Saturday, July 18, 2009

19/6 സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ദിനം ജി ശക്തിധരന്‍

ജനശക്തി വാരികയില്‍ ശക്തിധരന്‍ എഴുതിയ ലേഖനം. കടപ്പാട്‌ ജനശക്തി വാരിക
ദില്ലിയിലെ വിന്‍സര്‍പ്ലെയ്‌സിലെ രണ്ടാം നമ്പറില്‍ നിന്ന്‌ അശോകാറോഡിലെ നാലാം നമ്പറിലേക്കുള്ള ദൂരം ഒരു നാഴികപോലുമില്ല. എന്നാല്‍ വേലിക്കകത്തു ശങ്കരന്‍ അച്യുതാനന്ദന്‌ ആ ദൂരം അളന്നു തീര്‍ക്കാനാവുന്നതല്ല. വിഎസിനു മാത്രമല്ല, ത്യാഗനിര്‍ഭരരായ ഒട്ടേറെ കമ്യൂണിസ്റ്റ്‌ പോരാളികള്‍ക്ക്‌ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ സിപിഐ(എം) ല്‍ എത്താനെടുത്ത ദൂരമാണത്‌. അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അവസാനത്തെ കേന്ദ്രകൗണ്‍സില്‍ ദില്ലിയില്‍ വിന്‍സര്‍ പ്ലെയ്‌സിലെ രണ്ടാം നമ്പറിലെ ഭക്ഷണഹാളിലാണ്‌ ചേര്‍ന്നത്‌. 1964 ഏപ്രില്‍ 11 ന്‌. ദില്ലിയില്‍ രാംലീല മൈതാനത്തിന്‌ സമീപം നീണ്ടുനിവര്‍ന്നു കിടക്കുന്ന ആസിഫ്‌ അലി റോഡിലെ ഏഴാം നമ്പര്‍ കെട്ടിടത്തിലായിരുന്നു അന്ന്‌ പാര്‍ട്ടി ആസ്ഥാനം. ഒരു ജനാല പോലും ഇല്ലാത്ത അതിന്റെ ഗോഡൗണില്‍ ആയിരുന്നു മുമ്പെല്ലാം ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളുടെ ഉന്നതതല കമ്മറ്റികള്‍ സമ്മേളിച്ചിരുന്നത്‌. എന്നാല്‍ ചരിത്ര പ്രധാനമായ ഈ യോഗം പാര്‍ലമെന്റ്‌ അംഗങ്ങളുടെ താവളമായ വിന്‍സര്‍ പ്ലെയിസിലായിരുന്നു.
പാര്‍ട്ടി പുനഃസംഘടിപ്പിച്ചുകൊണ്ടല്ലാതെ അതിന്റെ വിപ്ലവപാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന ഒരു വിഭാഗം ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ തിരിച്ചറിവാണ്‌ ആ യോഗത്തില്‍ നിന്ന്‌ 32 അംഗങ്ങളുടെ ഇറങ്ങിപ്പോക്കില്‍ കലാശിച്ചത്‌. അത്‌ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ വന്‍വിസ്‌ഫോടനത്തിന്‌ വഴിവെച്ചു. ഇറങ്ങിപ്പോക്കില്‍ പങ്കെടുത്ത 32 നേതാക്കളില്‍ സി പി ഐ എമ്മില്‍ ഇന്ന്‌ അവശേഷിക്കുന്നത്‌ രണ്ടേരണ്ടുപേര്‍മാത്രം. ജ്യോതിബസുവും വി എസ്‌ അച്യുതാനന്ദനും. പഞ്ചാബില്‍ നിന്നുള്ള ലാല്‍പുരി ജീവിച്ചിരുപ്പുണ്ടെങ്കിലും മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്തുമായുള്ള അഭിപ്രായ വ്യത്യാസം കാരണം നേരത്തെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തായി. അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആശയപരമായ വ്യതിയാനത്തിനു മുമ്പില്‍ കീഴടങ്ങില്ലെന്ന്‌ പ്രഖ്യാപിച്ച്‌ നിശ്‌ചയദാര്‍ഢ്യത്തോടെ ദേശീയകൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 പേര്‍ മാര്‍ക്‌സിസം - ലെനിനിസത്തിന്റെ യഥാര്‍ത്ഥ പാത തേടിയെത്തിയത്‌ എകെജിയുടെ താമസകേന്ദ്രമായ അശോകാറോഡിലുള്ള നാലാം നമ്പര്‍ വസതിയിലായിരുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ ആദ്യ ഇടിമുഴക്കം മുഴങ്ങിയത്‌ അവിടെ നിന്നാണ്‌.
നാലരപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രണ്ടായി നെടുകെ പിളര്‍ന്നതിന്റെ വിളംബരം ലോകമാകെ നിമിഷങ്ങള്‍കൊണ്ട്‌ പടര്‍ന്നു. യാദൃച്ഛികം മാത്രമാകാം - വീണ്ടും നാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍, അന്ന്‌ ജന്മം കൊണ്ട സിപിഐഎം അതീവ ഗുരുതരമായ ഒരു പ്രതിസന്ധി ഇപ്പോള്‍ നേരിടുകയാണ്‌. 1964 ലെ പോലെ ദേശീയ തലത്തില്‍ പാര്‍ട്ടി ഒന്നാകെ പുനഃസംഘടിപ്പിച്ചു കൊണ്ടാണോ അതോ പാര്‍ട്ടിയെ കാര്‍ന്നു തിന്നുന്ന അര്‍ബുദം മുറിച്ചു മാറ്റിക്കൊണ്ടാണോ വിപ്ലവപാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുക എന്നത്‌ ജൂണ്‍ 19 ന്റെ (19/6) നിര്‍ണായക പൊളിറ്റ്‌ ബ്യൂറോ യോഗത്തോടെയാവും വ്യക്തമാകുക. 1964 ഏപ്രില്‍ 11 ന്റെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന 32 നേതാക്കളില്‍ ആ വിപ്ലവ പാരമ്പര്യം കെടാതെ സൂക്ഷിക്കുകയും ഈ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരേ ഒരു നേതാവ്‌ വി എസ്‌ അച്യുതാനന്ദനാണ്‌.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ പാര്‍ട്ടി ചെയര്‍മാന്‍ എസ്‌ എ ഡാങ്കെ1924 ല്‍ എഴുതിയ രഹസ്യകത്ത്‌ കറന്റ്‌ വാരികയിലൂടെ പുറത്തുവന്നതാണല്ലോ 32 പേരുടെ ഇറങ്ങിപ്പോക്കിനും പിളര്‍പ്പിനുമുള്ള നിമിത്തവുമായി മാറിയത്‌. സത്യം തെളിയുന്നതുവരെ ഡാങ്കെ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌ മാറിനില്‌ക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതുപോലെ, ലാവലിന്‍ അഴിമതിയില്‍ പ്രതിസ്ഥാനത്തുനില്‌ക്കുന്ന പിണറായി വിജയനും സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറിനില്‌ക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധി മുര്‍ച്ഛിക്കാന്‍ കാരണം. ഡാങ്കെയെ ശിക്ഷിക്കാത്തതിന്റെ പേരില്‍ ജന്മം കൊണ്ട സി പി ഐ എമ്മിന്‌ എങ്ങിനെ പിണറായി വിജയന്റെ അഴിമതിക്കെതിരെ കണ്ണടയ്‌ക്കാനാകും?
സി പി ഐ എം കേരളഘടകത്തിലെ പ്രശ്‌നങ്ങളാണ്‌ പി ബി യോഗത്തിലെ ഏറ്റവും സജീവ ചര്‍ച്ചാവിഷയമെങ്കിലും മറ്റ്‌ സംസ്ഥാനഘടകങ്ങളിലെ സമാനമായ തര്‍ക്കപ്രശ്‌നങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട നിലപാടിന്റെ സാധുതയും ഈ യോഗത്തിന്‌ ഏറെ ചൂടുപകരും. 1964 ഏപ്രില്‍ 11 ന്‌ ഇതുപോലൊരു കഠിനമായ വേനല്‍ ചൂടിലായിരുന്നു ദില്ലിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ്‌ യോഗം പാര്‍ട്ടിയുടെ പിളര്‍പ്പിനു സാക്ഷ്യംവഹിച്ചത്‌. എന്നാല്‍ ദേശീയതലത്തില്‍ പാര്‍ട്ടി ഒന്നാകെ പുനഃസംഘടിപ്പിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്നതിനുള്ള സാഹചര്യമാണിന്നുള്ളത്‌ എന്നു പറയുന്നത്‌ തീര്‍ത്തും അതിശയോക്തിപരമാകും. അതേസമയം ഇന്നത്തെ കേന്ദ്രനേതൃത്വത്തിന്റെ അപക്വവും നിഷ്‌ക്രിയവുമായ നിലപാടുകള്‍ ഈ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെക്കുമെന്നതില്‍ തര്‍ക്കത്തിനവകാശമില്ല. മാര്‍ക്‌സിസ്റ്റ്‌ - ലെനിനിസ്റ്റ്‌ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന തീരുമാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവിയില്‍ മറ്റൊരു പിളര്‍പ്പിലേക്ക്‌ ഈ യോഗം വഴിമരുന്നിട്ടാല്‍ അത്ഭുതപ്പെടാനുമില്ല.
ഇലക്കും മുള്ളിനും കേടില്ലാത്ത തീരുമാനം കേരളഘടകത്തിലെ പ്രശ്‌നങ്ങളില്‍ സാധ്യമല്ലാത്തതിനാല്‍ എന്തു ഒത്തുതീര്‍പ്പ്‌ ഫോര്‍മുല മുന്നോട്ടുവെച്ചാലും ഈ പ്രശ്‌നങ്ങള്‍ കെട്ടടങ്ങാതെ തുടരുമെന്നത്‌ നിസ്സംശയമാണ്‌. കേരളഘടകത്തിലെ തര്‍ക്കപ്രശ്‌നങ്ങള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരിന്റെ ഫലമാണെന്ന മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന ധാരണ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെയും സ്വാധീനിച്ചിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അപ്പപ്പോള്‍ ഉയര്‍ന്നു വരുന്ന ഗൗരവമേറിയ താത്വികവും രാഷ്‌ട്രീയവും സംഘടനാപരവുമായ പ്രശ്‌നങ്ങളെ രണ്ട്‌ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമായി ലാഘവത്തോടെ നോക്കിക്കാണുന്നത്‌ കേരളഘടകത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂവെന്ന്‌ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ കനത്തതിരിച്ചടിയും പകല്‍പോലെ വ്യക്തമാക്കുന്നു. എതിരാളികളുടെ കൊടിയോ ചുമരെഴുത്തോ പ്രചാരണസാമഗ്രികളോ ചെന്നെത്താത്ത `പാര്‍ട്ടി ഗ്രാമ'ങ്ങളില്‍ പോലും യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ മുന്‍തൂക്കം ലഭിച്ചത്‌ മറ്റൊന്നുമല്ല തെളിയിക്കുന്നത്‌.
പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന വ്യത്യസ്‌തവീക്ഷണങ്ങളെ ഭയപ്പെടുന്ന ശൈലി കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടുമില്ല. ഒരേ തൊഴിലാളിവര്‍ഗ താല്‌പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ വിവിധ വീക്ഷണങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെയാണ്‌ സഹായിക്കുന്നതെന്നാണ്‌ ലോകമെങ്ങും കമ്മ്യൂണിസ്റ്റുകാരുടെ മതം. ഭിന്ന ശബ്‌ദങ്ങള്‍ ഉയര്‍ത്താന്‍ അനുവദിക്കാതെ പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമാണെന്ന്‌ വരുത്തിതീര്‍ക്കുന്നത്‌ ലെനിനിസ്റ്റ്‌ ശൈലിയല്ല. എക്കാലത്തും ഉള്‍പാര്‍ട്ടി സമരം വളര്‍ച്ചയുടെ മൗലിക നിയമങ്ങളിലൊന്നായി കാണുന്നവരാണ്‌ കമ്മ്യൂണിസ്റ്റുകാര്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും ഇത്‌ അനുസ്യൂതം തുടരുന്നു. ഉള്‍പ്പാര്‍ട്ടി സമരത്തില്‍ ശരിയായ വിപ്ലവപാതയിലേക്കാണ്‌ പാര്‍ട്ടി എത്തുന്നതെങ്കില്‍ അത്‌ ബഹുജനപിന്തുണ വര്‍ധിപ്പിക്കുമെന്നതാണ്‌ അനുഭവപാഠം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കേരളഘടകത്തിലുണ്ടായ ഏറ്റുമുട്ടല്‍ ഇത്‌ ബോധ്യപ്പെടുത്താനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്‌. പാര്‍ട്ടി ഒരു ഭിന്നിപ്പിലേക്കു നീങ്ങുകയാണോ എന്നുപോലും സംശയമുണര്‍ത്തിയ ഏറ്റുമുട്ടലായിരുന്നു അത്‌. ഈ ഏറ്റുമുട്ടല്‍ രാഷ്‌ട്രീയ എതിരാളികള്‍ക്ക്‌ വന്‍വിജയം നേടിക്കൊടുക്കുമെന്നും പലരും കണക്കുകൂട്ടി. സംഭവിച്ചത്‌ നേരെ മറിച്ചായിരുന്നു. എല്‍ ഡി എഫിന്റെ പ്രതീക്ഷക്കപ്പുറം സീറ്റുകള്‍ നേടി (98/140) യാണ്‌ വി എസ്‌ മന്ത്രിസഭ അധികാരമേറ്റത്‌. ചില ഘട്ടങ്ങളില്‍ ഈ ഏറ്റുമുട്ടല്‍ പിളര്‍പ്പിലേക്കു തന്നെ നയിച്ചാലും ശരിയായ വിപ്ലവപാത സ്വീകരിക്കുന്ന വിഭാഗം ജനപിന്തുണയില്‍ ഏറെ മുന്നിലായിരിക്കുമെന്ന്‌ 1964ല്‍ പാര്‍ട്ടി പിളര്‍ന്നതിന്‌ തൊട്ടുപിന്നാലെ കേരള നിയമസഭയിലേക്ക്‌ നടന്നതെരഞ്ഞെടുപ്പ്‌ ഫലം സാക്ഷ്യപ്പെടുത്തുന്നു. സ്ഥാനാര്‍ത്ഥികള്‍ ഏറിയ പങ്കും ജയിലിലായിരുന്നിട്ടും ചൈനീസ്‌ ചാരന്മാര്‍ എന്ന കരിമുദ്ര ചാര്‍ത്തി പാര്‍ട്ടിയെതന്നെ ജനങ്ങളില്‍ നിന്നകറ്റാന്‍ ആസൂത്രിതനീക്കം നടന്നിട്ടും അതിനെ അതിജീവിച്ച്‌ നിയമസഭയില്‍ സി പി ഐ എം 40 സീറ്റ്‌ നേടിയപ്പോള്‍ സി പി ഐ യെ മൂന്ന്‌ സീറ്റില്‍ ജനങ്ങള്‍ ഒതുക്കി. അതാണ്‌ ഉള്‍പാര്‍ട്ടി സമരം നല്‌കുന്ന അനുഭവപാഠം.
കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക്‌ മാര്‍ക്‌സിസ്റ്റ്‌ - ലെനിനിസ്റ്റ്‌ സംഘടനാ തത്വങ്ങളനുസരിച്ച്‌ പരിഹാരം കണ്ടെത്തിയിരുന്നെങ്കില്‍ ഈ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും മറ്റൊന്നാകുമായിരുന്നു. പശ്ചിമബംഗാളിലെപ്പോലെ ഭരണവിരുദ്ധവികാരം കേരളത്തില്‍ അലയടിച്ചിരുന്നില്ല. ത്രിപുരയിലെ ഫലത്തിന്റെ മറ്റൊരാവര്‍ത്തനമാകുമായിരുന്നു കേരളത്തില്‍. ഇത്‌ കളഞ്ഞുകുളിച്ചത്‌ പാര്‍ട്ടി കേന്ദ്രനേതൃത്വം തന്നെയാണ്‌.
സിപിഐ(എം) നെ അതിന്റെ മാര്‍ക്‌സിസ്റ്റ്‌ - ലെനിനിസ്റ്റ്‌ പാതയില്‍ തിരിച്ചു കൊണ്ടുവരുന്നതിന്‌ വി എസ്‌ നടത്തുന്ന പോരാട്ടങ്ങളുടെ സാധുത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി അര്‍ഥശങ്കക്കിടയില്ലാത്തവിധം തെളിയിച്ചിരിക്കുകയാണ്‌. എന്നാല്‍, വി എസ്‌ കരുതിക്കൂട്ടിയുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ കാരണമാണ്‌ ജനവിധി എതിരായതെന്നും ലെനിനിസ്റ്റ്‌ തത്വങ്ങള്‍ക്കനുസൃതമായ ശിക്ഷ വി എസിന്‌ നല്‍കണമെന്നുമാണ്‌ പാര്‍ട്ടി കേരളഘടകത്തിലെ ഔദ്യോഗിക വിഭാഗം ആവശ്യപ്പെടുന്നത്‌. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയറ്റ്‌, സംസ്ഥാന കമ്മറ്റി, ബഹുഭൂരിപക്ഷം ജില്ലാ സെക്രട്ടറിമാര്‍ എന്നിവരുടെയെല്ലാം പിന്‍ബലത്തിനു പുറമെ ഭൂരിപക്ഷം സിപിഐഎം എംഎല്‍എമാരുടെയും സിപിഐഎം മന്ത്രിമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന്‌ ഔദ്യോഗിക പക്ഷം അവകാശപ്പെടുന്നു. വി എസ്‌ അച്യുതാനന്ദനെ ശിക്ഷണ നടപടിക്കിരയാക്കിയാല്‍ പാര്‍ട്ടിയില്‍ എല്ലാം ശുഭം എന്ന പ്രതീതി പി ബിയില്‍ സൃഷ്‌ടിക്കാനാണ്‌ ഈ വിഭാഗം ശ്രമിക്കുന്നത്‌.
1956 ല്‍ സോവിയറ്റ്‌ യൂണിയനില്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലെ രഹസ്യ യോഗത്തില്‍ സ്റ്റാലിനെ തിരെ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി നികിതാക്രൂഷ്‌ചേവ്‌ അവതരിപ്പിച്ച രഹസ്യ റിപ്പോര്‍ട്ടിനെ അനുസ്‌മരിപ്പിക്കും വിധമാണ്‌ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ സെക്രട്ടറി പിണറായി വിജയന്‍, വി എസ്സിനെ കടന്നാക്രമിക്കുന്ന കുറ്റപത്രം അവതരിപ്പിച്ചത്‌. സ്റ്റാലിനെപ്പോലെ, സര്‍വ്വകുറ്റങ്ങള്‍ക്കും ഒരേ ഒരു ഉത്തരവാദി വി എസ്സ്‌്‌ എന്നാണ്‌ കുറ്റപത്രത്തില്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്‌. ഒരു പുരുഷായുസ്സു മുഴുവന്‍ നിസ്വവര്‍ഗ്ഗത്തിനുവേണ്ടി അര്‍പ്പിച്ച വി എസ്സിനെ വര്‍ഗവഞ്ചകന്‍, ചതിയന്‍, അധികാരദുര്‍മോഹി തുടങ്ങിയ പരുഷ പദങ്ങള്‍കൊണ്ടാണ്‌ `കണ്ണൂര്‍ ലോബി' ആക്രമിച്ചത്‌. `പാര്‍ട്ടി പിളര്‍ത്താനും പുതിയ പത്രം തുടങ്ങാനും' വിഎസില്‍ നിന്ന്‌ നിര്‍ദേശം ലഭിച്ചിരുന്നുവെന്ന്‌ യോഗത്തില്‍ ഒരു സംസ്ഥാന കമ്മറ്റി അംഗത്തിന്റെ ഏറ്റുപറച്ചില്‍ കൂടിയായപ്പോള്‍ പിണറായി വിജന്റെ തിരക്കഥ ശുഭപര്യവസായിയായി. ജൂണ്‍ 19 ന്റെ പൊളിറ്റ്‌ബ്യൂറോ യോഗം ലക്ഷ്യം വെച്ചാണ്‌ ഈ ആക്രമണങ്ങളെല്ലാം നടത്തിയതെന്നത്‌ സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.
1964 ല്‍ പാര്‍ട്ടി പിളര്‍പ്പിന്റെ ഘട്ടത്തില്‍ ഇഎംഎസിനെയും എകെജിയെയും മറ്റും അന്നത്തെ പാര്‍ട്ടിനേതൃത്വം നിന്ദിച്ചത്‌ `ജനശത്രു', `വിദേശചാരന്‍', `പാര്‍ട്ടി വിരുദ്ധന്‍' തുടങ്ങിയ അധമപ്രയോഗങ്ങളിലൂടെയായിരുന്നുവല്ലോ. ആ പിളര്‍പ്പിനു നേതൃത്വം നല്‌കിയവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഒരേ ഒരു മലയാളിയായ വി എസിന്‌, വി എസ്‌ ജന്മം നല്‌കിയ പാര്‍ട്ടിയില്‍ നിന്ന്‌ ലഭിക്കുന്നതും അതേ ശാപവാക്കുകളാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചപ്പോള്‍ നല്‌കിയ വിശേഷണങ്ങള്‍ `വികസനവിരുദ്ധന്‍', `ന്യൂനപക്ഷവിരുദ്ധന്‍' എന്നൊക്കെയായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തെത്തി ചരിത്ര പ്രധാനമായ മൂന്നാര്‍ ഓപ്പറേഷന്‌ നേതൃത്വം കൊടുത്തപ്പോഴാകട്ടെ ഔദ്യോഗിക പക്ഷത്തിന്റെ ചൊല്‌പടിക്കുനില്‍ക്കുന്ന സാഹിത്യകാരന്‍ എം മുകുന്ദനെകൊണ്ട്‌ `ദിനോസറുകള്‍ ഉണ്ടാകുന്നത്‌' എന്ന കഥ എഴുതി അപമാനിച്ചു. ഈ സര്‍ക്കാരിന്റെ ചെല്ലും ചെലവും വാങ്ങി കഴിയുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിനെക്കൊണ്ട്‌ `ആള്‍ദൈവം' `മന്ദബുദ്ധി' എന്നെല്ലാം വിളിപ്പിച്ച്‌ അധിക്ഷേപിച്ചതും മറക്കാറായിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി പാര്‍ട്ടി പത്രം നടത്തുന്ന നീചമായ അധിക്ഷേപങ്ങള്‍ക്കാകട്ടെ സമാനതകളേ ഇല്ല. ഔദ്യോഗിക പക്ഷത്തിന്റെ മന്ത്രിമാര്‍ക്കാകട്ടെ തെരുവില്‍ കെട്ടിയ ചെണ്ടയാണ്‌ വിഎസ്‌. തനിക്കു ലഭിക്കുന്ന കവറിന്റെ `കനവും നീളവും' നോക്കി പ്രഭാഷണം നടത്തുന്ന സുകുമാര്‍ അഴീക്കോടിനാകട്ടെ, വി എസ്‌ `ജീവിക്കുന്ന കൂട്ടില്‍ തന്നെ കാഷ്‌ഠിക്കുന്ന ജന്തുവാണ്‌.'
കേരളം ഒന്നാകെ ആദരിക്കുകയും സിപിഐ(എം) ന്റെ ഇന്ന്‌ ജീവിച്ചിരിക്കുന്ന സ്ഥാപകനേതാക്കളില്‍ ഏക മലയാളിയുമായ വി എസ്‌ എന്തുകൊണ്ടാണ്‌ ഇത്ര ക്രൂരമായി, പരസ്യമായി ചവിട്ടിയരക്കപ്പെടുന്നതെന്ന ചോദ്യമാകും ഈ പിബി യോഗത്തില്‍ ഉയരുക. ഇ എം എസിന്റെ ജന്മശതാബ്‌ദി ആഘോഷചടങ്ങില്‍ സംബന്ധിക്കാന്‍ കൊള്ളാത്ത ഒരാളായി, കെ കരുണാകരനെയും എ കെ ആന്റണിയേയും കൊണ്ടുപോലും പാര്‍ട്ടി മാധ്യമങ്ങള്‍ അനുസ്‌മരണക്കുറിപ്പുകള്‍ എഴുതിച്ചപ്പോള്‍ ആ ദിവസം അതിലും അകറ്റി നിര്‍ത്തേണ്ട ഒരാളായി, വി എസിനെ ക്രൂരമായി വേദനിപ്പിക്കാന്‍ പാര്‍ട്ടി കേരളഘടകത്തിന്‌ എങ്ങിനെ ധൈര്യം കിട്ടി? ഈ വി എസ്‌ നിന്ദയ്‌ക്ക്‌ കേരള ഘടകം മാത്രമാണോ ഉത്തരവാദി? ഹര്‍കിഷന്‍ സിങ്ങ്‌ സുര്‍ജിത്തോ ബി ടി രണദിവെയോ ആയിരുന്നു കേന്ദ്രനേതൃത്വത്തില്‍ എങ്കില്‍ ഇത്തരത്തില്‍ വിഎസ്സിനെപ്പോലൊരു നേതാവിനെ മാറ്റി നിര്‍ത്തി അപഹസിക്കാന്‍ കൂട്ടുനില്‍ക്കുമായിരുന്നോ? കേരളത്തിലെ സാധാരണജനങ്ങളില്‍ വി എസിനുള്ള സ്വാധീനത്തെക്കുറിച്ച്‌ എന്തെങ്കിലും ധാരണയുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടു പോകാതിരിക്കാനെങ്കിലും ഇതില്‍ ഇടപെട്ട്‌ തെറ്റു തിരുത്തിക്കുമായിരുന്നില്ലേ? ഇതെല്ലാം കേരളം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ്‌. ഇനി പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനാചരണങ്ങളില്‍ നിന്നു കൂടി വി എസിനെ മാറ്റിനിര്‍ത്തിയാലേ ഈ വൈതാളികരുടെ ദുഷ്‌ടത അവസാനിക്കുകയുള്ളുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌. ``കേരളമാര്‍ച്ചിന്റെ'' സമാപന ചടങ്ങില്‍ ശംഖുമുഖത്തേക്ക്‌ പ്രകാശ്‌ കാരാട്ടിനേയും പിണറായി വിജയനെയും വഹിച്ചുകൊണ്ട്‌ സഞ്ചരിച്ച തുറന്ന ജീപ്പ്‌ ഒരു ശവമഞ്ചത്തിന്റെ പ്രതീതിയാണുയര്‍ത്തിയതെങ്കില്‍ തൊട്ടുപിന്നാലെ എത്തിയ വിഎസിനെ കടലിന്റെ മാര്‍ത്തട്ടില്‍ നിന്നുയര്‍ന്ന തിരകണക്കെ ആവേശം കൊണ്ട്‌ ജനങ്ങള്‍ വീര്‍പ്പുമുട്ടിച്ചത്‌ കേരളം കണ്ടതാണ്‌.
1964 ല്‍ പാര്‍ട്ടി പിളരുന്നതിന്‌ തൊട്ടുമുമ്പുപോലും നിരവധി വട്ടം ഒത്തുതീര്‍പ്പ്‌ നീക്കങ്ങള്‍ക്ക്‌ നേതാക്കള്‍ മുന്‍കൈ എടുത്തിരുന്നു. പാര്‍ട്ടി പിളരുകയാണെന്ന അഭ്യൂഹം വ്യാപകമായിരുന്നിട്ടും ആ പത്രവാര്‍ത്തകള്‍ അപ്പാടെ നിഷേധിക്കുന്ന പ്രസ്‌താവനകള്‍ ഇരു വിഭാഗവും നല്‌കിയിരുന്നത്‌ പാര്‍ട്ടിയെ ആപത്തില്‍ നിന്ന്‌ രക്ഷിക്കണമെന്നതുകൊണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സി പി ഐ എമ്മില്‍ അത്തരമൊരു നീക്കത്തിനും മുന്‍കൈ എടുക്കാന്‍ പോന്ന നേതൃനിര ഇല്ലെന്നതാണ്‌ ഏറെ നിര്‍ഭാഗ്യകരം. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലുണ്ടായിരുന്നത്ര കീറാമുട്ടികളൊന്നും ഇന്നത്തെ പാര്‍ട്ടിയെ ഗ്രസിച്ചിട്ടുമില്ല. എന്നിട്ടും നേതൃത്വം പകച്ചുനില്‌ക്കുകയാണ്‌.
ജൂണ്‍ 19 ന്റെ പി ബിയില്‍ പിണറായി വിജയന്‌ സ്ഥാനഭ്രംശമുണ്ടാകുമെന്ന ഉള്‍ഭീതിയാണ്‌ കേരളത്തിലെ സ്ഥിതിഗതികള്‍ പൊടുന്നനെ പൊട്ടിത്തെറിയിലേക്ക്‌ തള്ളിവിട്ടത്‌. പിണറായി വിജയനുശേഷം പ്രളയം എന്നൊരു പ്രതീതി സൃഷ്‌ടിക്കാനാണ്‌ ശ്രമം. എസ്‌ എ ഡാങ്കെക്കെതിരായി ഒരു പത്രവാര്‍ത്തയില്‍ ആരോപിക്കപ്പെട്ട ബ്രിട്ടീഷ്‌ ചാരബന്ധത്തിന്റെ പേരില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ പോയതിന്റെ പ്രതിഷേധത്തില്‍ ജന്മം കൊണ്ട സി പി ഐ എമ്മിന്‌ പിണറായി വിജയന്റെ പേരിലുള്ള കോടികളുടെ അഴിമതി തെളിയിക്കപ്പെട്ടിട്ടും സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നുകൊള്ളാന്‍ എങ്ങിനെ പറയാനാകും? കൊടിയ അഴിമതി ആരോപണങ്ങള്‍ക്ക്‌ ഇരയാകുന്ന നേതാക്കള്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ നല്‌കുന്നത്‌ കഠിന തടവോ വധശിക്ഷയോ ആണ്‌. രണ്ട്‌ പി ബി അംഗങ്ങള്‍ ഇപ്പോഴും ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്‌ അഴിമതി കുറ്റത്തിനാണ്‌.
ലാവലിന്‍ ഇടപാടിലെ അന്തര്‍രഹസ്യങ്ങള്‍ എന്നായാലും പുറത്തുവരുമെന്ന ആശങ്ക പിണറായി വിജയനെ ഒരു പേക്കിനാവ്‌ പോലെ പിന്തുടര്‍ന്നിരുന്നു. വി എസ്‌ മുഖ്യമന്ത്രി സ്ഥാനത്ത്‌ എത്താതിരിക്കാന്‍ കരുക്കള്‍ നീക്കിയതും വി എസ്‌ മന്ത്രിസഭയിലെ അംഗങ്ങളില്‍ മഹാഭൂരിപക്ഷത്തെയും സ്വന്തം താല്‌പര്യത്തിനനുസരിച്ചുമാത്രം തെരഞ്ഞെടുത്തതും അവരുടെ വകുപ്പു വിഭജനത്തില്‍ തന്നിഷ്‌ടം നടപ്പിലാക്കിയതുമെല്ലാം ലാവലിന്‍ അഴിമതിയുടെ രഹസ്യങ്ങള്‍ പുറത്തുവന്നാല്‍ തനിക്ക്‌ പിന്‍ബലമായി ഇവരെല്ലാമുണ്ടാകുമെന്ന കണക്കുകൂട്ടലോടെയായിരുന്നു. പാര്‍ട്ടി സെക്രട്ടറിയറ്റ്‌ മുതല്‍ ബ്രാഞ്ച്‌ കമ്മിറ്റിവരെ പിടിച്ചെടുത്തതും ഈ കണ്ണോടെയായിരുന്നു. മന്ത്രിമാരുടെ ആഫീസുകളുടെയും വിവിധ കോര്‍പ്പറേഷനുകളുടെയും അക്കാദമികളുടെയും സര്‍വ്വകലാശാലകളുടെയും അധിപന്മാരെയും ഒക്കെ കണ്ടെത്താനുള്ള അവകാശം എം എ ബേബിക്കും ഡോ. തോമസ്‌ ഐസക്കിനുമായി തീറെഴുതി കൊടുത്തതും ആപത്തുകാലത്ത്‌ തനിക്കൊപ്പം നില്‌ക്കണമെന്ന സന്ദേശം നല്‍കലായിരുന്നു. എന്നാല്‍ വി എസ്‌ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതൊഴികെയുള്ള സകല കളികളിലും വിജയം കണ്ടെങ്കിലും ലാവലിന്‍ ദുര്‍ഭൂതം താഴ്‌ പൊളിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ പിണറായി വിജയന്‍ തെളിച്ച വഴികളിലൂടെയല്ല അത്‌ പോയത്‌. ആദ്യം ഹൈക്കോടതി കളിപ്പിച്ചു. ഇപ്പോള്‍ ഗവര്‍ണറും. പിണറായി വിജയന്റെ കളികളെല്ലാം ശാന്തനായി നോക്കിയിരുന്ന വി എസ്‌ അച്യുതാനന്ദനാകട്ടെ, യഥാര്‍ത്ഥ പ്രതി, പ്രതിക്കൂട്ടിലെത്തുന്നതുകണ്ട്‌ ആനന്ദിക്കാന്‍ വകയുമായി. വി എസിനെതിരെ ആവനാഴിയിലെ മുഴുവന്‍ അസ്‌ത്രങ്ങളും പ്രയോഗിച്ചിട്ടും ഫലമില്ലാതെയായപ്പോഴാണ്‌ ഉറയെടുത്തു തന്നെ കുത്താന്‍ പിണറായി വിജയന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌.
പിണറായി വിജയന്‍ ലാവലിന്‍ അഴിമതിയില്‍ കുടുങ്ങുമെന്നറിയാമെങ്കില്‍ വി എസുമായി രഞ്‌ജിപ്പില്‍ എത്തുമായിരുന്നില്ലേ എന്ന്‌ ചിന്തിക്കുന്ന ശുദ്ധാത്മാക്കള്‍ ഉണ്ടാവും. ആ വാദത്തില്‍ യുക്തിയുണ്ട്‌. പക്ഷെ സത്യമില്ല. എന്തെന്നാല്‍ പിണറായി വിജയന്‌ വി എസിനെ നന്നായി അറിയാം. പൊതുസ്വത്ത്‌ കൊള്ളയടിച്ച്‌ ധനം കുന്നുകൂട്ടുന്നവര്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന പ്രത്യേക ജനുസ്സാണത്‌. സി പി ഐ എം കാരനായാലും, സ്വന്തംപക്ഷക്കാരനായാലും, അവിടെ വി എസ്‌ കണ്ണടക്കാറില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഏറ്റവും കൂടുതല്‍ ശത്രുക്കളെ സമ്പാദിച്ചതും പല വിവാദങ്ങളുടെയും ചാരത്തിനടിയില്‍ ഈ കനല്‍ എരിയുന്നതുകൊണ്ടാണ്‌. പി ബി അംഗമായ വി എസിനെതിരെ അച്ചടക്കനടപടി എടുക്കണമെന്ന്‌ ചാനലുകളില്‍ പ്രത്യേക അഭിമുഖം നല്‌കാന്‍ സംസ്ഥാന കമ്മിറ്റി അംഗം മാത്രമായ എം എം ലോറന്‍സിനെ പ്രേരിപ്പിച്ചത്‌ അദ്ദേഹത്തിന്റെ ഉള്ളില്‍ ഈ കനല്‍ നീറി നീറിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ്‌. ഇടമലയാര്‍ അഴിമതി കേസില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തിച്ച്‌ വട്ടം ചുറ്റിച്ചത്‌ ലോറന്‍സിന്‌ മറക്കാനാകില്ല. വിഎസിനെ മുഖ്യമന്ത്രിയായി നിയോഗിച്ചപ്പോള്‍, `ആഭ്യന്തരവകുപ്പിന്റെ ചുമതലനല്‌കിയാല്‍ നമ്മളെല്ലാം ജയിലില്‍ പോയി കിടക്കേണ്ടിവരുമെന്ന്‌ ' സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മന്ത്രി എളമരം കരീം നിലവിളിച്ചത്‌ പിണറായി വിജയന്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലിന്റെ കവാടം എത്തുംവരെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും. അതൊരു അറംപറ്റിയ അനുഭവസാക്ഷ്യമായിരുന്നു. ഉള്‍പാര്‍ട്ടി സമരത്തില്‍ സ്വന്തം പക്ഷത്ത്‌ നിലയുറപ്പിച്ചിരുന്ന എം എം മണിയും ഗോപി കോട്ടമുറിക്കലും കൂറുമാറിയപ്പോഴും കൂസാതെ വി എസ്‌ തലയുയര്‍ത്തിപ്പിടിക്കുന്നത്‌ അഴിമതിയില്‍ ആരോടും വിട്ടുവീഴ്‌ച ചെയ്യില്ല എന്ന സത്യത്തിന്റെ കാഠിന്യം കൊണ്ടുതന്നെ. ഈ നിലപാടില്‍ നിന്ന്‌ പിന്മടങ്ങിയാല്‍, കേരളരാഷ്‌ട്രീയത്തില്‍ വി എസ്‌ എന്നൊരു പ്രതിബിംബത്തിന്റെ മരണമാകും സംഭവിക്കുക. അതുകൊണ്ടാണ്‌ ഒറ്റയാള്‍ പട്ടാളമായിട്ടും ആ കുറിയ മനുഷ്യന്റെ കാല്‍വെപ്പുകളിലും വാക്കുകളിലും മറ്റാര്‍ക്കുമില്ലാത്ത കരുത്ത്‌. ഇക്കാര്യം നന്നായി അറിയാവുന്നതുകൊണ്ടാണ്‌ പിണറായി വിജയന്‍ രഞ്‌ജിപ്പിനുമുതിരാതെ ഈ പ്രതിബിംബത്തെ എന്നെന്നേക്കുമായി തച്ചുടയ്‌ക്കാന്‍ കച്ചകെട്ടിനില്‌ക്കുന്നത്‌. ഒരു പിണറായി വിജയന്‍ മാത്രമല്ല, നിരവധി നിരവധി പിണറായി വിജയന്മാര്‍ പല വേഷപ്പകര്‍ച്ചയോടെ ഈ തച്ചുടക്കലില്‍ കയ്യും മെയ്യും മറന്നു സഹായിക്കുന്നുണ്ട്‌. എന്നിട്ടും വീഴ്‌ത്താനാകാത്ത മഹാമേരുവായി വി എസ്‌ നിലകൊള്ളുന്നത്‌ സമുദ്രത്തിന്റെ മാര്‍ത്തട്ടില്‍ നിന്ന്‌ ഉയരുന്ന കൂറ്റന്‍തിരകള്‍ കണക്കെ ജനങ്ങള്‍ ഒപ്പമുള്ളതുകൊണ്ടാണ്‌. പിണറായി വിജയനൊപ്പം പാര്‍ട്ടിയുണ്ട്‌; പക്ഷെ ജനങ്ങളില്ല.
രണ്ട്‌
പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്തുനിന്നും പി ബി അംഗത്വത്തില്‍ നിന്നും മാറ്റുന്നതോടെ അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ ഉരുള്‍പൊട്ടലിനു വഴിവെക്കുമെന്നത്‌ പരസ്യമായ രഹസ്യമാണ്‌. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെയും വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും നീക്കങ്ങള്‍ പിണറായി വിജയന്റെ ചാരന്മാര്‍ രഹസ്യമായി നിരീക്ഷിക്കുകയാണ്‌. ലാവലിന്‍ കേസില്‍ സി ബി ഐ ഹൈക്കോടതിയില്‍ അന്വേഷണറിപ്പോര്‍ട്ട്‌ നല്‌കിയപ്പോള്‍തന്നെ പിണറായി വിജയന്‍ പ്രതിപ്പട്ടികയിലുണ്ടെന്ന്‌ ആദ്യമായി വെളിപ്പെടുത്തിയത്‌ കോടിയേരി ബാലകൃഷ്‌ണനാണ്‌. ഈ കേസിന്റെ തുടര്‍നടപടികളില്‍ പല നിര്‍ണായക ഘട്ടങ്ങളിലും, നിയമവിദഗ്‌ദ്ധരെ സന്ദര്‍ശിച്ചതിലടക്കം, കോടിയേരി ബാലകൃഷ്‌ണന്റെ നീക്കങ്ങള്‍ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്‌. പിണറായി വിജയന്റെ കൊള്ളരുതായ്‌മകള്‍ക്കെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ കണ്ണൂരിലെ പാര്‍ട്ടി ആസ്ഥാനത്ത്‌ തുറന്ന്‌ പറഞ്ഞതും ശ്രദ്ധേയമാണ്‌. കണ്ണൂരിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ കെ രാഗേഷിന്റെ തോല്‍വിയെ കുറിച്ച്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ `പാര്‍ട്ടിസ്ഥാനാര്‍ത്ഥിയല്ല',` പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനാര്‍ത്ഥിയാണെ'ന്ന കോടിയേരി ബാലകൃഷ്‌ണന്റെ തിരുത്തലും അര്‍ത്ഥഗര്‍ഭമാണ്‌. പിണറായി വിജയനെതിരെ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‌കിയപ്പോള്‍ കണ്ണൂര്‍ ഘടകം പ്രഖ്യാപിച്ച ഹര്‍ത്താലിനോടും അദ്ദേഹം വിയോജിച്ചു. ഹര്‍ത്താലിനെ സംബന്ധിച്ച്‌ ജില്ലാ സെക്രട്ടറി പി ശശിയും എം വി ജയരാജനും തമ്മിലുള്ള ശീതസമരവും കണ്ണൂരിലെ പുതിയ ധ്രുവീകരണങ്ങളുടെ സൂചനയാണ്‌. കോടിയേരി ബാലകൃഷ്‌ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയോ മുഖ്യമന്ത്രിയുടെയോ പദവിയിലേതിലേക്കെങ്കിലും മാറിയേക്കുമെന്ന പ്രതീക്ഷയിലാണ്‌ അദ്ദേഹത്തിന്റെ അടുത്തവൃന്ദങ്ങള്‍. എന്നാല്‍ ഇ പി ജയരാജന്റെ സമ്മര്‍ദ്ദം കാരണം പിണറായി വിജയന്‍ ഇതില്‍ ഏതിനായാലും തടയിടുമെന്ന്‌ കരുതുന്നവരുമുണ്ട്‌.
പാര്‍ട്ടി കേന്ദ്രനേതൃത്വം കടുത്ത ആശയക്കുഴപ്പത്തിലാണ്‌. ഇരുട്ടില്‍ തപ്പുകയാണെന്ന്‌ പറയുന്നതാകും ശരി. കേരളത്തിലേക്ക്‌ പറിച്ചു നടപ്പെടാന്‍ വെമ്പല്‍ കൊള്ളുകയാണ്‌ പി ബി അംഗം എസ്‌ രാമചന്ദ്രന്‍പിള്ള. എന്നാല്‍ പിണറായി വിജയന്റെ പക്ഷത്തെ ആരും ഇതിന്‌ പച്ചക്കൊടി കാട്ടുന്നില്ല. കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്റെ തുണമാത്രമേ എസ്‌ ആര്‍ പിക്കുള്ളൂ. ഇത്‌ പരസ്‌പരസഹായസംഘമാണെന്നത്‌ പരസ്യവുമാണ്‌. കഴിഞ്ഞ ആഴ്‌ച കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തില്‍ എസ്‌ രാമചന്ദ്രന്‍പിള്ളയും പ്രകാശ്‌ കാരാട്ടിനൊപ്പം പങ്കെടുത്തിരുന്നു. അതിന്‌ മുമ്പൊരിക്കലും എസ്‌ ആര്‍ പി പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിട്ടില്ല. പ്രകാശ്‌ കാരാട്ട്‌ പ്രത്യേകം താല്‌പര്യമെടുത്താണ്‌ എസ്‌ ആര്‍ പിയെ കൂടി ക്ഷണിക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറി ബിമന്‍ബസുവിനോട്‌ ശുപാര്‍ശ ചെയ്‌തത്‌. കേരളത്തിലേക്ക്‌ എസ്‌ ആര്‍ പിയെ പറിച്ചുനടാനുള്ള നീക്കത്തിന്‌ പശ്ചിമബംഗാളിലെ പി ബി അംഗങ്ങളുടെ പിന്തുണ നേടുക എന്ന ലക്ഷ്യം പ്രകാശ്‌ കാരാട്ടിന്റെ മനസ്സിലുണ്ടായിരുന്നുവെന്നാണ്‌ അഭ്യൂഹം.
മാത്രവുമല്ല, കിട്ടുന്ന വേദികളിലെല്ലാം വി എസിനെതിരെ ഒളിയമ്പുകള്‍ പ്രയോഗിച്ചിരുന്ന എസ്‌ രാമചന്ദ്രന്‍പിള്ള പൊടുന്നനെ ആ നിലപാടില്‍ മാറ്റം വരുത്തിയതിന്റെ സൂചനകള്‍ പെരിന്തല്‍മണ്ണയിലെയും ദില്ലിയിലെയും ഏറ്റവും ഒടുവിലത്തെ പ്രതികരണങ്ങളില്‍ നിന്ന്‌ ലഭിക്കുന്നുണ്ട്‌. കേരളത്തില്‍ തെറ്റുകള്‍ തിരുത്താന്‍ ജനങ്ങളില്‍ നിന്നുള്ള പ്രതികരണം കൂടി കണക്കിലെടുക്കുമെന്ന രാമചന്ദ്രന്‍പിള്ളയുടെ സ്വമേധയായുള്ള പ്രതികരണം വി എസിന്റെ സ്വാധീനത്തിനുള്ള അംഗീകാരമാണ്‌. ജനപിന്തുണ പാര്‍ട്ടി നേതൃത്വത്തിലോ മുഖ്യമന്ത്രി സ്ഥാനത്തോ തുടരാനുള്ള ഉപാധിയായി സ്വീകരിക്കാനാവില്ലെന്ന ടി ശിവദാസമേനോന്റെ വിധി അസാധുവാക്കുകയാണിത്‌. മുഖ്യമന്ത്രി എന്ന നിലയില്‍ വി എസിന്‌ പ്രത്യേകമായ ഭരണഘടനാ ബാധ്യതകള്‍ ഉണ്ടെന്ന ദില്ലിയില്‍ നിന്നുള്ള രാമചന്ദ്രന്‍പിള്ളയുടെ വിശദീകരണവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്‌.
ഫലത്തില്‍ പടക്കളത്തില്‍ നിന്ന്‌ പടയാളികള്‍ ഓരോന്നായി ഓടിപ്പോകുമ്പോള്‍ ഹതാശനായി ഒറ്റപ്പെട്ടു നില്‌ക്കുന്ന നിലയിലേക്ക്‌ പിണറായി വിജയന്‍ മാറിക്കൊണ്ടിരിക്കുകയാണ്‌. കാലഘട്ടത്തിന്റെ ചുമരെഴുത്ത്‌ വായിക്കാനുള്ള സാമാന്യബുദ്ധി പിണറായി വിജയന്‌ കൈമോശം വന്നിട്ടില്ലെന്ന്‌ പ്രതീക്ഷിക്കാം.
മൂന്ന്‌
സി പി ഐ എമ്മിന്റെ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പരാജയത്തെ പി ബിക്ക്‌ വേറിട്ടു തന്നെ കാണേണ്ടിവരും. സംഘടനാപ്രശ്‌നങ്ങളും ജീര്‍ണതയും ബാധിച്ചില്ലായിരുന്നെങ്കില്‍ കേരളത്തില്‍ എത്രയോ മികച്ച വിജയം കൈവരിക്കാന്‍ കഴിയുമായിരുന്നുവെന്നതിന്‌ തെളിവാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം തന്നെ തെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ സി പി ഐ എമ്മിനോട്‌ നന്ദിപറയുന്നത്‌. പശ്ചിമബംഗാളിലും ഇടതുപക്ഷം വിലക്കുവാങ്ങിയ പരാജയമാണെന്നത്‌ പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പക്ഷെ, തൃണമൂല്‍ - കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ അരങ്ങൊരുങ്ങിയതാണ്‌ തോല്‍വിക്ക്‌ കാരണമെന്ന വാദത്തിനുപിന്നില്‍ സ്വയം വിമര്‍ശനമല്ല കാണുന്നത്‌. തൃണമൂലിനെയും കോണ്‍ഗ്രസിനെയും വേര്‍പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാല്‍ ഈ പ്രതിസന്ധി മറികടക്കാമെന്ന എളുപ്പമാര്‍ഗ്ഗമാണ്‌ ബംഗാളിലെ വലിയൊരു വിഭാഗം നേതാക്കള്‍ അവലംബിക്കുന്നത്‌. അതിനുള്ള മാര്‍ഗ്ഗം, മന്‍മോഹന്‍സിങ്ങ്‌ മന്ത്രിസഭക്ക്‌ ഇടതുപക്ഷം വീണ്ടും പിന്തുണപ്രഖ്യാപിക്കുക എന്നതാണ്‌. അതോടെ തൃണമൂല്‍ പുറത്തുചാടും. ആത്മഹത്യാപരമാണ്‌ ഈ നിലപാട്‌.
തെരഞ്ഞെടുപ്പില്‍ സി പി ഐ (എം) തുടച്ചുമാറ്റപ്പെട്ടത്‌ എന്തുകൊണ്ട്‌ എന്നതല്ല ഈ പി ബി യോഗത്തിന്റെ മുമ്പിലെ കാതലായ വിഷയം. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സി പി ഐ (എം) ന്‌ പുത്തരിയല്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ സി പി ഐ (എം) നു നേരിട്ട പരാജയം അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനെതുടര്‍ന്ന്‌ ദേശീയതലത്തില്‍ സി പി ഐ ക്കു നേരിട്ട പരാജയത്തിനു സമാനമാണ്‌. നയപരമായ പാളിച്ചകള്‍ അന്ന്‌ സി പി ഐ ക്ക്‌ തിരുത്തേണ്ടിവന്നു. ഇന്ത്യയില്‍ ഇടതുപക്ഷ അടിത്തറ അതോടെയാണ്‌ ബലപ്പെട്ടതും. സി പി ഐ എമ്മിന്റെ നയങ്ങള്‍ അടിമുടി പൊളിച്ചെഴുതുന്നതിനുള്ള `വേക്ക്‌ അപ്‌ കോള്‍' ആണ്‌ 2009 ലെ ജനവിധി. അതിനൊത്ത്‌ നേതൃത്വം ഉയരുമോ എന്നതാണ്‌ രാജ്യം ഉറ്റുനോക്കുന്നത്‌.
കേരളത്തില്‍ പി ഡി പിയുമായി പിണറായി വിജയന്‍ ഉണ്ടാക്കിയ സഖ്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‌ കണ്ടില്ലെന്ന്‌ നടിക്കേണ്ടിവന്നത്‌, പ്രകാശ്‌ കാരാട്ട്‌ തന്നിഷ്‌ടപ്രകാരം ജയലളിതയുടെ അണ്ണാ ഡി എം കെ, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം, ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്‌ട്രീയ സമിതി, ബിജുപട്‌നായിക്കിന്റെ ബിജു ജനതാദള്‍ എന്നിവയുമായി സമാന സഖ്യത്തിലേര്‍പ്പെട്ടതുകൊണ്ടാണ്‌. ഈ സംസ്ഥാനങ്ങളിലെ സി പി ഐ എം ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെയാണ്‌ പ്രകാശ്‌ കാരാട്ട്‌ ഏകപക്ഷീയമായി ഈ സഖ്യം അടിച്ചേല്‌പിച്ചത്‌. ഈ സംസ്ഥാന ഘടകങ്ങളെല്ലാം പ്രകാശ്‌ കാരാട്ടിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്‌ട്രീയ അടവുതന്ത്രത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ്‌. കേന്ദ്രനേതൃത്വം തക്കസമയത്ത്‌ ഇടപെട്ടിരുന്നെങ്കില്‍ പി ഡി പി ബന്ധത്തില്‍ നിന്നും കേരളഘടകത്തെ പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സി പി ഐ എം രൂപം നല്‌കിയ സഖ്യങ്ങള്‍ ഒന്നും തന്നെ ജനങ്ങളുടെ അഭിലാഷമനുസരിച്ചായിരുന്നില്ല എന്ന്‌ ജനവിധി അസന്നിഗ്‌ദ്ധമായി തെളിയിക്കുന്നുണ്ട്‌. പാര്‍ട്ടി ഏറ്റവും ദുര്‍ബലമായ സംസ്ഥാനമായ ഒറീസയില്‍ ബിജു ജനതാദളുമായി സഖ്യമുണ്ടാക്കിയപ്പോള്‍ സി പി ഐ എം കേന്ദ്രനേതൃത്വം ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷയിലായിരുന്നു. പതിറ്റാണ്ടുകളായി ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്നു ബിജുജനതാദള്‍. ആ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നത്‌ ഒറീസയിലെ ഇടതുപക്ഷവിശ്വാസികളായ ജനങ്ങള്‍ ഇഷ്‌ടപ്പെട്ടില്ല. മത്സരിക്കാന്‍ നാല്‌ സീറ്റ്‌ സി പി ഐ (എം)ന്‌ ബിജുജനതാദള്‍ ഔദാര്യപൂര്‍വ്വം നല്‌കിയെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക്‌ മത്സരിച്ചപ്പോള്‍ 93159 വോട്ട്‌ കിട്ടിയ സ്ഥാനത്ത്‌ ഇക്കുറി 77907 വോട്ടായി ചുരുങ്ങുകയാണുണ്ടായത്‌. പിരിച്ചുവിട്ട സഭയിലുണ്ടായിരുന്ന ഒറ്റ സീറ്റേ സി പി ഐ എമ്മിന്‌ നിലനിര്‍ത്താനായുള്ളൂ. ഒറീസയില്‍ ആര്‍ എസ്‌ എസ്‌ ആക്രമണത്തില്‍ നിന്ന്‌ ക്രൈസ്‌തവ മതവിശ്വാസികളെ സംരക്ഷിച്ചത്‌ സി പി ഐ എം ആണെന്നും സി പി ഐ എം ആസ്ഥാനങ്ങളിലാണ്‌ ക്രൈസ്‌തവര്‍ ജീവഭയമില്ലാതെ പ്രാര്‍ത്ഥന നടത്തുന്നതെന്നും രാജ്യവ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ഒറീസയിലെ മതേതര ജനവിഭാഗങ്ങളില്‍ അതൊന്നും ഏശിയില്ലെന്നതിന്റെ വ്യക്തമായ ചിത്രമാണ്‌ ജനവിധിയില്‍ തെളിയുന്നത്‌.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പ്‌ നടന്ന ആന്ധ്രയിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. 2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശത്തിനെതിരെ 14 സീറ്റില്‍ മത്സരിച്ച്‌ ഒമ്പതു സീറ്റുകള്‍ നേടിയ സി പി ഐ എമ്മിന്‌ ഈ തെരഞ്ഞെടുപ്പില്‍ അതേ തെലുങ്കുദേശത്തിന്റെയും തെലുങ്കാനാ രാഷ്‌ട്രീയ സമിതിയുടെയും പിന്‍ബലത്തില്‍ 18 സീറ്റില്‍ മത്സരിച്ച്‌ ഒറ്റ സീറ്റ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. കൂടുതല്‍ സീറ്റില്‍ മത്സരിച്ചിട്ടും വോട്ടിന്റെ എണ്ണത്തിലും വന്‍ചോര്‍ച്ചയുണ്ടായി. 2004 ല്‍ 656721 വോട്ട്‌ കിട്ടിയ സ്ഥാനത്ത്‌ ഇപ്പോള്‍ 603481 വോട്ടുമാത്രമായി ചുരുങ്ങി.
തമിഴ്‌ നാട്ടിലെ സ്ഥിതിയും ഭിന്നമല്ല. 2004 ലെ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെ സഖ്യത്തിനെതിരെ രണ്ട്‌ സീറ്റില്‍ മത്സരിച്ച്‌ രണ്ടും നേടിയ സി പി ഐ എം ഇക്കുറി അണ്ണാ ഡി എം കെ സഖ്യത്തില്‍ ചേര്‍ന്ന്‌ മൂന്ന്‌ സീറ്റില്‍ മത്സരിച്ച്‌ ഒറ്റ സീറ്റില്‍ മാത്രം വിജയം കണ്ടു. വോട്ടിന്റെ ചോര്‍ച്ചയും ഭയാനകം തന്നെ. രണ്ട്‌ സീറ്റില്‍ മത്സരിച്ച 2004 ല്‍ 8,24,524 വോട്ട്‌ നേടിയപ്പോള്‍ മൂന്ന്‌ സീറ്റില്‍ മത്സരിച്ചിട്ടും 2009 ല്‍ ലഭിച്ചത്‌ 6,69,058 വോട്ട്‌ മാത്രവും.
ഈ വോട്ട്‌ ചോര്‍ച്ചയെല്ലാം ദേശീയതലത്തില്‍ കോണ്‍ഗ്രസനുകൂലതരംഗം വീശിയതുകൊണ്ടാണെന്ന്‌ വ്യാഖ്യാനിക്കുന്നത്‌ ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കലാണ്‌. എന്തുകൊണ്ട്‌ ത്രിപുരയില്‍ ഈ തരംഗം വീശിയില്ല? സി പി ഐ എമ്മിന്റെ അവസരവാദ സഖ്യത്തിനെതിരായ ജനരോഷം തിരിച്ചറിയാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‌ കഴിഞ്ഞില്ല എന്നതാണ്‌ സത്യം.
കേരളത്തിലെയും പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ്‌ പ്രഹരത്തോടൊപ്പം തന്നെ കേന്ദ്രനേതൃത്വം ഈ തിരിച്ചടിക്കും പി ബിയില്‍ സമാധാനം പറയേണ്ടിവരും. മുന്‍കാല തോല്‍വികളുമായി താരതമ്യംചെയ്യാവുന്ന പ്രഹരമല്ലിത്‌. സി പി ഐ എം ഉയര്‍ത്തിപ്പിടിച്ച തെറ്റായ നയങ്ങള്‍ക്ക്‌ ജനങ്ങള്‍ നല്‌കിയ പ്രഹരമാണിത്‌. ജനങ്ങള്‍ക്കല്ല, പാര്‍ട്ടിക്കുതന്നെയാണ്‌ തെറ്റുപറ്റിയത്‌.