Friday, July 24, 2009

വി.എസ്‌. 'വേലിക്കകത്ത്‌' ഉറച്ചു; അനുയായികള്‍ വേലി ചാടുന്നു

മംഗളം പത്രത്തില്‍ 25 ജൂലൈ 2009 ഇല്‍ പ്രസിദ്ധീകരിച്ചത്‌. കടപ്പാട്‌ മംഗളം ദിനപത്രം

പാര്‍ട്ടിയുടെ 'വേലിക്കകത്ത്‌' പി.ബിയടിച്ച കുറ്റിയില്‍ വി.എസ്‌. അച്യുതാനന്ദന്‍ സ്വയം തളച്ചതോടെ നിരാശരായ അദ്ദേഹത്തിന്റെ അനുയായികള്‍ വേലി പൊളിച്ചു വേറേ ഇടം തേടുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്തുവരുന്ന വി.എസിനെ വീരോചിതമായി സീകരിക്കാന്‍ കാത്തുനിന്നവരാണ്‌ 'ഇടതുപക്ഷ ഏകോപനസമിതി'യുള്‍പ്പെടെയുള്ള പുതിയ കൂടാരങ്ങളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌.

വി.എസ്‌. അനുകൂലപ്രകടനത്തിന്റെ പേരില്‍ മുമ്പു തരംതാഴ്‌ത്തപ്പെട്ട തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം എസ്‌. സുശീലന്‍ ഉള്‍പ്പെടെ പത്തുപേര്‍ ഇടതുപക്ഷ ഏകോപനസമിതിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ടുവരുന്ന വി.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ലോക്കല്‍ കമ്മിറ്റി തലംവരെ 'നിഴല്‍ സമിതി'കള്‍ രൂപീകരിച്ചിരുന്നു. പി.ബിയില്‍നിന്നു തരംതാഴ്‌ത്തിയ ശേഷവും ലാവ്‌ലിന്‍ കേസില്‍ തന്റെ നിലപാടു തുടരുമെന്നു വി.എസ്‌. വ്യക്‌തമാക്കിയതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന്‌ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, പിന്നീടു 'നല്ല കുട്ടി'യായുള്ള വി.എസിന്റെ കീഴടങ്ങല്‍ അണികളെ നിരാശരാക്കി. വി.എസിനെതിരായ ഏകപക്ഷീയ നടപടിയില്‍ മനംനൊന്തു പാലക്കാട്‌ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍നിന്നു നിരവധിപേര്‍ പാര്‍ട്ടിക്കു രാജി നല്‍കിയിരുന്നു. ഇവരെല്ലാം ഇനി ഇടതുപക്ഷ ഏകോപനസമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ്‌.

ഒരു കേന്ദ്ര പൊതുമേഖലാ സ്‌ഥാപനത്തില്‍ സമിതിയോട്‌ ആഭിമുഖ്യമുള്ള ട്രേഡ്‌ യൂണിയന്‍ രൂപീകരിക്കാനും ശ്രമം നടക്കുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുപക്ഷ ഏകോപന സമിതി യോഗത്തിലാണ്‌ എസ്‌. സുശീലന്‍ ഉള്‍പ്പെടെ പത്തുപേരെ സമിതി ജില്ലാക്കമ്മിറ്റിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചത്‌. ഇവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്‌തു. സമിതി സംസ്‌ഥാന കണ്‍വീനര്‍ എം.ആര്‍. മുരളിയുടെ നേതൃത്വത്തിലായിരുന്നു യോഗം. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം, ഡപ്യൂട്ടി മേയര്‍, ട്രിഡ, കണ്‍സ്യൂമര്‍ഫെഡ്‌ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണു സുശീലന്‍. വി.എസിനു സീറ്റ്‌ നിഷേധിച്ചപ്പോള്‍ എ.കെ.ജി. സെന്ററിനു മുന്നില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തെ കമലേശ്വരം ലോക്കല്‍ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയിരുന്നു.

അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ ഒരു സ്‌ത്രീ നല്‍കിയ പരാതിയില്‍ അദ്ദേഹത്തെ പിന്നീടു പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. കഴക്കൂട്ടം, വാമനപുരം, നേമം, നെടുമങ്ങാട്‌, വര്‍ക്കല തുടങ്ങിയ ഏരിയാക്കമ്മിറ്റികളിലെ നേതാക്കളെയാണു സുശീലനെക്കൂടാതെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌.

തൃശൂര്‍, കണ്ണൂര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ ഒതുങ്ങിനിന്ന പ്രവര്‍ത്തനമാണു പാര്‍ട്ടിയിലെ പുതിയ അസംതൃപ്‌തിയുടെ പശ്‌ചാത്തലത്തില്‍ സമിതി തലസ്‌ഥാനജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്‌. വിമതപക്ഷത്തിന്റെ നാവായ 'ജനശക്‌തി' തിരുവനന്തപുരത്തുനിന്നാണു പ്രസിദ്ധീകരിക്കുന്നത്‌. അസംതൃപ്‌തരായ വി.എസ്‌. പക്ഷക്കാരെ ഉള്‍ക്കൊള്ളിച്ച്‌ ഉടന്‍ ജില്ലാക്യാമ്പ്‌ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്‌. പാര്‍ട്ടിയെ അടിമുടി പുനഃസംഘടിപ്പിക്കാന്‍ ആത്മാര്‍ഥശ്രമം നടത്തിയാലല്ലാതെ തിരിച്ചുപോക്ക്‌ അസാധ്യമാണെന്നാണ്‌ എം.ആര്‍. മുരളിയുടെ നിലപാട്‌.

പാലക്കാട്‌ ജില്ലയിലെ ഷൊര്‍ണൂര്‍ നഗരസഭയില്‍ സി.പി.എമ്മിനു ഷോക്കേല്‍പ്പിച്ചാണു മുരളിയും സംഘവും സമിതിയുമായി രംഗത്തിറങ്ങിയത്‌. വി.എസ്‌. പക്ഷക്കാരനായ മുരളിയെ മറുപക്ഷം ചരടുവലിച്ചു പുറത്താക്കിയപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍മാരില്‍ ചിലരെ ഒപ്പം ചേര്‍ത്ത്‌ ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കുകയായിരുന്നു. വിജയത്തിനായി സി.പി.എം. സര്‍വശേഷിയും ഉപയോഗിച്ചിട്ടും 'കുലംകുത്തികള്‍' വെന്നിക്കൊടി നാട്ടി. വിമതശക്‌തി മറികടന്നു പാലക്കാട്‌ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു കഷ്‌ടിച്ചു ജയിക്കാന്‍ എം.ബി. രാജേഷിന്‌ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു.

തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളത്രയും ശരിയാണെന്നു തിരിച്ചറിഞ്ഞു നൂറുകണക്കിന്‌ പ്രവര്‍ത്തകരെയും നേതാക്കളെയും തിരിച്ചുകൊണ്ടുവരാന്‍ ആത്മാര്‍ഥശ്രമമാണു നടത്തുന്നതെങ്കില്‍ സന്തോഷകരമാണെന്നു മുരളി പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച രീതിയില്‍ പാര്‍ട്ടിനയം മാറിയാല്‍ സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നു സമിതി നിര്‍വാഹകസമിതിയംഗവും അധിനിവേശ ഏകോപനസമിതി സംസ്‌ഥാന സെക്രട്ടറിയുമായ കെ.പി. പ്രകാശന്‍ പറഞ്ഞു. പ്രൊഫ. എം.എന്‍. വിജയനൊപ്പം യാത്ര ചെയ്യുകയും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്‌തെന്ന 'കുറ്റ'ത്തിനാണു പ്രകാശനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്‌. നയവൈകല്യം തിരുത്താന്‍ പാര്‍ട്ടി തയാറായാല്‍ അനുഭാവികളായെങ്കിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ തയാറാണെന്നു സമിതി സംസ്‌ഥാന സെക്രട്ടറി ഡോ: ആസാദ്‌ വ്യക്‌തമാക്കി. ദേശാഭിമാനി പത്രാധിപസമിതിയിലും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നിര്‍വാഹകസമിതിയിലും പ്രവര്‍ത്തിക്കവേയാണ്‌ എം.എന്‍. വിജയനൊപ്പം നിലകൊണ്ടതിന്റെ പേരില്‍ ആസാദ്‌ നടപടിക്കു വിധേയനായത്‌.

വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്കായി ജനറല്‍ സെക്രട്ടറി പ്രകാശ്‌കാരാട്ട്‌ പുനഃപ്രവേശനത്തിനു പച്ചക്കൊടി കാട്ടിയെങ്കിലും ആലപ്പുഴയിലെ പുറത്താക്കപ്പെട്ട സഖാക്കള്‍ക്ക്‌ അതില്‍ അത്ര ആവേശമില്ല. പാര്‍ട്ടി വിടാനുണ്ടായ സാഹചര്യം പഴയതിനേക്കാള്‍ മോശമായി ഇപ്പോഴും തുടരുമ്പോള്‍ പുനഃപ്രവേശം അടിമത്തം അംഗീകരിക്കലാണെന്നാണ്‌ ഇവരുടെ പക്ഷം. ''പാര്‍ട്ടിയില്‍ വേണ്ടതു തുറന്ന ചര്‍ച്ചയാണ്‌. കുത്തകവിരുദ്ധ പോരാട്ടങ്ങളോടു സന്ധിചെയ്‌ത് ജനകീയപ്രശ്‌നങ്ങളിലിടപെടാതെ ആള്‍ക്കൂട്ടമായി മുന്നോട്ടുപോകുന്നിടത്തേക്ക്‌ പുറത്താക്കപ്പെട്ട കുറച്ചുപേര്‍കൂടി ചേരുന്നതില്‍ ഒരര്‍ഥവുമില്ല''-

കുട്ടനാട്ടിലെ മിച്ചഭൂമി സമരത്തിലടക്കം മുന്നണിയിലുണ്ടായിരുന്ന മംഗലശേരി പത്മനാഭന്‍ പറയുന്നു. സി.പി.എം. വിമതര്‍ വെന്നിക്കൊടി പാറിച്ച, വി.എസിന്റെ ജന്മനാടുകൂടി ഉള്‍പ്പെട്ട അമ്പലപ്പുഴയില്‍ കാരാട്ടിന്റെ പ്രഖ്യാപനത്തിനുശേഷം പല പാര്‍ട്ടിനേതാക്കളും വ്യക്‌തിപരമായി വിമതരെ സമീപിച്ചെങ്കിലും മടക്കത്തേക്കുറിച്ച്‌ അവര്‍ മനസ്‌ തുറന്നിട്ടില്ല. കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു വിമതനേതാവ്‌ വി. ധ്യാനസുതന്‍ പറഞ്ഞു.

കോട്ടയം ജില്ലയില്‍ സി.പി.എമ്മിലെ വിഭാഗീയതയുടെ പേരില്‍ പുറന്തള്ളപ്പെട്ടവര്‍ അഭയം തേടിയതു സി.പി.ഐയിലാണ്‌. രണ്ടുവര്‍ഷത്തിനിടെ നിരവധി സി.പി.എം. നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ചേര്‍ന്നു. കുമരകം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റും മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ജി. പത്മനാഭന്‍, ചങ്ങനാശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, തിരുവാര്‍പ്പ്‌ ഗ്രാമപഞ്ചായത്തംഗങ്ങളും ഏരിയാക്കമ്മിറ്റി നേതാക്കളുമായ ടി.കെ. അബ്‌ദുള്‍ ഖാദര്‍, പി.എ. അബ്‌ദുള്‍ കരീം തുടങ്ങിയവര്‍ സി.പി.ഐയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു. ഇടതുപക്ഷ ഏകോപനസമിതിയുടെ പ്രവര്‍ത്തനം ജില്ലയില്‍ രഹസ്യമായി നടക്കുന്നുണ്ട്‌.

പാര്‍ട്ടിയിലെ ജീര്‍ണതയ്‌ക്കെതിരേ വി.എസ്‌. ഇനി പോരാടുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമായ സാഹചര്യത്തില്‍ സി.പി.എമ്മിലേക്കു തിരിച്ചുപോകാതെ യഥാര്‍ഥ കമ്യൂണിസ്‌റ്റ് പ്രചാരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നു തൃശൂര്‍ ജില്ലയിലെ തളിക്കുളത്തു വിമത സി.പി.എം. നേതാവു ടി.എല്‍. സന്തോഷ്‌ പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത്‌ സര്‍വീസ്‌ സഹകരണസംഘം ഭരിക്കുന്നതു സി.പി.എം. വിമതരാണ്‌.