Monday, July 20, 2009

വിഎസ് കീഴടങ്ങല്‍ പ്രഖ്യാപിച്ചു

മനോരമ ദിനപ്പത്രത്തില്‍ ജൂലൈ 20 ന്‌ മുഖ്യവാര്‍ത്തയായി പ്രസിദ്ധീകരിച്ചത്‌. കടപ്പാട്‌ മനോരമ ഓണ്‍ലൈന്‍
തിരുവനന്തപുരം: ഇനി പാര്‍ട്ടിക്കു കീഴടങ്ങി പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉറപ്പ്. പാര്‍ട്ടി അച്ചടക്കവും സംഘടനാതത്വവും അംഗീകരിച്ചുകൊണ്ടു തുടര്‍ന്നു പ്രവര്‍ത്തിക്കാമെന്നു വിഎസ് സമ്മതിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗുരുതര അച്ചടക്കലംഘനത്തിനുള്ള ശിക്ഷ ലഘുവാക്കിയതെന്നു വിഎസിന്റെ കൂടി സാന്നിധ്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വെളിപ്പെടുത്തി. വിഎസിന്റെ സംഭാവനകള്‍ക്കൊപ്പം ഇൌ ഉറപ്പുകൂടി പാര്‍ട്ടി പരിഗണിക്കുകയായിരുന്നു. പൊളിറ്റ്ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള മൂന്നാം മേഖലാ റിപ്പോര്‍ട്ടിങ് എകെജി സെന്ററില്‍ നടത്തവേയാണ് കാരാട്ട് ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്. കാരാട്ടുമായി അരമണിക്കൂറോളം പ്രത്യേക കൂടിക്കാഴ്ച നടത്തിയ വിഎസ് തനിക്കെതിരെ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടിയുടെ ബലത്തില്‍, ഒപ്പം നില്‍ക്കുന്നവര്‍ക്കെതിരെ പകപോക്കല്‍ നടപടി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടെന്നറിയുന്നു. ഐക്യത്തോടെ നീങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കാം. പക്ഷേ പ്രകോപനത്തിനുള്ള ശ്രമങ്ങള്‍ മറുഭാഗത്തുനിന്ന് ഉണ്ടാകരുത്. പൊളിറ്റ്ബ്യൂറോ അക്കാര്യം ഉറപ്പുവരുത്തണം-ഇതായിരുന്നത്രെ വിഎസിന്റെ പ്രധാന ആവശ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു. മൂന്നുമണിക്കൂര്‍ നീണ്ട റിപ്പോര്‍ട്ടിങ്ങില്‍ വിഎസിനെതിരെയുള്ള നടപടിക്കാര്യം വിശദീകരിച്ച്, രേഖയില്‍ നിന്നു പുറത്തുകടന്നുകൊണ്ട് കാരാട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു- ‘’ഞാന്‍ ജനിക്കുന്നതിനു മുമ്പു പാര്‍ട്ടി അംഗമായ നേതാവാണു വിഎസ്. സംഘടനയുടെ ബാലപാഠങ്ങള്‍ ഞാന്‍ അദ്ദേഹത്തോടു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?””. വിഎസ് നിസംഗതയോടെ എന്ന മട്ടില്‍ എല്ലാം കേട്ടിരുന്നു. മറ്റു രണ്ടു മേഖലാ റിപ്പോര്‍ട്ടിങ്ങുകള്‍ക്കും പോകാതിരുന്ന മുഖ്യമന്ത്രി അവസാനയോഗത്തിനെത്തിയെങ്കിലും സംസാരിക്കാന്‍ മുതിര്‍ന്നില്ല. നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിന്റെ വേളയില്‍ ഒറ്റക്കെട്ടായി നീങ്ങണമെന്ന പിബിയുടെ നിര്‍ദേശം പാലിക്കാന്‍ വിഎസ് തയാറായില്ലെന്നു കാരാട്ട് പറഞ്ഞു. ലാവ്ലിനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചയാകാമെന്ന് പറഞ്ഞതാണ്. തുടര്‍ന്നു ചര്‍ച്ച ചെയ്ത ഘട്ടത്തില്‍ സിബിഐ, സിഎജി റിപ്പോര്‍ട്ടുകള്‍ അല്ലാതെ പിണറായിക്കെതിരെ എന്തെങ്കിലും തെളിവുണ്ടോ എന്നു പിബി വിഎസിനോടു ചോദിച്ചു. ഒന്നുമില്ലെന്ന് അദ്ദേഹം സമ്മതിച്ചു. 2005 ല്‍ സിഎജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നപ്പോള്‍ സ്വാതന്ത്യ്രാനന്തര കേരളത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതിക്കേസാണ് എന്നു പറഞ്ഞാണ് വിഎസ് പരാതി നല്‍കിയത്. ഇഎംഎസ്, ഇ.കെ. നായനാര്‍, ഇ.ബാലാനന്ദന്‍, വി.എസ്. അച്യുതാനന്ദന്‍ എന്നീ നാലു പിബി അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ലാവ്ലിന്‍ കരാറിന് അനുമതി നല്‍കിയത് എന്നു മിനിറ്റ്സ് പരിശോധിച്ചപ്പോള്‍ ബോധ്യമായി. ഭാവിയില്‍ മൂന്നു കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നു വി.എസിനെ അറിയിച്ചതായും കാരാട്ട് അറിയിച്ചു. ഒന്ന്: മുഖ്യമന്ത്രി എന്ന നിലയില്‍ മന്ത്രിസഭയെ ഐക്യത്തോടെ നയിക്കണം. രണ്ട്: പാര്‍ട്ടി തീരുമാനത്തില്‍ നിന്നു വ്യത്യസ്ത വീക്ഷണത്തോടുകൂടിയ പരസ്യപ്രസ്താവനകള്‍ പാടില്ല. മൂന്ന്: പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിനു വിഎസ് വഴങ്ങണം. കേരളത്തിലെ പാര്‍ട്ടിയിലെ തെറ്റായ പ്രവര്‍ത്തന ശൈലികളും കാരാട്ട് എടുത്തുപറഞ്ഞു. വരുമാനത്തില്‍ കവിഞ്ഞ് സ്വത്തു സമ്പാദിക്കുന്ന പ്രവണത കേരളത്തിലും ബംഗാളിലും കാണുന്നു എന്ന പരാതിയുണ്ട്. അന്യവര്‍ഗചിന്താഗതിയും പാര്‍ട്ടിക്ക് യോജിക്കാത്ത ബൂര്‍ഷ്വാ പ്രവര്‍ത്തനശൈലിയും തിരുത്തിയേ തീരൂ. കേരളത്തിലെ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ചരിത്രം വിവരിച്ച ജനറല്‍ സെക്രട്ടറി അത് എല്ലാ തലങ്ങളിലും ഒഴിവാക്കിയേ തീരൂ എന്ന് എടുത്തു പറഞ്ഞു. തിരുത്തല്‍ തുടങ്ങേണ്ടത് താഴെത്തട്ടില്‍ നിന്നല്ല. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പിണറായി വിജയന്‍ റിപ്പോര്‍ട്ട് ചെയ്തു. അനുഭാവികള്‍ക്കിടയിലും റിപ്പോര്‍ട്ടിങ് നടത്തുമെന്ന് പിണറായി അറിയിച്ചു. എല്ലാ വീടുകളിലും ലഘുലേഖകളെത്തിക്കും. കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ അധ്യക്ഷനായിരുന്നു. മന്ത്രി എം.എ ബേബിയാണു കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.