുകാര്‍ക്കും താമരശ്ശേരി ഡിവൈഎസ്പിയും രണ്ട് എസ്ഐമാരും ഉള്‍പ്പെടെ 28 പൊലീസുകാര്‍ക്കും പരുക്കേറ്റു.

ജനങ്ങളെ നീക്കം ചെയ്തശേഷം അധികൃതര്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ടു നിര്‍ത്തിവയ്പിച്ചു.ജനങ്ങളെ നേരിട്ട പൊലീസ് റോഡിലും വീട്ടുമുറ്റത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കല്ലെറിഞ്ഞും ലാത്തികൊണ്ടടിച്ചും

തകര്‍ത്തു. നാട്ടുകാരുടെ കല്ലേറില്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷയുടെ ചില്ലു തകര്‍ന്നു. പ്രാണരക്ഷാര്‍ഥം സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചു. പൊലീസിന്റെ ഇൌ നടപടിക്കിടെ കൈതച്ചാലില്‍ അബ്ദുറഹ്മാന്റെ (62) തലയ്ക്കു ലാത്തിയടിയില്‍ ഗുരുതരമായി പരുക്കേറ്റു.

രാവിലെ പത്തോടെ ആര്‍ഡിഒ കെ.പി. രമാദേവിയുടെ സാന്നിധ്യത്തിലാണ് നാലുവരിപ്പാതയ്ക്കുള്ള സാധ്യതാപഠനത്തിന് സര്‍വേ തുടങ്ങിയത്. സര്‍വേ തടയുമെന്ന് ജനജാഗ്രതാ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാത കടന്നുപോകുന്ന മാവിളിക്കടവ് - കിനാലൂര്‍ 21 കിലോമീറ്റര്‍ പ്രദേശത്തെ നാട്ടുകാരും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വേ ആരംഭിക്കുന്ന കെഎസ്ഐഡിസി വ്യവസായകേന്ദ്രത്തിനു മുന്നില്‍ രാവിലെതന്നെ എത്തിയിരുന്നു.പ്രതിഷേധക്കാര്‍ മരങ്ങളും കല്ലുകളും റോഡില്‍ കൂട്ടിയിട്ടു വഴി തടഞ്ഞു. സ്ത്രീകള്‍ ചാണകത്തില്‍ മുക്കിയ ചൂലും മറ്റുമായാണ് പൊലീസിനെ നേരിട്ടത്. കല്ലെറിഞ്ഞവരെ പിരിച്ചുവിടാനായി പൊലീസ് പലതവണ ഗ്രനേഡ് പൊട്ടിച്ചു. കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചെങ്കിലും കാറ്റ് എതിരെ വീശിയതോടെ പൊലീസുകാര്‍ക്കു തിരികെ ഒാടേണ്ടി വന്നു.

ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ നാലുപാടും ചിതറി ഓടിയ നാട്ടുകാര്‍ കല്ലേറ് തുടര്‍ന്നതോടെ പൊലീസ് പ്രതിരോധത്തിലായി. ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസുകാര്‍ വാഹനങ്ങള്‍ തകര്‍ക്കുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ എആര്‍ ക്യാംപിലെയും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെയും ഏതാനും കോണ്‍സ്റ്റബിള്‍മാര്‍ തട്ടിക്കയറി. ആറു മാസം സസ്പെന്‍ഷന്‍ കിട്ടിയാലും കുഴപ്പമില്ല കാലു തല്ലിയൊടിക്കുമെന്ന് ആക്രോശിച്ചാണ് പൊലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്.

കാക്കൂര്‍ എസ്ഐ ഷാജു ജോണ്‍ ഇടപെട്ടാണ് അവരെ പിന്തിരിപ്പിച്ചത്. 'നാട്ടുകാര്‍ കല്ലെറിഞ്ഞതിനു പകരം അവരുടെ വാഹനങ്ങള്‍ ഞങ്ങള്‍ തല്ലിത്തകര്‍ത്തു; അതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെന്ത്? എന്നായിരുന്നു പൊലീസ് നിലപാട്.ഇതിനിടെ റോഡ് സര്‍വേയെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞുവച്ച് അസഭ്യം പറഞ്ഞു. വാഹനത്തിനു തീവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ നാടിന്റെ വികസനത്തിനെതിരാണെന്നും വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.

ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം. മെഹബൂബിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ സര്‍വേ നടപടികള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു സ്ഥലത്ത് എത്തിയത്. നാട്ടുകാര്‍ സര്‍വേക്ക് അനുകൂലമാണെന്നും പുറത്തു നിന്നുള്ളവരാണ് സര്‍വേ എതിര്‍ക്കുന്നതെന്നും മെഹബൂബ് പറഞ്ഞു.നിലവിലുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിനു പകരം നൂറുകണക്കിനു കുടുംബങ്ങളെ വഴിയാധാരമാക്കി പുതിയ റോഡ് നിര്‍മിക്കുന്നതിനെ ജീവന്‍ കൊടുത്തും തടയുമെന്ന് ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിലരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കും ഭൂമിക്കച്ചവടത്തിനുമാണ് പുതിയ റോഡ് നിര്‍മിക്കുന്നതെന്നും അവര്‍ ആരോപിച്ചു. നൂറു കണക്കിനു സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.ഏറെനേരത്തെ സംഘര്‍ഷാവസ്ഥയ്ക്കു ശേഷം ജനങ്ങളെ ബലം പ്രയോഗിച്ചുനീക്കി സര്‍വേ നടപടികള്‍ പുനരാരംഭിച്ചയുടനെയാണ് പൊലീസ് അക്രമ വാര്‍ത്തകള്‍ അറിഞ്ഞ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് ജനങ്ങള്‍ പിന്നീട് കിനാലൂരില്‍ പ്രകടനം നടത്തി.